Slider

രക്തബന്ധം

0
Image may contain: 1 person, smiling, indoor
---------------------
അതിരാവിലെ എട്ട് മണിക്ക് എഴുന്നേറ്റയുടന്‍ മനു മൊബെെല്‍ ഫോണെടുത്ത് വാള്‍പേപ്പറായി വെച്ചിട്ടുള്ള കൃഷ്ണന്‍റെ ചിത്രത്തിലേക്ക് നോക്കിക്കൊണ്ട് പ്രാര്‍ത്ഥിച്ചു.
''ഭഗവാനേ..ഭക്ത വത്സലാ.. ഇന്നെങ്കിലും അവളില്‍ നിന്ന് അനുകൂലമായ ഒരു മറുപടി കിട്ടാന്‍ അനുഗ്രഹിക്കണേ.. എത്ര നാളായി പുറകേ നടക്കുന്നു.. പ്ളീസ് ഭഗവാനേ..''
''വേണ്ട വേണ്ട കള്ളച്ചിരി വേണ്ട. പതിനാറായിരത്തി എട്ടിനെ വളച്ചവനല്ലേ നീ.. ഞാന്‍ ആകെ ഈ ഒരെണ്ണത്തിനെയല്ലേ ചോദിച്ചുള്ളു. അതെങ്കിലുമൊന്ന് ശരിയാക്കിത്തന്നൂടെ..
ഇത് ശരിയായാല്‍ ഞാന്‍ ഗുരുവായൂരമ്പലത്തില്‍ വന്ന് ഒരു ശയന പ്രദക്ഷിണം.. അയ്യോ .. അത് വേണ്ട.. ഒരു വെണ്ണ നിവേദ്യം വഴിപാട് കഴിപ്പിച്ചോളാം..
നിനക്കെന്താ ഒരു സംശയം പോലെ.. സത്യമായിട്ടും കഴിപ്പിക്കും. ഉപകാര സ്മരണയുള്ളവനാ ഈ മനു.. പ്ളീസ് ഒന്നനുഗ്രഹിക്കെന്‍റെ കൃഷ്ണാ..''
ഇത്രയും പറഞ്ഞ് ഒന്നു കൂടി ചുരുണ്ടു കൂടി കിടക്കാന്‍ തുടങ്ങിയപ്പോഴാണ് ഒാര്‍ത്തത്..
'ഇപ്പോ ഇറങ്ങിയാലേ അവളെ തനിച്ച് കാണാന്‍ പറ്റൂ.. അല്ലെങ്കില്‍ കൂട്ടുകാരികളുടെ വലയത്തിനുള്ളിലാവും. ഇന്നെന്തെയാലും അവളെക്കൊണ്ട് ഇഷ്ടം പറയിപ്പിക്കണം..'
അവന്‍ ചാടിയെഴുന്നേറ്റ് ബാത്ത്റൂമിലേക്ക് പാഞ്ഞു.. ഒരുവിധത്തില്‍ പല്ലു തേപ്പും കുളിയുമൊക്കെ കഴിഞ്ഞ് ഡ്രസ്സ് മാറുമ്പോഴാണ് ഫോണ്‍ റിംഗ് ചെയ്തത്.
'പരിചയമില്ലാത്ത നമ്പറാണല്ലോ..'
അവന്‍ ഫോണെടുത്ത് ചെവിയില്‍ വെച്ചു..
''ഹലോ''.
''ഹലോ. മനുവല്ലേ..''
ഒരു കുയില്‍ നാദം..
''അതേ..''
''ഞാന്‍ മേഘയുടെ കൂട്ടുകാരിയാണ്. അവള്‍ പറഞ്ഞിട്ട് വിളിക്കുന്നതാണ്..''
'കൃഷ്ണാ.. നീയെന്‍റെ പ്രാര്‍ത്ഥന കേട്ടോ.. വെണ്ണ നിവേദ്യം അത് ഉറപ്പാണെ..'
മനുവിന്‍റെ മനസ്സില്‍ പൂത്തിരി കത്തി..
''എന്താ ..?''
''അത് അവള്‍ ഇവിടെ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആണ്. ഒന്നിങ്ങോട്ട് വരാന്‍ പറ്റുമോ എന്നു ചോദിച്ചു ..'''
''പിന്നെന്താ.. ഞാന്‍ ഇപ്പോ തന്നെ വരാം .. എന്താ പറ്റിയത് അവള്‍ക്ക് ..?''
''അങ്ങനെ കാര്യമായി ഒന്നുമില്ല.. ഒരു തലകറക്കം..''
''ശരി.. ഞാന്‍ പെട്ടെന്ന്‌ വരാം .''
അവന്‍ വേഗം അണിഞ്ഞൊരുങ്ങി ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു..
അവിടെ എത്തിയപ്പോള്‍ മേഘയുടെ കൂട്ടുകാരും ബന്ധുക്കളുമൊക്കെ അവനെ പ്രതീക്ഷിച്ചു നില്‍ക്കുകയായിരുന്നു.
കാര്യം മനസ്സിലാകാതെ മനു എല്ലാവരുടെയും മുഖത്തേക്ക് മാറി മാറി നോക്കി.
അപ്പോള്‍ മേഘയുടെ കൂട്ടുകാരി അടുത്തേക്ക് വന്ന് പറഞ്ഞു..
''അവള്‍ക്ക് പെട്ടെന്ന് ഹീമോഗ്ളോബിന്‍ കുറഞ്ഞു. അതാ തല കറങ്ങി വീണത്. ഒരു കുപ്പി ബ്ളഡ് കയറ്റണമെന്ന് ഡോക്ടര്‍ പറഞ്ഞു. നിന്‍റെയും അവളുടെയും സെയിം ഗ്രൂപ്പാണല്ലോ അതുകൊണ്ടാ നിന്നെ വിളിച്ചത്. നീ അവള്‍ക്ക് ബ്ളഡ് കൊടുക്കില്ലേ..''
''തീര്‍ച്ചയായും .. ''
അവന്‍ ആവേശത്തോടെ പറഞ്ഞു.
ബ്ളഡ് ബാങ്കിലേക്ക് നടക്കുമ്പോള്‍ അവന്‍റെ മനസ്സ് ആഹ്ളാദത്തില്‍ ആറാടുകയായിരുന്നു..
'രക്തം കൊടുത്തു ജീവന്‍ രക്ഷിച്ചവനെ അവളൊരിക്കലും തിരസ്ക്കരിക്കില്ല..'
അവളുടെ ഹൃദയം കീഴടക്കാന്‍ ഒരു വഴി തെളിയിച്ചു തന്ന ഇഷ്ടദേവനോട് ആയിരം വട്ടം നന്ദി പറഞ്ഞുകൊണ്ട് അവന്‍ സന്തോഷത്തോടെ രക്തദാനം നടത്തി.
അതിനു ശേഷം അവളുടെ ബെഡിനരികിലെത്തിയ അവനെ അവള്‍ കൃതജ്ഞതാപൂര്‍വ്വം നോക്കി. അവളുടെ കണ്ണുകളില്‍ പ്രണയത്തിന്‍റെ ഗുല്‍മോഹര്‍ പൂക്കള്‍ പൂത്തു നില്‍ക്കുന്നതായി അവനു തോന്നി.
പിന്നീടങ്ങോട്ട് അവന്‍റെ സ്വപ്നങ്ങള്‍ക്ക് മഴവില്ലിന്‍റെ നിറപ്പകിട്ടായിരുന്നു.. അവളെ മാത്രം കിനാവുകണ്ട് അവന്‍ നാളുകള്‍ തള്ളി നീക്കി.
കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അവളുടെ അസുഖമൊക്കെ മാറി കോളേജിലേക്ക് പോകാന്‍ തുടങ്ങിയതിന്‍റെയന്ന്, അവന്‍ അവളെ കാണാന്‍ ചെന്നു.
അവനെ കണ്ടതും അവള്‍ ഹൃദ്യമായി പുഞ്ചിരിച്ചുകൊണ്ട് അടുത്തു വന്നു. അവളുടെ പുഞ്ചിരി അവനെ മറ്റേതോ ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോയി.
ഒരു നിമിഷം കഴിഞ്ഞ് ഭൂമിയിലേക്ക് ഇറങ്ങി വന്നപ്പോള്‍ അവന്‍ അവളോട് പതിയെ ചോദിച്ചു.
''ഇനിയെങ്കിലും എന്‍റെ പ്രണയം സ്വീകരിച്ചൂടെ? ഇഷ്ടമാണെന്ന് ഒന്നു പറഞ്ഞൂടെ..''?
''എനിക്ക് നിന്നെ ഇഷ്ടമായിരുന്നു മനൂ..ഇതുവരെ ഞാനത് പറയാതിരുന്നതാണ്. പക്ഷേ ഇനിയിപ്പോ അങ്ങനെയല്ലല്ലോ കാര്യങ്ങള്‍. നമ്മള്‍ തമ്മില്‍ ഇപ്പോള്‍ ബ്ളഡ് റിലേഷനായില്ലേ.. അതുകൊണ്ട് നീയെന്നെ ഒരു സഹോദരിയായി കാണണം.. മറ്റൊന്നും മനസ്സില്‍ വെക്കരുത്.''
മേഘയുടെ വാക്കുകള്‍ കേട്ടപ്പോള്‍ മനുവിന്‍റെ കണ്ണില്‍ ഇരുട്ടു കയറുന്നതായി തോന്നി. ചെവിയില്‍ ആയിരം കതിനാവെടികള്‍ ഒരുമിച്ച് പൊട്ടുന്നു.
''കൃഷ്ണാ .. ഗുരുവായൂരപ്പാ.. എന്നോടീ ചതി വേണ്ടായിരുന്നു.. ഇതിനു വേണ്ടിയാണോ നീ എനിക്ക് ആശകള്‍ തന്നത്..''
പരിതപിച്ചുകൊണ്ട് അവന്‍ മെല്ലെ തിരിഞ്ഞു നടന്നപ്പോള്‍ മേഘയുടെ ചുണ്ടുകളില്‍ ഒരു ഗൂഢ മന്ദസ്മിതം വിരിഞ്ഞു നില്‍പ്പുണ്ടായിരുന്നു..
അജിന സന്തോഷ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo