
നല്ല കാറ്റും മഴയുമുള്ള ഒരു രാത്രിയായിരുന്നു അന്ന് .വലിയ ശബ്ദത്തോടെ ഭീതിജനിപ്പിച്ച ഇടിയ്ക്ക് മുന്നോടിയായി അവതരിച്ച മിന്നലിന്റെ പ്രകാശത്തില്‍ അയാളുടെ ചുവടുകള്‍ തെല്ലും സംശയംമില്ലാതെ മുന്നോട്ട് നടന്നു .ഇരുട്ടില്‍ നിന്ന് പ്രതിധ്വനിച്ചെത്തിയ നായക്കളുടെ ഓരിയിടലിന്‍റെ ശബ്ദം ചെവിയില്‍ എത്തിയപ്പോഴാണ് സമയം പാതിരാത്രിയോട് അടുത്തിരുന്ന കാര്യം അയാള്‍ ഓര്‍ത്തത് .പള്ളിയ്ക്ക് ഓരമായി ചേര്‍ത്തുക്കെട്ടിയ വികാരിയച്ചന്റെ മുറിയിലെ സിഎഫെല്‍ ബള്‍ബിന്റെ വെളിച്ചം പകുതിമാത്രം അടച്ചിട്ടിരുന്ന ജനലൊന്നിലൂടെ നേര്‍ത്തപോലെ പുറത്തേയ്ക്ക് വരുന്നുണ്ടായിരുന്നു അപ്പോള്‍ .അടച്ചിട്ടിരുന്ന മുറിയുടെ വാതിലിന്‍റെ മുകളില്‍ അയാള്‍ പതിയെ രണ്ടുതവണ കൈകൊണ്ട് തട്ടി.അകത്താരുമില്ലെന്ന് മനസ്സിലാക്കിയ അയാളുടെ മുഖത്ത് നിരാശ വിരുന്നെത്തിയെങ്കിലും അതത്രയും കാര്യമാക്കാതെ അയാള്‍ പള്ളി സെമിത്തേരി നോക്കി നടന്നു.കാറ്റിന്റെ ശക്തിയില്‍ സെമിത്തേരിയ്ക്ക് പിറകിലെ മരങ്ങള്‍ ഇടത്തോട്ടും വലത്തോട്ടുമായി ആടുന്നത് മിന്നലിന്റെ വെളിച്ചത്തില്‍ ഒരു നിമിഷം അയാള്‍ നോക്കിനിന്നെങ്കിലും പിന്നീട് എന്തോ പിറുപിറുത്തുകൊണ്ട് അയാള്‍ മുന്നോട്ട് നടന്നു.ഏകദേശം സെമിത്തേരിയുടെ മധ്യഭാഗത്തോളം നടന്ന അയാള്‍ എത്തിച്ചേര്‍ന്നത് കറുത്തനിറമുള്ള മാര്‍ബിള്‍ കൊണ്ടുതീര്‍ത്ത ശവക്കല്ലറയുടെ മുന്നിലാണ്.മഴയുടെ ശക്തിയാല്‍ ആ കല്ലറയുടെ മുകളിലെ പൂച്ചെണ്ടുകളും പൂക്കളും ചിതറിക്കിടക്കുന്നുണ്ടായിരുന്നു.ചിതറിക്കിടന്നിരുന്ന ചുവന്ന റോസാപ്പൂക്കളുടെ കെട്ടില്‍ നിന്നൊരു പൂ അയാള്‍ കൈയ്യിലെടുത്തു .അതിന്‍റെ ഇതളുകള്‍ പകുതിമാത്രമേ വാടിയിട്ടുണ്ടായിരുന്നുള്ളൂ
“പകുതിയെ വാടിയിട്ടുള്ളൂ, പരേതനെന്ന മേല്‍വിലാസത്തിലായിട്ടു അധികനേരമായിട്ടില്ല “ റോസാപ്പൂ മൂക്കിനോട് ചേര്‍ത്തുപ്പിടിച്ചുകൊണ്ട് അയാള്‍ പറഞ്ഞു.
കൈകള്‍ക്കൊണ്ട് കല്ലറയുടെ മുകളിലെ അവശേഷിച്ച പൂച്ചെണ്ടുകളും പൂക്കളും നീക്കിയശേഷം അയാള്‍ ആ കല്ലറയുടെ മുകളിലായി ഇരുന്നു.ആ സമയം മഴ പൂര്‍ണ്ണമായും പെയ്തൊഴിഞ്ഞിരുന്നു പക്ഷെ കാറ്റ് അപ്പോഴും ശക്തമായി വീശി അടിക്കുന്നുണ്ടായിരുന്നു.ആ തണുത്ത കാറ്റിന് തന്‍റെ ശരീരത്തിനെ മരവിപ്പിക്കാനുള്ള കരുത്തുണ്ടെന്ന് അയാള്‍ക്ക് തോന്നി . കല്ലറയുടെ മുകളിലായി ഇരുന്ന അയാളുടെ നോട്ടം വികാരിയച്ചന്‍റെ മുറിയിലേയ്ക്കായിരുന്നു ചെന്നെത്തിയിരുന്നത്.
“മിസ്റ്റര്‍ ഫിലിപ്പ് നിങ്ങളുടെ കഥകള്‍ പഴഞ്ചനും ആവര്‍ത്തന വിരസതയുള്ളവാക്കുന്നതുമായിരിക്കുന്നു. ഇനിയും നിങ്ങളുടെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ എനിയ്ക്ക് ബുദ്ധിമുട്ടുണ്ട് “ പ്രസാധകന്‍റെ ധാര്‍ഷ്ട്യം നിറഞ്ഞ ശബ്ദം പുറത്തെ കനത്ത ഇടിവെട്ടലിന്‍റെ ശബ്ദത്തിലും അയാളുടെ ചെവിയില്‍ കൃത്യമായി പ്രതിഫലിച്ചു നിന്നു ആ നിമിഷം
“ഭീതിയുളവാക്കുന്ന അനുഭവങ്ങള്‍ക്കൊണ്ട് ഭീതിനിറഞ്ഞൊരു കഥയെഴുതണം “ കൈയ്യിലുണ്ടായിരുന്ന റോസാപ്പൂ വലിച്ചെറിഞ്ഞുക്കൊണ്ട് വളരെ പ്രതീക്ഷ നിറഞ്ഞ മനോഭാവത്തോടെ അയാള്‍ പറഞ്ഞു.
പെട്ടെന്നാണ് ഒരു നായ ഇരുട്ടില്‍നിന്നും അയാളുടെ മുന്നിലേയ്ക്ക് ചാടിവന്നത് .അപ്രതീക്ഷിതമായ നായയുടെ വരവ് അയാളില്‍ ഭയമുണര്‍ത്തി .അയാള്‍ ദ്രുതവേഗത്തില്‍ കല്ലറയുടെ മുകളില്‍നിന്നും പിന്നിലേയ്ക്ക് ചാടിമാറി.നായ അയാളുടെ കണ്ണുകളിലെയ്ക്ക് തുറിച്ചുനോക്കിക്കൊണ്ട് കുരയ്ക്കാന്‍ തുടങ്ങി.അത് പതിയെ ചുവടുകള്‍വെച്ചുകൊണ്ട് അയാളുടെ അടുത്തേയ്ക്ക് നടന്നു.അതിനനുസരിച്ച് അയാളുടെ ചുവടുകളും പിന്നിലേയ്ക്ക് നീങ്ങി .മിനുസമുള്ള മാര്‍ബിള്‍ കല്ലറയുടെ മുകളില്‍ നിന്ന് തെന്നിവീഴാതിരിക്കാന്‍ അതിന്‍റെ മുകളിലെ കുരിശില്‍ രണ്ടുകൈകള്‍ കൊണ്ടും മുറുകെപ്പിടിച്ചിട്ടുണ്ടായിരുന്നു അയാള്‍.ശേഷം നായയെ ഓടിയ്ക്കാനായി ശൂന്യമായ കൈകൊണ്ട് എന്തോ എറിയുമ്പോലെ കൈകൊണ്ട് ആംഗ്യം കാണിച്ചെങ്കിലും ഒരിഞ്ചുപോലും അനങ്ങാതെ നായ അയാളുടെ മുഖത്തോട്ട് നോക്കി കുരച്ചുകൊണ്ടിരുന്നു.ആ തണുത്ത കാറ്റിലും അയാളുടെ ശരീരം വിയര്‍ക്കുന്നത് അയാള്‍ അറിഞ്ഞു .പണ്ടെങ്ങോ സണ്‍ഡേ ക്ലാസ്സില്‍ പഠിച്ച ദാവിദിന്‍റെ സങ്കീര്‍ത്തനങ്ങള്‍ അയാളുടെ മസ്തിഷ്കത്തില്‍ അയാളോടുപോലും അനുവാദം ചോദിക്കാതെ ഒരു ഉണര്‍ത്തുപ്പാട്ടുപോലെ മന്ത്രിക്കാന്‍ തുടങ്ങി
“കൂരിരുള്‍ താഴ്വരയില്‍കൂടി നടന്നാലും ഞാന്‍ ഒരു അനര്‍ത്ഥവും ഭയപ്പെടുകയില്ല നീ എന്നോടുകൂടെ ഇരിക്കുന്നുവല്ലോ നിന്‍റെ വടിയും കോലും എന്നെ ആശ്വസിപ്പിക്കുന്നു “ അയാളുടെ അലറികൊണ്ടുള്ള ശബ്ദം ഇടിയുടെ ശബ്ദത്തില്‍ പൂര്‍ണ്ണമായും ലയിച്ചുപോയിരുന്നു.നായ പെട്ടെന്ന് കുരച്ചില്‍ അവസാനിപ്പിച്ച ശേഷം അയാളുടെ മുഖത്തേക്ക് വീണ്ടും നോക്കിനിന്നു.ആ നിമിഷം അയാള്‍ ദീര്‍ഘമായി ഒന്ന് നിശ്വസിച്ചു.ഒരു നിമിഷത്തെ നിശബ്ദതയ്ക്ക് ശേഷം അയാള്‍ ആകാശത്തിലേയ്ക്ക് നോക്കി പ്രകൃതി മാറുവാന്‍ തുടങ്ങിയിരിക്കുന്നു കാര്‍മേഘങ്ങള്‍ ഇരുണ്ടുകൂടി ചന്ദ്രന്‍റെ നൂറുങ്ങുവെട്ടത്തെ മുഴുവനായി മറച്ചു.തുടരെ തുടരെ മിന്നലും അതിന് പിറകെ ശക്തമായി മഴയും പെയ്യാന്‍ തുടങ്ങി.നായ അയാളുടെ മുഖത്ത് നിന്ന് കണ്ണുകളെടുത്ത് സെമിത്തേരിയ്ക്ക് പിറകിലെ വൃക്ഷങ്ങള്‍ക്കിടയിലേയ്ക്ക് നോക്കി.നായ നോക്കിയപോലെ അയാളും ആ ദിശയിലേയ്ക്ക് നോക്കി.വൃക്ഷങ്ങള്‍ക്കിടയില്‍ ഒരു അനക്കം .അത് കണ്ട അയാളുടെ ഉള്ളില്‍ പുറത്തു മിന്നിമറയുന്ന മിന്നലിന്‍റെ ശക്തിയെക്കാള്‍ പതിമടങ്ങ് ശക്തിയില്‍ ഒരു കൊള്ളിയാന്‍ മിന്നി.നായ വീണ്ടും അയാളെ നോക്കി അതിനുശേഷം ഒരു പ്രത്യേകരീതിയില്‍ ഒരു ശബ്ദമുണ്ടാക്കി ഇരുട്ടിലേക്ക് മറഞ്ഞു.അയാള്‍ അപ്പോഴും അനക്കം കേട്ട വൃക്ഷങ്ങളുടെ ദിശയില്‍ നോക്കിനില്‍ക്കുകയായിരുന്നു.അനക്കം കേട്ട ആ വൃക്ഷങ്ങള്‍ക്കിടയില്‍ തൂവെള്ള വസ്ത്രത്തില്‍ ഒരു രൂപം അയാള്‍ക്ക് ദൃശ്യമായി .ആ നിമിഷം അയാളുടെ ശരീരം തളരുന്നതും തൊണ്ടവരളുന്നതും അയാള്‍ അറിഞ്ഞു.ഉറക്കെ അലറിക്കരഞ്ഞാലോ എന്നൊരു തവണ ആലോചിച്ചെങ്കിലും ഭയത്താല്‍ മൂടപ്പെട്ട അയാളുടെ ചുണ്ടകള്‍ ഒന്ന് മൂളാന്‍ പോലും കഴിയാതെ സ്തംഭിച്ചിരുന്നു .തൂവെള്ള വസ്ത്രത്തിലെ രൂപം അയാളുടെ മുന്നിലേയ്ക്ക് വന്നുകൊണ്ടിരുന്നു.ഭയത്താല്‍ കഴുത്തില്‍ കിടന്നിരുന്ന കൊന്തയിലെ കുരിശിലെയ്ക്ക് അയാള്‍ കൈകൊണ്ട് പോയപ്പോഴാണ് കൊന്ത എവിടെയോ നഷ്ടപ്പെട്ടുപ്പോയെന്നുള്ള കാര്യം അയാള്‍ മനസ്സിലാക്കിയത്.പെട്ടെന്നുള്ള മിന്നലില്‍ അയാള്‍ ആ തൂവെള്ള വസ്ത്രത്തിന്‍റെ മുഖം കണ്ടു .ഒരു പുരുഷ രൂപമായിരുന്നു അത് .ആ രൂപം കണ്ട് അയാള്‍ ആ കല്ലറയുടെ മുകളില്‍ നിന്ന് താഴേയ്ക്ക് തെറിച്ചുവീണു.നിലത്തുനിന്നു എഴുന്നേല്‍ക്കുന്നതിനിടയിലാണ് ഒരു വലിയ ചിറകടി ശബ്ദത്തോടെ ഒരു വവ്വാല്‍ അയാളുടെ തലയുടെ മുകളിലൂടെ പറന്നുപോയത്.വീണ്ടും തെറിച്ചുവീഴാതെയിരിക്കാന്‍ കല്ലറയുടെ മുകളിലെ കുരിശില്‍ മുറുകെപ്പിടിച്ചു.അപ്പോഴേക്കും ആ പുരുഷ രൂപം അയാളുടെ മുന്നില്‍ എത്തിയിരുന്നു.ഭയന്നുവിറച്ചു നില്‍ക്കുന്ന അയാളെ നോക്കി ആ പുരുഷ രൂപം ഒന്നു മന്ദഹസിച്ചു.
“ഭയക്കാതെ ഫിലിപ്പ് “ ആ രൂപം അയാളെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.ഭയത്താല്‍ വിറച്ചുനില്‍ക്കുന്ന അയാള്‍ മറുപടി പറയാത്തതുകൊണ്ട് ആ പുരുഷ രൂപം തുടര്‍ന്നു
“ഭയക്കാതെ ഫിലിപ്പ് ഞാന്‍ മനുഷ്യനാണ് അല്ലാതെ ..” രൂപം വാചകം മുഴുവനാക്കാതെ നിറുത്തി
അയാള്‍ കല്ലറയുടെ മുകളിലെ കുരിശില്‍ നിന്ന് പതുക്കെ പിടിയഴച്ചുകൊണ്ട് പുരുഷ രൂപത്തിന്‍റെ മുഖത്തേയ്ക്ക് ഒരു സംശയത്തോടെ നോക്കി
“ഇനിയും ഭയം മാറിയില്ലേ ? “ പുരുഷ രൂപം വീണ്ടും ചോദിച്ചു
“നിങ്ങളാരാ ..നിങ്ങള്‍ക്ക് എങ്ങനെ എന്‍റെ പേരറിയാം ? “ അയാള്‍ പുരുഷ രൂപത്തോട് ചോദിച്ചു .അതിന് പുരുഷ രൂപം ഒന്ന് ചിരിച്ചുകൊണ്ട് അയാള്‍ ഇരുന്നിരുന്ന കല്ലറയിലേയ്ക്ക് കൈചൂണ്ടി .അയാള്‍ പുരുഷ രൂപം കൈചൂണ്ടിയ ഭാഗത്തേക്ക് നോക്കി.കല്ലറയുടെ മുകളില്‍ എഴുതിയിരിക്കുന്നത് അയാള്‍ വായിച്ചു
“ഫിലിപ്പ് ഇമ്മാനുവേല്‍ “ ഒരു ഞെട്ടലോടെയാണ് അയാള്‍ അത് വായിച്ചത്
“ഞാന്‍ പള്ളിവികാരി ഫാദര്‍ റോയി .ഇന്ന് ഉച്ചയ്ക്ക് നിങ്ങളെ ഞാനാണ് ഇവിടെ അടക്കംചെയ്തത് “ പുരുഷ രൂപം മന്ദഹസിച്ചുകൊണ്ട് പറഞ്ഞു
കാറ്റ് വീണ്ടും ആര്‍ത്തിരമ്പി അടിയ്ക്കാന്‍ തുടങ്ങി .മഴ വീണ്ടും ശക്തമായി പെയ്യാന്‍ തുടങ്ങി
(അവസാനിച്ചു )
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക