Showing posts with label സഫവാൻറഷീദ് പുല്ലാനി. Show all posts
Showing posts with label സഫവാൻറഷീദ് പുല്ലാനി. Show all posts

മഴ


മഴക്ക് ഓരോ നേരത്തും ഓരോ ഭാവമാണ്.... ഇത്രയും പ്രായത്തിനിടക്ക് തന്നെ മനസ്സും ശരീരവും നിറച്ച് എത്ര മഴകളാണ് കടന്നുപോയിട്ടുളളത്... കുഞ്ഞുനാളിൽ തറവാട്ടുവീട്ടിലെ ഓടുകൾക്കിടയിലൂടെ നേർത്തതുളളികളുതിർത്ത് ഉറക്കത്തിൻറെ ദൈർഘ്യം കുറച്ചവ... തറവാടു വീടിൻറെ താഴേകണ്ടം കുളം പോലെയാക്കി പെയ്തവ.... ആദ്യമായി സ്കൂളിൽ പോയദിവസം ആകെ നനച്ച് ഭീതിപ്പെടുത്തിയവ...എൽപി സ്കൂളിൻറെ ഗ്രൗണ്ടിൻറെ ട്രാൻസ്ഫോർമറിൽ പൂത്തിരിപെയ്യിച്ച് ഞങ്ങളെ ആവേശത്തിലായ്ത്തിയിരുന്ന മഴ.....ക്രിക്കറ്റ് കളിക്കിടയിൽ രസം കൊല്ലിയായും ഫുട്ബോൾ മത്സരങ്ങളിൽ വീര്യം കൂട്ടിയും പെയ്തിരുന്നവ.... ഊട്ടിയിൽ മഞ്ഞിനോടൊപ്പം അസ്ഥിതുളക്കും ശൈത്യത്തോടെ പെയ്ത് മരവിപ്പിച്ചവ...നഗരങ്ങളിലെ വാഹനങ്ങളുടെ വെളിച്ചത്തിൽ വർണ്ണനൂലുകളെപ്പോലെ പെയ്ത് ദൃശ്യവിസ്മയം തീർത്തവ....കോളേജ് കരഘോഷങ്ങൾക്ക് ആരവങ്ങളേറ്റി തിമിർത്തുപെയ്തവ
പള്ളികളിലെ പ്രാർത്ഥനകളിൽ ഭക്തിസാന്ദ്രമാക്കുവാനായി പെയ്തവ......രാത്രിയിലെ വിരസതകൾക്കുമേലും പ്രഭാതത്തി ഉന്മേഷങ്ങൾക്കുമേലും വിളിക്കാതെ വന്ന് പെയ്തവ...ട്രെയിൻയാത്രകളെ അനുഭവങ്ങളാക്കി ചീറി പെയ്തവ...കോഴിക്കോട്ടെ സായാഹ്നങ്ങളിൽ കട്ടൻചായക്ക് കടുപ്പമേറ്റി ഓർമകളിലേക്ക് നടത്തിച്ചവ....ഉറ്റവരുടെ മരണസമയങ്ങളിൽ കണ്ണീരിനു കൂട്ടായ് വന്നവ....അങ്ങനെയങ്ങനെ എത്രയെത്ര മഴകൾ...
അത്മാവിനെ മേഘങ്ങളാക്കി പറത്തി ഒരു നേർത്തമഴയോടൊപ്പം മണ്ണോടലിഞ്ഞു ചേരണം...മഴയോടൊപ്പം മണ്ണായി ദൂരേക്കൊലിച്ച് പോണം.


By: 
Safvan Rashid Pullani

നുറുങ്ങ്


മലപ്പുറം കോളേജിലെ ബിരുദ കാലം....
മഴ പെഴ്തൊഴിഞ്ഞ ഒക്ടോബറിലെ ഒരു വൈകുന്നേരം.... 
അലസമായി നടക്കുന്നതിനിടയിലെപ്പോഴോ ക്ളാസിൽ കയറി..
.ക്ളാസിൽ മുഗൾ കാലഘട്ടത്തിലെ ദർബാറുകളായിരുന്നു ചർച്ച..
സംഗീതവും പ്രണയവും മഴ പോലെ പെയ്തിറങ്ങിയ ദർബാറിൻറെ വിവരങ്ങൾ കേൾക്കാൻ ഇമ്പമുളളതായിരുന്നു.. നൂർജഹാനുംസലീമും ഖുസ്രുവുമെല്ലാംമനസ്സിലൂടെ മിന്നി മറഞ്ഞു...ക്ളാസ് കഴിഞ്ഞ് പുറത്തിറങ്ങി...ക്ളാസ് അധികസമയത്തേക്ക് നീണ്ടതിനാൽ വരാന്തകൾ ശൂന്യമായിരുന്നു..
പുസ്തകവും കയ്യിൽ കറക്കിയ നടത്തം രണ്ടാം നിലയിലെത്തി...സായാഹ്നത്തോടടുക്കുന്ന സൂര്യൻറെ വെളിച്ചം നടുമുറ്റത്തെ കുളത്തിൽ തട്ടിപ്രതിഫലിക്കുന്നുണ്ടായിരുന്നു... ആ വെളിച്ചത്തിൻറെ നടുവിലൂടെ ഒരു തിളങ്ങുന്ന ഒരു മുഖംസയൻസ് ബ്ളോക്കിൽ നിന്നിറങ്ങി വരുന്നത് കണ്ടു...
ഗസലുകളിൽ കേട്ട ഷഹ്സാദയുടെ മുഖം....ഒരു നിമിഷം വരാന്തകളെനിക്കുമുന്നിൽ ദർബാറുകളായി...ഞാൻ ഷഹൻഷയും....
"ആംഗോ മേം തേരി...അജബ്സി അജബ്സി" സുന്ദരഗാനം അന്തരീക്ഷത്തിൽ മുഴങ്ങി.... സ്ഥിരം എത്തുന്ന സമയമായിട്ടും കാണാത്തത് കൊണ്ട് കൂട്ടുകാരിലാരോ ഒരാൾ സെൽഫോണിൽ വിളിച്ചതായിരുന്നു അത്..... ഞെട്ടലിൽ നിന്നും മുക്തമായി ഞാൻ താഴേക്ക് നടന്നു.. വെളിച്ചത്തിനുളളിലേവിടേക്കോ ആ മുഖം മാഞ്ഞു...വരാന്തയിൽ പ്രാവുകൾ ചിറകിട്ടടിച്ചു.... അതുവരെ നടുമുറ്റത്തെ കുളത്തിൽ ഉയർന്നു നിന്ന സുവർണ്ണമീനുകൾ താഴേക്കൂളിയിട്ടു... അന്നത്തേതു പോലൊരു ചുവന്ന സായാഹ്നം പിന്നീടിതു വരെ കണ്ടിട്ടില്ല....കയ്യെത്താ ദൂരത്താണെന്നറിഞ്ഞിട്ടും ആ മുഖത്തെ ഞാൻ നിശബ്ദമായി പ്രണയിച്ചിരുന്നു..ഇന്നും....!!!!!


by: 
Safvan Rashid Pullani

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo