
ഒരാഴ്ചയായി നിര്‍ത്താതെപെയ്യുന്ന മഴയി‘ല്‍ തണുത്ത് വിറങ്ങലിച്ച വെളുപ്പാന്‍കാലം. അയലത്തെ ജോണിക്കുട്ടിയുടെ ഭാര്യയുമായി അന്നമ്മ ചേടത്തി പതിവില്ലാതെ ഏറെ നേരം സംസാരിക്കുന്നത് ചിറമ്മല്‍ പാപ്പച്ച’ന്‍ മുതലാളിയുടെ കണ്ണില്‍ പെടാതിരുന്നില്ല. എങ്കിലും ഒന്നും അറിയാത്ത ഭാവത്തിലിരുന്നു നല്ല പട്ടു പോലുള്ള പാലപ്പവും കൊഴുത്ത നാളികേരപ്പാല് ചേര്‍ത്ത താറാവു കറിയും രുചിയോടെ അകത്താക്കുമ്പോ’ള്‍ അന്നമ്മചേടത്തി മെല്ലെ മുരടനക്കി.
ഉം? എന്തായിരുന്നു രണ്ടുപേരും കൂടെ കൊച്ചുവെളുപ്പാന്‍കാലത്തൊരു സ്വകാര്യം. എന്തായാലും വേഗം പറഞ്ഞോണം. എനിക്ക് പോയിട്ട് അത്യാവശ്യമുള്ളതാ. ആ കുന്നക്കലെ ബെന്നീടെ വക NH നരികിലുള്ള 60 സെന്റ് ഭുമി ഞാനങ്ങു തീറാക്കാ’ന്‍ തീരുമാനിച്ചു. അവന്‍ ഇപ്പൊ ഇത്തിരി ക്ഷീണമുള്ള സമയമാ. അവന്റെ മോടെ കൊച്ചിന് എന്തോ കുടിയ ദീനമാന്നാ കേട്ടത്.പോരാത്തതിനു ഇപ്പൊ ആ വസ്തു മൊത്തം വെള്ളം മുങ്ങി കിടക്കുകാ. ആ പേരും പറഞ്ഞ് വില കുറച്ചുടെ താഴ്ത്താം. അത്യാവശ്യക്കാരനായത് കൊണ്ട് ചുളുവിലയ്ക്ക് വസ്തു ഇങ്ങു പോരും. പാപ്പച്ചന്‍ കുലുങ്ങിചിരിച്ചു. ഇച്ചായന്റെ പണക്കൊതിയെകുറിച്ച് നല്ല ധാരണയുള്ള അന്നമ്മ ചേടത്തി ഒരക്ഷരം മിണ്ടിയില്ല.
എന്തായാലും നീ വേഗം കാര്യം പറ.
ഇച്ചായന്‍ ദേഷ്യപ്പെടരുത്. ലില്ലിക്കുട്ടി വന്നത് ഒരു അത്യാവശ്യം പറയാനായിരുന്നു. അവരുടെ കൊച്ചിന് നല്ല ഒരു ആലോചന വന്നിട്ടുണ്ട്. ചെക്കന്‍ താലൂക്കഫീസില്‍ പ്യൂണ്‍ ആണെന്നാ പറഞ്ഞത്. എല്ലാം കൊണ്ടും നല്ല ആലോചനയാണെന്നാ അറിഞ്ഞത്.
ആഹാ. നല്ല കാര്യം. സര്‍ക്കാരുദ്യോഗമാവുമ്പോ നല്ല കിമ്പളം ഒക്കെ കിട്ടുമാരിക്കുമല്ലോ. എന്തായാലും ആ കൊച്ചിന്റെ കാലം തെളിഞ്ഞു.
ഇച്ചായനു എന്ത് പറഞ്ഞാലും ഈ കാശിന്റെ കണക്കു മാത്രമേ ഉള്ളോ? ഞാന്‍ പറഞ്ഞ് വന്ന കാര്യം ഒന്ന് മുഴുമിച്ചോട്ടെ.
ഓ ആയിക്കോട്ടെ.
ഇച്ചയനറിയല്ലോ ഈ നശിച്ച മഴ തുടങ്ങിയേപ്പിന്നേ ജോണിക്കുട്ടിയ്ക്ക് കടലില്‍ പോവാന്‍ പറ്റിയിട്ടില്ലെന്ന്‍. 2 മാസത്തിലേറെയായി വള്ളം ഇറക്കിയിട്ട്. നിത്യചിലവിനു തന്നെ അവര് കഷ്ടപ്പെടുകാ. അതിനിടയിലാണ് ഈ ആലോചന. 10 പവനും 2 ലക്ഷം രൂപയുമാണത്രേ അവരു ചോദിക്കുന്നത്. ചെക്കന് പെണ്ണിനെ അത്രയ്ക്ക് ബോധിച്ചത് കൊണ്ടാ ഇത്ര കുറവ് സ്ത്രീധനത്തിന് സമ്മതിച്ചതത്രേ. നല്ല ആലോചന ആയതു കൊണ്ട് തള്ളിക്കളയാനും തോന്നണില്ല. നുള്ളിയും പെറുക്കിയും സ്വര്‍ണം അവര് തരാക്കിയിട്ടുണ്ട്. പക്ഷെ രൂപ....... തല്ക്കാലം കടമായിട്ട് ഒരു 2 ലക്ഷം രൂപ കിട്ടുമോ എന്നറിയാനാ ലില്ലിക്കുട്ടി വന്നത്. 6 മാസം കൊണ്ട് എങ്ങിനെയെങ്കിലും അവരത് തിരിച്ചു തരും. നമ്മുടെ ഉമ്മറത്ത് കളിച്ചു വളര്‍ന്ന കൊച്ചല്ലയോ ഇച്ചായാ. ഒന്ന് സഹായിച്ചൂടെ.
ഭ.. മിണ്ടരുത് നീ. അങ്ങിനെ നിനക്ക് തോന്നുന്ന പോലെ വരിക്കൊരിക്കൊടുക്കാന്‍ നീ സ്ത്രീധനമായി കൊണ്ടുവന്നതൊന്നുമിവിടില്ലല്ലോടി അന്നക്കുട്ടി. നാട്ടുകാരുടെയൊക്കെ കല്യാണം നടത്തിക്കൊടുക്കാന്‍ നീ ആരാ കൊച്ചി മജിസ്ട്രേട്ടോ. ഞാന്‍ കഷ്ടപ്പെട്ട് സമ്പാദിക്കുന്നതേ അങ്ങിനെ സര്‍വാണി സദ്യ നടത്താനല്ല. രാവിലെ തന്നെ എന്റെ കൈ മേടിക്കാതെ എണീറ്റു പൊയ്ക്കോ. അതെങ്ങിനാ തരത്തിലേ കൂടാവൂ ന്നു പറഞ്ഞാല്‍ എന്റെ പെമ്പിളയ്ക്ക് തലയിലോട്ടങ്ങോട്ടു കയറില്ലല്ലോ. അവളുടെ ഒരു വക്കാലത്ത്. പാപ്പച്ചന്‍ കലിതുള്ളി.
ഒന്ന് പയ്യെ പറ മനുഷ്യാ. ആ പാവം അപ്പുറത്ത് ഉണ്ട്. നിങ്ങള്‍ക്ക് അല്‍പ്പമെങ്കിലും മനുഷ്യത്വം ഉണ്ടെന്നു ഞാന്‍ കരുതിപ്പോയി. എന്തെങ്കിലും ഒഴിവ്കഴിവ് പറഞ്ഞ് ഞാന്‍ ലില്ലിക്കുട്ടി യെ പറഞ്ഞ് വിട്ടോളാം. തല്ക്കാലം നിങ്ങള്‍ ഒന്നടങ്ങ്. ഒരുകണക്കിന് അയാളെ പറഞ്ഞു വിട്ട് അടുക്കള വരാന്തയിലെത്തിയപ്പോ ലില്ലിക്കുട്ടി നിന്നയിടം ശൂന്യം.അന്നമ്മചേടത്തി വിഷമത്തോടെ പിന്‍വാങ്ങി.
കലിതുള്ളി പോയ പാപ്പച്ചന്‍ പോയതിലും വേഗത്തില്‍ മടങ്ങി എത്തി.
എടി അന്നക്കുട്ടിയേ കാര്യങ്ങള്‍ ആകെ കുഴപ്പത്തിലവുമെന്നാ തോന്നുന്നേ. ടൌണ്‍ ആകെ മുങ്ങിയ മട്ടിലാ. എല്ലാരും വീടൊക്കെ ഒഴിഞ്ഞു ക്യാംപിലോട്ടും മറ്റും പോവുകയാന്നാ കേട്ടത്. പോരാത്തതിന് ഇടുക്കി ഡാമും തുറക്കാന്‍ പൊകുന്നൂന്നു പറയുന്നു. ഇക്കാണുന്ന സ്ഥിതിയൊക്കെ മാറുല്ലോടി കൊച്ചേ. വെള്ളം ദാ ന്നിങ്ങോട് പൊങ്ങും. നീ ഒരു കാര്യം ചെയ്യ്. നമുക്ക് സാധനങ്ങളൊക്കെ മുകളിലത്തെ നിലയിലോട്ടു കയറ്റാം. വെള്ളമിരങ്ങുന്നിടം വരെ അവിടെ കൂടാമെന്നേ.
എന്റെ കര്‍ത്താവേ . അത് വേണോ ഇച്ചായാ. എല്ലാരും പോവുന്നെങ്കില്‍ നമുക്കും പോകമെന്നേ. ഒറ്റയ്ക്ക് ഇവിടെ എങ്ങിനെ കഴിയുമെന്നാ? അന്നചേടത്തി വേവലാതി കൊണ്ടു.
നീ പേടിക്കാതെ. ഇക്കണ്ട രൂപയും സേഫില്‍ വച്ചിട്ട് എങ്ങിനെ വീട് വിട്ട് പോവാനാ. അതൊന്നും നടക്കില്ല . നീ എളുപ്പം സാധനങ്ങളൊക്കെ മുകളിലോട്ടു കയറ്റി വയ്ക്ക്. മനസില്ലാ മനസ്സോടെ ചേടത്തി സാധനങ്ങള്‍ കയറ്റിവയ്ക്കാന്‍ തുടങ്ങി.
സമയം സന്ധ്യയോടടുത്തു. അന്നമ്മചേടത്തി ജനല്‍ തുറന്നു ചുറ്റുപാടും കണ്ണോടിച്ചു. ഒരു മനുഷ്യക്കുഞ്ഞിനെ പോലും ആ പ്രദേശത്തെങ്ങും കാണാനില്ല. ചുറ്റുപാടുമാകെ വെള്ളം മാത്രം . ഉച്ച മുതല്‍ കറണ്ടുമില്ല. ഒരാവശ്യം വന്നാല്‍ എന്തോ ചെയ്യും കര്‍ത്താവെ. ഇതിയാനാന്നേ ഒരു കുലുക്കവുമില്ലല്ലോ. ചേടത്തിയുടെ നെഞ്ച് പട പടാന്ന് ഇടിക്കാന്‍ തുടങ്ങി. എന്തിനും കര്‍ത്താവു തുണ ചേടത്തി മെല്ലെ ജപമാല ചൊല്ലാന്‍തുടങ്ങി.
പിറ്റേന്ന് പുലര്‍ച്ചെ കിലുകിലാ വിറയ്ക്കുന്ന പനിയുമായിട്ടാണ് പാപ്പച്ചന്‍ ഉണര്‍ന്നത്. ആകപ്പാടെ ഒരു വല്ലായ്മ. അപ്പഴേ ഞാന്‍ പറഞ്ഞതാ എല്ലാരും വീടോഴിഞ്ഞപ്പോഴെങ്കിലും പോവേണ്ടാതര്‍ന്നു. ആശുപത്രീല്‍ പോകാന്നു വച്ചാ ഈ വെള്ളപ്പൊക്കത്തില്‍ ഞാന്‍ എന്നാ ചെയ്യാനാ കര്‍ത്താവേ! ചുക്ക് കാപ്പി അനത്തിക്കൊടുത്തു കൊണ്ട് ചേടത്തി കുറ്റപ്പെടുത്തി. ക്ഷീണിച്ച ഒരു നോട്ടം അല്ലാതെ പപ്പച്ചനില്‍ നിന്നും ഒരു വാക്ക് പോലും പുറത്തു വന്നില്ല. പോകപ്പോകെ പനി വല്ലാതെ കുടി ഒരു സഹായത്തിനായി കേണ ചേടത്തിയുടെ സ്വരം ജലപ്പരപ്പിലലയടിച്ചു മടങ്ങിയതല്ലാതെ ഒരു ഫലവുമില്ലായിരുന്നു.
കരഞ്ഞു കരഞ്ഞു കണ്ണീര്‍ വറ്റി തളര്‍ന്നിരിക്കുമ്പോ അങ്ങ് ദൂരെ ഒരു പൊട്ടു പോലെ എന്തോ കാണുമാറായി. രക്ഷിക്കണേ....... ചേടത്തി സര്‍വശക്തിയുമെടുത്ത് അലറി വിളിച്ചു പ്രതീക്ഷയോടെ കാത്തു. ഭാഗ്യം, അത് അടുത്തടുത്ത് വരണുണ്ട്. ഒരു വള്ളമാണെന്നാ തോന്നുന്നത്. ആശ്വാസത്തോടെ ചേടത്തി പാപ്പച്ചനെ മെല്ലെ താങ്ങി എഴുന്നേല്‍പ്പിച്ചു.
ചേടത്തിയേ... എളുപ്പം വള്ളത്തീ കേറിയാട്ടെ. ഇമ്മാതിരി വെള്ളം കയറിട്ട് നിങ്ങളല്ലാതെ ആരെങ്കിലും ഈ അതിക്രമം കാണിക്കുമോ. ഒരു നേരിയ സംശയം തോന്നി വള്ളം തിരിച്ചു വിടാന്‍ തോന്നിയത് ഭാഗ്യം. വള്ളം അടുപ്പിച്ചുകൊണ്ട് ജോണിക്കുട്ടി പറഞ്ഞു. അനങ്ങാന് വയ്യാതായ പാപ്പച്ചനെ താങ്ങിയെടുത്ത് വള്ളത്തില്‍ കിടത്തുന്ന ജോണിക്കുട്ടിയെ നോക്കുമ്പോള്‍ തലേന്നത്തെ സംഭവങ്ങളെല്ലാം ചേടത്തിയുടെ മനസിലുടെ തീപന്തം പോലെ കടന്നു പോയി. കണ്ണുകള്‍ മറിഞ്ഞു പോകുന്നതിനിടയിലും പാപ്പച്ചന്‍ കണ്ടു ജോണിക്കുട്ടിയെ. അന്നേരം അവനു കര്‍ത്താവിന്റെ മുഖച്ഛായയായിരുന്നു.
രണ്ടു നാള്‍ കഴിഞ്ഞു വെള്ളമെല്ലാം ഇറങ്ങി നാടെല്ലാം ശാന്തമായി. എല്ലാരും വീട്ടില്‍ തിരിച്ചെത്തി. മടിക്കുത്തില്‍ നിന്നും താക്കോല്‍ക്കുട്ടം ചേടത്തിയുടെ കയ്യില്‍ വച്ച് പാപ്പച്ചന്‍ പറഞ്ഞു. നീ പറഞ്ഞതാ കൊച്ചേ ശരി. പണത്തിന്റെ പിന്നാലെ ഓടിയിട്ടു ഒരു കാര്യവുമില്ല. മനുഷ്യന്‍ മനുഷ്യനു ഉപകരിച്ചില്ലെങ്കില്‍ പിന്നെ എന്തുണ്ടായിട്ടെന്തിനാ.ഇനി മുതല്‍ നീയാ ഇവിടുത്തെ ധനകാര്യമന്ത്രി. എളുപ്പം ലില്ലിക്കുട്ടീടെ കൊച്ചിന്റെ കല്യാണത്തിനു വേണ്ടതെന്താന്നു വച്ചാ ചെയ്യ്. ബെന്നീടെ മോടെ കൊച്ചിന്റെ ചികല്‍സയ്ക്കും എന്തെങ്കിലും ചെയ്യണം. സ്ഥലക്കച്ചവടമൊക്കെ പിന്നെ. എന്തൊക്കെയായാലും പ്രളയം വന്നത് കൊണ്ട് എന്റെ ഇച്ചായനെ ഒരു മനുഷ്യനായി കിട്ടിയല്ലോ .കര്‍ത്താവിനു സ്തോത്രം . അന്നമ്മചേടത്തി താക്കോല്‍ എടുത്ത് അകത്തേയ്ക്ക് പോവുന്നതിനിടയില്‍ പറയുന്നത് നിറഞ്ഞ ചിരിയോടെ പാപ്പച്ചന്‍ സ്വീകരിച്ചു.
--------------- ബിജി ബിജുരാജ്-------
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക