Slider

ആടിനെ തൊടാൻ പറ്റില്ലേ, പപ്പേ.

0
Image may contain: 1 person
************ സജി വർഗീസ്******
നിപ്പ വൈറസ് വാർത്ത മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നു .ഞാനും ആശങ്കയോടെയാണ് വാർത്തകൾ കാണുന്നത് .
മരണപ്പെട്ടാൽ ഭൗതികശരീരം പോലും ഒരു നോക്ക് കാണുവാൻ കഴിയാതെ വേദനിക്കുന്ന മക്കൾ.. സഹോദരങ്ങൾ.. മാതാപിതാക്കൾ ഓർത്തപ്പോൾ മനസ്സിലൊരു വിങ്ങൽ.
"എടീ മാവിലെ മാങ്ങയൊന്നും എടുക്കല്ലേയെന്ന് മക്കളോട് പറയണം".
ഇളയ മകൻ കുഞ്ഞൂസിനോടു ഞാൻ പറഞ്ഞു "മോനേ പൂച്ചയെ തൊടരുത്.."
അവന് മൃഗങ്ങളോട് വല്ലാത്ത ഇഷ്ടമാണ്.പുറത്തു കാണുന്ന പൂച്ചയെ കണ്ടാൽ എടുത്ത് തലോടും.
പ്രകൃതിയോട് വല്ലാത്ത അടുപ്പം
ഒരു തവണ അവന്റെ അമ്മവീട്ടിൽ പോയി വന്നപ്പോൾ അവൻ അവിടെയുള്ള ആടിന്റെ വിശേഷം ആണെന്നോട് പറഞ്ഞത്.
"ആടിനെ കൈയ്യിലെടുത്തു പപ്പേ",
"അതെന്നെ മൊത്തം നക്കിത്തുടച്ചു ".
അതു പറയുമ്പോൾ അവന്റെ കണ്ണു കളിലെ തിളക്കം ഞാൻ ശ്രദ്ധിച്ചു.
"എനിക്കൊരാടിനെ വാങ്ങിത്തരുമോ പപ്പേ..",
നിഷ്കളങ്കമായ ആ ചോദ്യം കേട്ടപ്പോൾ എനിക്ക് വേദനതോന്നി. അവന്റെ ആഗ്രഹം സാധിച്ചു കൊടുക്കുവാൻ പറ്റാത്ത വേദന
"നമ്മുടെ ക്വാർട്ടേഴ്സിൽ ആടിനെ വളർത്താൻ പറ്റില്ല മോനേ.. "
"നമുക്ക് മണത്തണ വീട്ടിൽ ( എന്റെ തറവാട് വീട് ) പോകുമ്പോൾ അമ്മച്ചിയോട് പറഞ്ഞ് ആടിനെ വാങ്ങാം". എന്നു പറഞ്ഞ് സമാധാനിപ്പിച്ചു.
തറവാട്ടിൽ എത്തിയപ്പോൾ അവൻ ആടിനെ വാങ്ങണമെന്ന് പറഞ്ഞു വാശിപിടിച്ചു.
" അടുത്ത തവണ വരുമ്പോൾ മോന് കിട്ടും.. ആട്ടിൻ കുഞ്ഞിനെ വാങ്ങുവാൻ ആയിരം രൂപ കൊടുത്ത് അമ്മച്ചിപറഞ്ഞ് വച്ചിട്ടുണ്ട് " .എന്റെ വാക്കുകൾ കേട്ടവൻ സന്തോഷത്തോടെ തലയാട്ടി.
പിന്നീടൊരിക്കൽ ഭാര്യവീട്ടിൽ പോയപ്പോൾ മകന്റെ ആടിനോടുള്ള സ്നേഹം ഞാൻ കണ്ടു.
അവൻ ആടിനെ തലോടുന്നു, ഉമ്മ വയ്ക്കുന്നു.. എടുക്കുന്നു. അതിന് തിന്നുവാൻ പ്ളാവില എടുത്തു കൊടുക്കുന്നു. അവിടെ കെട്ടിയിട്ട പട്ടി കുരയ്ക്കുമ്പോൾ " ബൗ, ബൗ, " എന്ന വനും നോക്കി ശബ്ദമുണ്ടാക്കി അതിന്റെ ചാട്ടം കണ്ട് കൈകൊട്ടിച്ചിരിക്കും.
കൂട്ടിലുള്ള മുയലിനെ കണ്ട് സാകൂതം നോക്കുന്നു.
അങ്ങനെ സന്തോഷപൂർവ്വം ഒരു പകൽ ചിലവഴിച്ചാണ് മടങ്ങിയത്.
"നമുക്ക് ഇവിടെ ആടിനെ വാങ്ങിയാലെന്താ? പപ്പേ" അവൻ നിഷ്കളങ്കമായ് ചോദിച്ചു കൊണ്ടേയിരിക്കും.
ചെറുപ്പത്തിൽ ഒരു ഡസനിലധികം ആടുകളുമായ് കശുമാവിൻ തോട്ടത്തിൽ പോയതും ആടിനെ മേയ്ക്കുവാൻവിട്ടിട്ട് പുസ്തകം വായിക്കുന്നതും മാവിലെ പഴുത്ത മാമ്പഴം കല്ലെറിഞ്ഞു വീഴ്ത്തി കടിച്ചുതിന്നതുമായ ബാല്യകൗമാരകാലം ഓർത്തു പോയി.
കഴിഞ്ഞ ദിവസം ടി.വിയിലെ വാർത്ത കണ്ടപ്പോൾ ഞാൻ പറഞ്ഞു
"മാവിലെ മാങ്ങ വീണുകിടക്കുന്നത് എടുക്കരുത് കെട്ടോ, ചെരിപ്പിട്ട് പുറത്തിറങ്ങണം, പട്ടിയെയും പൂച്ചയെയും ഒന്നും തൊടരുത് "
"പുറത്തൊരു പൂച്ച പ്രസവിച്ചിട്ടുണ്ട് "വല്ലാത്ത ശല്യമായ് "ഭാര്യ പറഞ്ഞു
അതിനെ ഇവിടെ നിന്നും ഓടിക്കണമെന്ന് ഞാൻ ഭാര്യയോട് പറഞ്ഞു.
"പപ്പാ ആടിനെ തൊടാൻ പറ്റ്വോ?"
"ഏയ്, ആടിനെയൊന്നും തൊടാൻ പറ്റില്ല "
അവന്റെ മുഖം വാടി.
"ആടിനെ എടുക്കാൻ പറ്റില്ല അല്ലേ?
മുഖത്ത് സങ്കട ഭാവം..
മുഖംവാടി വേദനയോടെ മകൻ എന്നെ നോക്കി. അവന്റെയെല്ലാമായ ആട്ടിൻ കുഞ്ഞിനെ അവന്റെ അമ്മ വീട്ടിൽ പോകുമ്പോൾ എടുക്കാൻ പറ്റില്ലല്ലോയെന്ന ചിന്തയും പപ്പ ഇനി എനിക്ക് ആടിനെ വാങ്ങി തരില്ലല്ലോയെന്നതും ഓർത്തവൻ വിഷമിച്ചു.
എനിക്ക് സങ്കടംനിറഞ്ഞ മകന്റെ നിഷ്കളങ്കമായ മുഖം കണ്ടപ്പോൾ ഹൃദയംനുറുങ്ങുന്ന വേദന തോന്നി.
കൊയ്ത്ത്കഴിഞ്ഞ പാടത്തെ ചെളിയിൽ ഓടിക്കളിച്ചതും വയലിലെ ചെളിക്കട്ടയെടുത്തെറിഞ്ഞു കളിച്ചതും ഓർത്തു പോയി. മാവിലെ മാങ്ങ കല്ലുകൊണ്ടെറിഞ്ഞു വീഴ്ത്തിയതും അണ്ണാനും വവ്വാലും കഴിച്ച മാമ്പഴം കടിച്ചുതിന്നതും ഓർമ്മയിൽ ഇന്നലെയെന്നോളം വന്നു. തൊടിയിലൂടെ ഓടിക്കളിച്ചത്, കശുമാങ്ങാപ്പഴം മുറിച്ച് ഉപ്പും ചേർത്ത് കഴിച്ചതൊക്കെ നാവിൻതുമ്പത്തുണ്ട്.അടുത്തുള്ള വവ്വാലിൻകാട്ടിൽപ്പോയി ഊഞ്ഞാലാടിക്കളിച്ചത്, വവ്വാൽക്കൂട്ടം താഴെയിട്ട കശുവണ്ടി പെറുക്കിയെടുത്ത് ചുട്ടു തിന്നത്, റൂബിക്കാ കാട്ടിൽ നിന്നും പറിച്ചെടുത്ത് തിന്നതൊക്കെ ഓർമ്മിച്ചു.
ഇപ്പോൾ എന്റെ മക്കൾക്കെല്ലാം നഷ്ടമായിരിക്കുന്നു.
മാവിൽ ഊഞ്ഞാലാടിയതും മാമ്പഴം പറിച്ചുതിന്നും വയലിൽ അടിപിടികൂടികളിച്ചു വളരേണ്ട എന്റെ മക്കൾ.. എന്റെ പതിനൊന്നു വയസ്സുകാരന്റെയും അഞ്ചു വയസ്സുകാരന്റെയും മുഖത്ത് നോക്കിയപ്പോൾ മനസ്സ് നൊന്തു.
എല്ലാം നഷ്ടപ്പെട്ടു കൊണ്ട് പ്രകൃതിയെ അറിയാതെ ഈ ക്വാർട്ടേഴ്സിനുള്ളിൽ തളച്ചിടുന്ന ബാല്യകാലം.
ചെരുപ്പിടാതെ പുറത്തിറങ്ങി ആടി തിമർത്തു നടക്കാൻ കഴിയാതെയായി.. മാധ്യമങ്ങളിൽ നിന്നു വരുന്ന മുന്നറിയിപ്പുകൾ.. മൃഗങളുമായ് ഇടപഴകരുത് മാരക രോഗങ്ങൾ വരാം..
പ്രകൃതിയിൽ നിന്നും മനുഷ്യനെ അകറ്റി നിർത്തുന്നു.പ്രകൃതിയിൽ നിന്നകന്നു കഴിയാൻ വിധിക്കപ്പെട്ട ബാല്യങ്ങൾ.
മനുഷ്യന്റെ ചൂഷണം കൊണ്ട് പ്രകൃതി വെറുത്തു പോയോ? മനുഷ്യന്റെ ആലിംഗനം പ്രകൃതിയെ ഞെരിച്ചു കൊല്ലുവാനാണെന്നു പ്രകൃതിക്ക് തോന്നിയിട്ടുണ്ടാവും. വനങ്ങൾ വെട്ടിമുറിച്ച് കോൺക്രീറ്റ് വനങ്ങൾ ഉയർന്നു കഴിഞ്ഞിരിക്കുന്നു.പ്രകൃതിയുടെ സംതുലനാവസ്ഥ നഷ്ടമായിപ്പോയെന്നു തോന്നുന്നു.
തുമ്പിയെ പിടിച്ച്
കല്ലെടുപ്പിച്ചതും,
ചിത്രശലഭം തേൻനുകരുന്നതും,
കരിവണ്ടിന്റെ മൂളൽകേട്ട് കാതു പൊത്തിയൊളിക്കുന്നതും,
വയലിൽ പൂക്കുടയുമായ്പോയ്
പൂ പറിക്കുന്നതും,
അണ്ണാരക്കണ്ണനെ നോക്കി കൈകൊട്ടിച്ചിരിക്കുന്നതും,
ഊഞാലിലാടിക്കളിക്കുന്നതും,
മാങ്ങയും ഞാവൽപ്പഴവും, നെല്ലിക്കയുമെല്ലാം പറിച്ചുതിന്ന്,
കിണറിലെ വെള്ളം കോരിക്കുടിക്കുന്നതും,
പച്ചപ്പുല്ലു നിറഞ്ഞ സ്ഥലത്തു നിന്നും കബഡി കളിക്കുന്നതും,
പൊത്തിൽ കൈയ്യിട്ട് തത്തമ്മക്കുഞ്ഞിനെ പിടിക്കുന്നതും,
ഓടിക്കളിച്ചു വിയർത്തു സന്ധ്യയ്ക്കു മുന്നേവന്ന് കിണറിലെ വെള്ളം കോരിക്കുളിച്ച് ,
സന്ധ്യാപ്രാർത്ഥന ചൊല്ലിയതിനു ശേഷം,
പുസ്തകസഞ്ചിയിൽ നിന്ന് പുസ്തകമെടുത്തുറക്കെ വായിച്ച്,
തമ്മിലടികൂടി അമ്മയുടെ അടിയും വാങ്ങിയത്താഴം ഉണ്ട് കിടക്കുന്നതോർക്കുന്നു.
"ആടിനെ തൊടാൻ പറ്റില്ലെ പപ്പേ.."
എന്റെ കുഞ്ഞൂസിന്റെ ചോദ്യം എന്റെ കാതിൽ മുഴങ്ങുന്നു.
പ്രകൃതി നീ നിന്റെ പക തീർത്ത് കുരുന്നുകളെ നിന്റെ താളം ശ്രവിക്കാൻ വിടുകയില്ലേ
ഞാൻ വേദനയോടെ രാത്രിയിൽ ആലോചിച്ചു കൊണ്ട് വിയർത്തു കുളിച്ച് കൊതുകുകടിയേറ്റ കാലുകൾ ചൊറിഞ്ഞ് ഉറക്കത്തിലേക്ക് വഴുതി വീണു.
സജി വർഗീസ്
Copyright protected.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo