Slider

സിസിലി

0


സിസിലി' എന്ന മീൻകാരി സ്ത്രീയോട് എനിക്കെന്നും വെറുപ്പായിരുന്നു. കറുത്തു തടിച്ച,ദേഹത്തു മീനിന്റെ പറ്റിപ്പിടിച്ച ചെതുമ്പൽ തിളക്കമുള്ള,തുണികളിൽ മീനിന്റെ ഉളുമ്പ് മണമുള്ള അവരെ അത്രയേറെ വെറുക്കാൻ കാരണം അവരുടെ ധ്രാഷ്ട്യമുള്ള പെരുമാറ്റവും,വളരെ ഉച്ചത്തിലുള്ള സംസാരവും,മീൻ വാങ്ങാൻ വന്നു വിലപേശി പോകുന്നവരെ വിളിക്കുന്ന തെറിയുമായിരുന്നു...
പണ്ടും ഇന്നും ശബ്ദമുയർത്തി സംസാരിക്കുന്ന സ്ത്രീകളെയും,വല്ലാതെ ബഹളം വയ്ക്കുന്ന പെൺകുട്ടികളെയും എനിക്ക് ഇഷ്ടമായിരുന്നില്ല. കാരണം സഹോദരിമാരില്ലാത്ത ഞങ്ങളുടെ വീട്ടിൽ ആകെയുള്ള പെൺജന്മം അമ്മയാണ്. ഉച്ചത്തിൽ പോയിട്ട് അമ്മയുടെ ശബ്ദം പോലും വീടിന്റെ നാലു ചുമരുകൾക്കുള്ളിൽ നിന്നും പുറത്തു കേൾക്കാറില്ലായിരുന്നു,അതു കൊണ്ടാകണം ഉച്ചത്തിൽ ബഹളം വയ്ക്കുന്ന അവരെ യാതൊരു കാരണവുമില്ലാതെ ഞാൻ ശത്രുവായി കാണാൻ തുടങ്ങിയത്.
കവലയിൽ വാസുവേട്ടന്റെ പീടികയ്ക്കു മുന്നിലായിരുന്നു സിസിലി മീൻ ചരുവവുമായി ഇരിക്കുന്നത്.അതിനു നേരെ എതിർവശത്തായി ഞങ്ങൾ സൗഹൃദങ്ങൾക്ക് ചെറിയൊരു ക്ലബ്ബ് ഉണ്ടായിരുന്നു.ഒഴിവു വേളകളിൽ കാരംസ് , പത്രവായന,നാട്ടുചർച്ചകൾ ,രാഷ്ട്രീയ ചർച്ചകൾ തുടങ്ങിയവയുമായി ഞങ്ങളവിടെ ഒത്തുചേരും.
സിസിലിക്ക് 'പൂതന' എന്ന ഇടംപേരു നൽകുകയും, അവരോടു നീരസം പ്രകടിപ്പിക്കുകയും,കാര്യമില്ലാതെ ദേഷ്യപ്പെടുകയും ,കൂകി വിളിക്കുകയും മറ്റുമായിരുന്നു മിക്കവാറും ഞങ്ങളുടെ ജോലി. ഇടയ്ക്കവരെ അസഭ്യം പറഞ്ഞു പൂരത്തെറിയും ചിലർ വാങ്ങി കൂട്ടാറുണ്ട്. അവരെ അവഗണിക്കുന്നതിലും ദേഷ്യപ്പെടുന്നതിലും ഞാനായിരുന്നു എന്നും മുൻപന്തിയിൽ.എന്തോ എനിക്കവരെ അത്രയ്ക്ക് വെറുപ്പായിരുന്നു.
അമ്മ മീൻ വാങ്ങാൻ പറഞ്ഞു വിടുന്ന ദിവസങ്ങളിൽ അവരുടെ കയ്യിൽ കുറഞ്ഞ വിലയിൽ മീൻ കിട്ടുമെന്നിരിക്കെ ഞാൻ കിലോമീറ്ററുകൾക്കപ്പുറം മാർക്കറ്റിൽ പോയി മീൻ വാങ്ങിച്ചും കൂട്ടുകാരെക്കൊണ്ട് അതു പോലെ ചെയ്യിപ്പിച്ചും കഴിവതും അവരെ അവഗണിച്ചിരുന്നു.
ഒരിക്കൽ നിറയെ മീനുള്ള പാത്രവുമായി എന്റെയൊപ്പം ബസിൽ വന്നിറങ്ങിയ അവർ
"മോനെ ഇതൊന്നു എടുത്തു വയ്ക്കാൻ സഹായിക്കാമോ..... ??"
എന്നു ചോദിച്ചപ്പോൾ
"എനിക്കു വേറെ പണിയില്ലല്ലോ...??"
എന്നു മറുപടി പറഞ്ഞു പരിഹസിച്ചു ചിരിച്ചു കൊണ്ട് ഞാൻ നടന്നു പോയി.അന്നവരുടെ ദീനമായ നോട്ടവും "എടുത്തു മാറ്റിക്കെ നിങ്ങടെ ഈ മീന്‍ ചരുവം ,ഞങ്ങൾക്ക് പോകാനുള്ളതാ.." എന്ന ബസിലെ കണ്ടക്ടറുടെ ആക്രോശവും എന്നെ വല്ലാതെ സന്തോഷിപ്പിച്ചു ....
പക്ഷെ നമ്മൾ അത്രത്തോളം വെറുക്കുന്ന ചിലർ പോലും നമ്മുടെ ജീവിതത്തിൽ വളരെ വലിയ സ്വാധീനം ചെലുത്താറുണ്ട്.ആരും ആരെക്കാളും മികച്ചവരല്ല എന്ന വലിയ പാഠം പഠിപ്പിക്കാറുമുണ്ട്.
അന്നൊരു വെള്ളിയാഴ്ച ദിവസമായിരുന്നു.പുതിയ ഫിലിം ടൗണിൽ റിലീസ് ആകുന്ന ദിവസം.കോളേജിൽ യൂണിയനുകൾ തമ്മിലുള്ള അടിപിടിയിൽ സസ്പെന്ഷനും വാങ്ങി നിൽക്കുകയാണ് ഞാനും രണ്ടു സുഹൃത്തുക്കളും.അന്നുച്ചയ്ക്കുള്ള ഷോ കാണാൻ ഞങ്ങൾ മൂന്നു പേരും കൂടി ടൗണിലെത്തി. സിനിമ തുടങ്ങാൻ കുറച്ചു നേരം കൂടി ബാക്കിയുണ്ടായിരുന്നത് കൊണ്ട് അടുത്തുള്ള പെട്ടിക്കടയിൽ നിന്നും നാരങ്ങാ വെള്ളം വാങ്ങിക്കുടിച്ചു കൊണ്ടു നിൽക്കേ അപ്രതീക്ഷിതമായി എന്റെ മുതുകിൽ മരകഷണം പോലെ എന്തോ കൊണ്ടുള്ള അടികിട്ടി.വേദന കൊണ്ടു പുളഞ്ഞു തിരിഞ്ഞു നോക്കിയപ്പോൾ കോളേജ് ക്യാംപസിൽ അടിപിടിയുണ്ടാക്കിയവരിൽ ചിലർ. എനിക്കെന്തെങ്കിലും ചെയ്യാൻ കഴിയും മുന്നേ അടുത്ത അടിയെന്റെ ദേഹത്തു വീണു.തല ലക്ഷ്യമാക്കി അടിച്ചതാണെങ്കിലും ഒഴിഞ്ഞു മാറിയതു കൊണ്ട് തോളിലാണ് കൊണ്ടത്.കൂടെയുള്ള സുഹൃത്തുക്കള്‍ എന്നെ ആക്രമിക്കുന്നത് കണ്ടപ്പോള്‍ തന്നെ ഓടിയൊളിച്ചു.ഒരുവിധം അടിക്കാൻ വന്നവരെ തള്ളിമാറ്റി ഞാനാ തിരക്കുള്ള വഴിയിലൂടെ പ്രാണരക്ഷാത്രം ഓടി. തോളിലേറ്റ അടിയുടെ ശക്തിയിൽ തോളെല്ല് ഒടിഞ്ഞു കൈ താഴേക്കു കുഴഞ്ഞു കിടന്നു.വേദന സഹിക്കാൻ പറ്റാഞ്ഞിട്ടും എന്റെ കാലുകള്‍ കരഞ്ഞു വിളിക്കുന്നത്‌ വരെ ഞാന്‍ ഓടി.
പിന്നിൽ നിന്നും വന്നവരിൽ ഒരാൾ മരകഷണം കൊണ്ടെന്നെ എറിഞ്ഞു വീഴ്ത്തി.ആളുകൾ ഒരുപാടു പേർ നോക്കി നിൽക്കെ പട്ടിയെ പോലെയവരെന്നെ തല്ലിച്ചതച്ചു,നിലത്തിട്ടു ചവിട്ടി, ഒരുത്തന്റെ കയ്യിലിരുന്ന വടിവാളെന്റെ കഴുത്തിനെ ലക്ഷ്യമാക്കി പാഞ്ഞെങ്കിലും പുരികത്തിനു മുകളിൽ ആഴത്തിലൊരു മുറിവ് സമ്മാനിച്ചു കൊണ്ട് ആ വെട്ടു മാറിപ്പോയി.വഴിയോരകടക്കാര്‍,യാത്രക്കാര്‍,സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ,അങ്ങനെ പലരും കാഴ്ചകള്‍ക്ക് നേരെ കണ്ണടച്ചു കൊണ്ട് ഒന്ന് നിലവിളിക്കുവാന്‍ പോലും നില്‍ക്കാതെ പോയി മറഞ്ഞു.ചില സ്കൂള്‍ കുട്ടികള്‍ ഭീതിയില്‍ കരഞ്ഞു കൊണ്ട് ഓടി മാറി.
"എന്റെ കുഞ്ഞിനെ കൊല്ലല്ലേടാ..."
എന്നൊരു നിലവിളിയോടെ നോക്കുകുത്തികളെ പോലെ എന്നെ തല്ലുന്നത് നോക്കി നിന്നു കൊണ്ടിരുന്നവർക്കിടയിൽ കൂടി ഒരാൾ ഓടി വരുന്നത് ഞാൻ കണ്ടു.അത് മീന്‍കാരി സിസിലിയായിരുന്നു. അവരുടെ കയ്യിലിരുന്ന മീൻചരുവം തറയിലേക്കിട്ടു കൊണ്ട് ചരുവം മൂടുന്ന പാത്രവുമായി അവരെന്റെ അടുത്തേയ്ക്കു ഓടി വന്നു.മീൻ ചരുവത്തില്‍ നിന്നും മീനുകൾ റോഡിൽ തെറിച്ചു വീണു.ആ പാത്രം വീശി ഉച്ചത്തിൽ ആക്രോശിച്ചു കൊണ്ട് അക്രമികളെ അവർ നേരിട്ടു.സിസിലിക്കൊപ്പം കൂടെ കച്ചവടം ചെയ്യുന്ന രണ്ടു സ്ത്രീകളും കൂടി.അവരുടെ ഉച്ചത്തിലുള്ള ആക്രോശങ്ങൾക്കും കൈക്കരുത്തിനും മുന്നിൽ അക്രമികൾ എന്നെ ഉപേക്ഷിച്ചു അവിടെ നിന്നും മടങ്ങി ...
തന്റെ ജീവിതോപാധി നിലത്തു ചിതറി തെറിച്ചത്‌ പോലും കാര്യമാക്കാതെ ബോധം മറഞ്ഞു പൊയ്ക്കൊണ്ടിരുന്ന എന്നെയവർ അവരുടെ മീനിന്റെ ചെതുമ്പലും ഉളുമ്പു മണവുമുള്ള കൈകൾ കൊണ്ട് താങ്ങിയെടുത്തു.പൂർണമായും ബോധം മറയും മുന്നേ ആദ്യമായി ഞാനവരുടെ നിറഞ്ഞു തുളുമ്പുന്ന കണ്ണുകൾ കണ്ടു അവരെ എനിക്കപ്പോൾ എന്റെ അമ്മയെപ്പോലെ തോന്നി.
അവരുടെ മടിയിലെന്നെ കിടത്തി കൂട്ടം കൂടി നിന്നവർക്കു നേരെ നോക്കി ഉച്ചത്തിൽ അവർ ശകാര വർഷം ചൊരിയുന്നതും, ദേഷ്യപ്പെടുന്നതും, എന്നെ ആശുപത്രിയിൽ എത്തിക്കാൻ വണ്ടി വിളിക്കാൻ കൂടെയുള്ളവരോട് പറയുന്നതും, അവരെന്നെ ഓട്ടോയിലേക്കു കയറ്റുന്നതുമൊക്കെ പകുതി ബോധത്തില്‍ ഞാന്‍ അറിഞ്ഞു കൊണ്ടിരുന്നു.ബോധം പൂര്‍ണ്ണമായും മറയുന്നതിനു മുന്‍പേ അവരുടെ കറുത്തു തടിച്ച കുറുകിയ ശരീരത്തിനുള്ളിലെ വലിയ മനസ്സു ഞാൻ കണ്ടു .
പിന്നീട് ബോധം വരുമ്പോൾ ഞാൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.വാർഡിലേക്ക് മാറ്റിയപ്പോൾ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളോട് ആദ്യമായി തിരക്കിയത് സിസിലിയെ ആയിരുന്നു. ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്ത ശേഷം കയ്യിലിരുന്ന കാശു മുടക്കി മരുന്നു വാങ്ങി നഴ്‌സിനെ ഏല്പിച്ചു തിരികെ പോയ സിസിലിയെ കുറിച്ചവര്‍ പറഞ്ഞപ്പോൾ ഇന്നു വരെ സിസിലിയെന്ന കറുത്ത മാലാഖയോട് ഞാൻ കാണിച്ച ക്രൂരതയ്ക്ക് ഒരായിരം വട്ടം മനസ്സില്‍ മാപ്പു പറഞ്ഞു.
എനിക്കൊപ്പം അന്ന് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ ആൾക്കൂട്ടത്തിനിടയിലൂടെ ഓടി മറഞ്ഞതിനാൽ അവർക്ക് ആക്രമണം നേരിടേണ്ടി വന്നില്ല.ഹോസ്‌പിറ്റലിൽ കിടക്കെ സുഹൃത്തുക്കളോട് സിസിലി എന്നെക്കുറിച്ചു അന്വേഷിച്ചു കൊണ്ടേയിരുന്നു.ആശുപത്രി കിടക്ക വിട്ട് വീട്ടിൽ എത്തിയ ഞാൻ ആദ്യമായി കാണാൻ പോയത് കവലയിൽ മീൻ ചരുവവുമായിരിക്കുന്ന സിസിലിയെ ആയിരുന്നു.ആദ്യമായവരെ ഞാൻ "ചേച്ചി " എന്ന് സംബോധന ചെയ്തു അവരോടു ക്ഷമാപണം നടത്തവേ..
"നിന്നെ കാണാന്‍ എന്റെ റോബർട്ടിനെ പോലുണ്ട് മോനെ... "
എന്നു പറഞ്ഞു മുഷിഞ്ഞ തോർത്തു കൊണ്ട് കണ്ണു തുടച്ചു.ഒന്നും മിണ്ടാതെ തിരിഞ്ഞു വണ്ടിയിലേക്ക് കയറിയ എന്നെ തന്നെ നോക്കി നിൽക്കുന്ന സിസിലി ചേച്ചിയെ വണ്ടിയുടെ സൈഡ് മിററിലൂടെ ഞാൻ കണ്ടു.
പിന്നീട് എനിക്ക് പെട്ടെന്നു പ്രവാസത്തിലേക്ക് ചേക്കേറേണ്ടി വന്നപ്പോൾ സിസിലി ചേച്ചിയെ കാണുവാനോ യാത്ര പറയുവാനോ സാധിച്ചില്ല കാരണം കടൽക്ഷോഭം കാരണം അവർ കുറേനാൾ കവലയിലേക്കു വന്നില്ല, പക്ഷെ എന്നെപ്പറ്റി അവര്‍ എന്റെ സുഹൃത്തുക്കളോട് അന്വേഷിച്ചു കൊണ്ടിരുന്നു.എന്റെ കസിൻ നാട്ടിൽ നിന്നും തിരികെ വന്നപ്പോൾ വേളാങ്കണ്ണി മാതാവിന്റെ ഒരു രൂപം അവന്റെ കയ്യിൽ കൊടുത്തിട്ടവർ പറഞ്ഞത്രേ
"ഈ രൂപം അവനു കൊടുക്കണം,അവന്റെ എല്ലാ പ്രശ്നങ്ങളും മാതാവ് മാറ്റും.അവനെന്നും ഇത് രക്ഷയായിരുക്കുമെന്ന്.."
വളരെ സന്തോഷത്തോടെയാണ് ഞാനത് അവനില്‍ നിന്നും വാങ്ങിയത്.നമുക്കു വേണ്ടി പ്രാർത്ഥിക്കാനും നമ്മുടെ നന്മകൾ ആഗ്രഹിക്കാനുമൊക്കെ എന്നും മുൻപിൽ നമ്മൾ ഒരുപാടു വെറുത്തവർ തന്നെയായിരിക്കും മുൻപന്തിയിൽ എന്നെനിക്കു തോന്നി.
ഈ കുറിപ്പ് ഞാനെഴുതുന്നത് സിസിലി ചേച്ചി തന്ന മാതാവിന്റെ രൂപത്തിനു മുന്നിലിരുന്നാണ്.നാട്ടിൽ പോകുമ്പോൾ അവരെവിടെയാണെങ്കിലും പോയി കാണണമെന്നെനിക്കാഗ്രഹമുണ്ട്,അതിലേറെ ആരായിരുന്നു അവരെന്നിൽ കണ്ട റോബർട്ട് എന്ന ചോദ്യത്തിന് ഉത്തരവും തേടണം....

By Vishnu Agni
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo