നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മദ്യപാനം ആരോഗ്യത്തിന് ഹാനികരം


 1 ആലീസിൻ്റെ ശവസംസ്ക്കാര ചടങ്ങിൽ പങ്കെടുത്ത ശേഷം വീട്ടിലെത്തുമ്പോൾ വളരെ വൈകിയിരുന്നു. ചൂടു വെള്ളത്തിൽ ഒരു കുളി പാസാക്കി എത്തിയപ്പോൾ ഭാര്യക്ക് നാട്ടിലെ വിശേഷങ്ങൾ ഒരു പാട് ചോദിച്ചറിയാനുണ്ടായിരുന്നു. അപ്പച്ചൻ്റെ യും അമ്മച്ചിയുടെയും രോഗവിവരങ്ങൾ, നാത്തൂന്മാരുടെയും അവരുടെ കുട്ടികളുടെയും വിശേഷങ്ങൾ അങ്ങനെ പലതും . ഭക്ഷണം കഴിക്കുന്നതിനിടയിൽ അവൾ ഓരോന്നായി ചോദിച്ചു കൊണ്ടിരുന്നു.

ഏറ്റവും അവസാനമാണ് അവൾ ആലീസിനെ കുറിച്ച് ചോദിച്ചത്.
" അവൾ തൂങ്ങി മരിക്കാൻ , എന്താണ് കാരണോന്ന് വല്ലതും അറിഞ്ഞോ .. .?ജോർജൂട്ടീ "
" ഇല്ല, ഒരു കത്തു പോലും എഴുതി വച്ചിട്ടില്ലാന്നാ ... അറിഞ്ഞേ .. "
വാഷ്ബേസിനിൽ കൈ കഴുകുന്നതിനിടയിൽ ഞാൻ പറഞ്ഞു .
" ഇത്തിരിയില്ലാത്ത കുഞ്ഞുമായി പള്ളീൽ വരുന്നത് , ഞാൻ ഓർക്കണുണ്ട് . "
ഭാര്യ അവളുടെ ഓർമയിലെ ആലീസിനെ കുറിച്ച് പറഞ്ഞു.
ശരിയാണ് , ഭർത്താവ് ഉപേക്ഷിച്ച് പോയപ്പോൾ മൂത്ത കുട്ടിയെ അയാൾ കൊണ്ടു പോയി, ഇളയ പെൺകുട്ടി ആലീസിൻ്റെ കൂടെയും . അപ്പനും അമ്മയും കൂടെയുണ്ടായിരുന്നു എന്നതായിരുന്നു അവളുടെ ആശ്വാസം .
രണ്ടു വീടിന് അകലമുണ്ടെങ്കിലും അവൾ ഞങ്ങളുടെ തറവാട്ടിലെ നിത്യ സന്ദർശകയായിരുന്നു. വീട്ടുജോലിക്കായി വരുന്ന കാർത്തു ഒഴിച്ചാൽ പിന്നെയൊരാളുടെ ദിനം തോറുമുള്ള സാന്നിധ്യം ആലീസിൻ്റെത് മാത്രമായിരുന്നു. പള്ളിയിൽ പോവാനും അല്പസ്വല്പം വർത്തമാനം പറയാനും അമ്മച്ചിക്ക് ഒരു സഹായമായിരുന്നു അവൾ . അതു കൊണ്ടു തന്നെ അമ്മച്ചിക്കായിരുന്നു ആലീസിൻ്റെ മരണത്തിൽ ഏറ്റവും കൂടുതൽ നഷ്ടം വന്നിട്ടുള്ളത്.
പട്ടാളത്തിൽ നിന്ന് പിരിഞ്ഞു വന്ന സുദേവനുമായി എന്തോ അടുപ്പമുണ്ടായിരുന്നു എന്ന് അവിടെയും ഇവിടെയും പറഞ്ഞു കേട്ടു . അമ്മച്ചിയോട് അതിനെ കുറിച്ച് ഞാൻ ചോദിക്കയും ചെയ്തു.
" ആ കൊച്ചിന് ചില സഹായങ്ങളൊക്കെ സുദേവൻ ചെയ്തു കൊടുത്തിട്ടുണ്ട് .. ആൾക്കാർക്ക് എന്താ പറഞ്ഞു കൂടാത്തത് ..."
അമ്മച്ചി ഇത്രയും പറഞ്ഞ് എന്തൊക്കെയോ ഓർത്ത് ഒന്ന് നിശ്വസിക്ക മാത്രം ചെയ്തു.
സുദേവൻ എൻ്റെ ക്ലാസ് മേറ്റായിരുന്നു. പതിനഞ്ചു വർഷത്തെ പട്ടാള സേവനത്തിനു ശേഷം നാട്ടിൽ സാമൂഹൃ പ്രവർത്തനവുമായി നടക്കുന്നു. ആൺ തുണയില്ലാത്ത ആലീസിന് ചില സഹായങ്ങളൊക്കെ ചെയ്തു കൊടുത്തിരിക്കാം .
അഞ്ചെട്ടു മാസങ്ങൾക്ക് മുമ്പ് നടന്ന കയ്പയിൽ ദാമുവിൻ്റെ മരണത്തിൽ തുടർ അന്വേഷണം ആവശ്യപ്പെട്ട് പോലീസ് സ്റ്റേഷൻ മാർച്ച് നടത്തുന്ന തിരക്കിലായിരുന്നു സുദേവൻ . ആലീസിൻ്റെ മരണവീട്ടിൽ വച്ച് കാണുമ്പോൾ കൂടി ,ദാമുവിൻ്റെ കൊലപാതകവും അന്വേഷണം വഴിമുട്ടി നില്ക്കുന്നതുമൊക്കെയാണ് അവൻ എന്നോട് സംസാരിച്ചത്. സുദേവൻ എന്തു കൊണ്ട് അവിവാഹിതനായി തുടരുന്നു എന്നത് എനിക്ക് ഒരത്ഭുതമായിരുന്നു.
പഠിക്കുന്ന കാലത്ത് ആലീസ് അവൻ്റെ ഒരു ദൗർബല്യമായിരുന്നു.
അമ്മച്ചി എന്തൊക്കെ പറഞ്ഞാലും അങ്ങിനെ ഒരു സംശയം എനിക്കും സുദേവൻ്റെ മേൽ ഇല്ലാതില്ല.
"ആ കുട്ടിയുടെ കാര്യം ..ന്താവും .. "
ഉറങ്ങാൻ കിടക്കുമ്പോളും ഭാര്യയുടെ മനസിൽ നിന്നും ആലീസും അവളുടെ കുട്ടിയും പോയിട്ടില്ലായിരുന്നു .
" അയാൾ കൊണ്ടു പോവുമായിരിക്കും ... ആലീസിന് വേറെ സഹോദരങ്ങളൊന്നുമില്ലല്ലോ ....."
ഞാൻ പറഞ്ഞു.
ദീർഘയാത്ര കഴിഞ്ഞു വന്നതുകൊണ്ട് നല്ല ക്ഷീണമുണ്ടായിരുന്നു. കൂടുതൽ സംസാരിക്കാൻ താല്പര്യം കാണിക്കാതെ ഞാൻ തിരിഞ്ഞു കിടന്നു.
ഒരു മാസത്തിനുള്ളിൽ തന്നെ , വീണ്ടും എനിക്ക് നാട്ടിൽ പോകേണ്ടി വന്നു. മൂത്ത പെങ്ങൾക്ക് കട തുടങ്ങാൻ റോഡ് സൈഡിലുള്ള സ്ഥലം എഴുതി കൊടുക്കേണ്ടിയിരുന്നു. ഞാനും ചെന്ന് ഒപ്പിട്ട് കൊടുക്കേണ്ട ആവശ്യമുണ്ടായിരുന്നു.
രജിസ്ട്രാരാഫീസിൽ നിന്ന് തിരിച്ചു വരുന്ന വഴി ജംഗ്ഷനിൽ വച്ച്, ഔസേപ്പ് കൈകാണിച്ചു.
ദാമു മരിച്ച ശേഷം ഉപഷാപ്പ് നടത്തിക്കൊണ്ടു പോവുന്നത് ഔസേപ്പാണ്.ഒന്നാം തീയതിയായതിനാൽ അന്ന് ഷാപ്പിന് അവധിയായിരുന്നു. ചന്തയിൽ നിന്ന് ഷാപ്പിലേക്കുള്ള സാധനങ്ങൾ ഏർപ്പാട് ചെയ്യുവാൻ ഇറങ്ങിയതാണ് ഔസേപ്പ്.
ദാമു മരിക്കുന്നതിന് ഏതാനും മാസങ്ങൾക്ക് മുമ്പ് മാത്രമാണ് ഔസേപ്പ് അയാളുടെ സഹായിയായി എത്തുന്നത് . ഔസേപ്പ് വന്ന് അധികം താമസിയാതെയാണ് ദാമുവിനെ ആരോ കൊലപ്പെടുത്തുന്നതും ഷാപ്പിൻ്റെ നടത്തിപ്പ് ഔസേപ്പിലാവുന്നതും. .
ദാമു വധ കേസ് തേഞ്ഞു മാഞ്ഞു പോവുന്ന ലക്ഷണമാണെന്നാണ് ഔസേപ്പ് പറഞ്ഞത്. ഒരാളെയും സംശയത്തിൻ്റെ പേരിൽ പോലും അറസ്റ്റ് ചെയ്യാൻ പോലീസിന് കഴിഞ്ഞിട്ടില്ലത്രേ. ഔസേപ്പ് ഉൾപ്പടെ ചിലരെയൊക്കെ ചോദ്യം ചെയ്തത് മാത്രം മിച്ചം.
ദാമു കൊല്ലപ്പെട്ട രാത്രിയിൽ ഒരു ജീപ്പ് സംശയകരമായ സാഹചര്യത്തിൽ കണ്ടതായി ചിലർ പറഞ്ഞിട്ടുണ്ട്. അതിൻ്റെ അന്വേഷണവും എങ്ങുമെത്തിയിട്ടില്ല . സുദേവനെ പോലെയുള്ളവരുടെ സമരവും ഏതാണ്ട് കെട്ടടങ്ങിയ പോലാണത്രേ .
സുദേവന് മേൽ വേറൊരു സംശയം വന്നു പെട്ടിട്ടുണ്ടല്ലോ . ഔസേപ്പ് വണ്ടിയിലിരുന്ന് കുറഞ്ഞ സമയം കൊണ്ട് പറഞ്ഞ കാര്യങ്ങളാണിതൊക്കെ.
സുദേവൻ്റെ പേരിൽ ഏതോ സംശയം ഉണ്ടെന്നത് എനിക്ക് പുതിയ അറിവായിരുന്നു.
"അതെന്ത് സംശയം " എനിക്ക് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല .
'' ആത്മഹത്യ ചെയ്ത ആലീസ് ഗർഭിണിയായിരുന്നല്ലോ ...... അതിൽ സുദേവനെ സംശയണ്ട് "
അല്പം ശബ്ദം താഴ്ത്തിയാണ് ഔസേപ്പ് ഇത്രയും പറഞ്ഞത് .
പോലീസ് ആ വിഷയത്തിൽ സുദേവനെ ചോദ്യം ചെയ്തിരുന്നത്രേ . സുദേവനെ മാത്രമല്ല , സംശയമുള്ള പലരേയും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. അതും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. ഇടക്ക് പോലീസ് ജീപ്പ് വന്നു പോകുന്നുണ്ട് ,എന്നതൊഴിച്ച് എല്ലാം ഏറെ കുറെ നിർജീവം .
ഇങ്ങനെ കുറേയേറെ വിലപ്പെട്ട വിവരങ്ങൾ എനിക്ക് തന്നതിനു ശേഷമാണ് , ഷാപ്പിന് മുന്നിൽ വണ്ടി നിർത്തിച്ച് ഔസേപ്പ് ഇറങ്ങിപ്പോയത്.
തറവാട്ടിൽ പെങ്ങന്മാരും അവരുടെ ഭർത്താക്കന്മാരുമൊക്കെയുണ്ടായിരുന്നു.
ഏറെ കാലത്തിനു ശേഷമാണ് ഒന്നിച്ചു കാണുന്നത്. ആറു മാസങ്ങൾക്ക് മുമ്പ് അപ്പച്ചൻ ആശുപത്രിയിലായിരുന്നപ്പോൾ പരസ്പര മൊക്കെ കണ്ടിരുന്നെങ്കിലും എല്ലാവരുമൊരുമിച്ച് ഇതുപോലെ കൂടിയിട്ട് ഒരുപാട് നാള് കഴിഞ്ഞിരിക്കുന്നു.
ലീവ് കിട്ടാനുള്ള ബുദ്ധിമുട്ട് കൊണ്ട് എൻ്റെ ഭാര്യ മാത്രം ഈ കൂടി ചേരലിൽ ഇല്ലാതെ പോയി.
അവിടെയും ചർച്ച അത്മഹത്യയും കൊലപാതകവുമായി രുന്നു.
ഇതിന് മുമ്പ് ഇതുപോലെയുള്ള ദാരുണ സംഭവങ്ങൾ നാട്ടിൽ ഉണ്ടാവുമ്പോൾ ചിലരുടെയൊക്കെ പേരുകൾ പറഞ്ഞു കേൾക്കാറുണ്ട് . ഇവിടെ ഈ രണ്ടു സംഭവങ്ങളിലും പോലീസിനോ ജനത്തിനോ ഒരാളുടെ മേൽ പോലും കാര്യമായ സംശയം ഇതുവരെയും ഉണ്ടായിട്ടില്ല.
ഞങ്ങളുടെ തറവാട്ടിലെ അംഗങ്ങൾ പോലും മൂക്കത്ത് വിരൽ വച്ച് തലപുകച്ചു .
തിരികെ വീട്ടിലെത്തി ഭാര്യയുടെ ചോദ്യങ്ങൾ ക്ക് യാന്ത്രികമായാണ് മറുപടി പറഞ്ഞു കൊണ്ടിരുന്നത് .
അവളും അവസാനം തറവാട്ടിലെ അഗങ്ങളുടെ അതേ ചോദ്യങ്ങൾ തന്നെ ചോദിക്കുന്നു .
എൻ്റെ മനസും ഉത്തരമില്ലാത്ത ഈ ചോദ്യങ്ങളാൽ മുഖരിതമായിരുന്നു. ഉറക്കം വന്നെത്താൻ കൂടുതൽ സമയമെടുത്തു.
2
ബൈക്ക് , പേ ആൻഡ് പാർക്കിൽ വച്ച ശേഷം ബസ് സ്റ്റാൻ്റിന് എതിരെയുള്ള ബാറിലേക്കാണ് ഞങ്ങൾ നടന്നത്. അവിടെയാവുമ്പോൾ അല്പം താമസിച്ചാലും സുദേവന് നാട്ടിലേക്കും എനിക്ക് വീട്ടിലേക്കും ബസ് പിടിക്കാൻ എളുപ്പമാവുമല്ലോ ..
നഗരത്തിൽ ആരെയോ കാണാനെത്തിയതാണ് സുദേവൻ .
കൂട്ടത്തിൽ ഗൗരവമായതെന്തോ സംസാരിക്കാനുണ്ട് എന്നു പറഞ്ഞാണ് അവൻ എൻ്റെ ഓഫീസിൽ എത്തിയത്.
ഞാൻ നാട്ടിലേക്ക് പോയിട്ട് ആറു മാസത്തോളമായിരിക്കുന്നു. ആലീസിൻ്റെ മരണശേഷം ഒരു തവണ മാത്രമേ തറവാട്ടിൽ പോയതുള്ളൂ , അമ്മച്ചിയുടെ പരിഭവം ഇന്നലേ കൂടി ഫോണിലൂടെ കേട്ടു .
ഒഴികഴിവ് പലതും പറഞ്ഞെങ്കിലും സുദേവൻ പിന്മാറിയില്ല. അവന് അത്രക്ക് പ്രാധാന്യമുള്ളതെന്തോ ആണ് എന്നോട് പറയുവാനുള്ളത്.
ബാറിൽ നേർക്ക് നേർ ഇരുന്നു കഴിഞ്ഞപ്പോൾ സുദേവൻ പറഞ്ഞു.
" ഞാൻ മദ്യപിച്ചിട്ട് കുറച്ചധികം നാളുകളായി. "
"ഒരു വിമുക്ത ഭടനായിട്ടും ...... "
" ഇന്ന് ഞാനത് തെറ്റിക്കുന്നു. ..ബീയർ മതി ... "
തണുത്ത ബീയർ ഉള്ളിൽ ചെന്നിട്ടും അവന് സംസാരിക്കാൻ എന്തോ മടി ഉള്ളതു പോലെ.
" അല്ല .... നീ ഒന്നും പറയുന്നില്ലല്ലോ ....."
കുറച്ചു നേരം കൂടി അവൻ മൗനമായി ഇരുന്നു. എന്തോ മനസിൽ കൂട്ടിക്കിഴിക്കുന്നതു പോലെയാണ് എനിക്ക് തോന്നിയത്.
" എൻ്റെ അച്ഛൻ എങ്ങനെയാണ് മരിച്ചതെന്ന് ജോർജൂട്ടി ഓർക്കുന്നുണ്ടോ ....."
പെട്ടെന്നാണ് സുദേവൻ ചോദിച്ചത്. അതുവരെയില്ലാതിരുന്ന ഒരു പ്രത്യേക ശബ്ദത്തിലാണവൻ ചോദിച്ചത്.
എൻ്റെ മുഖത്ത് തെളിഞ്ഞ അജ്ഞതയിലേക്ക് അവൻ ഉറ്റു നോക്കിയ ശേഷം
മുന്നിലെ ചെറിയ പ്ലേറ്റിൽ ഇരുന്ന അച്ചാർ തൊട്ട് നാക്കിൽ വച്ചു.
സുദേവൻ പട്ടാളത്തിൽ ചേർന്ന് ഏതാനും വർഷങ്ങൾക്ക് ശേഷമാണ് അച്ഛൻ വേലായുധൻ മരിക്കുന്നത്.
മരണത്തിൽ ചില സംശയങ്ങളൊക്കെ അക്കാലത്ത് ഉണ്ടായിരുന്നെന്ന് ഓർക്കുന്നു. പിന്നീട് കാര്യമായൊന്നും അന്വേഷണമില്ലാതെ മറവിയിലേക്ക് വീണു പോവുകയായിരുന്നു.
എൻ്റെ വിവാഹവും നഗരത്തിലേക്കുള്ള പറിച്ചു നടീലുമായി തിരക്കിലായ സമയമായിരുന്നതിനാൽ ഇതൊന്നും അത്രക്ക് ശ്രദ്ധിച്ചില്ല എന്നതാണ് 'സത്യം .
''എന്താ ... ഇപ്പോ അത് ചോദിക്കാൻ .."
ഞാൻ ചോദിച്ചു.
സുദേവൻ എന്താണ് ഉദ്ദേശിക്കുന്നതെന്ന് എനിക്ക് ഒരു പിടിയും ' കിട്ടിയില്ല.
ചില്ല് ജാലകത്തിലൂടെ സ്റ്റാൻ്റിൽ വന്നു പോകുന്ന ബസ്സുകളുടെ മേൽ ദൃഷ്ടി പതിപ്പിച്ച് സുദേവൻ പറഞ്ഞു
''കൊന്നതായിരുന്നു .... അച്ഛനെ ... "
പല്ല് കടിച്ചു പിടിച്ചാണ് അവൻ അത്രയും പറഞ്ഞത്. കണ്ണകളിൽ ഒരു അഗ്നി പെട്ടെന്ന് മിന്നി മറഞ്ഞ പോലെ .
"ആര് ......"
എന്നിൽ നിന്ന് ഞാൻ പോലുമറിയാതെയാണ് ആ ചോദ്യം പുറത്തു വന്നത്.
സുദേവൻ വീണ്ടും ഉള്ളിൽ ചില കണക്കുകൂട്ടലുകൾ നടത്തുന്നതു പോലെ എനിക്ക് തോന്നി.
''ദാമു .... കയ്പയിൽ ദാമു ..അയാളാണ് അച്ഛനെ ......."
സുദേവനിൽ ഏതൊരു മകനും ഉണ്ടാകാവുന്ന വികാര വേലിയേറ്റം ഞാൻ തിരിച്ചറിഞ്ഞു. കൂടെ മറ്റു ചില സംശയങ്ങളും എന്നിൽ ഉരുണ്ടു കൂടി .നേരിയ ഒരു ഭയം എന്നെ വന്നു ' മൂടി. രണ്ടു പേരും കുറച്ചു നേരം ഒന്നും സംസാരിച്ചില്ല. രണ്ടാമതും കൊണ്ടു വന്ന ബിയർ സുദേവൻ സിപ് ചെയ്ത് തുടങ്ങി.
അങ്ങനെയൊരു വിവരം എവിടെ നിന്നും ഞാൻ കേട്ടിട്ടുണ്ടായിരുന്നില്ല, അതു കൊണ്ട് ഞാൻ ചോദിച്ചു.
" നീ .. ഇത് എങ്ങനെ അറിഞ്ഞു .. സാക്ഷികൾ ഉണ്ടോ ..."
" ഉണ്ട് ... സാക്ഷി .. ഉണ്ട് .... ദാമുവിൻ്റെ മുൻ സഹായി ദിവാകരേട്ടൻ ....."
ഔസേപ്പിനും മുമ്പ് ഉപഷാപ്പിൽ ദാമുവിൻ്റെ സഹായി ദിവാകരേട്ടനായിരുന്നു എന്ന് ഞാനോർത്തു.
" ദിവാകരേട്ടന് മാത്രമേ ... അതറിയൂ ... മരിക്കുന്നതിന് മുമ്പ് ചേട്ടൻ എന്നോട് എല്ലാം പറഞ്ഞു. ... "
സുദേവൻ കാലിയായ ഗ്ലാസ് കയ്യിലെടുത്ത് മറുകൈ കൊണ്ട് വെറുതെ തിരുപ്പിടിച്ചു കൊണ്ടിരുന്നു. അയാളുപയോഗിക്കുന്ന സമ്മർദ്ദം കൊണ്ട് ഏതു സമയവും ഗ്ലാസ് തറയിൽ വീണുടയാമെന്ന് ഞാൻ സംശയിച്ചു.
'''ജോർജൂട്ടിയാണെങ്കിൽ .. ഈ സന്ദർഭത്തിൽ എന്തു ചെയ്യും ...."
കുഴപ്പിക്കുന്ന ചോദ്യം എൻ്റെ മേൽ എയ്തിട്ട് അയാൾ വീണ്ടും ചില്ലു ജാലകത്തിലൂടെ പുറത്തേക്ക് നോക്കിയിരുന്നു.
പഠിക്കുന്ന കാലത്തെ നിർദ്ദോഷിയായ ഒരു പയ്യൻ്റെ ഭാവം അവനിൽ ഇപ്പോൾ അന്യമാണെന്ന് ഞാൻ ഒരു ഞെട്ടലോടെ തിരിച്ചറിഞ്ഞു.
"ഞാനാണ് ...ദാമുവിനെ .. കൊന്നത് ...."
ഇതിനകം തന്നെ ഊഹിച്ചിരുന്നത് കൊണ്ട് എൻ്റെ ഞെട്ടൽ അത്ര വലുതല്ലായിരുന്നു.
നഗരത്തിലെ ഒരു
ക്വട്ടേഷൻ സംഘത്തിൻ്റെ സഹായത്തോടയാണ് സുദേവൻ ദാമുവിനെ കൊലപ്പെടുത്തിയത്. അവരാണ് വന്ന് ചെയ്തതെങ്കിലും പ്ലാനിങ്ങ് മൊത്തം സുദേവനാണ് ചെയ്തത്. എന്നാൽ അയാൾ നേരിട്ട് കൃത്യത്തിൽ ഇടപെട്ടിട്ടില്ല. ഒരു മാസത്തോളം തയ്യാറെടുപ്പായിരുന്നുവത്രേ. സംഘത്തിലെ മൂന്ന് നാല് പേർ പലപ്പോഴായി നാട്ടിൽ വന്നു പോയി. രണ്ടു പേർ ദാമുവിൻ്റെ ഷാപ്പിലെത്തി മദ്യപിക്കുക വരെ ചെയ്തു.
അന്ന് കണ്ടു എന്നു പറയുന്ന ജീപ്പിൽ തന്നെയാണ് അവർ വന്നത്. അടിമാലിയിലെ ഒരച്ചായൻ്റെയായിരുന്നു ആ ജീപ്പ്.
നമ്പർ പ്ലേറ്റ് മാറ്റിയിരുന്നു. പോലീസ് നമ്മുടെ ഗ്രാമത്തിനും നഗരത്തിനുമിടയിൽ ചില പോയിൻറുകളിൽ സ്ഥാപിച്ചിട്ടുള്ള സിസി ടിവി ക്യാമറകളൊക്കെയാണ് പരിശോധിച്ചത്. അവർ വന്നതും പോയതുമൊക്കെ ക്യാമറയൊന്നും ഇല്ലാത്ത നാടൻ വഴികളിലൂടെയായിരുന്നു. പിറ്റേ ദിവസം തന്നെ ജീപ്പിൻ്റെ ബോഡി അല്പ സ്വല്പം വ്യത്യാസത്തോടെ പണി ചെയ്ത് പെയിൻ്റ് ചെയ്തു . അച്ചായൻ ഇപ്പോഴും വണ്ടി ഉപയോഗിച്ചു കൊണ്ടിരിക്കുന്നു.
സുദേവൻ വളരെ ആവേശത്തോടെയാണ് അയാൾ പ്ലാൻ ചെയ്ത് നടപ്പിലാക്കിയ കൃത്യം എൻ്റെ മുന്നിൽ അവതരിപ്പിച്ചത്. ഒരു വിധത്തിലും ആർക്കും കണ്ടു പിടിക്കാൻ കഴിയാത്തത് എന്ന് അവൻ പറഞ്ഞത് ഒരു ഭംഗിവാക്കല്ലെന്ന് എനിക്കും ബോധ്യമായി .
എല്ലാം കഴിഞ്ഞ് കുറ്റവാളിയെ കണ്ടു പിടിക്കുവാനായി സമൂഹമധ്യത്തിൽ ഒരു സമരവും ....
ആ സംഘത്തെ സന്ദർശിക്കുവാനത്രെ സുദേവൻ ഇന്ന് നഗരത്തിലെത്തിയത്.
ഇതിനിടയിൽ അവനെ സംബന്ധിച്ചി ടത്തോളം അതീവ രഹസ്യമായ സംഭവം എന്നോട് ഭയലേശമില്ലാതെ എന്തിനു പറയുന്നു.
ചില സംശയങ്ങൾ എന്നെയും പൊതിഞ്ഞതിനാൽ അങ്ങനെയൊന്നും ചോദിക്കാൻ ഞാൻ മിനക്കെട്ടില്ല.
ദീർഘമായ ഒരു സംസാരത്തിനു ശേഷം ഒരു വിശ്രമമെന്ന പോലെ സുദേവൻ വീണ്ടും മൗനത്തിലായി. ഒഴിഞ്ഞ കുപ്പികൾ എടുക്കാൻ വന്ന വെയ്റ്ററോട് ഭക്ഷണത്തിന് ഓർഡർ കൊടുത്തു.
" ഇതൊക്കെ എന്നോട് .. എന്തിന് പറയുന്നു .. എന്നല്ലേ ജോർജൂട്ടി .. ഇപ്പോ ആലോചിക്കുന്നത് ... "
എൻ്റെ മനസ് വായിച്ചറിഞ്ഞ പോലെ സുദേവൻ ചോദിച്ചു.
''ദാമു കുറേ നാളായി ആലീസിനെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. ഇങ്ങനെ ഒരു തീരുമാനം എടുക്കാൻ അതും ഒരു കാരണമായിരുന്നു .. "
സംഭാഷണത്തിലേക്ക് ആലീസിൻ്റെ പേര് വന്നപ്പോൾ എനിക്കെന്തോ ഒരസ്വസ്ഥത തോന്നി.
"ജോർജൂട്ടി അറിഞ്ഞു കാണുമല്ലോ ... പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ അവൾ ഗർഭിണിയായിരുന്ന വിവരം .. "
അറിയാമെന്ന അർത്ഥത്തിൽ ഞാൻ തലയാട്ടി.
പോലീസിൻ്റെ ആദ്യ സംശയം സ്വാഭാവികമായും സുദേവന് മേലാണ് വന്നു വീണത്.
" ഒരു കുടുംബ ജീവിതം നയിക്കുവാനുള്ള കഴിവ് ഉണ്ടായിരുന്നെങ്കിൽ ,അവളെയും മോളെയും എത്രയോ മുമ്പേ ഞാൻ വീട്ടിലേക്ക് കൂട്ടി വന്നേനെ ...."
പട്ടാളത്തിൽ സഹപ്രവർത്തകനായ ഒരു ബംഗാളിയുമായുള്ള തർക്കമാണ് ജീവിതം തീറെഴുതിയ ആ സംഭവത്തിന് അടിസ്ഥാനം. തോക്കും പാത്തി കൊണ്ട് തുടരെയുള്ള താഡനമായിരുന്നു. മെഡിക്കൽ സർട്ടിഫിക്കറ്റ് പോലീസിനെ കാണിക്കേണ്ടി വന്നു.
ഇപ്പോഴും സുദേവനാണ് ഉത്തരവാദി എന്നു വിശ്വസിക്കുന്നവർ ഉണ്ടാവാം. ആരോടും പറയില്ല എന്ന ഉറപ്പ് ആ ഇൻസ്പെക്ടർ കൃത്യമായും പാലിച്ചു പോരുന്നു.
സംഭാഷണം ആലീസിനെ ചുറ്റിപ്പറ്റിയായതിൽ എനിക്ക് വീണ്ടും വിഷമം തോന്നി.
'' അല്ലെങ്കിലും അവൾക്ക് എന്നും ജോർജൂട്ടിയോടായിരുന്നു താല്പര്യം ...... "
വീണ്ടും സുദേവൻ മനപൂർവം ആ വിഷയം തന്നെ തുടരുകയാണ്.
'' അമ്മച്ചിയാണ് അന്ന് എതിര് നിന്നത് . ആ അമ്മച്ചിക്ക് തുണയായി അവസാനം വരെ അവളുണ്ടായിരുന്നു. ... "
ജോർജൂട്ടിയും കുടുംബവും ആലീസിനോട് കാണിച്ച അനീതിയെ കുറിച്ചാണ് സുദേവൻ പറഞ്ഞത് .
ആലീസിനെ ഒഴിവാക്കാനായാണ് എത്രയും വേഗം ജോർജൂട്ടിയെ കൊണ്ട് വിവാഹം കഴിപ്പിച്ചത്. അന്ന് നേരെ നിന്ന് തൻ്റെ ഇഷ്ടം പറയുവാനുള്ള തൻ്റേടം തനിക്കും ഇല്ലാതെ പോയി.
"അപ്പച്ചന് സുഖമില്ലാതെ വന്നപ്പോൾ ജോർജൂട്ടി ഒരു ദിവസം വീട്ടിൽ തങ്ങിയിരുന്നു ,അല്ലേ .... "
ശരിയാണ് തറവാട്ടിൽ അന്തിയുറങ്ങിയിട്ട് നാളേറെയായിരുന്നു. അന്ന് അപ്പച്ചന് സുഖമില്ലാതെ ആശുപത്രിയിലായിരുന്നപ്പോ ഒരു ദിവസം തങ്ങിയിരുന്നു.
'''ജീവിതകാലം മുഴുവൻ അഴിയെണ്ണാൻ തക്ക രഹസ്യമാണ് ഞാൻ ജോർജൂട്ടിയോട് പറഞ്ഞത് ..."
ആ രഹസ്യത്തിന് അതിനു തക്ക പരിഗണന ഞാൻ നൽകുന്നില്ല എന്ന ധ്വനി അവൻ്റെ വാക്കുകളിലുണ്ടായിരുന്നു.
ബിയറിൻ്റെ സുഖകരമായ ലഹരിയിലും എനിക്കെന്തോ അവൻ്റെ മുഖത്ത് നോക്കാൻ കഴിയാതെ വന്നു.
'' അന്ന് തറവാട്ടിൽ ജോർജൂട്ടിയോടൊത്ത് ആലീസും ഉണ്ടായിരുന്നില്ലേ .... "
സുദേവൻ പഠിക്കുന്ന കാലത്ത് ഇത്ര കുശാഗ്ര ബുദ്ധിക്കാര
നൊന്നുമായിരുന്നില്ല. ഇതിപ്പോ എല്ലാം അറിഞ്ഞോണ്ടുള്ള ഒരു നോട്ടവും സംസാരവുമൊക്കെ .
ആലീസ് മരിക്കുന്നതിന് അഞ്ച് മാസങ്ങൾക്ക് മുമ്പാണ് രണ്ടാഴ്ചയോളം അപ്പച്ചൻ ആശുപത്രിയിലാവുന്നത്. പെങ്ങന്മാരും അളിയന്മാരുമൊക്കെയാണ് ആശുപത്രിയിൽ അപ്പച്ചനൊപ്പം നിന്നിരുന്നത്.
ഒരു ദിവസം രാത്രി ആശുപത്രിയിൽ കഴിച്ചു കൂട്ടുവാൻ തയ്യാറായാണ് ഞാൻ ചെന്നത്. ആവശ്യത്തിന് ആൾക്കാർ ഉള്ളത് കൊണ്ട് അവരാണ് പറഞ്ഞത് തറവാട്ടിലേക്ക് പോയിക്കൊള്ളാൻ ,അവിടെ അമ്മച്ചി തനിച്ചാണല്ലോ.
ഞാൻ തറവാട്ടിലെത്തുമ്പോൾ അമ്മച്ചിക്ക് കൂട്ടിന് ആലീസ് ഉണ്ടായിരുന്നു.
ആലീസാണ് എനിക്ക് ആഹാരം വിളമ്പുകയും മുറി ഒരുക്കി തരുകയുമൊക്കെ ചെയ്തത്. തറവാട്ടിലെ എല്ലാ കാര്യങ്ങളെ കുറിച്ചും അവൾക്ക് നല്ല ഗ്രാഹ്യമുണ്ടായിരുന്നു.
അമ്മച്ചി ഉറങ്ങിയ ശേഷം അവൾ എൻ്റെ റൂമിൽ വന്നു.
നഷ്ടപ്പെട്ടു പോയ വസന്ത കാലത്തെ കുറിച്ച് ഞങ്ങൾ സംസാരിച്ചിരുന്നു. ഇപ്പോഴും പഴയ സുഗന്ധ പൂർണമായ ചിന്ത അവൾ കൊണ്ട് നടക്കുന്നു എന്ന് എനിക്കു മനസിലായി. ഞാനും മനപൂർവ്വം എല്ലാം വലിച്ചെറിഞ്ഞ് പോയതല്ലല്ലോ . കുറേയധികം പരസ്പരം പറയുവാനുണ്ടായിരുന്നു. രാത്രി വളരെ വൈകി മാത്രമാണ് അവൾ എൻ്റെ മുറി വിട്ടു പോയത്.
ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ ഇതുവരെ വഹിച്ചിരുന്ന കനത്ത ഭാരം പെട്ടെന്ന് ഇറക്കി വച്ചതു പോലെ എനിക്ക് തോന്നി. അതിൻ്റെ വരും വരായ്കകളെ കുറിച്ച് തൽക്കാലത്തേക്ക് ഞാൻ മറന്നു.
എൻ്റെ തുറന്നു പറച്ചിലിൽ സുദേവൻ ഏറെക്കുറെ തൃപ്തനാണെന്ന് എനിക്ക് മനസ്സിലായി. പിറ്റേന്ന് , രാവിലെ നഗരത്തിലേക്ക് മടങ്ങുമ്പോൾ വഴിയിൽ സുദേവനെ കണ്ടിരുന്നതായും ഞാൻ ഓർത്തു.
3
നാട്ടിലേക്കുള്ള വണ്ടിയിൽ കയറി സൈഡ് സീറ്റിലിരുന്ന് കൈവീശി ,സുദേവൻ യാത്ര പറഞ്ഞു.
എൻ്റെ ബസ് എത്താൻ ഇനിയും അരമണിക്കൂർ താമസമുണ്ട് . ബസ് സ്റ്റാൻ്റിലെ സ്റ്റീൽ ബഞ്ചിലിരുന്ന് ജീവിതത്തിലെ തന്നെ നിർണായകമായ, പോയ നാലു മാണിക്കൂറുകളെക്കൂറിച്ചാണ് ഞാൻ ആലോചിച്ചു കൊണ്ടിരുന്നത്. ആലീസിനോട്, ഞാനും കുടുംബവും നീതികേട് കാണിച്ചുവെന്ന് സുദേവൻ പറഞ്ഞതു മുതൽ രൂപപ്പെട്ടിരുന്ന മുറിവിൻ്റെ നീറ്റൽ കൂടി കൂടി വന്നു.
ഭാര്യയുടെയും പിള്ളേരുടെയും മുഖങ്ങളാണ് പെട്ടെന്ന് ഓർമയിൽ ഓടിയെത്തിയത്. സമൂഹത്തിൽ ഉള്ള സ്ഥാനം , മെച്ചപ്പെട്ട ജോലി ,സ്റ്റാറ്റസ് എല്ലാം ക്ഷണികമാണെന്ന് എനിക്ക് തോന്നി.
രഹസ്യം പുറത്തു പറഞ്ഞു പോവുമോ എന്ന പേടി കാരണം സുദേവൻ മദ്യപാനം പൂർണമായും നിർത്തിയത്രേ. ഒരു പക്ഷേ അത് തന്നോടുള്ള നിർദ്ദേശമായിരിക്കാം. അല്പം കഴിക്കുന്ന ദിവസം ജോർജൂട്ടിയുടെ സംസാരം വളവളാ ആണെന്ന് ഭാര്യ എത്രയോ തവണ പറഞ്ഞിരിക്കുന്നു. ഇനി മദ്യപിച്ചു കൂട എന്ന് ഞാൻ തിരിച്ചറിയുന്നു. അങ്ങനെയാണ്
ബസ് സ്റ്റാൻ്റ് പരിസരത്ത് വച്ച് തന്നെ , സാക്ഷികൾ ആരുമില്ലാതെ ഇനിയൊരിക്കലും മദ്യപിക്കില്ല എന്ന തീരുമാനം ഞാൻ എടുക്കുന്നത്.
വീട്ടിലേക്കുള്ള അവസാന ബസിലെ വിൻഡോ സീറ്റിൽ ഇരിക്കുമ്പോഴും , വല്ലപ്പോഴും മദ്യപിക്കുന്ന ശീലം എന്തുകൊണ്ട് നിർത്തിയെന്ന് ചോദിച്ചേക്കാവുന്ന ഭാര്യക്ക്, കൊടുക്കാൻ യുക്തമായ ഒരു ഉത്തരമാണ് ഞാൻ അന്വേഷിച്ചു കൊണ്ടിരുന്നത്.
.......................
എ എൻ സാബു
.........................

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot