
എന്റെ വീടിന് കുറച്ചകലെയായി ഒരു നാഗത്താൻ പറമ്പുണ്ട്. ഷീറ്റ് കുടഞ്ഞു വിരിക്കുന്നതിനിടെ നീലിമ പറഞ്ഞു തുടങ്ങി.
ദൈവമേ... ഇന്നും ഞാൻ പാമ്പിനെ സ്വപ്നം കാണും. എങ്കിലും എനിക്കിതു കേൾക്കാതെ വയ്യ.
നഗരത്തിലെ കോളേജിൽ പഠിക്കുന്ന ഞാൻ എൻട്രൻസ് കോച്ചിങ്ങിനായി ഇവിടെയെത്തിയ നീലിമയുമായി നഗരത്തിൽ തന്നെയുള്ള വർക്കിങ് വിമൻസ് ഹോസ്റ്റലിലെ മുറി പങ്കിടുന്നു.
കൊല്ലങ്കോടാണ് നീലിമയുടെ വീട്. അമ്മ രുഗ്മിണീദേവി കുന്നത്തൂർ കോവിലകാംഗമാണ്. ഡോക്ടറായിരുന്ന അച്ഛൻ അവൾക്ക് ഓർമയുറയ്ക്കും മുമ്പേ മരിച്ചു.
തുടുത്ത മുഖവും വിടർന്ന കണ്ണുകളും ചുരുണ്ടിടതൂർന്ന മുടിയുമുള്ള ഒരു അസ്സൽ തമ്പുരാട്ടിക്കുട്ടിയായ നീലിമയ്ക്ക് മുത്തശ്ശിയാണെല്ലാം...
പാമ്പുകളെക്കുറിച്ചു പറയാൻ വല്ലാത്തൊരു ആവേശമാണെന്ന തൊഴിച്ചാൽ, കുറച്ചു കാലത്തെ പരിചയമേ ഉളളുവെങ്കിലും എന്റെ ഏറ്റവും അടുത്ത കൂട്ടുകാരി നീലിമ തന്നെ.
സർപ്പങ്ങൾ ഫണമടിക്കുന്നത് അരുണ കണ്ടിട്ടുണ്ടോയെന്നാണ് കഴിഞ്ഞൊരു ദിവസം അവൾ ചോദിച്ചത്.
പാടത്ത് രണ്ടു പാമ്പുകൾ പടമടിക്കുന്നുവെന്ന് അവിടെ പണിക്കുപോയ സ്ത്രീകൾ വന്ന് അമ്മമ്മയോട് പറഞ്ഞത് ഞാനോർത്തു.
എനിക്കന്ന് നാലോ അഞ്ചോ വയസ്സാണ് പ്രായം. നമുക്ക് കാണാൻ പോയാലോ എന്ന് ചോദിച്ചപ്പോൾ കുട്ടികൾ അതൊന്നും കാണാൻ പാടില്ലെന്നും...
ഫണമടിക്കുന്ന പാമ്പുകൾക്കായി ചെമ്പട്ട് വിരിച്ചു കൊടുക്കാറുണ്ടെന്നുമെല്ലാം അമ്മമ്മ പറഞ്ഞതും... അന്നു രാത്രി, പാടത്ത് വിരിച്ച ചെമ്പട്ടിൽ രണ്ടു നാഗങ്ങൾ ഫണം വിരിച്ചാടുന്നത് സ്വപ്നം കണ്ടതും...
ഒന്നും മറന്നിട്ടില്ല. ആ കാഴ്ച നഷ്ടപ്പെട്ടതിന്റെ ഖേദം ഒരു നെടുവീർപ്പായി പുറത്തു വന്നു.
നീലിമ കണ്ടിട്ടുണ്ടത്രെ. കോവിലകത്തിന് താഴേയ്ക്കു മാറി വലിയൊരു സർപ്പക്കാവുണ്ട്.
നട്ടുച്ചയ്ക്കും നിഴലുകൾ ഇരുൾപടർത്തുന്ന കാവിലേയ്ക്ക് കയറിയാലുടൻ കല്ലിൽ കെട്ടിയൊരു നാഗത്തറ. അതിൻമേൽ ഉയർന്നു നിൽക്കുന്ന, മഞ്ഞളണിഞ്ഞ നാഗത്താൻ കല്ല്.
നീണ്ടുയർന്ന പനകളും പടർന്നിഴയുന്ന മരങ്ങളും കെട്ടുപിണഞ്ഞ വള്ളികളും ചിതൽപ്പുറ്റുകളും നാഗത്തറയ്ക്കു കാവൽ നിൽക്കുന്നു.
തറയ്ക്കുമപ്പുറം കരിയിലകൾ മെത്ത വിരിച്ച, കാട്ടുമരങ്ങൾ പന്തലിട്ട നാഗദൈവങ്ങളുടെ നിഗൂഢവാസസ്ഥലത്തേയ്ക്ക് എത്തി നോക്കാൻ പോലും ആരും ധൈര്യപ്പെടില്ല.
എല്ലാ ആയില്യം നാളിലും സർപ്പത്തറയിൽ തിരി വെയ്ക്കാനായി മുത്തശ്ശിക്കൊപ്പം നീലിമയും പോകാറുണ്ട്.
ഒരു നാളിൽ സർപ്പത്തറയിൽ തിരിവെച്ചു തിരിഞ്ഞു നടക്കവെ ചുള്ളികൾ ഒടിഞ്ഞമരുന്ന ശബ്ദവും വലിയൊരു സീൽക്കാരവും കേട്ട് ഇരുവരും നിന്നു.
മരങ്ങളെ ചുറ്റിപ്പിണഞ്ഞും തൂങ്ങിയും കിടക്കുന്ന വള്ളികൾ...മുത്തശ്ശിയെ ചുറ്റിപ്പിടിച്ച് മെല്ലെ തിരിഞ്ഞു നോക്കിയ അവൾ കണ്ടു,...
തറയ്ക്കു പിന്നിലെ വലിയ ചിതൽപ്പുറ്റിനുമപ്പുറത്തായി ഉയർന്നു നിൽക്കുന്ന രണ്ടു ഫണങ്ങൾ.
ഒരാൾ പൊക്കത്തിൽ ഉയർന്നു നിൽക്കുന്ന നാഗത്തിന് സ്വർണ നിറം. കറുത്തു തിളങ്ങുന്ന കണ്ണുകളിൽ നിന്നു തീ ചിതറും പോലെ... മണിനാഗം... മുത്തശ്ശി ചെവിയിൽ മന്ത്രിച്ചു.
എതിരാളിയൊരു കരിനാഗം. മണിനാഗത്തിനൊപ്പം ഉയർന്നില്ലെങ്കിലും കരുത്തൻ തന്നെ. അവനാണ് ചീറ്റുന്നത്.
ഫണമാട്ടിക്കൊണ്ട് ഇരുവരും നിമിഷങ്ങളോളം നിന്നു. പൊടുന്നനെ ശക്തമായൊരു സീൽക്കാരത്തോടെ മണിനാഗം മുന്നോട്ടാഞ്ഞു.കാവിൽ കരിയിലകൾ പറന്നു.
പാദങ്ങൾ പറിച്ചെടുക്കാനാവാതെ ശ്വാസമെടുക്കാൻ പോലും വിഷമിച്ച് നീലിമ നിന്നു. പിണയുന്ന ഉടലുകൾ.. ഉയരുന്ന സീൽക്കാരങ്ങൾ... പകയോടെ ആഞ്ഞടിക്കുന്ന ഫണങ്ങൾ...
മണിനാഗത്തോട് ഏറെ നേരം പിടിച്ചു നിൽക്കാൻ കരിനാഗത്തിനായില്ല. അവൻ പടമൊതുക്കി സർപ്പത്തറയൂടെ പുറകിലേക്കിഴഞ്ഞു നീങ്ങി.
തറയിലേയ്ക്കു കയറിയ മണിനാഗം ശാന്ത ഗംഭീരനായി ഫണമെടുത്തു പിടിച്ച് ഒരു നിമിഷം നിന്നു. മുത്തശ്ശി കൈകൾ ചേർത്തു പിടിച്ചു തൊഴുതു. ഫണമൊതുക്കി നാഗം സർപ്പക്കല്ലിനു പിന്നിലേക്കു മറഞ്ഞു.
കണ്ണുകൾ വിടർത്തി ഒരു നർത്തകിയുടെ ഭാവ ചലനങ്ങളോടെ നീലിമ പറയുമ്പോൾ ഞാൻ എന്റെ നഷ്ടം മറന്നു.
നിനക്കറിയോ.... ഒരിക്കൽ കൂടി ഞാനവനെ കണ്ടിട്ടുണ്ട്. നീലിമ തുടർന്നു.
കാവിനു പുറത്തേയ്ക്ക് ഊഞ്ഞാൽ പോലെ കിടന്ന വള്ളിയിലിരുന്ന് ഞാനാടുകയായിരുന്നു. അരികിൽ നിന്നാരോ ചൂളമിട്ടു വിളിക്കും പോലെ....
സർപ്പക്കല്ലിനു നേരെ നോക്കിയ ഞാൻ കണ്ടു... പത്തടി മാത്രം അകലെയായി സ്വർണ മഞ്ഞ നിറത്തിൽ തിളങ്ങുന്ന മണിനാഗം...
മഷിയെഴുതിക്കറുപ്പിച്ച പോലുള്ള കണ്ണുകൾ... അടുക്കടുക്കായി വിളങ്ങുന്ന ചെതുമ്പലുകൾ...
കാവിലേയ്ക്ക് അരിച്ചിറങ്ങുന്ന വെളിച്ചത്തിൽ അവന്റെ വിരിഞ്ഞ ഫണത്തിലെ രാജ മുദ്ര വെട്ടിത്തിളങ്ങി...
അനങ്ങാനാവാതെ മുഖാമുഖം നോക്കി നിന്ന നിമിഷങ്ങൾ..... യുഗങ്ങൾ പോലവ കൊഴിഞ്ഞു വീണു. പിന്നെ പതുക്കെയവൻ ഇഴഞ്ഞ് സർപ്പത്തറയെ ചുറ്റി പിന്നിലെ വലിയ പുറ്റിൽ മറഞ്ഞു.
പുതച്ചു കൊണ്ട് തിരിഞ്ഞു കിടന്ന നീലിമ പെട്ടെന്നുറങ്ങിയെങ്കിലും എന്റെ മനസ്സ് കുന്നത്തൂർ കോവിലകത്തെ സർപ്പക്കാവിന്റെ പരിസരങ്ങളിൽ ചുറ്റിനടന്നു.
പുലർച്ചെ പാടത്ത് ചെമ്പട്ടിൽ ഫണമടിക്കുന്ന രണ്ടു സർപ്പങ്ങളെ കണ്ട് ഉറക്കം ഞെട്ടിയുണർന്നെങ്കിലും സാക്ഷാൽ മണിനാഗം എന്റെ സ്വപ്നങ്ങളിലണയാത്തതിന്റെ നിരാശ ബാക്കിയായി.
xxx xxx xxx xxx xxx
ഹൈവേയിൽ നിന്നും ബസ് വീതി കുറഞ്ഞ നാട്ടുവഴിയിലേയ്ക്കു കടന്നിരിക്കുന്നു.
കുണ്ടും കുഴിയും ഏറെയുള്ള റോഡിലേയ്ക്കു കയറിയതോടെ ബസിന്റെ വേഗത വല്ലാതെ കുറഞ്ഞത് നന്നായി തോന്നി.
നഗരത്തിരക്കിൽ നിന്നൊഴിഞ്ഞ് മിക്കവാറും വിജനമായിക്കിടക്കുന്ന ഗ്രാമപാതയിലൂടെ വാഹനം മുന്നോട്ടു നീങ്ങി.
പരന്നു കിടക്കുന്ന പാടത്തിനു നടുവിൽ, അൽപം ഉയർന്ന മേടുകളിൽ കാണാം കളപ്പുരകൾ... ചിലയിടത്തായി ഇഷ്ടികക്കളങ്ങൾ. വല്ലപ്പോഴും മാത്രം കാണുന്ന വീടുകൾ...
കാടുപിടിച്ചു കിടക്കുന്ന ചില ഒഴിഞ്ഞ പറമ്പുകളെ കടന്നു പോകുമ്പോൾ ഓർത്തു, ഇവയിലേതെങ്കിലുമായിരിക്കും നീലിമ പറഞ്ഞ ആ നാഗത്താൻ പറമ്പ്.
വലിയൊരു ആൽമരത്തിനു താഴെ പ്രതിഷ്ഠിക്കപ്പെട്ട നാഗശിലകളുള്ള പറമ്പിന്റെ അവകാശികളെല്ലാം അന്യനാടുകളിലേയ്ക്കു കുടിയേറിയിരിക്കുന്നു.
ഏക്കറുകണക്കിനുള്ള പറമ്പിന് കോടികൾ വിലമതിക്കുമെങ്കിലും അത് വിൽക്കുന്നതിനുള്ള അവരുടെ ശ്രമങ്ങളെല്ലാം പാഴായി.
നാഗ പ്രതിഷ്ഠകൾ തന്നെയായിരുന്നു പ്രധാന തടസ്സം ഒടുവിൽ ആ ശിലകളെല്ലാം മറ്റൊരിടത്തേയ്ക്ക് മാറ്റി പ്രതിഷ്ഠിക്കാൻ തീരുമാനമായി.
അതിനായി ജെ സി ബി വന്നു. മരങ്ങളും പാറക്കല്ലുകളും മറിച്ചിട്ടും എടുത്തു മാറ്റിയും പറമ്പു വൃത്തിയാക്കുന്നതിനിടെ പൊങ്ങി വന്നത് ചെറുതും വലുതുമായ അനേകം നാഗശിലകൾ...
പറമ്പിന്റെ തെക്കേ മൂലയിൽ തലയുയർത്തി നിന്ന വലിയ സർപ്പപ്പുറ്റിനു മുന്നിൽ പകുതിയോളം മണ്ണിൽ മറഞ്ഞ ശില മാന്തിയെടുക്കാനാഞ്ഞതും കാതടപ്പിക്കുന്ന ശബ്ദത്തിൽ ഒരു മിന്നൽ മണ്ണിലേയ്ക്കു പതിച്ചു.
പേടിച്ച ഡ്രൈവറും മറ്റു പണിക്കാരും ആ പറമ്പിൽ നിന്ന് ഓടി മാറി.
കൊടുംവേനലിൽ കരിമേഘങ്ങൾ ഉരുണ്ടു കൂടി. തുടരെ തുടരെ മണ്ണിലേയ്ക്കിറങ്ങി വന്ന മിന്നലുകൾ.... പിന്നാലെ കോരിച്ചൊരിയുന്ന മഴ...
കൊടുംവേനലിൽ കരിമേഘങ്ങൾ ഉരുണ്ടു കൂടി. തുടരെ തുടരെ മണ്ണിലേയ്ക്കിറങ്ങി വന്ന മിന്നലുകൾ.... പിന്നാലെ കോരിച്ചൊരിയുന്ന മഴ...
പിന്നീടാരും ആ പറമ്പിലേയ്ക്കു കാലെടുത്തു വയ്ക്കാൻ പോലും മുതിർന്നിട്ടില്ല എന്നു പറഞ്ഞു നിർത്തുമ്പോൾ നീലിമയുടെ അഴകാർന്ന മിഴികൾ തിളങ്ങി.
എൻട്രൻസ് എഴുതാനായി നാട്ടിലേയ്ക്കു പോയ നീലിമ തിരിച്ചു വന്നില്ല.
കാലം കടന്നു പോയത് എത്ര പെട്ടെന്നാണ്. കൊല്ലങ്കോട് ഹൈസ്കൂളിൽ അധ്യാപികയായി നിയമന ഉത്തരവ് കൈയിൽ കിട്ടിയപ്പോൾ മനസ്സിൽ തെളിഞ്ഞത് നീലിമയുടെ മുഖമായിരുന്നു...
സ്കൂളിൽ അന്വേഷിച്ചപ്പോൾ കുന്നത്തൂർ കോവിലകം അകലെയല്ല. അങ്ങനെയാണ് ജോയിൻ ചെയ്തതിനു ശേഷംകിട്ടിയ ആദ്യ അവധിയിൽ തന്നെ ഈ യാത്ര...
നീലിമയിപ്പോഴും കോവിലകത്തുണ്ടാകുമോ... അച്ഛനെപ്പോലെ ഒരു ഡോക്ടറായിട്ടുണ്ടാകും...
നീലിമയുടെ ഏറ്റവും വലിയ ദു:ഖമായിരുന്നു അച്ഛൻ.
അന്യജാതിക്കാരനുമായുള്ള രുഗ്മിണിയുടെ പ്രണയം അംഗീകരിക്കാൻ കോവിലകത്തെ തമ്പുരാക്കൻമാർക്കാവില്ലായിരുന്നു...
വാശിയോടെ പഠിച്ചു ഡോക്ടറായ രവീന്ദ്രനൊപ്പം രുഗ്മിണി കോവിലകം വിട്ടിറങ്ങി
അഞ്ചു വർഷത്തെ സന്തോഷകരമായ ദാമ്പത്യം. അതിനിടെ നീലിമയുടെ ജനനം...
തുടർ പഠനത്തിനായി അമേരിക്കയിൽ പോയ രവീന്ദ്രൻ അവിടെ ഒരു ഹോസ്പിറ്റലിൽ ഉയർന്ന പോസ്റ്റിൽ തന്നെ നിയമിതനായി.
കൊച്ചു നീലിമയേയും അമ്മയേയും അമേരിക്കയിലേയ്ക്കു കൊണ്ടു പോകുന്നതിനുള്ള തയ്യാറെടുപ്പുകൾ നടന്നുവരികെയാണ് ഹൃദയ സ്തംഭനത്തിന്റെ രൂപത്തിൽ വിധി നീലിമയുടെ സന്തോഷങ്ങൾ കവർന്നെടുക്കുന്നത്.
പിന്നീട് രവീന്ദ്രന്റെ വീട്ടിൽ, ഏട്ടത്തിയമ്മയുടെ വേലക്കാരി എന്ന നിലയിലേയ്ക്ക് പറിച്ചുനടപ്പെട്ടു രുഗ്മിണിയുടെ ജീവിതം.
പിന്നീട് അമ്മയും മോളും അനുഭവിച്ച യാതനകൾ... അപഹാസ്യരാക്കപ്പെട്ട നിമിഷങ്ങൾ...
നീലിമ പറയുമ്പോൾ എന്റെ കണ്ണുകൾ ചോർന്നൊലിക്കുകയായിരുന്നു.
നീലിമയുടെ കണ്ണുകളിൽ പക്ഷേ നനവായിരുന്നില്ല,... പകയുടെ കനലുകളായിരുന്നു...
എന്നെ ചേർത്തു പിടിച്ച് എന്റെ കണ്ണിൽ നോക്കി നീലിമ ചിരിച്ചു.
ഞാനെന്തിനു കരയുന്നു എന്നു പോലും എനിക്കറിയില്ലായിരുന്നു... അതൊക്കെ കഴിഞ്ഞില്ലേ... നീലിമ എന്റെ കണ്ണുകൾ തുടച്ചു.
മുത്തശ്ശി വന്ന് എന്നെയും അമ്മയേയും കോവിലകത്തേയ്ക്ക് കൂട്ടി. മുത്തശ്ശിക്കെന്നെ എന്തിഷ്ടാന്നറിയോ... ഒരിക്കൽ ഞാൻ തന്നെ എന്റെ മുത്തശ്ശീടടുത്തേയ്ക്കു കൂട്ടിക്കൊണ്ടു പോകും...
ബസ് ഒരു കുലുക്കത്തോടെ സ്റ്റോപ്പിൽ നിന്നപ്പോൾ ഓർമകളിൽ നിന്നും ഞെട്ടിയുണർന്നു.
ബസിറങ്ങി അന്വേഷിച്ചപ്പോൾ കുറച്ചധികം നടക്കാനുള്ള ദൂരമുണ്ടെന്നറിഞ്ഞു. ഒരു ഓട്ടോ പിടിച്ചു.
മനയിൽ ഇപ്പോഴൊരു മുത്തശ്ശി മാത്രമാണുള്ളതെന്ന് ഓട്ടോ ഡ്രൈവർ പറഞ്ഞതോടെ പ്രതീക്ഷകൾ അസ്തമിച്ച പോലെയായി.
ഇടുങ്ങിയ വഴിക്കിരുപുറം പരന്നു കിടക്കുന്ന പ്രദേശമാകെ കാടുപിടിച്ചിരിക്കുന്നു. എന്തോ ഒരു വല്ലായ്മ മനസ്സിനെ കീഴടക്കാൻ തുടങ്ങി. തിരിച്ചു പോയാലോ എന്നു പോലും ഒരു വേള ചിന്തിച്ചു.
ഞാനിവിടെ ആദ്യമായാണ്. വെയ്റ്റു ചെയ്യണമെന്നു പറഞ്ഞപ്പോൾ ഓട്ടോ ഡ്രൈവർ സമ്മതിച്ചതിന്റെ ധൈര്യത്തിൽ പുറത്തെ കാഴ്ചകളിൽ മിഴിനട്ടു ഞാനിരുന്നു.
പൂർവപ്രതാപത്തിന്റെ പ്രൗഢി മായാത്ത വലിയൊരു നാലുകെട്ടിന്റെ പടിപ്പുരയ്ക്കു മുന്നിൽ ഓട്ടോ നിന്നു.
പടിപ്പുര കടന്ന് ആ വലിയ തറവാടിന്റെ മുന്നിലെത്തി ഞാൻ നിന്നു. കാലം വരച്ചു ചേർത്ത ചില മാറ്റങ്ങൾക്കപ്പുറം നീലിമയുടെ വാക്കുകളിലൂടെ ഞാൻ കേട്ടറിഞ്ഞതിൽ നിന്നും വലിയ വ്യത്യാസമൊന്നുമില്ല.
തെച്ചിയും മന്ദാരവും ചെമ്പരത്തിയും അതിരിടുന്ന വിശാലമായ മുറ്റം. പടർന്നു പന്തലിച്ച ഫലവൃക്ഷങ്ങൾ വീടിനു ചുറ്റുമുണ്ട്.
ഒഴിഞ്ഞ കയ്യാലയുടെ ഒരു വശത്തായി താഴെ പറമ്പിലേയ്ക്കിറങ്ങുന്ന പടവുകൾ... അതിറങ്ങിച്ചെന്നെത്തുന്ന വഴി നീണ്ടുപോകുന്നത് സർപ്പക്കാവിലേക്കാണെന്നോർത്തു ഞാൻ.
വീടിനു മുന്നിലെ കോളിങ്ങ് ബെല്ലമർത്തിയപ്പോൾ വെളുത്തു മെലിഞ്ഞൊരു മധ്യവയസ്ക വാതിൽ തുറന്നു വന്നു.
നീലിമയുടെ കൂട്ടുകാരിയെന്നു പരിചയപ്പെടുത്തിയപ്പോൾ അകത്തേയ്ക്കു ക്ഷണിച്ചു. നീളൻ വരാന്തയിലിട്ട കൊത്തുപണികൾ ചെയ്ത ചാരു ബഞ്ചിലേയ്ക്ക് ഞാനിരുന്നു.
നീലിമ പോയിട്ട് നാലു വർഷമായി.അവർ ദൂരെ സർപ്പക്കാവിനു നേരെ കണ്ണയച്ചു.
ഓരോ ആയില്യം നാളിലും സർപ്പത്തറയിൽ മുടങ്ങാതെ തിരി വെച്ച എന്റെ കുട്ടിയെ അവർ തന്നെ കൊണ്ടുപോയി.ആ അമ്മ കണ്ണു തുടച്ചപ്പോൾ കാറ്റിൻ ചുഴലിയിലേയ്ക്ക് എടുത്തെറിയപ്പെട്ട അവസ്ഥയിലായിപ്പോയി ഞാൻ....
അമ്മയിവിടെ തനിച്ച്.... വാക്കുകളെന്റെ തൊണ്ടയിൽ തടഞ്ഞു...
തനിച്ചല്ല. ഈ വീട്ടിലെ മുത്തശ്ശിയുണ്ട് കൂട്ടിന്. ഇവിടുത്തെ കാര്യസ്ഥനായിരുന്നു നീലിമയുടെ അച്ഛൻ.
വേണ്ടപ്പെട്ടവരെല്ലാം വിദേശത്തായ അനാഥ ജന്മമായ മുത്തശ്ശി, അദ്ദേഹം മരിച്ചപ്പോൾ എന്നെയും നീലിമയേയും കൂടെ താമസിപ്പിച്ചു.
അവളെ നൃത്തവും സംഗീതവും പഠിപ്പിച്ചു. കഥകൾ പറഞ്ഞു കൊടുത്ത് കൂടെക്കൂട്ടി.
വിഷം തീണ്ടി എന്റെ കുട്ടി പോയതോടെ തളർന്നു പോയത് മുത്തശ്ശിയാണ്. നീലിമയുടെ അമ്മ തുടർന്നു. അകത്തു നിന്നും ചിലമ്പിച്ച ഒരു ചുമ ഉയർന്നു കേട്ടു .
ഒരു സ്വപ്നത്തിലെന്നോണം ഞാൻ യാത്ര പറഞ്ഞ് പടികളിറങ്ങി. വല്ലാത്തൊരു നൊമ്പരം കണ്ണുകളെ ഈറനണിയിച്ചു.
ഓട്ടോയിലേക്കു കയറും മുമ്പേ ആ വലിയ വീടിനു നേരെ നോക്കി ഞാൻ ഒരു നിമിഷം നിന്നു.
സർപ്പക്കാവിൽ നിന്നാവണം പാലപ്പൂ ഗന്ധമുള്ള ഒരു കാറ്റെന്നെ തഴുകി കടന്നു പോയി.
കയ്യാലയും പടിപ്പുരയും കടന്ന് നീലിമ ഓടി വരുമെന്നും എന്നെ ചേർത്തു പിടിച്ച് നനഞ്ഞ കണ്ണുകൾ തുടയ്ക്കുമെന്നും വെറുതെയോർത്തു...
വർഷങ്ങൾക്കിപ്പുറം അന്നു രാത്രിയിൽ ഞാൻ സർപ്പത്തെ സ്വപ്നം കണ്ടു. സ്വർണ വർണത്തിൽ തിളങ്ങുന്ന ശൽക്കങ്ങളുള്ള..... നീണ്ട കണ്ണുകൾ വാലിട്ടെഴുതിയ മണിനാഗത്തിന് നീലിമയുടെ മുഖമായിരുന്നു.
...... Surya Manu.
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക