എല്ലാവർക്കും എന്തിനെയെങ്കിലുമൊക്കെ പേടിയുണ്ടാകുമല്ലോ. എന്റെ ഭാര്യയ്ക്ക് പാമ്പിനെയാണ് പേടി. പാമ്പിനെ TV യിൽ കാണുന്നതോ, പാമ്പിന്റെ പടം കാണുന്നതോ, എന്തിന് പാമ്പിനെ കുറിച്ച് ഓർക്കുന്നതു പോലും പേടി. അവളുടെ പേടി മാറ്റാൻ ഞാൻ ഒരുങ്ങി പുറപ്പെട്ടു.
മുള്ളിനെ മുള്ള് കൊണ്ട് തന്നെ എടുക്കണമെന്നല്ലേ. അതുപോലെ പേടിയേയും അതേ പേടി കൊണ്ട് തന്നെ കീഴടക്കുക. അപ്പോൾ ആ പേടി ഇല്ലാതാകുന്നു. ഈ തത്വം ഞാൻ അവളിൽ പ്രയോഗിച്ചു നോക്കി. പാമ്പിന്റെ പടം കാണിച്ചിട്ട് അതിലേക്ക് തന്നെ കുറച്ചു നേരം നോക്കിയിരിക്കാൻ പറഞ്ഞു. കക്ഷി ഒളികണ്ണിട്ട് ഇടയ്ക്കിടെ നോക്കുന്നതല്ലാതെ പൂർണ്ണമായിട്ട് നോക്കുന്നതേ ഇല്ല. തിരുവനന്തപുരം മൃഗശാലയിൽ പോയപ്പോൾ മന: പൂർവ്വം തന്നെ പാമ്പിൻകൂട്ടിൽ കയറി. അല്ല., ഞാൻ അവളെ കയറ്റി.ഞാൻ വളരെ ധൈര്യത്തോടെ പാമ്പിന്റെ അടുത്ത് ചെന്ന് നിന്നു കാണിച്ചു കൊടുത്തു. പക്ഷേ, കക്ഷി മുഖം പൊത്തി നിൽക്കുകയാണ്. വിരലുകൾക്കിടയിലൂടെ ഒളികണ്ണിട്ട് നോക്കുന്നുമുണ്ട് പാമ്പിനെ. കക്ഷിയുടെ ദയനീയ ഭാവം കണ്ട് ഞാൻ തന്നെ അവളെ പുറത്തെത്തിച്ചു.
പിന്നീട് പലപ്പോഴും ഞാൻ അവളുടെ പാമ്പിൻ പേടി മാറ്റാൻ ശ്രമിച്ചു കൊണ്ടേയിരുന്നു.
അങ്ങനെയിരിക്കെ ഒരു ദിവസം മുറിയിലിരിക്കുമ്പോൾ ഞങ്ങളുടെ വിഷയം പാമ്പ് ആയിരുന്നു. തുറന്നു കിടക്കുന്ന ജനാലയിൽ കൂടി പാമ്പ് കയറിയാലോ എന്നതായിരുന്നു കക്ഷിയുടെ ചിന്ത. ഞാൻ വീണ്ടും അവൾക്ക് ധൈര്യമുണ്ടാകുവാനുള്ള പൊടിക്കൈകൾ പ്രയോഗിച്ചു തുടങ്ങി. ഞാനും പാമ്പുമായിട്ടുള്ള മുൻകാല ധീര കഥകൾ ഒക്കെ അവളുടെ മുന്നിൽ അവതരിപ്പിച്ചു. ഒരു ധീരയോദ്ധാവിനെ നോക്കുന്നതു പോലെ അവൾ എന്നെ നോക്കുന്നത് കണ്ട് ഞാൻ സാകൂതം അടഞ്ഞു.
അപ്പോഴാണ് തുറന്നു കിടന്ന ജനാലയിൽ കൂടി പൊടുന്നനെ ഒരു വലിയ ചിലന്തി അകത്തേയ്ക്ക് പ്രവേശിച്ചത്. അതിന്റെ നീളമുള്ള കാലുകൾ തന്നെ ആരിലും ഭയമുളവാക്കും. ഞാൻ ഇരുന്നിടത്ത് നിന്നും ചാടി എഴുന്നേറ്റ് ചൂലെടുക്കാൻ അടുക്കളയിലേക്ക് ഓടി. ഓടുന്നതിനിടയ്ക്ക് ഞാൻ ഭാര്യയോട് പറയുന്നുണ്ടായിരുന്നു പേടിക്കേണ്ട ഞാൻ ഇപ്പോൾ തന്നെ അതിനെ കൊല്ലാമെന്ന്. തിരികെ ചൂലുമായി വന്നപ്പോൾ ഞാൻ കണ്ട കാഴ്ച എന്നെത്തന്നെ ഞെട്ടിപ്പിക്കുന്നതായിരുന്നു. ഞൊടിയിടയിൽ തന്നെ അവൾ അവിടെക്കിടന്ന ഒരു മാഗസിന്റെ താളുകൾ വലിച്ചിളക്കുകയും ഭിത്തിയിൽ ഇരുന്ന ചിലന്തിയുടെ മേലേയ്ക്ക് ചാടി വീഴുകയും ചെയ്തു. ചിലന്തിക്ക് എന്തെങ്കിലും മനസ്സിലാകുന്നതിനു മുമ്പേ തന്നെ അത് അവളുടെ കര വലയത്തിൽ അമർന്നിരുന്നു. ആ പേപ്പറോടെ തന്നെ അവൾ അതിനെ ചുരുട്ടിക്കൂട്ടി കൊന്നിട്ട് പുറത്തേക്കെറിഞ്ഞു. ഞാൻ ചൂലുമായിട്ട് നിരാലംബനായി, നിർനിമേഷനായി നിൽക്കുകയായിരുന്നു. അവളെന്നെ ഒന്നു നോക്കി. ആ നോട്ടത്തിൽ എല്ലാം ഉണ്ടായിരുന്നു. പക്ഷേ, "എനിക്ക് പാമ്പിനെ പേടിയില്ലല്ലോ'' എന്നും പറഞ്ഞ് തൽക്കാലം ഞാൻ അവിടെ നിന്നും തടി തപ്പി. അവൾ പിന്നീട് പല പ്രാവശ്യം ഇത് ആവർത്തിച്ചു. പല്ലി, ചിലന്തി, പാറ്റ ഇവയൊക്കെ ഇപ്പോൾ അവളെ പേടിച്ച് അതുവഴി വരാറുകൂടിയില്ല.
By:
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക