
അമ്പിളിമാമന്റെ വെള്ളിത്തളികയിൽ...
ഒരു മുത്തശ്ശി തണൽ
************** ********* ******** ********
ഒരു മുത്തശ്ശി തണൽ
************** ********* ******** ********
"അമ്പിളിമാമന്റെ വെള്ളിത്തളികയിൽ തുമ്പപ്പൂ കണ്ടോ ചങ്ങാതി" ആ പാട്ട് തീരുമ്പോഴേക്കും അച്ഛമ്മയുടെ നെഞ്ചോരം ചേർന്ന് ഞാനെന്ന മൂന്നാം ക്ലാസ്സ്കാരി മയക്കത്തിലേക്ക് ഊർന്നിറങ്ങിയിട്ടുണ്ടാകും. എന്നും അതു പതിവായിരുന്നു.
സന്ധ്യാനേരം നാമജപം,പിന്നെ പഠിപ്പ് അതു കഴിഞ്ഞാൽ ഉമ്മറത്തിരുന്നൊരു ഊണ് കഴിക്കൽ. പ്ലേറ്റിൽ ചോറുമായി അച്ഛമ്മ വാതിൽപ്പടിമേൽ ഇരുന്നിട്ടുണ്ടാകും. ഓരോ ഉരുള വായിലേക്ക് വെച്ചു തരുമ്പോൾ അകമ്പടിയായി കഥകളും ഉണ്ടാകും. കഥകളുടെ ഒരു വലിയ ലോകമായിരുന്നു അപ്പോൾ മുന്നിൽ തുറക്കുന്നത്. എല്ലാം കഴിഞ്ഞാൽ പിന്നെ ഉറങ്ങാനുള്ള തയ്യാറെടുപ്പാണ്.
അച്ഛമ്മയെ ചുറ്റിപിടിച്ചു കിടന്നാലെ ഉറങ്ങൂ എന്ന വലിയ വാശി എനിക്കുണ്ടായിരുന്നു. ഇടതു കൈകൊണ്ട് ആ കഴുത്തു ചുറ്റി പിടിച്ചു, ഇടതു കാൽ ആ വയറ്റിനു മേലെ കയറ്റി വെച്ചു കഥ കേട്ട് കേട്ട് അച്ഛമ്മയുടെ കൈത്തണ്ടയിൽ തലവെച്ചുള്ള ഉറക്കം. ലോകത്ത് ഏറ്റവും സുരക്ഷിതമായ എന്റെ ഒരേ ഒരു ഇടം. അത്രയ്ക്ക് സുഖമായിരുന്നു ആ ഉറക്കം.
കഥ പറഞ്ഞു പറഞ്ഞു പിന്നെ അത് പാട്ടിലേക്കാവും. ആ പാട്ടുകൾ വീണ്ടും വീണ്ടും പാടിക്കും. ഒട്ടും മുഷിയാതെ അച്ഛമ്മ പാടിക്കൊണ്ടേ ഇരിക്കും. പതിഞ്ഞ താളത്തിൽ. ഞാൻ ഉറങ്ങിയെന്നു കണ്ടാലേ എഴുന്നേറ്റ് പോയി അച്ഛമ്മ ഭക്ഷണം കഴിക്കാറുള്ളൂ.
പാതിരായ്ക്ക് എനിക്ക് ഒരു ദാഹം വരാനുണ്ട്. ചില്ലറ ദാഹമൊന്നും അല്ല. ജീരകവെള്ളത്തിൽ പഞ്ചസാരയിട്ടു വെള്ളം കുടിക്കണം. ഇന്നുമോർമ്മയുണ്ട്, പാതിയുറക്കത്തിൽ അച്ഛമ്മ അടുക്കളയിൽ വെള്ളം കലക്കിത്തരുന്നത്. അടുത്തൊരു ഉറക്കം വരുന്നത് വരെ എന്നെ ആ നെഞ്ചത്ത് കയറ്റി കിടത്തും.
വെള്ള മുണ്ടും ബ്ലൗസും ഇട്ടു, നേർത്ത വെള്ളിനൂല് പോലെയുള്ള മുടി കെട്ടിവെച്ച് എന്നെ ചേർത്ത് പിടിക്കുന്ന എന്റെ തണൽ. വണ്ണമുള്ള ശരീരമായിരുന്നു അച്ഛമ്മയ്ക്ക്. വലിയ കുമ്പയും, തൂങ്ങിയാടി നിൽക്കുന്ന അമ്മിഞ്ഞയും, വലിയ ഓട്ടയുള്ള കാതും, കാതിൽ കനമുള്ള തക്കയും, എല്ലാം കൂടി അച്ഛമ്മയ്ക്ക് ഐശ്വര്യം ഏറെയായിരുന്നു.
എന്റെ കുരുത്തക്കേടിനൊക്കെ കൂട്ടു നിന്നു, ഒടുവിൽ 'അമ്മ തല്ലാൻ വരുമ്പോൾ ഓടി വന്നു എന്റെ രക്ഷകയാകുന്ന എന്റെ അച്ഛമ്മ.
അമ്പലത്തിലെ ഉത്സവത്തിന് ഏഴ് ദിവസത്തെ നാടകം ഒന്നൊഴിയാതെ കാണാൻ അച്ഛമ്മ പോകും. ഒപ്പം കുഞ്ഞു ഞാനും. നാടകം കാണാനല്ല എന്റെ പോക്ക്, ബലൂണുകളും, വളകളും, ഐസും കിട്ടും അച്ഛമ്മയെ ശല്യം ചെയ്യാതിരുന്നാൽ.
അങ്ങനെ ഒരു ഉത്സവത്തിനായിരുന്നു കെ.പി.എ. സി.യുടെ അശ്വമേധം നാടകം കണ്ടത്. പക്ഷെ അന്നാ നാടകത്തിന്റെ പ്രശസ്തി അറിയില്ലാലോ എനിക്ക്. പക്ഷെ ഒന്നു ഞാൻ ശ്രദ്ധിച്ചു അന്ന്. എന്നും പാതി ഒഴിഞ്ഞ അമ്പലമുറ്റവും കല്പടവുകളും അന്ന് ആളുകളാൽ നിറഞ്ഞു കവിഞ്ഞിരുന്നു. തലശ്ശേരി ജഗന്നാഥ ക്ഷേത്രമുറ്റം ഏറ്റവും മികച്ച നാടകത്തിനു അന്ന് വേദിയാകുകയായിരുന്നു എന്നു കാലമേറെ കഴിഞ്ഞപ്പോഴാണ് മനസിലായത്. കുഷ്ഠരോഗിയുടെ സങ്കടം അന്ന് എന്റെ കുഞ്ഞു കണ്ണുകളും നിറച്ചിരുന്നു.
കാലം മാറ്റങ്ങൾ എന്നിലും വരുത്തിയപ്പോൾ അമ്മയെക്കാൾ ആധി അച്ഛമ്മയ്ക്കായിരുന്നു. പറഞ്ഞും പറയാതെയും ഉപദേശങ്ങൾ എന്റെ ജീവിതത്തിൽ നിറച്ചു കൊണ്ടേ ഇരുന്നു. എന്റെ കുഞ്ഞു പ്രണയത്തെപോലും കളിയാക്കിയ ചിരിയോടെ സ്വീകരിച്ചു ഒടുവിൽ പക്വത വരുമ്പോൾ അന്നും പ്രണയം നിലനിൽക്കുന്നെങ്കിൽ സ്വീകരിക്കൂ എന്നു സ്നേഹത്തോടെ ചേർത്ത് പിടിച്ചു പറയുമ്പോൾ എന്റെ ലോകം ആ ചുളിവ് വീണ കൈക്കുള്ളിലേക്ക് ഒന്നുകൂടെ ഞാൻ ചേർത്ത് വെക്കുകയായിരുന്നു.
ഒടുവിലൊരു മഴക്കാലത്ത്, കുളിച്ചു സുന്ദരിയായി വന്നിരുന്ന അച്ഛമ്മയെ നിശ്ശബ്ദമായി മരണം വന്നു വിളിച്ചപ്പോൾ ഒറ്റതുരുത്തിലേക്ക് എന്നെയുപേക്ഷിച്ചു, ആർക്കും ഭാരമാവാതെ ആ സ്നേഹം പടിയിറങ്ങി.
"വെളുത്ത മുണ്ടിലും, കാച്ചിയ എണ്ണയിലും ഇന്നും തേടുന്നുണ്ട് ആ സ്നേഹഗന്ധം. വെറുതെ വെറുതെ മോഹിച്ചു പോകുന്നൊരു മുത്തശ്ശിത്തണലിനായി"

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക