നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മരണം നിശ്ചയം.... ( കഥ )


"ഹലോ ... ഡീ.. ഞാനാ ... നീ പെട്ടന്ന് റെഡിയാവ്.. ഞാൻ ഇതാ എത്തി ... "
"ഹലോ ... ഏത് സാരിയാ ഉടുക്കേണ്ടത്, ഹലോ ... ഹലോ ... ഓ അപ്പോഴേക്കും കട്ടായോ ... പുഷ്പേട്ടോ ... പുഷ്....! "
പുതിയത് തന്നെ കാച്ചാം ... സരസുവിന്റെ മുഖം ഒന്നു തെളിഞ്ഞു ... കുറേ ദിവസമായി തറവാട്ടിൽ ആയിരുന്നു ... അമ്മ ഇന്നു മരിക്കും നാളെ മരിക്കും ഇപ്പോ മരിക്കും എന്നൊക്കെ പറഞ്ഞ് മൂന്നാല് മാസമായി, മരിക്കുമ്പും മരിക്കട്ടെ ... സ്വന്തം അമ്മയൊന്നുമല്ലല്ലോ ...മടുത്തിട്ട് പോന്നതാ ... മടുപ്പുമാറ്റാൻ സിനിമയ്ക്ക് പോയാലോ എന്ന് പുഷ്പേട്ടനോട് ചോദിച്ചിരുന്നു. .. ഇത്ര പെട്ടന്ന് ...?
മുറ്റത്ത് ഓട്ടോ വന്നു ... സരസു അവസാന മിനുക്കു പണിയിലായിരുന്നു ...
"ഡീ ... വേഗം വാ..."
വീടുപൂട്ടി ഓടി ഓട്ടോയിൽ കയറി ...
"ഏതാ ... തീവണ്ടി സൂപ്പറാ ..."
"തീവണ്ടിയോ ... ഇത് ഓട്ടോയാ ..."
"ഒന്നു പോ ചേട്ടാ ... തീവണ്ടി സിനിമ ..."
"പോടീ .. ഇവിടെ തലപ്രാന്തായിരിക്കുമ്പോഴാ അവളുടെ തീവണ്ടി .. "
"അപ്പോ ... സിനിമയ്ക്കല്ലെ ..?"
"സിനിമ.. നിന്റെ തല... അമ്മയ്ക്ക് വീണ്ടും കൂടുതലാ... ഗോപി വിളിച്ചു ... ചോറു പോലുംതിന്നിട്ടില്ല .."
സരസു മുപ്പത്തിരണ്ടു ദന്തങ്ങളും പരസ്പരം ഉരച്ചു ... മിഴികളിലൂടെ ആവാഹിച്ച ചൂടുകാറ്റ് ചെവിയിലൂടെ പുറത്ത് കളഞ്ഞു ... പുതിയ സാരി, പൊട്ട്, കാൽടിന്ന് കുട്ടിക്കൂറ പൗഡർ തുടങ്ങി പഴായ അമൂല്യ നിധികളെ ഓർത്ത് അവളുടെ രോമകൂപങ്ങൾ ദൃഡഗാത്രരായി ..
ഓട്ടോ കുണുങ്ങി കുണുങ്ങി വീട്ടുപടിക്കൽ എത്തി ... "ഭാഗ്യം മുറ്റം വരെ പോവില്ല ... ഭാവമാറ്റത്തിന് ചെറിയ ഗ്യാപ്പ് കിട്ടും .. " സരസു പിറുപിറുത്തു ... പതിയെ പടികൾ കയറി ...
"അമ്മേ .... ഞാനൊന്നു പോയപ്പോഴേക്കും .. അമ്മേ .. "
സരസു പൊട്ടിക്കരഞ്ഞ് നെഞ്ചിലാഞ്ഞടിച്ച് അകത്തേക്കോടിക്കയറി ... അമ്മയുടെ മുറിയിൽ ആരുമില്ല ... ഇനി മരണം കഴിഞ്ഞോ കുളിപ്പിക്കാനോ മറ്റോ ...? അവൾക്ക് ഒരുൾക്കുളിരുണ്ടായി ... പതുക്കെ വടക്കു വാതിൽ വഴി പുറത്തിറങ്ങി ... അവിടെ കണ്ട കാഴ്ച അവളുടെ സമസ്ത നാഡികളേയും തളർത്തി ...
മരിച്ച അമ്മയതാ ചമ്മന്തിയരയ്ക്കുന്നു....!
സരസു ചുറ്റും നോക്കി ചിരവയെടുത്ത് തള്ളയെ തല്ലിക്കൊല്ലാൻ തോന്നി,
"അമ്മേ, എന്തിനാ വയ്യാണ്ട് ഇതൊക്കൊ ചെയ്യുന്നേ ...? "
,"വായ്ക്ക് രുചിയുള്ള എന്തെങ്കിലും ... അതിനാ നിന്നെ വിളിപ്പിച്ചേ ...! "
സരസുവിന്റെ ദന്തങ്ങൾ വീണ്ടും ഉമ്മവെച്ചു ..
മാസങ്ങൾ ഇതുപോലെ ചമ്മന്തിയരച്ചും ഇടയ്ക്ക് ഓർമ്മ നശിച്ചും കഴിഞ്ഞു പോയി, സരസു ഇൻറർസിറ്റി എക്സ്പ്രസ് പോലെ അങ്ങോട്ടുമിങ്ങോട്ടും ഓടി,
ഇന്നിപ്പോൾ അമ്മ പൂർണ്ണമായും കിടിപ്പിയായി, ഓർമ്മ നശിച്ചു ... മരണംകാത്ത് മക്കൾ എല്ലാവരും എത്തി ..പക്ഷെ അമ്മ വിടാൻ രക്ഷയില്ല...
മക്കൾക്കെല്ലാം മടുപ്പു തുടങ്ങി ...
പുഷ്പേട്ടാ നമുക്ക് കരിങ്കല്ല്യാണിയെ ഒന്നു കൊണ്ടു വന്നാലോ ...?
"കരിങ്കല്ല്യാണിയോ ... അതാരാ ?"
"കല്ല്യാണിയമ്മ ..അവര് വന്ന് കണ്ടാൽ മരണം ഉറപ്പാ ..."
"അതൊക്കെ വേണോടീ, .. അമ്മയല്ലേ .. "
"എത്രാന്നു വെച്ചിട്ടാ ...? എല്ലാർക്കും മതിയായി .. "
പുഷ്പൻ മറ്റു മക്കളോട് അന്വേഷിച്ച് ആ ഉദ്യമത്തിന് ഇളയവൻ ഗോപിയെ ചുമതലപ്പെടുത്തി..
ഗോപിക്കുട്ടൻ കരിങ്കല്യാണിയെ തേടിയിറങ്ങി, സഹായത്തിന് ഷിബുവിനേയും അവന്റെ ഓട്ടോയേയും കൂടെക്കൂട്ടി....
ഇടിഞ്ഞു വീഴാറായ വീട്ടിനു മുന്നിൽ അവരുടെ ശകടം നിന്നു ...
"കല്ല്യാണിയമ്മ, ....?"
"ഇവിടുണ്ട് ...കിടപ്പിലാ .... എങ്ങോട്ടും പോവാറില്ല ... " മകൾ ഗോമതി പറഞ്ഞു
ഉമ്മറത്തു നിന്നും കേട്ട വാക്കുകൾ ഗോപി അതേപോലെ സരസുവിനെ അറിയിച്ചു. ...
ചർച്ചകൾ പലതും നടത്തി ... പക്ഷെ പരാജയമായിരുന്നു ഫലം ... ഒടുവിൽ സരസു നേരിട്ട് ചർച്ചക്കൊരുങ്ങി ...
അതിനു മുന്നേ ഗോമതിയുടെ ചരിത്രവും ഭൂമിശാസ്ത്രവും സംഘടിപ്പിച്ചു ...
"ഗോപീ, നീ ഫോൺ അവൾക്ക് കൊടുക്ക്, ... ഹലോ ഗോമു ... ഞാനാ സരസു, ഓർമ്മയില്ലേ ..? കുടുംബശ്രീ കലാമേളയ്ക്ക് എന്റെ ബ്ലൗസിട്ടാ നിങ്ങൾ തിരുവാതിര കളിച്ചത്, "
ഗോമതിയുടെ ഉള്ളിൽ ഒരു കുളിർമഴ പെയ്തു ... തന്നെ ജീവിതത്തിലെ വലിയ അപമാനത്തിൽ നിന്നും രക്ഷിച്ച ധീരവനിത ... ബ്ലൗസ് എടുക്കാൻ മറന്ന തനിക്ക് സ്വന്തം ബ്ലൗസ് തന്ന മഹാ മനസ്സ്'...
ഓട്ടോയിൽ അമ്മയെ ചുരുട്ടിമടക്കി ഇരുത്തി മറ്റൊന്നും ആലോചിക്കാതെ ഗോമതി ഇറങ്ങി ....
കല്ല്യാണസൗഗന്ധികം കൊണ്ടുവരുന്ന ഭീമനെപ്പോലെ നെഞ്ചുവിരിച്ച് ഗോപി മുന്നിലിരുന്നു ...
പടിക്കൽ വണ്ടി നിന്നു .... പടികൾ കയറാൻ പറ്റാത്ത കല്യാണിയമ്മയെ കസേരയിൽ ചുമന്ന് വളരെ കഷ്ടപെട്ട് മക്കൾ അമ്മയുടെ അടുത്തെത്തിച്ചു ...
മുറിയിൽ സരസു ,മറ്റു മക്കളുടെ ഭാര്യമാർ, കല്ല്യാണിയമ്മ, പിന്നെ മരണം കാത്തു കിടക്കുന്ന അമ്മയും...
"വല്ലതും നടക്കുമോ ...? "ഷിബു ആകാംഷയോടെ ഗോപിയെ നോക്കി.
"വല്യ പുളളിയാന്നാ കേട്ടത് ... ഒരു പാട് പേർക്ക് മോക്ഷം നൽകിയ ആളാ ..."
ഗോപി പറഞ്ഞു തീർന്നതും മുറിയിൽ നിന്നും കരച്ചിൽ ഉയർന്നു ...!
എല്ലാവരും ഓടി...
മുറിയിലെ കാഴ്ച ...!
കല്യാണിയമ്മ നിലത്ത് കിടക്കുന്നു .. അവരുടെ അടുത്ത് ഇരുന്ന് കരയുന്നത് ഗോമതിയാണ് ... സരസുവടക്കം മക്കളുടെ മുഖത്ത് അമ്പരപ്പ് ... മരിക്കാറായ അമ്മ കട്ടിലിൽ എഴുന്നേറ്റിരിക്കുന്നു ..
ഗോപി കല്യാണിയമ്മയുടെ ശ്വാസം നോക്കി ....!
"തീർന്നു...! "
ഷിബു മനസ്സിൽ പറഞ്ഞു ... "മരണം നിശ്ചയം "....!
✍️ ശ്രീധർ. അർ. എൻ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot