മഴക്ക് ഓരോ നേരത്തും ഓരോ ഭാവമാണ്.... ഇത്രയും പ്രായത്തിനിടക്ക് തന്നെ മനസ്സും ശരീരവും നിറച്ച് എത്ര മഴകളാണ് കടന്നുപോയിട്ടുളളത്... കുഞ്ഞുനാളിൽ തറവാട്ടുവീട്ടിലെ ഓടുകൾക്കിടയിലൂടെ നേർത്തതുളളികളുതിർത്ത് ഉറക്കത്തിൻറെ ദൈർഘ്യം കുറച്ചവ... തറവാടു വീടിൻറെ താഴേകണ്ടം കുളം പോലെയാക്കി പെയ്തവ.... ആദ്യമായി സ്കൂളിൽ പോയദിവസം ആകെ നനച്ച് ഭീതിപ്പെടുത്തിയവ...എൽപി സ്കൂളിൻറെ ഗ്രൗണ്ടിൻറെ ട്രാൻസ്ഫോർമറിൽ പൂത്തിരിപെയ്യിച്ച് ഞങ്ങളെ ആവേശത്തിലായ്ത്തിയിരുന്ന മഴ.....ക്രിക്കറ്റ് കളിക്കിടയിൽ രസം കൊല്ലിയായും ഫുട്ബോൾ മത്സരങ്ങളിൽ വീര്യം കൂട്ടിയും പെയ്തിരുന്നവ.... ഊട്ടിയിൽ മഞ്ഞിനോടൊപ്പം അസ്ഥിതുളക്കും ശൈത്യത്തോടെ പെയ്ത് മരവിപ്പിച്ചവ...നഗരങ്ങളിലെ വാഹനങ്ങളുടെ വെളിച്ചത്തിൽ വർണ്ണനൂലുകളെപ്പോലെ പെയ്ത് ദൃശ്യവിസ്മയം തീർത്തവ....കോളേജ് കരഘോഷങ്ങൾക്ക് ആരവങ്ങളേറ്റി തിമിർത്തുപെയ്തവ
പള്ളികളിലെ പ്രാർത്ഥനകളിൽ ഭക്തിസാന്ദ്രമാക്കുവാനായി പെയ്തവ......രാത്രിയിലെ വിരസതകൾക്കുമേലും പ്രഭാതത്തി ഉന്മേഷങ്ങൾക്കുമേലും വിളിക്കാതെ വന്ന് പെയ്തവ...ട്രെയിൻയാത്രകളെ അനുഭവങ്ങളാക്കി ചീറി പെയ്തവ...കോഴിക്കോട്ടെ സായാഹ്നങ്ങളിൽ കട്ടൻചായക്ക് കടുപ്പമേറ്റി ഓർമകളിലേക്ക് നടത്തിച്ചവ....ഉറ്റവരുടെ മരണസമയങ്ങളിൽ കണ്ണീരിനു കൂട്ടായ് വന്നവ....അങ്ങനെയങ്ങനെ എത്രയെത്ര മഴകൾ...
അത്മാവിനെ മേഘങ്ങളാക്കി പറത്തി ഒരു നേർത്തമഴയോടൊപ്പം മണ്ണോടലിഞ്ഞു ചേരണം...മഴയോടൊപ്പം മണ്ണായി ദൂരേക്കൊലിച്ച് പോണം.
By:
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക