നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

എന്റെ പെണ്ണ്

Image may contain: 1 person

**************
ടാങ് !!!! ചായ ഗ്ലാസ്‌ ടേബിളിൽ ഒരൊറ്റ കുത്ത്!!!...
ഞെട്ടി തിരിഞ്ഞു നോക്കിയപ്പോൾ ഒക്കത്തിരിക്കുന്ന കുഞ്ഞിന്റെ ചന്തിക്ക് രണ്ട് പെട കൊടുത്ത് കൊണ്ട് ഒന്ന് അടങ്ങി ഇരിക്കുന്നുണ്ടോ...എന്നും പിറുപിറുത്ത് പൊണ്ടാട്ടി അടുക്കളയിലേക്ക് മുഖം വീർപ്പിച്ചു പോകുന്നു...
ഇതെന്താപ്പോ??... പെട്ടെന്ന് ഒരു ഹാലിളക്കം...
ദൈവമേ...
മൊബൈൽ എങ്ങാനും അവൾ എടുത്ത് നോക്കിയോ?...
ആ നശിച്ച പെണ്ണ് പിന്നെയും ചാറ്റിങ് വരുമെന്ന് വിചാരിച്ചിരുന്നില്ല ഇന്നലെ മെസ്സേജ് വന്നപ്പോൾ തിരിച്ചും മെസ്സേജ് അയച്ചിരുന്നു ഈശ്വരാ ഇനി അതെങ്ങാനും കണ്ട് കാണുമോ...
വായിച്ചിരുന്ന മനോരമ പത്രം താഴെയിട്ട് റൂമിലേക്കോടി
ചാർജിനിട്ടിരുന്ന മൊബൈൽ എടുത്ത് ആർക്കും പിടിക്കാൻ പറ്റാത്ത ആാാ പാസ്സ്‌വേർഡ്‌ അടിച്ച് നോക്കി
"OMKV.PANDARADANGI"
ഏയ്യ് ഇല്ല മാറിയിട്ടൊന്നും ഇല്ല
അപ്പൊ മൊബൈൽ അല്ല
പിന്നെ എന്തായിരിക്കും...?
ആഹ്...ഒന്ന് കിന്നരിച് നോക്കാം ചിലപ്പോൾ രണ്ടെണ്ണം കിട്ടുമായിരിക്കും...എന്നാലും സാരല്യ
ആദ്യമായിട്ടൊന്നും അല്ലല്ലോ...
വർഷം അഞ്ചായി കല്യാണം കഴിഞ്ഞിട്ട് അവൾടെന്നു കിട്ടിയതിനു വല്ല കയ്യും കണക്കും ഉണ്ടോ....
സുമേ...
എടീ....സുമക്കുട്ടിയെ....
പഞ്ചാര ഇത്തിരി കൂടിയൊന്നൊരു സംശയം....സംശയമല്ല കൂടി... അരി ഊറ്റുന്ന കൈലിന്റെ മാടകൊണ്ട് അലുമിനിയം പാത്രത്തിൽ വലിയ ഒരു തട്ടായിരുന്നു മറുപടി
ഈശ്വരാ...മിന്നിച്ചേക്കണേ...
നീ എന്റെ പേഴ്സ് കണ്ടോ...ഞാൻ ഇത്തിരി ബീഫ് വാങ്ങിച്ച് വരാം...ഇന്ന് ഞായറാഴ്ച അല്ലേ....
ബീഫ് ഒക്കെ വാങ്ങി ഒറ്റക്ക് അങ്ങോട്ട്‌ ഉണ്ടാക്കിയാൽ മതി...
മറുപടി വേഗം തന്നെ കിട്ടി...
ശരിയായില്ല എന്തോ മൂത്ത പ്രശ്നമാ...
രാത്രി വരെ പ്രശ്നം ഒന്നും ഉണ്ടായിരുന്നില്ല
ഇപ്പൊ ഇതെന്ത് പറ്റിയോ എന്തോ???
ഉമ്മറത്തെ കഴുക്കോലിൽ ഞാണ്ട് നിന്ന് കിഴക്കേ തൊടിയിലെ കവുങ്ങിലേക്ക് നോക്കി ഞാൻ തല പുകഞ്ഞു...
പിടി കിട്ടി!!!
അടുക്കളയിൽ പാത്രങ്ങളുടെ തട്ടും മുട്ടും കേട്ട് മനസ്സിൽ ഉറപ്പിച്ചു ഇത് പ്രശ്നം അതാണ്‌....
ആഹ്
വേഗത്തിൽ റൂമിലേക്ക്‌ ചെന്ന് അവളുടെ ഫോൺ എടുത്ത്...അവളെ പറ്റിച്ച് മനസ്സിലാക്കിയ ഫോൺ പാസ്സ്‌വേർഡ്‌ അടിച്ച് തുറന്നു നോക്കി...
ഫേസ് ബുക്ക്‌ ഓൺ ആയിരുന്നു...ദൈവമേ ഇവനൊക്കെ കുടുംബം കലക്കുമല്ലോ...
'ഫീലിംഗ് ഹാപ്പി ഹണിമൂൺ....വിഷ്ണു ശങ്കർ ട്രാവലിംഗ് ടു സിങ്കപ്പൂർ വിത്ത്‌ അഞ്ജന വിഷ്ണു'
എന്റെ പൊന്നു മോനെ നിനക്കൊന്നും വേറെ പണിയില്ലേ...വല്ല ഊട്ടിയോ കൊടൈക്കനാലോ പോയാൽ പോരായിരുന്നോ???
അഞ്ചു വർഷമായി ഞാൻ ഇത് സഹിക്കുന്നു...അവർ അവിടെ പോയി ഇവൻ അവിടെ പോയി എന്നൊക്കെ പറഞ്ഞ്...ചെവിയിൽ മൂട്ട പോയ പോലെ അങ്ങോട്ടും ഇല്ല ഇങ്ങോട്ടും ഇല്ലാണ്ട്...ഈശ്വരാ ഇനി ഇതൊന്ന് തണുപ്പിക്കാൻ ഞാൻ എന്താണാവോ ചെയ്യേണ്ടത്....
പോരാത്തതിന് അവളുടെ അഞ്ചാം ക്ലാസ്സിൽ പടിക്കുമ്പോളുള്ള കാമുകൻ ആയിരുന്നു ഈ കുരുത്തം കെട്ടവൻ...
കഴിഞ്ഞയാഴ്ച അവന്റെ കല്യാണം കഴിഞ്ഞ് അപ്ഡേറ്റ് ചെയ്ത ഫോട്ടോക്ക് ബദൽ ആയി
കവലയിലെ സ്റ്റുഡിയോയിലെ സുരേഷേട്ടനെ വിളിച്ചു വരുത്തി ഒരു ദിവസം മുഴുവൻ ഫോട്ടോ സെഷൻ നടത്തി
പിറ്റേന്ന് തന്നെ ഫോട്ടോസ് അപ്ഡേറ്റ് ചെയ്തവളാണ് അന്ന് ഒട്ടിയ എന്റെ കീശ ഇന്നും ക്ഷീണം മാറാതെ കിടക്കുവാ...അപ്പോളാണ് അവന്റെയൊരു സിങ്കപ്പൂർ....
ഫോൺ അവിടെത്തന്നെ വെച്ച് പതുക്കെ പുറത്തേക്ക് നടന്നു...വെച്ച് കെട്ടിയ പുറത്തെ അടുക്കളയുടെ പിന്നിൽ തൂക്കിയിട്ടിരുന്ന മൺവെട്ടി കയ്യിലെടുത്ത് മണ്ഡരി പിടിച്ച തെങ്ങിന് വാശിയോടെ,ദേഷ്യത്തോടെ ഞാൻ തടമെടുക്കാൻ തുടങ്ങി
സമയം 10 മണിയായപ്പോൾ പുറകിൽ നിന്നും വിളി
കഞ്ഞി എടുത്ത് വെച്ചിട്ടുണ്ട്
എനിക്ക് വേണ്ടാ....ഞാൻ വാശിയോടെ വീണ്ടും കിളച്ചു കൊണ്ടിരുന്നു
ചൂട് പോകും പിന്നെ കുടിക്കാൻ പറ്റില്ല വേഗം വന്ന് എടുത്ത് കുടിക്ക്...
ഇനി വേണ്ട എന്ന് പറഞ്ഞാൽ കിഴക്കേലെ ശാന്തേടത്തിടെ പൂവാലി പശു കുടിക്കും എന്റെ കഞ്ഞി എന്ന് നല്ല ബോധ്യം ഉള്ളത് കൊണ്ട് മൺവെട്ടി പൈപ്പിൽ നന്നായി കഴുകി എടുത്തിടത് തന്നെ വെച്ച് ഞാൻ കയ്യും മുഖവും കഴുകി കഞ്ഞി കുടിക്കാൻ ഇരുന്നു
സുമേ....
മ്മ്...
മുഖം തെളിച്ചം വെച്ചിട്ടില്ല....എന്തായാലും ഇപ്പൊ ശരിയാക്കാം നോക്കിക്കോ...
നമുക്ക് ഇന്ന് ഒരു സിനിമക്ക് പോയാലോ...
ഏഹ്...
ഏത് സിനിമയാ ഏട്ടാ....
ജയസൂര്യയുടെ ആട് 2 ഇറങ്ങീട്ടുണ്ട് നമുക്ക് ഇന്ന് 3 മണീടെ ഷോക്ക് പോകാം...
ആണോ...
അയ്യോ!
ഞാൻ ചിരിച് മരിക്കും ഇന്ന്...
വടക്കേലെ വിനി ചേച്ചിക്ക് നല്ല ഇഷ്ടായി സിനിമ കുറെ ചിരിക്കാനുണ്ട്.... അറക്കൽ അബു...ഹോ... ആലോചിക്കുമ്പോൾ ചിരി വരുന്നു...
ങേ! ഇവൾ എപ്പോളാ ആട് ആദ്യഭാഗം കണ്ടത്....മനസ്സിൽ പറഞ്ഞത് അറിയാതെ പുറത്തേക്ക് വന്നു
അതല്ലേ പറഞ്ഞത് വിനി ചേച്ചി കഥ ഒക്കെ കുറേ പറഞ്ഞ് തന്ന് ചിരിച് ചിരിച് ഞാൻ വല്ലാണ്ടായി പോയി
ഓഹ് അങ്ങനെ...
എങ്കിൽ ഞാൻ വേഗം എല്ലാം റെഡി ആക്കട്ടെ ഏട്ടന് ഉച്ചക്ക് എന്താ കറി വേണ്ടത്?...അവളുടെ സന്തോഷം കണ്ടപ്പോൾ...മനസ്സിൽ എന്തോ ഒരു സങ്കടം..
സുമേ...
ഓഹ്
ഇന്ന് ഉച്ചക്ക് ഭക്ഷണം നമുക്ക് പുറത്ത് നിന്ന് കഴിക്കാം
കേട്ട പാതി അടുക്കളയിലേക്ക് പോയ അവൾ സാരി തുമ്പെടുത്ത് മുഖം തുടച്ചുകൊണ്ട് എന്റെ അടുത്ത് വന്ന് പയർ ഉപ്പേരി ഇത്തിരി കോരി കഞ്ഞിയിലേക്ക് ഇട്ട് കൊണ്ട് ചോദിച്ചു
എനിക്ക് ബിരിയാണി വാങ്ങി തരോ...
ആഹ് ഇന്ന് നിനക്കിഷ്ടമുള്ള ബീഫ് ബിരിയാണി നമുക്ക് കഴിക്കാം
എന്നിട്ട് കുറച്ച് സമയം മോനെയും കൂട്ടി പാർക്കിൽ പോയി കളിപ്പിക്കാം...സമയമാകുമ്പോൾ ടാക്കിസിലേക്ക് കയറുകയും ചെയ്യാം
ശരി ഏട്ടൻ എങ്കിൽ തലയിലെ വിയർപ്പൊക്കെ മാറ്റി കുളിക്കാൻ നോക്കിക്കോ...ഞാൻ വേഗം മോനെ റെഡിയാക്കട്ടെ...
മകനെയും ഒക്കത്തുവെച്ചു അവൾ തിടുക്കത്തിൽ അകത്തേക്ക് പോയി
കണ്ടോ...ഇത്രയും മതി എന്റെ പെണ്ണിന്...
കരിയും പുകയും പിടിച്ച ജീവിതത്തിൽ ഇത്തിരി നേരം അവളെ ഒന്ന് പുറത്തേക്ക് കൊണ്ട് പോകാമെന്ന് പറഞ്ഞപ്പോൾ തീർന്നു അവളുടെ പരാതിയും വിഷമങ്ങളും...
കണ്ടില്ലേ അവളുടെ സന്തോഷം...
ഒട്ടു മിക്ക ഭാര്യമാരും ഇതുപോലെയൊക്കെ തന്നെയാകും...
അല്ലേ ?...
മറ്റുള്ളവർ പലയിടത്തും പോകുന്നതും ആഘോഷിക്കുന്നതുമൊക്കെ ഫോട്ടോസും അപ്ഡേഷനും കാണുമ്പോൾ സങ്കടം കയറുമെങ്കിലും...
ആഴ്ചയിൽ ഒരിക്കലെങ്കിലും അവർക്കും വീട്ടിലെ പണികളിൽ നിന്നും ഒരു ലീവ് കൊടുത്ത് ഒരു സിനിമക്ക് പോകുകയോ ബീച്ചിൽ പോകുകയോ മാത്രം മതി...
സിങ്കപ്പൂരോ, കാനഡയോ...ദുബായ് യോ ഒന്നും വേണ്ട....
സിനിമയും കറക്കവും എല്ലാം കഴിഞ്ഞ് വീട്ടിലെത്തി
പതിവുപോലെ എന്റെ ഇടത് കയ്യിൽ തലവെച് അങ്ങോട്ട്‌ തിരിഞ്ഞു കിടന്ന് മൊബൈലിൽ ഇട്ട സ്റ്റാറ്റസിന്റെ ലൈക്‌ കണ്ട് ചിരിച്ചുകൊണ്ട് മൊബൈൽ എടുത്ത് വെച്ച് കൈ നീട്ടി ലൈറ്റിന്റെ സ്വിച്ച് അവൾ ഓഫ്‌ ആക്കി....
എന്റെ മുഖത്തേക്ക് തിരിഞ്ഞു കിടന്നുകൊണ്ട് എന്റെ കവിളിൽ ഒരു ഉമ്മ തന്ന് വരിഞ്ഞു മുറുക്കി പറഞ്ഞു
ടാ കള്ള ഏട്ട...
എന്തോ....
ആ വിഷ്ണു ശങ്കറിനെ എന്റെ ഫേസ്ബുക്കിൽ നിന്നും അണ്ഫ്രണ്ട്‌ ചെയ്തത് ഞാൻ കണ്ടു....
മ്മ്മ്...ഞാൻ ഒരു കള്ള ചിരി ചിരിച്ചു
അവൾ എന്നെ ഒന്നുകൂടി വരിഞ്ഞു മുറുക്കി....
ഒരു സുഖമുള്ള ശ്വാസം മുട്ടലിൽ ഞാൻ അവളോട്‌ ഒട്ടി കിടന്നു.
Ranil Ramakrishnan

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot