നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വ്യത്യസ്തനായ മാത്തൻ ( കഥ )

Image may contain: 1 person, closeup

ഞങളുടെ നാട്ടിലെ അറുപത്തഞ്ചു വയസു കഴിഞ്ഞ പുരുഷന്മാരേക്കാൾ തികച്ചും വ്യത്യസ്തനായിരുന്നു മാത്തൻ എന്ന ഇറച്ചി വെട്ടുകാരൻ മാത്തച്ചൻ . നാട്ടിലെ ആബാലവൃദ്ധം ജനങ്ങളും അയാളെ മാത്തൻ എന്ന് വിളിച്ചു. അയാൾക്കതായിരുന്നു ഇഷ്ടവും . മാത്തനെ വ്യത്യസ്തനാക്കിയിരുന്ന പല കാര്യങ്ങളിൽ ഒന്ന് ,അയാൾക്കു അയാളുടെ പ്രായത്തിൽ കൂട്ടുകാർ ആരും തന്നെയില്ലായിരുന്നു എന്നതാണ്. മാത്തന്റെ കൂട്ടുകാരെല്ലാം മുപ്പതോ മുപ്പത്തിയഞ്ചോ വയസിൽ താഴെ മാത്രം പ്രായമുള്ളവർ . പലരും കോളേജ് വിദ്യാർത്ഥികൾ .
വെളുപ്പിനെ സുബൈറിന്റെ കവലയിലുള്ള " കിസ്മത്തു " എന്ന ചായക്കടയിൽ മാത്തനെത്തും . അപ്പോൾ നേരം പരപരാ വെളുക്കുന്നതെ ഉണ്ടായിരിക്കൂ . നാട്ടിലെ മൊട്ട കുന്നുകളിൽ കയറി ഇറങ്ങി, റബര് തോട്ടങ്ങളിലൂടെ ഓടി ചാടി അൽപ നേരത്തിനകം ടുട്ടു മോൻ, സോമൻ, വിനീത്, അലക്സ്, രവിക്കുട്ടൻ എന്നീ പല പ്രായക്കാരായ മാത്തന്റെ കൂട്ടുകാരുമെത്തും .പിന്നെ ആ ചായക്കടയിൽ കൊട്ടും പാട്ടുമായി നല്ല മേളമാണ് .അതിൽ നന്നായി പാടുന്ന ടുട്ടു മോൻ, അവനാണ് മാത്തന്റെ അടുത്ത സുഹൃത്ത്, പഴയതും പുതിയതുമായ മലയാളം ,തമിഴ് ഗാനങ്ങൾ പാടി തുടങ്ങും. ആദ്യമൊക്കെ ഹിന്ദി ഗാനങ്ങളും അവൻ പാടിയിരുന്നു. എങ്കിലും കടയുടമയായ സുബൈറിനെ അല്പസ്വല്പ്പം ഹിന്ദി അറിയാവുന്നതു കൊണ്ട് അയാൾ അവന്റെ പാട്ടുകളെ പ്രോത്സാഹിപ്പിക്കാതിരിക്കുകയും പലവട്ടം തിരുത്തുകയും ചെയ്തു തുടങ്ങിയതോടെ ടുട്ടുമോന് യാതൊരു ദാക്ഷിണ്യവുമില്ലാതെ രാഷ്ട്രഭാഷയെ കൈ വിട്ടു.
റേഡിയോയിലെ “നിങ്ങൾ ആവശ്യപ്പെട്ട ചലച്ചിത്ര ഗാന പരിപാടി” പോലെ മാത്തനും കൂട്ടരും പാട്ടുകൾ ആവശ്യപ്പെട്ടു, ടുട്ടു മോനിലെ ഗായകനെ വളർത്തി കൊണ്ട് വന്നു. പാട്ടിനൊപ്പം മാത്തൻ അടക്കമുള്ളവർ സുബൈറിന്റെ ഉഗ്ര ശാസന അവഗണിച്ചു ചായക്കടയിലെ മേശയിൽ താളം പിടിക്കും. വാദ്യോപകരങ്ങളുടെ അകമ്പടിയില്ലാതെ ഒരു ഗാനവും പൂർത്തിയാവുകയില്ല എന്ന കാര്യം സുബൈറിനെ ആര് പറഞ്ഞു മനസിലാക്കി കൊടുക്കാൻ..
അങ്ങിനെ ഒരു സാധാരണ പ്രഭാതത്തിൽ , ടുട്ടു മോന് തൊണ്ട വേദനയായ തണുത്ത പ്രഭാതത്തിൽ , അവന്റെ ആസ്ഥാന ഗായക സ്ഥാനം അപഹരിക്കാൻ കാത്തു നിന്നിരുന്ന സ്ഥലത്തെ പ്രധാന പ്ളംബര്, സോമൻ പാടി തുടങ്ങി , ഗദ്ഗദ കണ്ഠനായ് -
"ഇനിയെന്ന് കാണും നമ്മൾ
തിരമാല മെല്ലെ ചൊല്ലി ?
ചക്രവാകമാകെ നിന്റെ
ഗദ്‌ഗദം മുഴങ്ങിയല്ലോ "
ഈ പാട്ടിനിടയിൽ താളം പിടിച്ചു കൊണ്ടിരുന്നപ്പോഴാണ്, മാത്തന്റെ പത്തു കൈവിരലുകൾ പൂർണമായും സ്തംഭനാവസ്ഥയിലേക്കു കൊണ്ട് പോയ ആ പ്രസ്താവന ടുട്ടു മോൻ നടത്തിയത് -അടഞ്ഞ ശബ്ദത്തിൽ
" ചില പ്രണയങ്ങൾ ഒരിക്കലും മരിക്കില്ല. അവ മനസ്സിൽ പുകഞ്ഞു കൊണ്ടിരിക്കും "
തലേന്ന് കണ്ട സിനിമയിലെ ഡയലോഗ് മാത്രമാണ് അതെന്നു ടുട്ടു മോൻ പറയുന്നതിന് മുന്നേ മാത്തൻ ചായക്കടയിൽ നിന്നും വാക്ക് ഔട്ട് നടത്തി. ചില സമയങ്ങളിൽ ചില പ്രസ്താവനകളും വാക്കുകളും മാത്തനെ ഇത്തരം വാക്ക് ഔട്ടുകൾക്കു പ്രേരിപ്പിക്കാറുണ്ട്. ഇനി അയാളെ ഒരാഴ്ചത്തേക്ക് കടയിൽ കാണില്ല. അതൊക്കെയാണ് മാത്തനെ വ്യത്യസ്തനാക്കുന്നതും
ഒരാഴ്ച കഴിഞ്ഞു നേരം പരപരാന്നു വെളുക്കുന്നതിന് മുന്നേ മാത്തൻ എല്ലാം മറന്ന മട്ടിൽ കിസ്മത്തിലെത്തി. ഇത്തവണ അയാൾക്ക് കാര്യമായ ശാരീരിക മാറ്റങ്ങൾ സംഭവിച്ചിരുന്നു. മാത്തന്റെ മുടിയിഴകളിൽ പാതിയിലധികം നരച്ചിരുന്നു. സുബൈറിനോട് ചായ ചോദിച്ചപ്പോൾ, ചുളിഞ്ഞ നെറ്റിയിൽ കുറിപോലെ തെളിഞ്ഞ മൂന്ന് നാലു പാടുകൾ.. ചായ വാങ്ങിയ കൈകളിൽ വാർദ്ധക്യം വിളിച്ചോതുന്ന നീല ഞരമ്പുകൾ..
പെട്ടെന്ന് വാർദ്ധക്യം ബാധിച്ച മാത്തന്, ആ ഫീൽ ഉണ്ടാവാതിരിക്കാനായ് ടുട്ടു മോൻ “എന്റമ്മേടെ ജിമിക്കി കമ്മൽ “എന്ന ആദ്യ ഗാനം പാടി തുടങ്ങി . ഗാനമേളകളിലെ പോലെ ചായക്കടയിലും അത്തരംഅടിപൊളി ഗാനങ്ങൾ അവസാനമാണ് പാടാറുള്ളത്. മറ്റുള്ളവർക്കൊപ്പം മേശയിൽ താളം കൊട്ടിയിരുന്ന മാത്തന്റെ കൈകളുടെ ചലനം അയാളുടെ മനസ് അവിടെയല്ലെന്നു വിളിച്ചോതി.
മാത്തനൊരു വാക്ക് ഔട്ട് നടത്തിയാലോ എന്ന് ഭയന്ന് ആരും അയാളോട് കാരണം ചോദിച്ചില്ല.
മാത്തന്റെ അവസാന വാക്ക് ഔട്ടിന്റെ കാരണം പ്രണയത്തെ കുറിച്ച് ടുട്ടു മോൻ പറഞ്ഞതാണെന്ന് എല്ലാർക്കുമറിയാം . അയാളുടെ പ്രണയത്തെ കുറിച്ച് നാട്ടിലെ സംസാര ശേഷിയുള്ള ഏതു കുഞ്ഞും പറഞ്ഞു തരും.
പത്താം ക്ലാസ്സിലെ പഠിപ്പു കഴിഞ്ഞു ,പതിനഞ്ചു വയസു മുതൽ മാത്തൻ തന്റെ അപ്പൻ നടത്തിയിരുന്ന ഇറച്ചി കടയിൽ സഹായിയായി. ഞങ്ങളുടെ നാട്ടിൽ ആകെയുണ്ടായിരുന്നതു വിശുദ്ധ തോമാശ്ലീഹായുടെ നാമധേയത്തിൽ ഒരേ ഒരു പള്ളി മാത്രം . അതിനു പത്തുമുപ്പതടി ദൂരെയായിരുന്നു മാത്തന്റെ കട. ഞായറാഴ്ചകളിൽ ആണ് കടയിൽ കൂടുതൽ തിരക്ക്. അന്ന് മാത്തനു നിന്ന് തിരിയാൻ സമയം കിട്ടിയിരുന്നുമില്ല. മറ്റു ദിവസങ്ങളിൽ ഇറച്ചിയും മീനും ഇല്ലാതെ ഭക്ഷണം കഴിക്കാത്ത മാത്തൻ ഞായറാഴ്ചകളിൽ സമ്പൂർണ വെജിറ്റേറിയൻ ആയി. എത്ര സോയ്പ്പിട്ടു കഴുകിയാലും മാറാത്ത ചോരയുടെ മണമാണ് മാത്തനെ അന്നത്തെ ദിവസം ഇറച്ചി കഴിക്കുന്നതിൽ നിന്നും മാറ്റി നിർത്തിയിരുന്നത് .
ഒരു ഞായറാഴ്ച , വലിയ വാക്കത്തി കൊണ്ട് ഒരു പോത്തിന്റെ നെഞ്ചിന് കൂട് വെട്ടി പൊളിക്കുന്നതിനിടയിൽ ദൂരേക്ക് കണ്ണ് പായിച്ചപ്പോഴാണ് മാത്തൻ റാണിയെ ആദ്യമായി കണ്ടത്. അന്നാട്ടിൽ സ്ഥിരമായി താമസമാക്കിയ പുതിയ വീട്ടുകാരായിരുന്നു റാണിയും കുടുംബവും. രണ്ടാമത്തെ കുർബാന കഴിഞ്ഞു ആട്ടിറച്ചി വാങ്ങാൻ അവളുടെ അപ്പനോടൊപ്പം റാണിയും കടയിലേക്ക് വരും. ഞായറാഴ്ചകളിൽ നാട്ടിൽ ആട്ടിറച്ചി വാങ്ങുന്ന അപൂർവം കുടുംബങ്ങളിലേക്ക് അങ്ങിനെ ആ കുടുംബത്തിന്റെ പേരും എഴുതി ചേർക്കപ്പെട്ടു.
ഒരു ഇറച്ചി വെട്ടുകാരന്റെ സ്വപ്നങ്ങളിലേക്ക് കടന്നു വരാൻ പാടില്ലാത്തതാണെങ്കിലും അത് സംഭവിച്ചു.മാത്തൻ തന്റെ പ്രണയം റാണിയോട് പ്രകടിപ്പിച്ചിരു ന്നത് രണ്ടു വിധത്തിലാണ് - അപ്പൻ കാണാതെ അര കിലോ ആട്ടിറച്ചി കൂടുതലായി റാണിക്ക് പൊതിഞ്ഞു കൊടുത്തു . പൊതി റാണിയുടെ കൈകളിലേക്ക് കൈമാറുമ്പോൾ അതിനടിയിലൂടെ ആരും കാണാതെ, അറിയാതെ അവളുടെ വിരലുകളിൽ തൊട്ടു .
മുകളിലേക്കും താഴേക്കും ശരവേഗത്തിൽ പായുന്ന, കൈയില്ലാത്ത വെളുത്ത ബനിയമിട്ട മാത്തന്റെ കൈകളിൽ ഉരുണ്ട് കളിക്കുന്ന മസിലിലേക്കു ആരാധനയോടെ നോക്കി നിന്ന് , ഇറച്ചി മണമുള്ള അവന്റെ കൈകളുടെ സ്പര്ശനത്തെ തടയാതെ റാണി അവളുടെ പ്രണയം മാത്തന് തിരിച്ചു കൊടുത്തു- ആരും കാണാതെ, അറിയാതെ.
പാവപ്പെട്ടവന്റെയും പണക്കാരിയുടെയും പ്രണയം എല്ലായിടത്തെയും പോലെ ഞങ്ങളുടെ നാട്ടിലും പൂവണിഞ്ഞില്ല. ഒരു ഞായറാഴ്ച, ഇറച്ചി വെട്ടി കൊണ്ട് നിൽക്കുമ്പോഴാണ് റോസാപ്പൂ കൊണ്ട് അലങ്കരിച്ച വെളുത്ത കാർ മാത്തന്റെ മുന്നിലൂടെ കടന്നു പോയത്. റാണിയുടേയും തന്റെയും മിന്നു കെട്ടിന് ഇതു പോലെ വെളുത്ത കാർ അലങ്കരിക്കണമെന്നു മാത്തൻ കണക്കു കൂട്ടിയപ്പോഴേക്കും വെളുത്ത സാരിയുടുത്ത സുന്ദരി മണവാട്ടി കാറിൽ നിന്നുമിറങ്ങി.
പിന്നെ മുപ്പത്തി അഞ്ചാമത്തെ വയസിലാണ് മാത്തൻ വിവാഹം കഴിക്കുന്നത്. അതും
അപ്പനും അമ്മയും മരിച്ചു, ആകെയുണ്ടായിരുന്ന പെങ്ങളെ കെട്ടിച്ചു വിടുകയൂം ചെയ്ത ശേഷം മനസില്ലാമനസോടെ. ഇറച്ചി കടയിലെ വെട്ടും കഴിഞ്ഞു തിരിച്ചെത്തുന്ന മാത്തൻ പല രാത്രികളിലും പട്ടിണിയായി. ആടുമാടുകളുടെ ചോര മണം കൊപ്രക്കാരൻ വറീത് സ്പെഷ്യലായി ഉണ്ടാക്കിയ വെളിച്ചെണ്ണ തേച്ചിട്ടും ലൈഫ് ബോയ് സോപ്പ് ഉരച്ചു തേച്ചു കുളിച്ചിട്ടും മാത്തനെ വിട്ടുപോയില്ല. ഒടുവിൽ പട്ടിണി കിടന്നു, മാത്തന് ജോലിക്കു പോവാൻ വയ്യാത്ത അവസ്ഥ യായി. സാധാരണ പെണ്ണ് കെട്ടാൻ നാട്ടിലെ ദല്ലാള്മാരെ നോക്കി സമയം കളയാതെ, പള്ളിയോടടുത്തു കന്യാസ്ത്രീകൾ നടത്തുന്ന അനാഥാലയത്തിലേക്ക് മാത്തൻ കയറി ചെന്നു . മാത്തൻ നാട്ടുകാർക്ക് വീണ്ടും വ്യത്യസ്തനായി.
അങ്ങിനെ റോസാപ്പൂക്കൾ കൊണ്ട് അലങ്കരിച്ച വെള്ള കാറിൽ കയറാതെ, മാത്തൻ കൊടുത്ത വെള്ള സാരിയുടുത്തു, ആരോരുമില്ലാത്ത ഇരുപത്തിയഞ്ചുകാരി സൂസന്ന മാത്തന്റെ ഭാര്യയായി.
താൻ പെണ്ണ് കെട്ടിയതിന്റെ കാരണം സൂസന്നയോടു വ്യക്തമായി മാത്തൻ വെളിപ്പെടുത്താതിരുന്നതിനാൽ കല്യാണം കഴിഞ്ഞ ആദ്യ നാളുകളിൽ ആ പാവം മാത്തൻ കിടന്നുറങ്ങുന്ന രാത്രികളിലും മാത്തനില്ലാത്ത പകലുകളിലും ഒറ്റക്കിരുന്നു കുറെ കരഞ്ഞു. പിന്നെ ഞായറാഴ്ചകളിൽ, തക്കാളി രസവും തേങ്ങാ ചമ്മന്തിയും വെച്ചും അല്ലാത്ത ദിവസങ്ങളിൽ ഇറച്ചിയും മീനും വെച്ചും മാത്തനെ ഊട്ടിയും സ്വയമുണ്ടും നെടുവീർപ്പോടെ കഴിഞ്ഞു. 25 വര്ഷം താൻ ജീവിച്ച അനാഥാലയത്തെക്കാൾ ഭേദമായിരുന്നു സൂസന്നക്കു നാലു മുറികളും വരാന്തയുമുള്ള മാത്തന്റെ വീട്.
സൂസന്നയെ കെട്ടി രണ്ടു മാസം കഴിയുന്നതിനു മുന്നെയാണ് റാണി വീണ്ടും ഞങ്ങളുടെ നാട്ടിലേക്കു തിരിച്ചു വന്നത്. റാണിയുടെ കെട്ടിയവനെ പാമ്പു കടിച്ചു മരിച്ചപ്പോൾ അയാളുടെ അമ്മയുടെയും നാത്തൂന്മാരുടെയും പോരും കുത്തുവാക്കുകളും സഹിക്കാൻ വയ്യാതെയാണ് മൂന്ന് കുട്ടികളുടെ കൈയും പിടിച്ചു റാണി തിരിച്ചെത്തിയത്.
കുറേനാൾ വീടിനകത്തു തന്നെ കഴിഞ്ഞ റാണി, മനോദുഃഖം കുറഞ്ഞപ്പോൾ ഇളയ കൊച്ചിനെയും ഒക്കത്തെടുത്തു രണ്ടാമത്തെ കുർബാന കൂടാൻ പള്ളിയിലേക്ക് വരിക പതിവായി . കുറച്ചു ദിവസം കൂടെ കഴിഞ്ഞപ്പോൾ, ആട്ടിറച്ചി വാങ്ങാൻ മാത്തന്റെ കടയിലേക്കും വന്നു തുടങ്ങി . ആദ്യമാദ്യം അവളുടെ മുഖത്തു നോക്കാതെ പൊതി കൈ മാറിയ മാത്തൻ ,രണ്ടു മാസം കഴിഞ്ഞതോടെ മുകളിലേക്കും താഴേക്കും പൊങ്ങി ഉയരുന്ന മാത്തന്റെ കൈകളിലേക്ക് ആരാധനയോടെ നോക്കി നിന്ന റാണിയെ ഇടം കണ്ണിലൂടെ കാണുകയും ഉടനടി ഇറച്ചി പൊതി കൊടുത്തപ്പോൾ അര കിലോ കൂടുതൽ വെക്കുകയും അതിനടിയിലൂടെ വിരലുകളിൽ തൊടുകയും ചെയ്തു.
ഇരുപതു വര്ഷം മുന്നേയുള്ള നാട് മാറിയ കാര്യമറിയാതെ റാണിയും മാത്തനും പതിനെട്ടുകാരായി മാറിയപ്പോൾ മാത്തന്റെ പ്രണയം നാട്ടിൽ പാട്ടായി . മാത്തന് വെക്കാനും വിളമ്പാനും റാണിയും കൊഞ്ചിക്കാന് അവളുടെ പിള്ളേരും വന്നോട്ടെ എന്ന വിചാരത്തിൽ സൂസന്ന മഠത്തിലേക്ക് തിരിച്ചു പോയി. ഇറച്ചി പൊതിഞ്ഞു കൊടുക്കാനല്ലാതെ റാണിയെ വിളിച്ചിറക്കി കൊണ്ട് വരാൻ മാത്തന് കഴിഞ്ഞില്ല അധികം താമസിയാതെ മഞ്ഞപിത്തം കടുത്തു റാണി മരിച്ചു. അപ്പോൾ മാത്തന് പ്രായം 42 .
ഇടവകയിൽ റാണിയുടെ കല്ലറയിൽ മാത്തൻ മെഴുകുതിരി കത്തിച്ചു കൊണ്ടിരുന്നത് തുടർച്ചയായി ഏഴു വര്ഷം .ആ കുഴിയിൽ നാട്ടിലെ കള്ളുകുടിയൻ ദേവസിയെ വികാരിച്ചൻ അടക്കുന്നത് വരെ. കുറെ നാൾ മാത്തൻ ആ വേദന ടുട്ടുവുമായി പങ്കിടുകയും ചെയ്തു.
" നാട്ടിലെ നല്ല പെണ്ണുങ്ങളുടെ കുഴിയിൽ ആണുങ്ങളെ വെക്കുന്ന ഈ ഇടപാട് നിർത്തണം. അതും കണ്ട അലവലാതികളെ "
റാണിയോടുള്ള മാത്തന്റെ കടുത്ത പ്രണയം അങ്ങിനെ ഞങ്ങളുടെ നാട്ടിൽ കൊച്ചു കുട്ടികൾ പോലും പാടി നടക്കുന്ന സമയത്താണ് മാത്തന്റെ ഹൃദയ ഭിത്തി തുരന്നു ടുട്ടുമോന് പ്രസ്താവിച്ചത്.
" ചില പ്രണയങ്ങൾ ഒരിക്കലും മരിക്കില്ല. അവ മനസ്സിൽ പുകഞ്ഞു കൊണ്ടിരിക്കും "
വാക്ക് ഔട്ട് നടത്തിയ മാത്തൻ തിരിചു വന്ന ദിവസം, കൃത്യമായി പറഞ്ഞാൽ സുബൈറിന്റെ കൈയിൽ നിന്നും ചായ വാങ്ങിയപ്പോൾ, മാത്തന്റെ കൈയിലെ നീല ഞരമ്പുകൾ തെളിഞ്ഞു കണ്ട ദിവസം, വൈകിട്ട് നാലു മണിയോടെ മാത്തൻ ഇറച്ചി കടയുടെ മുൻവശം നീല പ്ലാസ്റ്റിക് ഷീറ്റിട്ടു മൂടി. “അപ്സര” ബസിൽ നിന്നും ഇറങ്ങി കാമുകി സെറീനയോടൊപ്പം അടിവെച്ചടിവെച്ചു വീട്ടിലേക്ക് നടക്കുന്ന ടുട്ടുമോന്റെ കൈ പിടിച്ചു വലിച്ചു കൊണ്ട് നടന്നു -പള്ളിക്കടുത്തുള്ള അനാഥാലയത്തിലേക്ക് . നാട്ടുകാരുടെ ഓര്മ ശരിയാണെങ്കിൽ നീണ്ട മുപ്പതു വർഷത്തിന് ശേഷം.
പിറ്റേന്നും വെളുപ്പിനെ തന്നെ സുബൈറിന്റെ ചായക്കടയിൽ മാത്തനെത്തി. ഗാനമേള തുടങ്ങിയപ്പോൾ “ഹൃദയസരസിലെ പ്രണയ പുഷ്പമേ” എന്ന ഗാനം പാടാൻ ടുട്ടുമോനോട് ആവശ്യപ്പെട്ടു.
മേശയിൽ താളം പിടിച്ചിരുന്ന കൈവിരലുകൾ ഇടക്ക് പാട്ടു നിർത്താൻ ടുട്ടു മോനോട് ആംഗ്യം കാണിച്ചു. കൂടി നിന്നിരുന്നവരെ അതിശയിപ്പിച്ചു കൊണ്ട് ബാക്കി വരികൾ പാടിയത് മാത്തനാണ് .ഇപ്പോൾ ഞങ്ങൾ നാട്ടുകാർ ഏറ്റുപാടുന്നതും മാത്തൻ പാടിയ ആ വരികളാണ് -
“എഴുതാൻ വൈകിയ ചിത്ര കഥയിലെ
ഏഴകുള്ളൊരു നായികാ നീ ...
എന്നനുരാഗ സരോവരസീമയിൽ
ഇന്നലെ വന്നൊരു പ്രണയിനി നീ.. " ***

 സാനി മേരി ജോൺ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot