Slider

ഒരു വസന്തത്തിന്റെ ഓർമ്മയിൽ

0
Image may contain: 1 person, smiling, selfie, closeup and indoor
**************************************************
ചേച്ച്യേ ഒരു രൂപയ്ക്കു മൂട്ടിപ്പഴം...
എണ്ണിയെടുത്തു നാലു മൂട്ടിപ്പഴം വസന്തേച്ചി ന്റെ കൈകളിലേക്ക് നൽകി ..
വസന്തേച്ചി ...നരച്ചു ചുരുണ്ട മുടികൾ , കഴുകി കഴുകി നിറം പോയി ചുരുണ്ടൊരു സാരി .കറുത്ത ബ്ലൗസിലെ തയ്യൽ വിട്ടഭാഗത്തു വെള്ള നൂലുകൊണ്ട് തയ്ച്ചു പിടിപ്പിച്ചിരിക്കുന്നു. നെറ്റിയിൽ കളഭം പോലെ തോന്നിക്കുന്ന ന്തോ ഒന്ന്. കൈകളിലെ ഞരമ്പുകൾ തൊലിക്ക് പുറത്തേക്കു ചാടാൻ നിൽക്കുന്നപോലെ വ്യക്തം .എനിക്ക് നേരെ നീട്ടിയ കൈകളിൽ കരിയും കറയും നിറഞ്ഞിരിക്കുന്നു .
ന്റെ അമ്മയേക്കാൾ പ്രായമുണ്ട് അവർക്കു ,ങ്കിലും ചേച്ചി ന്നാണ് വിളിക്കുക ഞാൻ മാത്രല്ല ഞങ്ങളുടെ സ്കൂളിലെ എല്ലാവരും അവരെ ചേച്ചി എന്നാണ് വിളിക്കുക.സ്കൂളിന്റെ ഗേറ്റിനു മുന്നിൽ ഒരു പ്ലാസ്റ്റിക് ചാക്ക് വിരിച്ചു അതിൽ രണ്ടു പ്ലാസ്റ്റിക് കവറിലായി വച്ചിരിക്കുന്ന മൂട്ടിക്കയും , ചീമ നെല്ലിക്കയും .
മൂട്ടിക്ക ഒരു രൂപക്ക് നാലെണ്ണം ,ചീമ നെല്ലിക്ക ഒരുപിടി .ഋതുക്കളുടെ മാറ്റമനുസരിച്ചു ഇത് മാങ്ങാ ഉപ്പിലിട്ടതും , ചാമ്പയും ,പുളിഞ്ചിയും ,ഒക്കെയായി മാറി മാറി വരും .ഉപ്പും മുളകുപൊടിയും ചേർത്തിളക്കിയ പൊടി ചേച്ചി തരും.
അല്പം പൊടി കൈവെള്ളയിലെടുത്തു അതിൽ ഒന്നോ രണ്ടോ ചീമനെല്ലിക്ക വച്ച് മുറുക്കി അടച്ചുപിടിക്കും അല്പംനേരമാകുമ്പോൾ ഉപ്പു അലിഞ്ഞു നെല്ലിക്കയിൽ പിടിച്ചിണ്ടാകും.അത് വായിൽ ഒരു കവിളിലായി ഒതുക്കി വച്ച് ഉഴമ്പും.ആ രുചി ....അക്ഷരങ്ങളിൽ വർണ്ണിക്കുവാൻ കഴിയുന്നതിലും മേലെയാണ് അത് ....
ഉച്ചക്ക് ഊണ് കഴിഞ്ഞാൽ ഞാൻ നേരെ ഓടുക വസന്തേച്ചിയുടെ അടുത്തേക്കാണ്. ഒരു രൂപയ്ക്കു മൂട്ടിപ്പഴം വാങ്ങും. മൂട്ടിപ്പഴം എനിക്കത്ര ഇഷ്ടമുണ്ടായിട്ടല്ല...അതിനുപിന്നിൽ ഒരു ഗൂഢ ഉദ്ദേശം ണ്ടു ..
സ്കൂളിൽ പോകാൻ എന്നും പപ്പ അഞ്ചു രൂപ തരും ,വണ്ടിക്കൂലിയാണ് ..ട്രിപ്പ് ജീപ്പ് ആണ് കിട്ടുന്നതെങ്കിൽ ഒരു രൂപയും ,അല്ല പ്രൈവറ്റ് ബസ് ആണെങ്കിൽ അമ്പതു പൈസയുമാണ് പക്ഷെ പ്രൈവറ്റ് ബസ് അകെ ഒന്നുമാത്രമേ ആ റൂട്ടിൽ ഉണ്ടായിരുന്നുള്ളു ..
ഇനി അതുരണ്ടും കിട്ടിയില്ലയെങ്കിൽ സർക്കാർ ബസ് തന്നെ ശരണം, പക്ഷെ രണ്ടര രൂപയാണ് ടിക്കറ്റ് ചാർജ് .അതുകൊണ്ടാണ് അങ്ങിടേക്കും ഇങ്ങിടേക്കും കണക്കു കൂട്ടി അഞ്ചു രൂപ തരുന്നത് .തിരികെ വരുമ്പോൾ ബാക്കി ഉണ്ടോ എന്നൊന്നും പപ്പ ചോയ്ക്കാറില്ല.
ജീപ്പിൽ ഇടമില്ലെങ്കിലും തൂങ്ങിപിടിച്ചെങ്കിലും അതിൽത്തന്നെ പോകാൻ ശ്രമിക്കും .അങ്ങിനെ മിച്ചം പിടിക്കുന്ന കാശു കൊണ്ടാണ് പുളിമുട്ടായി , പ്രൈസുപറി ,മൂട്ടിപ്പഴം തുടങ്ങിയ ആവശ്യങ്ങൾ നിറവേറ്റുക .പിന്നെ കുഞ്ഞു കുടുക്കയിൽ എന്നും നിക്ഷേപിക്കുന്ന ഒരു രൂപയും.
ഞാനാദ്യമായി മൂട്ടിപ്പഴം കാണുന്നത് വസന്തേച്ചിയുടെ കയ്യിലാണ് ആ നിറം ,രൂപം, വലുപ്പം എല്ലാം ന്നെ വല്ലാണ്ട് ആകര്ഷിച്ചതുകൊണ്ടാണ് അന്ന് ഞാനതു വാങ്ങാൻ തീരുമാനിച്ചത്. ഉച്ചക്ക് ഊണ് കഴിഞ്ഞു ഞാൻ നേരെ വസന്തേച്ചിയുടെ അടുത്തേക്ക് ചെന്നു. ഒരു രൂപയ്ക്കു മൂട്ടിപ്പഴം വാങ്ങി .എണ്ണിനോക്കിയപ്പോൾ നാലെണ്ണം .പക്ഷെ അന്നത്തെ എന്റെ കുഞ്ഞു മനസ്സിൽ നാലിനോട് അത്ര പ്രിയം പോരാരുന്നു . ഇ കെളവിക്കു ഒരെണ്ണംകൂടെ തന്നാലെന്താ എന്ന് ഞാൻ മനസ്സിൽ ആലോചിച്ചു .
പഴം കിട്ടിയിട്ടും ഞാനവിടുന്നു പോകാത്തത് കാരണമാകും ചേച്ചി എന്നോട് ചോദിച്ചു ....ന്തെ നില്കുന്നെ ?...
മറുപടി പറയാതെ ഞാൻ മൂട്ടിപ്പഴത്തിലേക്കു നോക്കി ..കാര്യം മനസ്സിലായ ചേച്ചി എനിക്ക് ഒരു മൂട്ടിപ്പഴം കൂടെ തന്നു .കുഞ്ഞുന്നാളിൽ അല്പം കവിളും ചാടിതുകൊണ്ട് പതിവായി ഞാൻ നേരിട്ടിരുന്ന ഒരു പ്രശ്നമായിരുന്നു കവിളിൽ പിടുത്തം. അതുകൊണ്ടു നേരിട്ടൊരു വലിയ പ്രശ്‍നം പെങ്കുട്ട്യോൾക്ക് ന്നെ ഒരു സഹോദരനായി മാത്രമേ കാണാൻ കഴിഞ്ഞിരുന്നുള്ളൂ , പ്രണയാഭ്യര്ഥനകൾക്കു കിട്ടുന്ന പതിവ് മറുപടി ആയിരുന്നു നിന്നെ നിക്ക് അങ്ങിനെ കാണാൻ പറ്റില്ലടാ നീ എന്റെ തക്കുടു അനിയനല്ലേ ,ചേട്ടനല്ലേ എന്നൊക്കെ .
ഇവിടെയും അതുതന്നെ ആവർത്തിച്ച് ആ ഒരു മൂട്ടിപ്പഴം ചേച്ചി എനിക്ക് കൂടുതൽ നൽകിയപ്പോൾ കവിളിലൊരു പിടിയും തന്നു.
എന്തായാലും നിക്ക് സന്തോഷമായി ഞാൻ നേരെ ഓടിയത് ക്ലാസ്സിലേക്കാണ് നേരെ ചെന്നു അഖിലിനോടും ലെനിനോടും പറഞ്ഞു എനിക്ക് ഒരു രൂപയ്ക്കു അഞ്ചു മൂട്ടിപ്പഴം കിട്ടിയല്ലോ ന്നു .സംഗതി കേട്ടപാടെ അവന്മാരും ഓടി ചേച്ചിടെ അടുത്തേക്ക് .
ഒരു രൂപയ്ക്കു മൂട്ടിപ്പഴം വാങ്ങി പക്ഷെ നാലെണ്ണമേ കിട്ടിയുള്ളൂ . ലെനിൻ ചേച്ചിയോട് ചോദിച്ചു കിരണിനു അഞ്ചെണ്ണം കൊടുത്തല്ലോ ന്നു .ചേച്ചിക്ക് കിരണിനെ അറിഞ്ഞുട. കണ്ടാലറിയാം എന്നല്ലാതെ എന്റെ പേരൊന്നും ആ പാവത്തിന് അറിയില്ല .അവന്മാർക്ക് ചേച്ചി മൂട്ടിപ്പഴത്തിനു പകരം രണ്ടു ചീമനെല്ലിക്ക കൊടുത്തു വിട്ടു .
അടുത്ത ദിവസം മൂട്ടിപ്പഴം വാങ്ങാനായി ചെന്ന ഞാൻ നാലെണ്ണം കയ്യിൽ വച്ചിട്ട് അഞ്ചാമത്തത്തിനായി കാത്തു നിന്ന്. പക്ഷെ കിട്ടിയില്ല . ആദ്യമൊക്കെ ചേച്ചി കണ്ട ഭാവം നടിച്ചില്ല പക്ഷെ ഞാൻ പോകില്ല ന്നു മനസ്സിലാക്കിയിട്ടാകും . രണ്ടു നെല്ലിക്ക എന്റെ കയ്യിലേക്ക് തന്നിട്ട് പറഞ്ഞു ഇതുപോയി കൂട്ടുകാരോട് പറയല്ലേ ,എന്റെ വയറ്റിപ്പിഴപ്പാണ് കുഞ്ഞേ ന്നു . പതിവുപോലെ എന്റെ കവിളിൽ ഒരു പിടിത്തവും .
ആ കൈകൾ എന്റെ കവിളിൽ പതിയുമ്പോൾ എന്തോ കൊണ്ട്കേറുന്നോരു വേദനയാണ് എനിക്ക് തോന്നുക .എങ്കിലും ആ കൈകൾ ഞാൻ തട്ടിമാറ്റിയില്ല .
അങ്ങിനെ അതൊരു പതിവായി ഒരു രൂപയ്ക്കു മൂട്ടിപ്പഴമോ മറ്റെന്തുമോ ഞാൻ വാങ്ങിച്ചാലും എനിക്കായ് രണ്ടു ചീമനെല്ലിക്ക ചേച്ചി നൽകിയിരുന്നു . ചിലപ്പോഴൊക്കെ സ്കൂൾ വിട്ടു ഞാൻ വെളിയിൽ വരുമ്പോൾ അടുത്തുള്ള ചായക്കടയിൽ ന്നു കുഞ്ഞു പൊതികളുമായി ചേച്ചി ഇറങ്ങി വരുന്നത് കാണാം . എനിക്കൊരു ചിരി സമ്മാനിച്ച് ചേച്ചി നടക്കും ,,ഞാനും ...
അങ്ങിനെ നാളുകൾ കഴിഞ്ഞു ഒരു ദിവസം ഉച്ചക്ക് മൂട്ടിപ്പഴത്തിനായി ഗേറ്റിലേക്ക് ഓടിയ എനിക്ക് ചേച്ചിയെ കാണാൻ കഴിഞ്ഞില്ല .അപ്പുറത്തെ ഗേറ്റിലും കണ്ടില്ല ,വെയിലിന്റെ ചൂട് സഹിക്കാണ്ട് വരുമ്പോ ചേച്ചി പോയി ഇരിക്കാറുള്ള സ്കൂളിന്റെ എതിർവശത്തുള്ള പുളിമരത്തിന്റെ ചോട്ടിലും
ഞാൻ തേടി .അടുത്ത കുറെ ദിവസങ്ങളും ഞാൻ ചേച്ചിയെ തേടി ചെന്നിരുന്നു. പക്ഷെ അന്നുമാത്രമല്ല പിന്നീടൊരിക്കലും എനിക്ക് വസന്തേച്ചിയെ കാണാൻ കഴിഞ്ഞിരുന്നില്ല ...
അതിൽപിന്നെ ഇന്നുവരെ മൂട്ടിപ്പഴത്തിന്റെ സ്വാദ് ഞാൻ അറിഞ്ഞിട്ടില്ല .വല്ലപ്പോഴും ചീമനെല്ലിക്ക ചന്തയിൽന്നും മറ്റും കിട്ടാറുണ്ട് . അത് കാണുമ്പോൾ എന്റെ മനസ്സിലേക്ക് ഓടിവരുന്ന ഒരേഒരു മുഖം ആ ചിരി .......വസന്തേച്ചി ....
കാലങ്ങൾ കഴിഞ്ഞു ഇപ്പഴും സ്കൂളിന്റെ മുന്നിലൂടെ പോകുമ്പോൾ ആ ഗേറ്റിൽ വെറുതെ ഒരു പ്രതീക്ഷയോടെ ഞാൻ കണ്ണ് നടാറുണ്ട്...................................
കിരൺ കൃഷ്ണൻ ...
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo