നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അങ്ങനൊരു നാൾ

Image may contain: Indu Praveen, smiling, closeup

..............................
"പാറു, കിടക്കയിൽ മൂത്രമൊഴിച്ചാലുണ്ടല്ലോ, എന്റെ കൈയ്യിൽ നിന്ന് കിട്ടുമേ.........
എടീ, കുട്ടനെ താഴെ നിറുത്തിയെ..., ഏട്ടാ, നോക്ക് കൊച്ചിനെ ഇപ്പൊ വീഴ്ത്തും.....
ഏട്ടാ... ഏട്ടന്, എന്നോട് ശരിക്കും സ്നേഹമുണ്ടോ?........"
പരസ്പര ബന്ധമില്ലാതെ പിറുപിറുത്തു കൊണ്ടിരുന്ന അവരുടെ ആ അവസാനത്തെ വാചകം കേട്ട്, അത് വരെ അവരുടെ ശബ്ദം മാത്രം കേട്ടുകൊണ്ടിരുന്ന ആ ആശുപത്രി മുറിയിൽ ഒരു വലിയ തേങ്ങൽ കൂടി ഇഴുകി ചേർന്നു. ഉരുക്കൂട്ടി വച്ച ദു:ഖം ആ വൃദ്ധന്റെ തൊണ്ടയെ കീറി മുറിച്ചു കൊണ്ട് പുറത്തേക്കു ചാടിയതാണ്. പകുതി മയക്കത്തിൽ പുലമ്പുന്ന തന്റെ ഭാര്യയുടെ കൈ വിടുവിച്ച്, ബാക്കി വന്ന ദു:ഖം ചുമലിലെ തോർത്തിലിറക്കി കൊണ്ടയാൾ മുറി വിട്ടിറങ്ങി. അമ്മയോട് ചേർന്ന് മുത്തശ്ശിയെ തന്നെ നോക്കി നിൽക്കുന്ന രണ്ടു കുഞ്ഞു കണ്ണുകൾ തുളുമ്പി നിന്നു.
മുറിയുടെ പുറത്ത് വരാന്തയുടെ അങ്ങേ അറ്റത്തെ ജനൽ കമ്പിയിൽ പിടിച്ചു കൊണ്ടയാൾ വെറുതെ പുറത്ത് നോക്കി നിന്നു. മുറിയിൽ ഡോക്ടർ വരുന്നതും, പുറത്തു വന്ന് മരുമകനോട് എന്തോ പറയുന്നതും കണ്ടിട്ടും അനങ്ങാതെ അവിടെ തന്നെ നിന്നു. മരുമകൻ അടുത്തു വന്ന് എന്തേലും പറയും മുമ്പേ അയാൾ പറഞ്ഞു:
"കുട്ടനോട് വേഗം വരാൻ പറയൂ..." പറയാൻ വന്നത് പറയാതെ ഫോണെടുത്ത് അവൻ ധൃതിയിൽ നടന്നകന്നു. കാലമിത്ര പുരോഗമിച്ചിട്ടും, അനസ്യൂതം തുടരുന്ന മരണമെന്ന സത്യത്തിന്റെ കാൽപെരുമാറ്റം അയാളുടെ ചിന്തകളെ പിടിച്ചു കുലുക്കുകയായിരുന്നു.
ജനലിനപ്പുറത്തെ കാഴ്ചകളെ തൊടാതെ അയാളുടെ കണ്ണുകൾ ഗതകാല ചിത്രങ്ങളെ തേടിയലഞ്ഞു. തന്റെ ദേവൂട്ടി, അറുപതിന്റെ തുടക്കത്തിൽ തന്നെ ആശു‌പത്രി മുറിയിൽ മരണം കാത്തു കിടക്കുന്നവൾ...അവളെ ആദ്യം കണ്ടത്.. പല മുഖങ്ങളിൽ മടുത്തു തുടങ്ങിയ പെണ്ണുകാണൽ ചടങ്ങുകളിൽ നിന്ന് അവളെ തിരഞ്ഞെടുത്തത്..ഇരുപത്തിരണ്ടു വയസ്സേ ഉണ്ടായിരുന്നുള്ളൂവെങ്കിലും പക്വമായ പെരുമാറ്റം... കുടുംബങ്ങൾ തമ്മിൽ ചെറിയ അഭിപ്രായ വ്യത്യാസങ്ങൾക്കൊടുവിൽ അവളെ തന്നെ വധുവാക്കിയത്.. .. ആദ്യ രാത്രി.. ആദ്യത്തെ കൺമണി.. അവൾ വന്നത് മുതൽ ജീവിതമാകെ മാറി മറിഞ്ഞു.. വാടക വീട്ടിൽ നിന്ന് വലിയ വീട്ടിലേക്ക്, ബൈക്കിൽനിന്ന് കാറിലേക്ക്.. രണ്ടാമതൊരു മകൻ കൂടിയായപ്പോൾ ജീവിതത്തിനു പച്ചപ്പു കൂടി... തിരക്കുകൾക്കിടയിലും എന്തു രസമായിരുന്നു...
എപ്പോഴാണ് തിരക്കുകൾ വയ്യായ്ക കൾക്ക് വഴി മാറിയത്.. എത്ര വേഗമാണ് കാലം പൊഴിഞ്ഞു വീണത്.. മകളുടെ വിവാഹം, മകന്റെ വിദേശ ജോലിമെല്ലാം ഇന്നലത്തെ പോലെ.. ഇതിനിടയിലെല്ലാം എന്റെ ദേവൂട്ടി.. എന്റെ മുൻ ശുണ്ഠിയെല്ലാം ക്ഷമിച്ചും സഹിച്ചും...എന്റെ ഏതൊരാഗ്രഹത്തിനും കൂട്ടു നിന്ന് എന്നും എന്റെ കൂടെ.. എന്റെ അമ്മ പോലും പറഞ്ഞിട്ടുണ്ട് അവൾക്ക് അവാർഡ് കൊടുക്കണമെന്ന് എന്റെ കൂടെ ജീവിക്കുന്നതിന്.. പക്ഷെ അവൾക്കറിയാമായിരുന്നു മക്കളേക്കാളേറെ ഞാനവളെ സ്നേഹിച്ചിരുന്നെന്ന്... എന്നാലും വെറുതെ ഇടയ്ക്കിടെ ചോദിക്കും:
" ഏട്ടാ... ഏട്ടന്, എന്നോട് ശരിക്കും സ്നേഹമുണ്ടോ?"
" ഇല്ല.. " ഞാൻ വെറുതെ പറയും.
ആ സമാധാനമായി എന്ന് പറഞ്ഞ് കെട്ടിപ്പിടിച്ച് ഉമ്മ തന്നിട്ടു പോകും, ഞാൻ ചിരിക്കും...എന്നെ വിട്ട് ഒരു ദിവസം സ്വന്തം വീട്ടിൽ പോലും ചെന്ന് നിൽക്കാത്തവളാ, ഇന്ന് എന്നെ വിട്ട്....
"അച്ഛാ, ഒരു ചായയെങ്കിലും.." മകളാണ്..
അവളുടെ ചോദ്യം അവഗണിച്ചു കൊണ്ട് അയാൾ ചോദിച്ചു:
"അമ്മാ..?"
" വീണ്ടും എന്തെല്ലാമോ പുലമ്പുന്നു.. അമ്മൂമ്മയും അപ്പൂപ്പനും വന്നു എന്നൊക്കെ... കൂടെ പോവാന്ന്.. "
രണ്ടു പേരും തല താഴ്ത്തി നിന്നു ഒരു നിമിഷം..
''പിന്നെ, മനോജേട്ടനെന്നോട് ക്ഷമിക്കണമെന്ന്.. ആരാണത്?"
മകളുടെ ചോദ്യം അയാളിൽ ഒരു വൈദ്യുതാഘാതമാണ് സമ്മാനിച്ചത്. എന്റെ ദേവൂട്ടിയോട് അറിഞ്ഞു കൊണ്ട് ഞാൻ ചെയ്ത തെറ്റ്.. അതാണ് മനോജ്.. അവളോടുള്ള എന്റെ അന്ധമായ സ്നേഹം, അവളുടെ സ്നേഹം എനിക്കു മാത്രം കിട്ടണമെന്ന സ്വാർത്ഥത അതായിരുന്നു എല്ലാത്തിനും ഹേതു. പത്തു മുപ്പതു വർഷങ്ങൾക്കു പുറകേ മനസ്സയാളെ കൊണ്ടു നിറുത്തി, എഫ്.ബിയും ട്വിറ്ററും അരങ്ങു വാഴുന്ന കാലം...വാക്കുകളിലൂടെ മാത്രം കണ്ടിട്ടുള്ള രണ്ടു പേരുടെ സൗഹൃദം എപ്പോഴേലും നില മറക്കുമോ എന്ന എന്റെ അനാവശ്യമായ ഭയം, അതാണ് പലപ്പോഴും അവൾ മനോജിനെ കുറിച്ച് പറഞ്ഞപ്പോൾ ഞാൻ അവഗണിച്ചത്, താൽപര്യമില്ലാത്ത പോലെ ഒഴിവാക്കിയത്... എന്റെ പെൺ സൗഹൃദങ്ങളെ അവൾ ഒരിക്കലും സംശയിച്ചില്ലെങ്കിലും എനിക്കതിന് സാധിച്ചില്ല. ഒരിക്കൽ അവളുടെ ഫോണിൽ, കുഞ്ചൂ.. എന്നുള്ള മനോജിന്റെ വിളിയും.. എന്താടാ മാക്രി ചേട്ടാ എന്നുള്ള അവളുടെ മറുപടിയും വല്ലാതെ അലോസരപ്പെടുത്തി എന്നെ... പിന്നീടുള്ള വാക്കുകൾ തീരെയും ദഹിച്ചില്ല.
"കുഞ്ചൂ, എത്രയെത്ര കഥകൾ കവിതകൾ ഞാൻ നിന്നെ കുറിച്ചെഴുതി.. ഒരിക്കലെങ്കിലും, ഒരു വാക്കെങ്കിലും എന്നെ കുറിച്ചെഴുതാൻ പാടില്ലേ? "
ചായയെടുത്ത് മടങ്ങി വരുന്ന അവളോട് ചോദിച്ചു:
"കുഞ്ചു ആരാണ് ?"
"ങേ, അത് മനോജേട്ടൻ എന്നെ വിളിക്കുന്നതല്ലേ? എത്ര തവണ ഞാൻ പറഞ്ഞിട്ടുണ്ട്? അതെങ്ങനാ, ഞാൻ പറയുന്നതൊന്നും ശ്രദ്ധിക്കില്ലല്ലോ?"
ചായ വാങ്ങിയിട്ട് എന്റെ മുഖ വ്യത്യാസം അവൾ കാണാതിരിക്കാൻ പത്രത്താളുകൾ കൊണ്ട് മുഖം മറച്ച് ചാരുകസേരയിലിരുന്നു.
" ങാ, മനോജേട്ടന്റെ കവിത വായിച്ചോ ? എനിക്കു അയച്ചു തന്നത്? എന്നെ കുറിച്ച് എഴുതിയതാ. എന്താലേ? ഒന്നു കാണുക പോലും ചെയ്യാതെ നമ്മെയിത്ര സ്നേഹിക്കുന്ന ആളുകളുണ്ടാവുക ഒരു ഭാഗ്യം തന്നെയല്ലേ? ഒരിക്കലെങ്കിലും ഒന്നു കാണണം. ഇത്ര അടുത്തായിട്ടും ഇതു വരെ അതിനു സാധിച്ചില്ല.''
" ഇനി അതിന്റെ കുറവും കൂടിയേ ഉള്ളൂ." മുഖം മറച്ചിട്ടും വാക്കുകളറിയാതെ പുറത്തു ചാടി.
"അതെന്താ ഏട്ടാ അങ്ങനെ പറഞ്ഞേ?" അവൾ സങ്കടവും അതിശയവും കലർത്തി ചോദിച്ചു.
" എനിക്കിതൊന്നും ഇഷ്ടമല്ല ദേവൂ.. ഓരോ ദിവസവും പത്രത്തിൽ വരുന്ന വാർത്തകൾ കേൾക്കുമ്പോൾ പേടിയാവുക. അറിയാവുന്ന ആളുകളെ പോലും വിശ്വസിക്കാനാവാത്ത കാലം, അപ്പൊഴാ ഒരു മുഖ പുസ്തക കൂട്ടുകാരൻ."
" നിറുത്തി...എഴുത്തും, കൂട്ടുകെട്ടുമെല്ലാം... ഏട്ടനിഷ്ടമില്ലാത്തതൊന്നിനും എന്റെ ജീവിതത്തിൽ സ്ഥാനമില്ല.. " തേങ്ങി കൊണ്ടവൾ അകത്തേക്കു നടന്നു.
തെല്ലൊരാശ്വാസത്തോടെ ഒരു നിമിഷം അവിടെയിരുന്നെങ്കിലും അവളെ അന്വേഷിച്ച് അകത്തു പോയി... എന്തോ, കുത്തി കുറിക്കയാണ് ഡയറിയിൽ.. അല്ലേലും എന്നോട് കെറുവിക്കുമ്പോഴാണല്ലോ കവിതകൾ പലതും അവളെഴുതിയിരുന്നത്..
" ങേ, എഴുതില്ലെന്ന് പറഞ്ഞിട്ട് എന്റെ ദേവൂട്ടി എഴുതുവാണല്ലോ?" തമാശ പറഞ്ഞു കൊണ്ട് കുമ്പിട്ടിരിക്കുന്ന മുഖം കൈകളിലെടുത്തു. കരഞ്ഞു കലങ്ങിയ കണ്ണുകളും, പടർന്ന കൺമഷിയും, കണ്ണീർ കൊണ്ട് തണുത്ത കപോലങ്ങളും..
"അവസാനത്തെ വരികളാണ്.. ഇനിയില്ല.. "
"എന്റെ പെണ്ണേ, ഞാൻ വെറുതെ.. "
"ഇല്ല... എനിക്കു മനസ്സിലായി.. ഏട്ടനിത്ര കാലം തുറന്നു പറയാത്തതിന്റെ വിഷമം മാത്രം... "
" നീ എഴുതണ്ടെന്ന് ഞാൻ പറഞ്ഞോ? എനിക്കെന്തോ മനോജിനെയത്ര.. "
"ഏട്ടൻ ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല, ഞാൻ പറഞ്ഞിട്ടുണ്ട്. ഒട്ടനവധി കഷ്ടപാടുകളിലൂടെ അനാഥത്വത്തിന്റെ കയ്പുനീരും കുടിച്ച് വളർന്നു വന്ന എഴുത്തുകാരനാണ് മനോജ്. ഏട്ടൻ പോലും ദൈർഘ്യം കൂടി എന്ന് പറഞ്ഞു വായിക്കാത്ത എന്റെ എഴുത്തുകളെ എന്നും പ്രോത്സാഹിപ്പിച്ചിട്ടുള്ള ചുരുക്കം ആളുകളിൽ ഒരാൾ, തെറ്റുകുറ്റങ്ങൾ തമാശകളിലൂടെ പറഞ്ഞു തരുന്ന ഒരു സഹോദരൻ, അല്ലെങ്കിൽ പറയാതെ പോലും എന്റെ കുഞ്ഞു വിഷമങ്ങൾ മനസ്സിലാക്കി സാന്ത്വനിപ്പിച്ച് എന്നെ ഞെട്ടിച്ചിട്ടുള്ള ഒരു സുഹൃത്ത്.. അല്ലാതെ... ങാ, എന്തായാലും ഇനി ആ പേര് നമുക്കിടയിലില്ല.. എന്റെ എഴുത്തുകളും. കാരണം അതിനെക്കാളൊക്കെയേറെ ഞാൻ ഏട്ടനെ സ്നേഹിക്കുന്നു... എന്നോട് ശരിക്കും സ്നേഹമുണ്ടോ ഏട്ടാ?... "
" ഇല്ല പെണ്ണേ.." തൊണ്ടയിടറി പോയി. അതു പറഞ്ഞ് അവളെ കെട്ടിപ്പിടിച്ചു കരഞ്ഞു. പിന്നീടവൾ ഒന്നും എഴുതിയില്ല. അവളെ സംശയിച്ചതിലുള്ള കുറ്റബോധവും വിഷമവും കാരണം ഒരുപാടു തവണ പറഞ്ഞു നോക്കിയെങ്കിലും നടന്നില്ല. പിന്നീട് ഞാനും മറന്നു തുടങ്ങി.
"അച്ഛാ,... " കുട്ടൻ വന്ന് വിളിച്ചപ്പോഴാണ് ചിന്തയിൽ നിന്നുണർന്നത്.
"മോനെ, അമ്മയെ കണ്ടോ?"
" ഉവ്വ്...''
"നിന്നെ തിരിച്ചറിഞ്ഞോ ?!"
" കുട്ടനെവിടെയെന്ന് ചോദിച്ചു എന്നോട്. "
" ഉം.. ഇപ്പൊ നിന്റെ കുട്ടികാലത്താണ് അവളുടെ ഓർമ്മകൾ. എനിക്കൊന്നു വീടു വരെ പോകണം. നീ എന്നെ കൊണ്ടോവോ ?"
" അത്..അത് വേണോ അച്ഛാ.. അമ്മയ്ക്ക്.. "
"വേണം, മോനേ. വേഗം പോരാം.. "
***********************************
കുറച്ച് നേരം കഴിഞ്ഞ് ആ ആശുപത്രി മുറിയിൽ ഒരാൾ വന്നു ചേർന്നു.
"ആരാണ്? മനസ്സിലായില്ല." മകളുടെ ചോദ്യം മറികടന്ന് അയാൾ ഇടറി പതിഞ്ഞ ശബ്ദത്തിൽ മെല്ലെ വിളിച്ചു: "കുഞ്ചൂ..."
മയക്കത്തിൽ നിന്ന് ദേവു മെല്ലെ കണ്ണു തുറന്ന് സൂക്ഷിച്ചു നോക്കി. അതിശയത്തിന്റേയും സന്തോഷത്തിന്റേയും ഭാവങ്ങൾ മിന്നി മറിഞ്ഞിട്ട് അവൾ വിളിച്ചൂ..
"മനോജേട്ടാ........ "
വന്ന കണ്ണുനീർ, നരകയറിയ കഷണ്ടിയിൽ തുടച്ച് അയാൾ ചിരിച്ചു.
" എനിക്കു വേണ്ടി എഴുതിയ എഴുത്തെവിടെ?"
" ആ മനോജ് എത്തിയോ? " പുറകിൽ നിന്നാ ചോദ്യം കേട്ട് മനോജ് തിരിഞ്ഞു നോക്കി.
മകനുമായി മുറിക്കുള്ളിലേക്ക് കടന്ന്,
പഴയ ഒരു ഡയറി അയാൾക്കു നേരെ നീട്ടി കൊണ്ട് വൃദ്ധൻ തുടർന്നു..
"ഞാൻ വീടു വരെ പോയിരുന്നു.. ഇതെടുക്കാൻ പോയതാ. ആ മടക്കി വച്ച പേജ് , അത് മനോജിനു വേണ്ടി എഴുതിയതാണവൾ... "
"കാലങ്ങളെത്ര കഴിഞ്ഞെന്നാലും,
കർമ്മങ്ങൾ, ബന്ധനങ്ങൾ തീർത്തെ-ന്നാലുമൊരു നാൾ നമ്മൾ കണ്ടുമുട്ടും,
ആ നാൾ നമുക്കായ് സ്നേഹഗീതം പാടും,
ആ ഗീതം മാലോകരേറ്റു പാടും,
പ്രണയഗീതമല്ലിത്, സൗഹദത്തിൻ - സ്നേഹഗീതമെന്നൻ കരളുമന്നേരം,
തിരിച്ചറിയും..
എൻ കരളുമന്നേരം തിരിച്ചറിയും.."
"തിരിച്ചറിയാൻ ഞാൻ വൈകിപ്പോയി, ക്ഷമിക്കണം മനോജ്. യൗവ്വനത്തിന്റെ ഓരോ കുബുദ്ധികൾ. നിങ്ങൾ അവൾക്കെന്തു പറ്റിയെന്ന് ആശങ്കപ്പെട്ടില്ലേ, ഇത്രയും നാൾ? പൊടുന്നനെ എഴുത്ത് നിറുത്തിയപ്പോൾ, അവളെ അന്വേഷിച്ചില്ലേ?"
" അന്വേഷിച്ചു. ഞങ്ങളുടെ രണ്ടാൾടേയും ഒരു സുഹൃത്തുണ്ടായിരുന്നു, ബീനേച്ചി, പുളളിക്കാരി ഇന്നില്ല. അവർ പറഞ്ഞ് ഞാനെല്ലാമറിഞ്ഞിരുന്നു... " അവളുടെ ക്ഷീണിച്ച മുഖത്തുറ്റു നോക്കി കൊണ്ട് അയാൾ പറഞ്ഞു.
"അതെ, 'സ്നേഹഗീതമെന്നൻ' അല്ല 'സ്നേഹഗീതമെന്നെൻ', ഈ കുട്ടിക്ക് ഇത്ര യായിട്ടും അക്ഷര പിശാച് വിട്ടു പോയിട്ടില്ലേ?" അടിക്കാനെന്ന വണ്ണം കൈ പൊക്കി അയാൾ അവളെ നോക്കി പറഞ്ഞു.
അവളുടെ വരണ്ട ചുണ്ടുകളിൽ ചെറു പുഞ്ചിരി വിടർന്നു. അവിടെ കൂടിയിരുന്നവരുടേയും...
..... ഇന്ദു പ്രവീൺ....

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot