നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കല്യാണം

Image may contain: Ajoy Kumar, beard, closeup and indoor

കുറെ കാലം മുൻപാണ്, മര്യാദക്ക് ,വൈകിട്ട് ടീ വിയും കണ്ടു കൊണ്ടിരുന്ന എന്നെ പിടിച്ചു വലിച്ചു ശ്യാമ നടക്കാൻ കൊണ്ട് പോയി, രാത്രി ഏഴു മണി ആയപ്പോൾ ശതാബ്ദി എക്പ്രസ് പോലെ ഓടി നടന്ന ശ്യാമയുടെ പുറകെ നടന്നു തളർന്നു കുരച്ചു വന്ന എന്നോട് യാതൊരു ദയവും ഇല്ലാതെ ദുഷ്ട്ട പറയുന്നു
അതേയ്, നമുക്ക് ഒരു വീട്ടില് കല്യാണം വിളിക്കാൻ പോണം ,
ആരുടെ കല്യാണം ?
ഗൌരിയുടെ,
ഓ, ശ്യാമയുടെ കസിന്റെ മോള്ടെ കല്യാണം,അതിൽ കുറെ വിളികൾ ശ്യാമ കൊട്ടേഷൻ എടുത്ത കാര്യം ഞാൻ മറന്നു,
മുട്ടിൽ കൈ കുത്തി കിതച്ചു കൊണ്ട് ഞാൻ ചോദിച്ചു,നടന്നു നടന്നു നടുവൊടിഞ്ഞു , ഇന്ന് തന്നെ വേണോ? പിന്നെ പോരെ? വേഷം മോശം
എന്ന് പറഞ്ഞാലും ഇത് തന്നെ, കല്യാണം അടുത്ത ആഴ്ച ആണ് ഇനി നീട്ടി വെക്കാൻ പറ്റൂല
ആരുടെ വീട്ടിലാണ് ?
കൂനംമൂട്ടിൽ തുണി കീറി വിളയിൽ ലീലാവതി അമ്മൂമ്മ ,അവരുടെ കുടുംബം,
അതൊക്കെ ആരാണ്?
അറിയില്ല, അകന്ന ബന്ധം ആണ്, സംസ്കൃത പണ്ഡിത, വിളിച്ചേ പറ്റു
ഉവ്വ, ഇനി വിളിച്ചില്ലെങ്കിൽ എന്റെ ഊണ് മുടങ്ങും എന്നുള്ളത് കൊണ്ട് സ്റ്റേഡിയത്തിൽ നിന്നും ഞാൻ നേരെ അവരുടെ വീട്ടിലേക്കു തന്നെ വണ്ടി വിട്ടു ,ശ്യാമയുടെ നാനോ ആയതു കൊണ്ട് സകല ഊടുവഴികളിൽ കൂടിയും ,ആരുടെയോ ഒക്കെ അടുക്കളയിൽ കൂടിയും ഒക്കെ ഞങ്ങൾ ഓടിച്ചു പോയി
ഒടുവിൽ ഒരു സ്ഥലത്ത് പോയപ്പോൾ ഒരാൾ പറഞ്ഞു,
അവിടെ കുഴി മുഴുവൻ വഴിച്ചിട്ടിരിക്കുകയാ , വണ്ടി പോവൂല
ങേ? എന്ന് വെച്ചാൽ ?
ശേ, വഴി മുഴുവൻ കുഴിച്ചിട്ടിരിക്കുകയാണെന്ന്
ഓ അങ്ങനെ,ഞങ്ങൾ കാറിൽ നിന്നും ഇറങ്ങി, നാനോ പൊക്കി എടുത്തു അപ്പുറത്തെ പറമ്പിലേക്ക് വെച്ചു , എന്നിട്ട് പതിയെ നടന്നു
ദോ ഇത് തന്നെ വീട്, ശ്യാമ ഏതായാലും കൃത്യമായി അതെല്ലാം എഴുതി വെച്ചിട്ടുണ്ട് അരണ്ട വെളിച്ചത്തിൽ കണ്ടു പറമ്പിനു നടുവിൽ ഒരു വീട്
ഗേറ്റ് തുറന്നു കാലെടുത്തു വെച്ചതെ ഉള്ളു, എന്തോ ഒരു ഭീകര അലർച്ച കേട്ടു,
ഗിർർർർർർർർർർർ
ചെടികളുടെ ഇടയിൽ നിന്നും ഒരു ഭീകര രൂപം പുറത്തേക്കു വന്നു.,ശ്യാമ ഒരു ചാട്ടത്തിന് എന്റെ ഒക്കത്ത് കയറി ഇരുന്നു, സ്റ്റോപ്പിൽ നിറുത്താത്ത കെ എസ് ആർ റ്റി സി ബസിനു പുറകെ കൊച്ചുങ്ങളേം ഒക്കത്തു വെച്ച് കൊണ്ട് ഓടുന്ന ചില അമ്മച്ചിമാരെ പോലെ ഞാൻ ശ്യാമയെയും എടുത്തു കൊണ്ട് ഇരുട്ടത്ത് അതി വേഗം ഓടി ,കുറച്ച് ഓടി കഴിഞ്ഞപ്പോൾ ആണ് ഒക്കത്തിരുന്നു കൊണ്ട് ശ്യാമ പറയുന്നത്,
അയ്യേ, വലിയ പട്ടി പ്രേമി ആയിട്ടെന്താ ഓടിയത് ? ഹിഹിഹി ഹി
ഓഹോ, പട്ടി ആയിരുന്നോ? വല്ല ഡിനോസറും ആണെന്നല്ല ഞാൻ കരുതിയത് ഇറങ്ങെടീ താഴെ,
ഞാൻ ശ്യാമയെ താഴെ നിറുത്തി ,വെറുതെ മനുഷ്യനെ പേടിപ്പിക്കാൻ , വാ ഇങ്ങോട്ട്
അങ്ങനെ വീണ്ടും തിരികെ പോയി, പശുവിനെ പോലെ ഉള്ള ഒരു ഡാൽമേഷ്യൻ അവിടെ നിന്ന് അലറുന്നു , ദൈവമേ ,പിടിച്ചു വിഴുങ്ങുമോ എന്തോ, വലിയ പട്ടി മെരുക്കൽകാരൻ എന്ന് പറഞ്ഞും പോയി
ശ്യാമ ആ കുര കേട്ട് വീണ്ടും എന്റെ തോളിൽ വലിഞ്ഞു കയറി , എന്തൊരു ശല്യം, ഇറങ്ങു താഴെ ,ഞാൻ പറഞ്ഞു
പട്ടി വെടി പൊട്ടും പോലെ കുരക്കുന്നു, നശിച്ച കുര, ഈ പണ്ടാരത്തിനെ ഒക്കെ എന്തിനു വളര്ത്തുന്നോ എന്തോ,
ഞാൻ പറഞ്ഞു, പട്ടീ, ബാ, ബാ, ഇന്ന, ഇന്നാ,
അപ്പോൾ മുകളിലെ ജനലിൽ ഒരു രൂപം വന്നു, ആരാ അത് ?
ഞങ്ങളാന്നേ
അമ്മൂമ്മാ , കണ്ടിട്ട് വിക്രമാദിത്യനും വേതാളവും ആണെന്ന് തോന്നുന്നു, ഒരു കൊച്ചു പറയുന്നു
അത് കേട്ട പാടെ ശ്യാമ എന്റെ മുതുകിൽ നിന്നും ചാടി താഴെ ഇറങ്ങി ,
അമ്മൂമ്മ, ഞങ്ങളാ, ഇടപ്പഴിഞ്ഞീന്നു ശ്യാമയും സംഘവും ,കല്യാണം വിളിക്കാൻ
ഗോഡ് ഫാദറിലെ എൻ എൻ പിള്ളയെ പോലെ അമ്മച്ചി പറഞ്ഞു ..കേറി വാ മക്കളെ കേറി വാ
കേറി വന്നാൽ കീറി വരേണ്ടി വരും അമ്മച്ചീ..ഞാൻ പറഞ്ഞു
അതെന്താ ?
ഈ ജന്തു, സോറി...ഈ പട്ടി
മാളവികാഗ്നി മിത്രം ....അകത്തു പോ
അതെന്തര്? ഞാൻ കണ്ണ് തള്ളി
പട്ടിയുടെ പേരാണ്, അമ്മൂമ്മ സംസ്കൃത പണ്ഡിതയല്ലേ ,ശ്യാമ അടക്കം പറഞ്ഞു
പട്ടി പോകുന്നില്ല , ഞാൻ ചോദിച്ചു, വേറെ ഓമനപ്പെരോന്നും ഇല്ലേ അമ്മച്ചീ,പട്ടിക്ക് ?
ഉണ്ടല്ലോ, ജമദഗ്നീ ജമദഗ്നീ ഗോ ഇൻസൈഡ്,
അതും കൂടെ കേട്ട പാടെ പട്ടി ചന്തിയും കുലുക്കി അകത്തു പോയി ,തല ചുമരിൽ ഇട്ട് ഇടിച്ചു, ഈ പേര് കേട്ട് ജീവിതം വെറുത്തു കാണും പാവം
ഞങ്ങൾ പടി കയറി മുകളിലേക്ക് പോയി, മുറി മുഴുവൻ സമ്മാന കപ്പുകളുടെ പ്രദർശന ശാല,
പ്രൈസ് ഒക്കെ വില്ക്കുന്ന കട ആണോ ഇവർക്ക് ? ഞാൻ ശ്യാമയോട് ചോദിച്ചു,
അല്ല, ഇവിടത്തെ മക്കൾക്കും അച്ഛനും അമ്മയ്ക്കും ഒക്കെ കിട്ടിയ ഗപ്പുകൾ ആണ്, എല്ലാം ഭയങ്കര മിടുക്കന്മാർ ആണ്
ആകെ ചായ കുടിക്കുന്ന മൂന്നാല് കപ്പുകൾ മാത്രം കയ്യിൽ ഉള്ള ഞാൻ ചമ്മി അതും നോക്കി ഇരുന്നു ,അമ്മൂമ്മ അകത്തു നിന്നും ഒരു പ്ലേറ്റിൽ നിറയെ ഉള്ളി വടയും കൊണ്ട് വന്നു, സ്നേഹമയി തന്നെ
എന്ത് ചെയ്യുന്നു ?
അമ്മൂമ്മയുടെ മോൾ ശ്യാമയോട് ചോദിച്ചു ,ശ്യാമ സംസാരിക്കട്ടെ എന്ന് വെച്ചു ആ ഗ്യാപ്പിൽ ഞാൻ ഒരു ഉള്ളി വട എടുത്തു വായിലോട്ടിട്ടു
എന്റമ്മോ.....തീക്കനൽ ആണോ അകത്തു വെച്ചു വട ഉണ്ടാക്കിയത് ദുഷ്ട അമ്മച്ചി , പൊള്ളിപ്പോയി അയ്യോ അയ്യോ അയ്യോ......ഞാൻ ശബ്ദമില്ലാതെ നിലവിളിച്ചു
സാർ ഇപ്പൊ എന്ത് ചെയ്യുന്നു ? അമ്മച്ചിയുടെ മോൾ
ഞാൻ കുന്തം ചെയ്യുന്നു, വെപ്രാളത്തിൽ ഞാൻ മനസ്സിൽ പറഞ്ഞു. പുറത്തു വന്നത് ഇങ്ങനെയാണ് ...ബ്വ്വ്ഷ്....ഗ്വഷ്...ബുഷ്....
ഞാൻ കണ്ണും തള്ളി വാ കോട്ടി മുഖം കൊണ്ട് കഥകളി മുദ്രകൾ കാണിച്ചു, എങ്ങനെ എങ്കിലും ഈ കുന്തം ഒന്ന് ഇറക്കണ്ടേ ,എന്നിട്ട് വേണ്ടേ മറുപടി പറയാൻ
അയ്യോ ഇതെന്തു ഭാഷ, കിക്കിക്കി ,അമ്മച്ചിയും മോളും ചിരിച്ചു
മഹാപാപികളെ , ഏറു പടക്കം പോലെ ഉള്ള ഉള്ളിവട കൊണ്ട് മനുഷ്യനെ കൊന്നതും പോര ,കളിയാക്കുന്നോ ,ഞാൻ വല്ല വിധവും മേശയുടെ മൂലയിൽ പിടിച്ചു കൊണ്ട് ആ തീപ്പന്തം വിഴുങ്ങി
അജോയ് യും റെയിൽവേയിലാ, ഉള്ളി വട വിഴുങ്ങുവായിരുന്നു, അതാണ്‌, ശ്യാമ ചിരിച്ചു,
ഈ പണ്ടാരങ്ങളെ കല്യാണം വിളിക്കണ്ട, കേട്ടാ, വെറുതെ വന്നതാണെന്ന് പറഞ്ഞാൽ മതി ,ഞാൻ ശ്യാമയുടെ ചെവിയിൽ പറഞ്ഞു ,വിളിച്ചാ നോക്കിക്കോ
ആര് കേൾക്കാൻ , ശ്യാമ ഇന്ന് വരെ ഉള്ള കുടുംബ ചരിത്രം ഖണ്ഡം ഖണ്ടമായി അവരോടു പറയുന്നു .ആ സമയം കൊണ്ട് അമ്മച്ചി അകത്തു പോയി കുറെ കപ്പുകളും കൊണ്ട് വന്നു, ആർക്കു കൊടുക്കാനാണോ എന്തോ
ഓ അല്ല, ചായ ആണ്, ഒരെണ്ണം അമ്മച്ചി എനിക്ക് നേരെ നീട്ടി ,
അജോയ് കുമാർ സാർ , ഞാൻ ആ ബുക്ക് വായിച്ചു, ഇപ്പോൾ ആണ് ഓർത്തത്‌, ഇവിടെ എല്ലാരും വായിച്ചു,സൂപ്പർ,മാമ്പഴക്കാലം
അമ്മച്ചിയുടെ മോൾ പറഞ്ഞു,
ആണോ? ,അത് ഞാൻ അറിഞ്ഞില്ല,
എനിക്ക് സന്തോഷമായി, അത് വരെ ഉള്ള ദേഷ്യം മുഴുവൻ മാഞ്ഞു പോയി
ഞാൻ ആ ബുക്ക് ഇവിടെ സ്കൂളിലും ചേട്ടന്റെ ബാങ്കിലും ഒക്കെ കൊടുക്കുകയും ചെയ്തു, എല്ലാർക്കും ഇഷ്ട്ടമായി
സന്തോഷം, ഞാൻ പറഞ്ഞു, പാവം ഇവരെ ആണോ കല്യാണം വിളിക്കണ്ട എന്ന് ഞാൻ പറഞ്ഞത്,മോശമായിപോയി ,
അത് കഴിഞ്ഞു മൂന്നു ബുക്കുകൾ കൂടി ഇറങ്ങി ശ്യാമ പറഞ്ഞു
രണ്ടാമത്തെ ബുക്ക് ഏതാണ് ?
,കൽക്കണ്ട .....അത്രയും പറഞ്ഞു ഞാൻ ചായ കുടിച്ചു
എന്റമ്മച്ചീ ......ഞാൻ കസേരയിൽ നിന്നും ഇരുന്ന ഇരുപ്പിൽ മുകളിലേക്ക് കുതിച്ചു ചാടി ,ചായ അല്ല, ലാവ ആണ് കപ്പിൽ......
കൽക്കണ്ട എന്റമ്മച്ചീ....നല്ല പേര് ,മോൾ പറയുന്നു,
ന്യൂ ജെൻ പേരാണല്ലേ ? അമ്മച്ചി
ന്യൂ ജെൻ അല്ല, കൂതറ അമ്മച്ചീ......വാ പൊത്തി ചാടിക്കൊണ്ട്‌ ഞാൻ പറഞ്ഞു,
അജോയ്, ശ്യാമ എന്നെ നുള്ളി, എന്താണിത് ? ബിഹേവ് യുവർ സെൽഫ്
ബിഹേവ് അല്ല മാങ്ങാത്തൊലി , പൊക്കോണം അവിടന്ന്, എന്റെ അണ്ട കടാഹം വരെ പോള്ളിപ്പോയി, അറിയാമോ ,ഒരാഴ്ചത്തേക്ക് നാക്കും ഉപയോഗ ശൂന്യമായി ,ചായ പോലും ചായ,ഇവർ ടാർ തിളപ്പിക്കുന്ന സാധനത്തിൽ ആണ് ചായ ഇടുന്നത് എന്ന് തോന്നുന്നു, കല്യാണം വിളിക്കണ്ട, വാ പോകാം,
ആര് കേൾക്കാൻ, ശ്യാമ എണീറ്റ്‌ നിന്ന് ക്ഷണക്കത്ത് കൊടുക്കുന്നു ,എല്ലാരും വരണേ
പ്രതികാര ദാഹി ആയ ഞാൻ കലണ്ടറിലെ ഭദ്രകാളിയെ പോലെ നാക്കും വെളിയിൽ ഇട്ടു നിന്നു, ശ്യാമ ഇറങ്ങിയപ്പോൾ ഞാൻ പറഞ്ഞു, നീ കാറിൽ ഇരുന്നോ, ഞാൻ മൊബൈൽ മറന്നു ,എടുത്തിട്ട് വരാം ,
ശ്യാമ തപ്പിത്തടഞ്ഞു കാറിലേക്ക് പോയപ്പോൾ ഞാൻ തിരികെ കയറി, അമ്മച്ചി അവിടെ ഇരിപ്പുണ്ട്,
എന്താ?
നിങ്ങളേ കല്യാണത്തിന് വരണ്ട കേട്ടാ ,തീ കൊണ്ട് ഉണ്ടാക്കിയ ഉള്ളിവടയും ലാവ ഒഴിച്ച ചായയും വെച്ചു മനുഷ്യരെ കൊന്നോണ്ട് ഇവിടെ ഇരുന്നാ മതി ,
അത്രയും ആയപ്പോൾ താഴെ പട്ടിയുടെ ശബ്ദം, അമ്മച്ചി വിളിച്ചു, മാളവികാഗ്നി മിത്രം കം ഹിയർ ,
ആനപ്പട്ടി പടികയറി വരുന്നു
ഞാൻ പറഞ്ഞു ,ഹഹഹഹ,ഈ അമ്മച്ചീടെ കാര്യം ..കല്യാണത്തിന് വരണം, വരുമ്പോൾ എല്ലാ ബുക്കും ഞാൻ തരും, അത് വാങ്ങിക്കണേ,ഇല്ലെങ്കിൽ എനിക്ക് വിഷമമാവും,
ഉം, കല്യാണത്തിന് വരണ്ട എന്നോ മറ്റോ....
കല്യാണത്തിന് വരാണ്ടെ ഇരുന്നാൽ നോക്കിക്കോ എന്നാണ് പറഞ്ഞത്,
ഉള്ളി വട ചായ എന്നും പറഞ്ഞില്ലേ?
ങാ, പറഞ്ഞു, നേരത്തെ തന്നില്ലേ, അമ്മച്ചിയുടെ ഉള്ളിവടയും ചായയും ഉണ്ടല്ലോ, ഹോ, ബെസ്റ്റ് കോമ്പിനേഷൻ. കല്യാണത്തിന് തലേ ദിവസം നമുക്ക് അത് കൊടുത്താലോ? അങ്ങനെ ഒരു ആലോചന, ഞാൻ പോട്ടെ? എനിക്ക് നാക്ക് ഐസ് വാട്ടറിൽ മുക്കി വെക്കാൻ സമയമായി,
ഞാൻ ആനപ്പട്ടി കാണാതെ നാക്കും നീട്ടി ഇറങ്ങി ഇരുട്ടത്ത്‌ തപ്പിത്തപ്പി കാറിനടുത്തേക്ക് പോയി ,ഇനി ഈ ജന്മത്ത് ഈ ഭാഗത്തേക്ക്‌ വരുന്ന പ്രശ്നമില്ല, ഒരു കല്യാണം വിളി, വെറുത്തു പോയി.

By: AjoyKumar

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot