നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പുല്ലുമേരിചേച്ചിയും അമേരിക്കൻ ക്യാമ്പും

Image may contain: 1 person

ചാലക്കുടി സേക്രഡ് ഹാർട്ട് കോളേജിൽ ഒന്നാം വർഷം പ്രീഡിഗ്രിക്കു പഠിക്കുന്ന സമയം. അന്ന് കോളേജിലെ എൻ എസ്‌ എസ്‌ ന്റെ സജീവ പ്രവർത്തകയായി വിലസുകയാണ്. റോഡ് വൃത്തിയാക്കാനും, മരം നടാനും, വീടുകൾ തോറും നടന്നു സർവ്വേ നടത്താനും ഒക്കെ ഞാനും കൂട്ടരും റെഡി.
അങ്ങനെ ക്രിസ്തുമസ് കാലമായി, സിസ്റ്റേഴ്സ് നടത്തുന്ന കോളേജായതിനാൽ ഓണത്തിനും ക്രിസ്തുമസിനും ഒക്കെ സ്കൂളിലെ പോലെ എക്സാം ഉണ്ട്. ഡിസംബർ ആദ്യത്തെ ആഴ്ച തന്നെ എൻ എസ്‌ എസ്‌ ന്റെ കോഓർഡിനേറ്റർ ആയ സിസ്റ്റർ ഞങ്ങളോട് പറഞ്ഞു, “ക്രിസ്തുമസ് അവധിക്കു എൻ എസ്‌ എസ്‌ ന്റെ ഒരു ക്യാമ്പ് ഉണ്ട്. പത്തു ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പ്, വരാൻ താല്പര്യമുള്ളവർ നേരത്തെ പേര് തരണം. എത്ര പേര് ഉണ്ട് എന്നറിഞ്ഞിട്ടു വേണം വേണ്ട ഒരുക്കങ്ങൾ നടത്താൻ."
ഞങ്ങൾ "എവിടെയാ സിസ്റ്ററെ ക്യാമ്പ് ?"
സിസ്റ്റർ "വി ആർ പുരം. അവിടെ ഒരു സ്കൂൾ ഉണ്ട്. അവിടെയാ നമ്മൾ താമസിക്കുന്നത്. ഫുഡ് എല്ലാം ഉണ്ടാക്കാൻ ഒരാൾ ഉണ്ടാവും, പക്ഷെ നമ്മൾ ഹെല്പ് ചെയ്യണം. ഈ വർഷത്തെ ക്രിസ്തുമസ് നമ്മൾ അവിടെ ഒരുമിച്ച് ആഘോഷിക്കും"
എല്ലാരും ഹാപ്പിയായി. വീട്ടിൽനിന്നു അനുവാദവും വാങ്ങി പിറ്റേന്ന് തന്നെ ഞങ്ങൾ കുറെ പേർ പേര് കൊടുത്തു. പിന്നെ ക്യാമ്പിന്റെ പ്രവർത്തനങ്ങളെപ്പറ്റിയും അവിടെ അവതരിപ്പിക്കേണ്ട പരിപാടികളെ പറ്റിയും ചർച്ചകൾ, ആലോചനകൾ തീരുമാനങ്ങൾ ഇടയ്ക്കു അടികൾ, ഡാൻസ്, മിമിക്രി, നാടകം, ഗാനമേള എന്ന് വേണ്ട സർവത്ര ഒരുക്കങ്ങൾ. കോളേജിലും വീട്ടിലും പള്ളിയിലും ഊണിലും ഉറക്കത്തിലും ഒക്കെ ഇത് തന്നെ ചിന്ത. ഇന്നത്തെ പോലെ ഫോണും മൊബൈലും ഒന്നും ഇല്ലാത്തതിനാൽ വീട്ടിൽ വച്ച് കിട്ടുന്ന ഐഡിയകൾ ഒക്കെ എഴുതിവെക്കും. അടുത്ത ദിവസം കോളേജിൽ എത്തുമ്പോഴേക്കും സിസ്റ്ററിനെയും കൂട്ടുകാരെയും അറിയിക്കും. അതിനിടയ്ക്ക് ക്രിസ്തുമസ് പരീക്ഷ വന്നു . English, Malayalam, Economics, World History, Indian History. അഞ്ചു ദിവസത്തെ പരീക്ഷ. അവസാനത്തെ പരീക്ഷയും കഴിഞ്ഞു നേരെ ക്യാമ്പിലേക്ക്.
അങ്ങനെ അവസാന പരീക്ഷയുടെ ദിവസം സമാഗതമായി. ഞാൻ വലിയ ത്രില്ലിലാണ്. ആദ്യമായാണ് ഞാനില്ലാത്ത ക്രിസ്തുമസ് വീട്ടിൽ. അതിന്റെ വിഷമം ഒക്കെയുണ്ട്, എന്നാലും ക്യാമ്പ് എന്താണെന്നറിയാനുള്ള ആകാംഷയും അവിടത്തെ പരിപാടികളെക്കുറിച്ചുള്ള ത്രില്ലും ഒക്കെയായി, തലേന്ന് തന്നെ പോകാനുള്ള സാധനങ്ങൾ എല്ലാം ഒരു എയർബാഗിൽ കുത്തിനിറച്ചു ഞാൻ റെഡിയായിരുന്നു. രാവിലെ തന്നെ പതിവ് സമയത്തു, ചീർത്തു വീർത്ത എയർബാഗുമായി ഞാൻ ഇറങ്ങി.
അന്ന് ഞങ്ങൾ താമസിച്ചിരുന്നത് കലാഭവൻ മണിയുടെ ജന്മത്താൽ സുപ്രസിദ്ധമായ ചേനത്തുനാടിന്റെ അങ്ങേയറ്റത്താണ്. അവിടെ നിന്നും കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ് നടന്നാണ് ഞാൻ എന്നും കോളേജിൽ പൊയ്ക്കൊണ്ടിരുന്നത്. പക്ഷെ അന്ന് കിലോക്കണക്കിന് തൂക്കമുള്ള ബാഗും തൂക്കിയുള്ള നടത്തം, ഹോ... തുടക്കത്തിൽ ഞാൻ വലിയ ഉത്സാഹത്തിലാരുന്നു, വഴിയിൽ കണ്ട എല്ലാരോടും യാത്ര പറഞ്ഞു അടിപൊളിയാരുന്നു. കൂട്ടത്തിൽ വായിനോക്കുന്ന ചേട്ടന്മാരും, എല്ലാരോടും പറഞ്ഞു. പക്ഷെ കുറച്ചു കഴിഞ്ഞപ്പോൾ തളർന്നു തുടങ്ങി.
അങ്ങനെ കഴുതയെപോലെ ഭാരം ചുമന്നു വിയർത്തു വന്ന എന്നെ കണ്ടു ദയ തോന്നിയ ഒരു വായ്നോക്കി ചേട്ടൻ ബസ്സ്റ്റാൻഡിൽ എത്തിക്കാം എന്ന ഉറപ്പിൽ സൈക്കിളിൽ കയറ്റി കൊണ്ടുപോയി. ചാലക്കുടി മുനിസിപ്പൽ ബസ്സ്റ്റാൻഡിൽ ഇറക്കി. നന്ദിയോടെ ചിരിച്ചു കാണിച്ചു, ഞാൻ ബാഗും തൂക്കി ഓടിപോയി കോളേജിന് മുൻപിൽ കൂടി പോണ ബസിൽ കേറി. പത്തു ദിവസത്തെ ക്യാമ്പിന് പോണ കാരണം 'അമ്മ തന്ന പത്തു രൂപ എന്റെ കൈയിൽ ഉണ്ടായിരുന്നു അതിൽനിന്നും രണ്ടു രൂപ ടിക്കറ്റും എടുത്തു കോളേജിന്റെ മുൻപിൽ ചെന്നിറങ്ങി.
പരീക്ഷയൊക്കെ കഴിഞ്ഞു, എല്ലാരും കൂടി വീട്ടിൽനിന്നും കൊണ്ടുവന്ന ചോറ് വട്ടമിട്ടിരുന്നു തിന്നു. മൂന്നു മണിക്ക് വണ്ടി വരും എന്ന് പറഞ്ഞിരുന്നു. മൂന്നു മണിയാകാൻ വഴിക്കണ്ണുമായി കാത്തിരിപ്പു തുടങ്ങി. അങ്ങനെ മൂന്നേകാൽ കഴിഞ്ഞപ്പോൾ ഒരു പെട്ടിഓട്ടോ കോളേജിന്റെ പടി കടന്നു മന്ദം മന്ദം വന്നു നിന്നു. അപ്പോൾ സിസ്റ്റർ വന്നു എല്ലാരോടും ബാഗ് കൊണ്ട് വരാൻ പറഞ്ഞു.
ഞങ്ങൾ നോക്കിയപ്പോൾ പത്തു ദിവസം കഴിക്കാനുള്ള സാധനങ്ങൾ, അരി, പയർ പഞ്ചസാര ചായപ്പൊടി കായക്കുല സവാള ഉള്ളി പത്രങ്ങൾ തുടങ്ങി എല്ലാ ലൊട്ടുലൊടുക്ക് സാധനങ്ങളും കൂടെ ഞങ്ങളുടെ ബാഗുകളും ആ വാഹനത്തിൽ കയറ്റി. ഡ്രൈവർ പിന്നെ വെപ്പുകാരനും കൂടി അതിൽ കയറിപ്പോയി. ഞങ്ങൾ വീണ്ടും വണ്ടി നോക്കി നിൽപ്പായി. അപ്പോൾ അകത്തേക്ക് പോയ സിസ്റ്റർ ഒരു ബാഗ് തോളിൽ ഇട്ടു ഒരു കുടയും പിടിച്ചു പുറത്തു വന്നു. കൂടെ വേറെ രണ്ടു മൂന്നു സിസ്റ്റേഴ്സ് ഉണ്ട്. "മക്കളെ പൂവാം" സിസ്റ്റർ ഞങ്ങളെ നോക്കി പറഞ്ഞു.
"അല്ല സിസ്റ്റർ വണ്ടി ..." ഞങ്ങൾ പറയാൻ തുടങ്ങിയില്ല , അതിനുമുമ്പേ സിസ്റ്റർ പറഞ്ഞു, "വണ്ടി പോയില്ലേ, നമ്മൾ നടന്നു പോകും, വേഗം വാ, അവിടെ ചെന്നിട്ടു കുറെ പണിയുണ്ട്"
അങ്ങനെ ഞങ്ങൾ നടന്നു തുടങ്ങി. കോളേജ് തന്നെ ടൗണിൽ നിന്നും കുറച്ചു ദൂരെയാണ്. അവിടെ നിന്നും കുറെ ഉള്ളിലോട്ടു മാറിയാണ് വി ആർ പുരം എന്ന സ്ഥലം. ഗുളിക കഴിക്കാൻ എഴുതുന്ന പോലെ ദിവസം മൂന്ന് നേരം മാത്രം അതുവഴി ഒരു ബസ് പോകും. അത് കേടാകാതെ ഇരുന്നാൽ വരും അല്ലെങ്കിൽ ......................
അങ്ങനെ ഞങ്ങൾ സ്കൂളിൽ എത്തി. സ്കൂൾ കെട്ടിടം കണ്ടു. കെട്ടിടം എന്ന് പറയാൻ പറ്റില്ല. ഗവണ്മെന്റ് സ്കൂളുകളുടെ അവസ്ഥ അറിയാമല്ലോ അതും 20, വർഷങ്ങൾക്ക് മുൻപ്. V' ഷേപ്പിൽ ഒരു കെട്ടിടം, സ്കൂൾ ന്റെ ഓഫിസ്, ടീച്ചേർസ് റൂം, ഒക്കെ ഉള്ളത്. അവിടെ ആകെ ഏഴോ എട്ടോ റൂമുകൾ ഉണ്ട്. എല്ലാത്തിനും വാതിൽ ഉണ്ട്. അത് ഭാഗ്യം. പിന്നെ തൊട്ടടുത്ത് I' ഷേപ്പിൽ വേറെ ഒരു കെട്ടിടം, ഓപ്പൺ ആയ ക്ലാസ്റൂമുകൾ അഞ്ചാറെണ്ണം. പുറകിൽ ഒരു വിശാലമായ ഗ്രൗണ്ട്, അറ്റത്തു നീളൻ മൂത്രപ്പുര. മൂത്രപ്പുരയുടെ മുകൾ ഭാഗം ഓപ്പൺ ആണ്. ഇതാണ് സ്കൂൾ. പിന്നെ കോളേജ് കുമാരികൾ വരുന്നത് പ്രമാണിച്ചു ആ പരിസരത്തെ എല്ലാ വായ്നോക്കികളും അവിടെ ഹാജരുണ്ട്, എല്ലാരും വലിയ മര്യാദരാമന്മാരായി ഞങ്ങളെ സഹായിക്കാൻ നിൽപ്പാണ്.
അങ്ങനെ അവിടെ ഞങ്ങൾ താമസം ആരംഭിച്ചു. സ്കൂളിന്റെ അടുത്ത് തെങ്ങു ചെത്തുന്നുണ്ടോ എന്നാണ് ഞങ്ങൾ ആദ്യം അനേഷിച്ചത്. തെറ്റിദ്ധരിക്കേണ്ട, തെങ്ങു ചെത്തുന്നുണ്ടെങ്കിൽ, അവർ തെങ്ങു ചെത്തുന്ന സമയം മാറ്റിവച്ചു വേണം കുളി മുതലായ കാര്യങ്ങൾ നിർവഹിക്കാൻ. മൊബൈൽ ഫോൺ പ്രചാരത്തിലില്ലാത്ത സമയം ആയതിനാൽ കൂടുതൽ പേടിക്കേണ്ട ആവശ്യമില്ല. എന്നാലും കഴുകിയുണക്കാനിട്ട അടിവസ്ത്രങ്ങൾ ചിലതു നഷ്ടപെട്ടതൊഴിച്ചാൽ കാര്യമായ ബുദ്ധിമുട്ടുകൾ ഉണ്ടായില്ല.
പാട്ടും കളിയും മെഡിക്കൽ ക്യാമ്പും വീടുസന്ദർശനവും ക്ലാസ്സുകളും ഒക്കെയായി പത്തു ദിവസം കഴിഞ്ഞു. ക്രിസ്തമസ് ദിവസം, ക്രിസ്ത്യൻ കുട്ടികൾ വീട്ടിലെ കാര്യം ആലോചിച്ചു കണ്ണ് നിറഞ്ഞു എന്നാലും പുൽക്കൂടും ക്രിസ്തമസ് ട്രീയും കരോൾ പാർട്ടിയും പാതിരാകുർബാനയും ഒക്കെയായി ഞങ്ങൾ അടിച്ചുപൊളിച്ചു. പാതിരാകുർബാനക്കു നിന്നപ്പോൾ വീട്ടീന്ന് മാറിയുള്ള ക്രിസ്തുമസ് ആയതു എന്റെയും കണ്ണ് നനയിച്ചു. ആദ്യമായി കരഞ്ഞുകൊടു ക്രിസ്തമസ് കുർബാനയിൽ പങ്കെടുത്തു. അന്ന് ഉച്ച കഴിഞ്ഞപ്പോൾ ഒരു കേക്കുമായി അപ്പച്ചൻ വന്നപ്പോൾ എന്റെ എല്ലാ സങ്കടവും മാറി. ഒമ്പതാം ദിവസം രാത്രി ഒരു പൊതുസമ്മേളനം ഉണ്ടായിരുന്നു. അതിൽ എം എൽ എ, പഞ്ചായത്ത് പ്രസിഡന്റ് ഒക്കെ സംസാരിച്ചു. ഞങ്ങളും നാട്ടുകാരും കലാപരിപാടികൾ അവതരിപ്പിച്ചു. അങ്ങനെ സന്തോഷപൂർവം ക്യാമ്പ് അവസാനിപ്പിച്ചു. രാത്രി മുഴുവൻ വർത്തമാനം പറഞ്ഞും തല്ലുപിടിച്ചും ഇരുന്നു ബാഗ് പാക്ക് ചെയ്തു, രാവിലെ തന്നെ ക്യാമ്പിലെ അവസാന ബ്രേക്ക് ഫാസ്റ്റും കഴിച്ചു ഞങ്ങൾ യാത്രയായി. തിരിച്ചു കോളേജിലേക്കും അവിടെനിന്നു വീട്ടിലേക്കും.
ചാലക്കുടിയിൽ വന്നു ബസിറങ്ങി, വലിയ ബാഗും തൂക്കി എന്തോ പോയ അണ്ണാനെപ്പോലെ ഞാൻ മന്ദം മന്ദം നടന്നു. ഏതാണ്ട് വീട് എത്താറായപ്പോൾ, അതാ ഒരു വിളി, " മോളെ" ഞാൻ തിരിഞ്ഞു നോക്കി, തലയിൽ ഒരു കെട്ടു പുല്ലുമായി അതാ നിൽക്കുന്നു ഞങ്ങടെ പുല്ലുമേരിയേച്ചി. (കുറെ മേരി ചേച്ചിമാർ ഉള്ളത് കൊണ്ടും , എപ്പോഴും പശുവിനു പുല്ലരിയാൻ പോകുന്നതുകൊണ്ടും ആണത്രേ, അവർ പുല്ലുമേര്യേച്ചി എന്നറിയപ്പെടുന്നത്)
മേരിചേച്ചി എന്നോട് ചോദിച്ചു, "മോള് വരണ വഴിയാണല്ലേ, ആരും കൊണ്ടുവരാൻ വന്നില്ലേ, യാത്രയൊക്കെ സുഖായിരുന്നോ, എങ്ങനെയുണ്ടാരുന്നു അവിടെ താമസമൊക്കെ, അവിടെ ചൂടാണോ തണുപ്പാണോ"
ഇതെല്ലാം അവർ പറയുന്നത് നിന്നുകൊണ്ടല്ല, പുല്ലുകെട്ടു തലയിൽ വച്ച് വേഗത്തിൽ നടന്നു കൊണ്ടാണ്. അവരോടു വർത്താനം പറയണമെങ്കിൽ ബാഗും കൊണ്ട് ഞാൻ ഓടണം. അവർ എപ്പോഴും അങ്ങനെയാണ് നിന്നു വർത്താനം പറയില്ല. പ്രാരാബ്ധങ്ങൾ കൊണ്ടും പണിയൊഴിഞ്ഞു നേരമില്ലാത്തത് കൊണ്ടുമായിരിക്കും. അതിനാൽ ഒരു മറുപടി പറയാൻ എനിക്ക് അവസരം കിട്ടിയില്ല. എന്നാലും “അവിടെ ചൂടാണോ തണുപ്പാണോ" എന്ന് ചോദിച്ചത് എന്താണ് എന്ന് ചിന്തിച്ചു കൊണ്ട് ഞാൻ വീട്ടിൽ ചെന്ന് കയറി. ചെന്നപ്പോൾ തന്നെ 'അമ്മ ചോദിച്ചു, "നീ പുല്ലുമേരിനെ കണ്ടു അല്ലെ?" ഞാൻ ചോദിച്ചു "എന്തെ? ഞാൻ കണ്ടു. അവർ ഏതാണ്ടൊക്കെ പറഞ്ഞു. എനിക്കൊന്നും മനസിലായില്ല. അവിടെ ചൂടാണോ തണുപ്പാണോ എന്നൊക്കെ ചോദിച്ചു. ഞാനെന്താ ഉഗാണ്ടയിലാണോ പോയത്"
അമ്മ ചിരിച്ചു. "യാത്രയൊക്കെ സുഖായിരുന്നോ, വിമാനത്തിൽ കേറിയപ്പോൾ നിനക്ക് പേടിയായോ ?" എന്ന് ചോദിച്ചു. ഉഗാണ്ടയിൽ പോയതാണോ എന്ന് പറഞ്ഞത് കൊണ്ടായിരിക്കും എന്ന് കരുതി ഞാൻ അമ്മയെ തുറിച്ചു നോക്കി അകത്തേക്ക് കേറിപ്പോയി.
ഡ്രസ്സ് മാറ്റാൻ തുടങ്ങുന്നതിനു മുൻപായി 'അമ്മ വിളിച്ചു. "ഡീ, ഇങ്ങോട്ടു വന്നേ, ദേ, മേരിചേച്ചി വന്നേക്കണ് നിന്നെക്കാണാൻ" ഞാൻ ഞെട്ടിപ്പോയി. ഇതെന്തു കുന്താണ്, ഞാൻ ഇനി ശരിക്കും ഉഗാണ്ടയിൽ പോയതാണോ, ഇത്രയ്ക്കു വന്നു കാണാൻ.
പുറത്തു വന്ന എന്നെ നോക്കി അവർ പശുവിന്റെ കയറും പിടിച്ചു നില്കുന്നുണ്ടാരുന്നു, പശു കയർ വലിച്ചു പോകാൻ നോക്കുന്നുമുണ്ട്. എന്നെ കണ്ട പാടെ അവർ ചോദിച്ചു, 'അമ്മ ചോദിച്ച അതെ ചോദ്യം. "വിമാനത്തിൽ കയറിയപ്പോൾ പേടിയോ" ഞാൻ വാ പൊളിച്ചു അമ്മയെ നോക്കി. 'അമ്മ ചിരിച്ചുകൊണ്ട്, "ഏയ് അവൾക്കു പേടിയൊന്നും ഇല്ല" എന്ന് പറഞ്ഞു . "എന്നാലും ഇത്രേം യാത്ര ചെയ്തിട്ടും ദൂരെ പോയി താമസിച്ചിട്ടും അവൾക്കു ക്ഷീണമൊന്നുമില്ല ട്ടോ, അവിടെയൊക്കെ ഇതുപോലെയാണോ മോളെ, എന്നാലും മോൾക്ക് അവിടെയൊക്കെ കാണാൻ ഭാഗ്യം ഉണ്ടായല്ലോ"
"ചേച്ചി ഇതേവിടത്തെ കാര്യമാണ് പറയുന്നത് " ഞാൻ ചോദിച്ചു. അവർ പറഞ്ഞു " അല്ല മോളെ, കോളേജിൽ നിന്നു പോയില്ലേ, അമേരിക്കയിൽ ക്യാമ്പിൽ പങ്കെടുക്കാൻ' അപ്പോൾ എന്റെ വായ പൊളിഞ്ഞു കീറിപ്പോയി. വി ആർ പുരം എന്ന സ്ഥലം അമേരിക്കൻ ജംഗ്ഷനിൽ ആണെന്ന് അപ്പോൾ മാത്രമാണ് ഞാൻ അറിഞ്ഞത്. അങ്ങോട്ടുള്ള യാത്രയും അവിടത്തെ താമസവും എന്റെ മനോമുകുരത്തിൽ മിന്നി മറഞ്ഞു. അപ്പോൾ അവർ വീണ്ടും പറഞ്ഞു "എന്നാലും മോൾക്ക് ഇത്രേം ചെറുപ്പത്തിൽ അമേരിക്കയിൽ പോകാൻ ഭാഗ്യം ഉണ്ടായല്ലോ. ഇനിയും ഇതുപോലെ കുറെ രാജ്യങ്ങൾ കാണാനും പോകാനും ഭാഗ്യം ഉണ്ടാകട്ടെ" ഇത്രയുമായപ്പോഴേക്കു പശു വല്ലാതെ വലിച്ചത് കൊണ്ട്, "പോട്ടേട്ടാ, ഈ പശു സമ്മതിക്കണില്ല" എന്നും പറഞ്ഞു അവർ പോയി. എന്റെ 'അമ്മ, ഹ ഹ് ഹാ ഹി ഹിഹി ഹു ഹു എന്നും പറഞ്ഞു ചിരിയോടു ചിരി. അവർ ഇതുപോലെ ഓട്ടത്തിനിടയിലാണ് എന്റെ ക്യാമ്പിനെ കുറിച്ച് കേട്ടത് അതും അമേരിക്കയിൽ പോണൂന്നു. എന്റെ മാതാശ്രീ യാണെങ്കിൽ അത് തിരുത്തിയുമില്ല.
എന്നാലും വി ആർ പുരം അമേരിക്കയായതെങ്ങനെ എന്നും ചിന്തിച്ചു ഞാൻ കുളിക്കാൻ പോയി. അമേരിക്കയിൽ ഓപ്പൺ മൂത്രപ്പുരയിൽ അഞ്ചു പേർ കണ്ണുമടച്ചു നിന്നുള്ള കുളി പറഞ്ഞു കേട്ടപ്പോൾ 'അമ്മ ഓടിച്ചു വിട്ടതാണ് കുളിക്കാൻ.
അങ്ങനെ പ്രീഡിഗ്രി ഒന്നാം വർഷ വിദ്യാർത്ഥികളായ ഞങ്ങൾ ഗവേഷണ പഠനാർത്ഥം അമേരിക്കയിൽ പോയി പത്തു ദിവസത്തെ ക്യാമ്പ് നടത്തി തിരിച്ചു വന്നു.
വാൽകഷ്ണം: പുല്ലുമേര്യേച്ചിയുടെ അനുഗ്രഹത്താൽ തൊട്ടടുത്ത കൊല്ലം തന്നെ എൻ എസ്‌ എസ്‌ ന്റെ ആഭിമുഖ്യത്തിൽ പീച്ചി എന്നെ വിദേശരാജ്യത്തു പോയി മൂന്ന് ദിവസത്തെ മറ്റൊരു ക്യാമ്പിൽ പങ്കെടുക്കാൻ ഭാഗ്യം ലഭിച്ചു.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot