Slider

വേടചെക്കനും പൊന്നാരൻകിളിയും

0
Image may contain: 1 person, smiling, beard and closeup

എല്ലാ മാതപിതാക്കൾക്കും അവരുടെ കുഞ്ഞുമക്കളെ പാടിക്കേൾപ്പിക്കാനൊരു കുട്ടിക്കവിത
വേടചെക്കനും പൊന്നാരൻകിളിയും
(കൊച്ചുകുട്ടികൾക്കു വേണ്ടി)
വാനിൽ പാറിപ്പാടിനടക്കും
പൊന്നാരൻകിളിയേ, ചൊല്ലുക
പവിഴംതോല്ക്കും നിന്നുടെ
ചുണ്ടുകളെങ്ങനെ ചോപ്പിച്ചു?!
ഞാൻ പറയാലോ, ഞാൻ പറയാലോ
മലവേടചെക്കാ,യിതു
വനദേവതയുടെ താംബൂലത്തിൽ
ചുണ്ടുകൾ മുക്കീട്ടാ.
താബൂലച്ചെല്ലം ആരു തരും
പൊന്നാരൻകിളിയേ?
നിന്നുടെ പവിഴംതോല്ക്കും
ചുണ്ടിണപോലേയെന്‍
ചുണ്ടുകൾ ചോപ്പിയ്ക്കാൻ?
കുന്നിക്കുരുമണിമാല-
യണിഞ്ഞു തെച്ചിപ്പൂ ചൂടി
വനദേവതയുടെ മുന്നിൽ-
ച്ചെന്നാൽ ചെല്ലം കിട്ടൂലോ.
പാലും പഴവും തേനും മലരും
ചേർത്തു വിരുന്നൂട്ടാം, ചൊല്ലുക
നിൻ വനദേവതയേതു വനത്തി-
ലെവിടെ,യിരിപ്പുണ്ട്?
ദൂരേ ദൂരേ മാമലമേലൊരു
പവിഴപ്പുറ്റുണ്ടേ,യതില്‍
തേക്കുമരത്താൽ ശില്പികൾ
തീർത്തൊരു വള്ളിക്കുടിലുണ്ടേ
വള്ളിക്കുടിലിലെ സ്വർണ്ണത്തളികയിൽ
ദേവിയിരിപ്പുണ്ടേ.
വനദേവതയുടെ അരുമകളാകും
പൊന്നാരൻകിളിയേ,
വനദേവതയുടെ വെറ്റിലച്ചെല്ലം
എവിടെയിരിപ്പുണ്ട്?
ദേവിക്കരികിലെ മാന്ത്രികചെപ്പിൽ
ചെല്ലമിരിപ്പുണ്ടേ,യതിൽ
തളിർവെറ്റിലയും നൂറും പാക്കും
ഒരുപാടുണ്ടല്ലോ.
അവിടെച്ചെന്നൊരു വെറ്റില
തിന്നെൻചുണ്ടുകൾ ചോപ്പിക്കാൻ,
ചെല്ലുക കിളിയേ.
അവിടെത്താനൊരു വഴിയെന്താണ്?
സഹ്യന്റേഴു മാമലകേറി
നിബിഡവനങ്ങള്‍ താണ്ടി
ഏഴാമരുവിക്കരയിൽ-
ക്കാണും മാർഗ്ഗമതാണല്ലോ.
മാമലമേലേയെന്നോടൊപ്പം
വരുമോ പൈങ്കിളിയേ?
അവിടെച്ചെന്നാൽ നീ പറയു-
മ്പോലെല്ലാം കേൾക്കാം ഞാൻ.
മധുരംകിനിയും നിന്നുടെ
വാക്കിൽ കാപട്യമുണ്ടല്ലോ?
മാനവനാം നീ ഞങ്ങളെയെല്ലാം
കൂട്ടിലടയ്ക്കൂലേ?
ചെല്ലമെനിക്കതു കിട്ടിയെന്നാല്‍
ഞാൻ വെണ്ണക്കല്ലിൽ ദേവിയ്ക്കാ-
യൊരു മന്ദിരം കെട്ടീടു-
മെന്‍പൊന്നാരൻകിളിയേ.
സ്വാർത്ഥമതത്തിൻകല്ലുകളാൽ
മണിമന്ദിരമുണ്ടാക്കി,
വനദേവതയെ കൂട്ടിലടച്ചിട്ടാ
പണം നീ വാങ്ങൂലേ?
അത്തിപ്പഴവും ഞാവൽപ്പഴവും
ഒരുപാടുണ്ടിവിടെ.
ചില്ലകൾതോറും കൊത്തി-
നടന്നെൻ വയറുനിറച്ചോളാം.
ഇങ്ങനെ ചൊല്ലി പൊന്നാരൻകിളി
വാനിലുയർന്നല്ലോ.
തന്ത്രംപാളി വേടച്ചെക്കൻ
തിരികെനടന്നല്ലോ!!
ബെന്നി ടി. ജെ.
06/05/2017
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo