നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സ്ത്രീധനം

Image may contain: 1 person
നാളത്തെ ദിവസത്തെ പ്രത്യേകത ഓർത്തപ്പോൾ ഉറക്കം വന്നില്ല സമീറക്ക്, നാളെ തന്റെ നിക്കാഹാണ്. കല്ല്യാണങ്ങൾ വീട്ടിൽ നിന്ന് പറിച്ച് ആഡിറ്റോറിയങ്ങളിലേക്ക് മാറ്റിയപ്പോഴുള്ള കല്ല്യാണ വീട്ടിലെ നിശ്ശബ്ദതകിടയിൽ രാവേറെ കഴിഞ്ഞിട്ടും
ഉറങ്ങാതെ മറ്റൊരു മനുഷ്യൻ വീടിന്റെ കോലായിലെ ചാരു കസേരയിൽ നെഞ്ചിലെ നരവീണ രോമങ്ങൾ തടവി ഇരിക്കുന്നുണ്ടായിരുന്നു സമീറയുടെ വാപ്പ സലാം.
ബ്രോക്കർ മീരാൻ കൊണ്ടുവന്നതാണ് സമീറക്ക് ഈ ആലോചന. വലിയ കുടുംബക്കാരാണ്. മാളിയേക്കൽ തറവാട്ടിലെ സൈദ് ഹാജിയുടെ രണ്ട്‌ മക്കളിൽ മൂത്തവനായ ഫിറോസ് ആണ് വരൻ.
"ഫിറോസിന് ദുബായിൽ സൂപ്പർ മാർക്കറ്റാണ്, പിന്നെ ഇട്ട് മൂടാനുള്ള സ്വത്തും , ആ വീടും പുരയിടവും അവന്റ പേരിലാ, സമീറയെ അവന് ഇഷ്ടപ്പെട്ടത് തന്നെ നമ്മുടെ ഭാഗ്യം ,നമ്മുക്ക് സ്വപ്നത്തിൽപോലും കിട്ടില്ല ഇങ്ങനെ ഒരു ബന്ധം."മീരാൻ ഇങ്ങനെ പറഞ്ഞപ്പോൾ കൂടുതൽ ഒന്നും ആലോചിച്ചില്ല,
അങ്ങട് സമ്മതം മൂളി. പുറത്ത് തിരക്കിയപ്പോൾ നല്ല ആൾക്കാരാണ് അവരുടെ വാപ്പ ഹജ്ജിനൊക്കെ പോയ നല്ല മനുഷ്യൻ, ഫിറോസിനെ കാണാനും സുന്ദരൻ എങ്കിലും ഒരു സംശയം മീരാനോട് ചോദിച്ചു.
" അതേ ... പെണ്ണിനെയൊക്കെ അവർക്ക് ഇഷ്ട്ടപ്പെട്ടു ..ഇനി സ്ത്രീധനവും മറ്റുള്ള കാര്യങ്ങളുമൊക്കെ എങ്ങനാ? "
" സലാമിക്കാ അവര് അങ്ങാനൊന്നും ചോദിച്ചില്ല. എന്നും പറഞ്ഞ് നമ്മുടെ മോളെ വെറും കയ്യോടെ പറഞ്ഞ് അയക്കാൻ പറ്റുമോ? അവരുടെ നിലയും വിലയും അനുസരിച്ച് കൊടുക്കണം. ചെറുക്കന് നൂറ്‌ പവനും കാറുമൊക്കെ വന്നതാ , അവന് പെണ്ണിനെ പിടിക്കാത്തത് കൊണ്ടാണ്.വന്ന് കയറിയ സൗഭാഗ്യത്തെ നിങ്ങൾ തട്ടി കളയല്ലേ"
"മീരാൻ പറയുന്നതെല്ലാം ശെരിയാണ്, സമീറക്ക് എന്തെങ്കിലും കൊടുക്കണമെങ്കിൽ ഈ വീടും പറമ്പും വിൽക്കണം.ഇത്ര നാളും ഗൾഫിൽ നിന്ന് ആക സമ്പാദ്യമാണ് അത്. ഇവൾക്ക് താഴെ വേറൊരെണ്ണവും വലുതായി നിൽക്കുന്നില്ലേ ഞാൻ എന്ത് ചെയ്യും ഒരു എത്തും പിടിയും കിട്ടുന്നില്ല, മീരാൻ പറ നമ്മൾ എന്തോ കൊടുക്കേണ്ടി വരും?"
" അത് ഇക്കാ അവർക്ക് ഒരു അറുപത് പവനും ,അഞ്ച് ലക്ഷം രൂപ പോക്കറ്റ് മണിയും, ഒരു പത്ത് ലക്ഷം രൂപ സ്ത്രീധനവും കൊടുക്കേണ്ടി വരും."
മീരാന്റെ സമ്മർദവും മോളുടെ നല്ല ഭാവിയും ഓർത്ത് സമ്മതിച്ചു എന്നേയുള്ളു. നാളെ പന്ത്രണ്ട് മണിക്ക് നിക്കാഹിന് മുന്നേ പറഞ്ഞ പൈസ കൊടുക്കണം. വീട് പണയപ്പെടുത്തിയും പറമ്പ് വിറ്റു കിട്ടിയ പൈസയും പിന്നെ എന്റെ സമ്പാദ്യവും കൊണ്ട് സ്വർണ്ണവും മറ്റുകാര്യങ്ങളും നടന്നു ഇനി സ്ത്രീധനത്തിന്റെ ബാക്കി തുകയായ അഞ്ച് ലക്ഷം രൂപയും കൂടി വേണം.
അടുത്തുള്ള പള്ളിയിൽ നിന്നും കേട്ട സുബഹി ബാങ്കാണ്(പ്രഭാത നമസ്ക്കാരം ആയന്നുള്ള അറിയിപ്പ്) സലാമിനെ ചിന്തകളിൽ നിന്ന് ഉണർത്തിയത്. "അസ്സലാത്തു ഹൈറും മിനൻ നൗഉം"(ഉറക്കത്തെക്കാൾ ശ്രേഷ്ടമാണ് നസ്‌ക്കാരം) "സ്വസ്ഥമായി ഒന്ന് ഉറങ്ങിയിട്ട് എത്ര നാളായി, കെട്ടിക്കാൻ പ്രായമായ പെണ്കുട്ടികളുള്ള വാപ്പമാരുടെ നെഞ്ചിൽ തീയാണ് ആ തീയും വെച്ചുകൊണ്ട് എങ്ങനാ ഉറങ്ങുന്നത്" ഇങ്ങനെ ആരോടെന്നില്ലാതെ പിറു പിറുത്തു കൊണ്ട് സലാം അകത്ത് പോയി ഷർട്ടും ഇട്ട്കൊണ്ട് പള്ളിയിലേക്ക് പോയി.
രാവിലെ ആഡിറ്റോറിയത്തിൽ ക്ഷണ പ്രകാരം വരുന്ന ആളുകളെ സ്വീകരിക്കാൻ നിൽക്കുമ്പോൾ ബാക്കിയുള്ള സ്ത്രീധന തുകയെ കുറിച്ച് ഓർത്ത് സലാം അസ്വസ്ഥനായിരുന്നു. അത് കണ്ടിട്ട് ഭാര്യ മുംതാസ് പറഞ്ഞു
" നിങ്ങൾ ഇങ്ങനെ ടെൻഷൻ അടിച്ചു നാട്ടുകാരെ കൂടി അറിയിക്കാതെ , ഇങ്ങനെ ഒരു കാര്യം ആരോടും നിക്കാഹ് കഴിയുന്നവരെ പറയേണ്ട കേട്ടൊന്ന്?"
"ടീ എന്നാലും നമ്മൾ അവരോട് വിളിച്ച് പറഞ്ഞില്ലെങ്കിൽ വഞ്ചന ആകില്ലേ? എനിക്ക് എന്തോപോലെ ഞാൻ ഫിറോസിന്റെ വാപ്പയെ വിളിച്ച് ഒന്ന് സംസാരിക്കാൻ പോകുവാണ്"
സലാം ഫോൺ എടുത്ത് സൈദ് ഹാജിയെ വിളിക്കാനായി ഹാളിന്റെ അടുത്ത റൂമിലേക്ക് പോയപ്പോൾ കൂട്ടുകാരികൾക്ക് നടുവിൽ ആഭരണങ്ങൾ എല്ലാം ധരിച്ചു ചുവന്ന സാരിയിൽ സുന്ദരിയും സന്തോഷവതിയുമായിരിക്കുന്നസമീറയെ കണ്ടപ്പോൾ എന്തോ സലാമിന് അയാളെ ഫോൺ വിളിക്കാൻ തോന്നിയില്ല.
പതിനൊന്ന് മണിയോട് കൂടി സലാമിന്റെയും മുംതാസിന്റെയും ബന്ധുക്കളും പിന്നെ ക്ഷണിക്കപ്പെട്ടവരെയും കൊണ്ട് ഹാൾ നിറഞ്ഞു.പതിനൊന്നരക്ക് വരനും കൂട്ടരും എത്തി.നിക്കാഹിനായി തയ്യാറാക്കിയ സദസ്സിൽ ഇരുപ്പുറപ്പിച്ചു. ഈ സമയം മീരാൻ സലാമിന്റെ അടുത്ത് വന്ന് പറഞ്ഞു.
"എല്ലാം ഒക്കെ അല്ലേ? "
"അത് .. മീരാനെ സ്ത്രീധന തുകയിൽ അഞ്ച് ലക്ഷമേ ഇപ്പോൾ ഉള്ളു ബാക്കിക്ക് നീ ഒരു രണ്ട് മാസത്തെ സാവകാശം വാങ്ങി തരണം"
മീരാന്റെ സംസാരം ഉച്ചത്തിലായി
"നിങ്ങൾ എന്ത് വർത്തമാനമാണ് ഈ പറയുന്നത് ഇതൊക്കെ ഇപ്പോളാണോ പറയുന്നത്, എനിക്ക് ഒന്നും അറിയില്ല ദേ അങ്ങോട്ട്‌ ചോദിക്ക്" എന്ന് പറഞ്ഞ് സൈദ് ഹാജിയെ ചൂണ്ടിക്കാട്ടി.ഇത്‌ കേട്ട സൈദ് ഹാജി പൊട്ടിതെറിച്ചു.
"ധർമ്മ കല്യാണത്തിന് എന്റെ മോനെ കിട്ടില്ല ,വാക്കിനു നെറിയില്ലാത്ത വർഗ്ഗം ഫു........
എന്ത് കാണാൻ ഇരിക്കുവാട എണീറ്റ് വാ" എന്നും പറഞ്ഞ് ഫിറോസിനെയും പിടിച്ചുകൊണ്ട് സൈദ് ഹാജി പുറത്തേക്ക് പോയി.തന്റെ മകളുടെ ഭാവി തകർക്കല്ലെന്നു സലാം കെഞ്ചി പറഞ്ഞിട്ടും അതൊന്നും കേൾക്കാതെ സൈദ് ഹാജിയും കൂട്ടരും മടങ്ങി. കല്ല്യാണം മുടങ്ങിയതറിഞ്ഞു തല കുനിച്ചിരിക്കുന്ന തന്റെ മകളെ കണ്ട സലാം പരിസരബോധം മറന്ന് മുംതാസിന്റ് ചുമലിലേക്ക് വീണ് പൊട്ടി കരഞ്ഞു.ഇത്‌ കണ്ട്കൊണ്ട് സലാമിന്റെ അരികിൽ വന്ന് ചുമലിൽ പിടിച്ചുകൊണ്ട് സഹോദരി ആമിന പറഞ്ഞു...
"ഇക്കാക്കാ നിങ്ങൾ വിഷമിക്കേണ്ട നിങ്ങൾക്ക് സമ്മതമാണെങ്കിൽ എന്റെ മോൻ നിയാസ് സമീറയുടെ കഴുത്തിൽ താലി കെട്ടും"
അങ്ങനെ പറഞ്ഞ് ഉറപ്പിച്ച സമയത്തു തന്നെ സലാമിന്റെ സഹോദരിയുടെ മകൻ നിയാസ് സമീറയുടെ കഴുത്തിൽ താലി കെട്ടി.
പാതി ചാരിയ മണിയറ വാതിൽ തുറന്ന് കയ്യിൽ പാൽ ഗ്ലാസ്സുമായി സമീറ നിയാസിന്റെ അരികിലേക്ക് ചെന്നു.അടുത്തുള്ള മേശപ്പുറത്ത് പാൽഗ്ലാസ്സ് വെച്ചിട്ട് നിയസിന് അരികിലായി ചെന്ന് തല കുനിച്ച് ഇരുന്നു.
"സമീറാ എന്നെ നിനക്ക് ഇഷ്ടമായില്ലെന്ന് അറിയാം, എന്ന് നീ എന്നെ ഇഷ്ടപെടുന്നോ അന്നേ നിന്റെ ഈ വിരൽ തുമ്പിൽ പോലും ഞാൻ തൊടുകയുള്ളൂ , കറുത്തവനാണെങ്കിലും നിന്നെ സ്നേഹിക്കാനുള്ള ഒരു മനസ്സും ജോലി ചെയ്ത് സംരക്ഷിക്കാനുള്ള ആരോഗ്യവും ഉണ്ട്, "
തല കുനിച്ചിരുന്ന സമീറ നിയാസിന്റെ മാറിലേക്ക് മുഖം ചേർത്ത് കരഞ്ഞു.സമീറയെ തന്നിലേക്ക് ചേർത്ത് പിടിച്ച് നെറുകയിൽ മുത്തം നൽകി നിയാസ്, അപ്പോൾ സമീറയുടെ മനസ്സിൽ നിയാസിന്റെ സ്ഥാനം ഫിറോസിനെക്കാൾ ഒരുപാട് ഒരുപാട് ഉയരത്തിലായിരുന്നു......
ആ സമയം തൊട്ടടുത്ത മുറിയിൽ സലാം ഉറങ്ങുകയായിരുന്നു കൂർക്കം വലിച്ച്.............
"സ്ത്രീയാണ് ധനം " അത് മനസ്സിലാക്കാതെ വിലപേശി കണക്ക് പറഞ്ഞു കാശും വാങ്ങി പാവങ്ങൾ വീടും സ്ഥലവും പണയപ്പെടുത്തി വാങ്ങിത്തരുന്ന കാറിൽ കറങ്ങി നടക്കുകയും ചെയ്തിട്ടു ആദർശം പറയുന്ന നട്ടലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടി വെച്ച് മൂക്കിന് താഴെ രോമവും വളർത്തി ആണാണ് എന്നും പറഞ്ഞ് നടക്കുന്ന എല്ലാ കൊന്തന്മാർക്കും സമർപ്പിക്കുന്നു.ഉള്ളവൻ കൊടുക്കട്ടെ. എല്ലാവരും സമ്പാദിക്കുന്നത് അവരവരുടെ മക്കൾക്കാണ് അവർ നല്ല രീതിയിൽ ജീവിക്കാൻ വേണ്ടിയാണ്.
വില പേശലിനോട് യോജിപ്പില്ല.
 സ്നേഹത്തോടെ
ദിൽഷാദ് മംഗലശ്ശേരി

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot