Slider

മെഡിക്കൽ പ്രോസീജേഴ്സ്‌. | Alex John

0

 അവർ നാലു പേരുണ്ടായിരുന്നു. മെഡിക്കൽ വിദ്യാർത്ഥികൾ. വന്ന പാടേ എന്റെ ചുറ്റും കൂടി.
"സർ... ഈ പേഷ്യന്റിന്‌ ഇനിയും ഡെവലപ്പ്മെന്റ്സ്‌ ഒന്നുമുണ്ടാകുന്നില്ലെങ്കിൽ എന്താണ്‌ അടുത്ത പ്രോസീജർ ?"
തൊട്ടപ്പുറത്തെ ബെഡിൽ കിടന്ന് ഒരു ഹതഭാഗ്യൻ ഞെരങ്ങുകയാണ്‌.
"നിങ്ങൾക്കെന്തു തോന്നുന്നു ?" ഞാൻ മറുചോദ്യമെറിഞ്ഞു.
"അങ്ങനെ ചോദിച്ചാൽ..." കുട്ടികൾ പരുങ്ങി. എനിക്ക്‌ ചിരി വന്നു.
"നെക്സ്റ്റ്‌ പ്രോസീജർ..." ഞാൻ ബുൾഗാനിലൂടെ വിരലോടിച്ചു കൊണ്ട്‌ ഇപ്രകാരം അരുളിച്ചെയ്തു.
"ഒരു തുടക്കം എന്ന നിലയ്ക്ക്‌ നമുക്ക്‌ കിഡ്നി മാറ്റി വെച്ച്‌ നോക്കാം ... എന്നിട്ടും ശരിയാകുന്നില്ലെങ്കി-"
"കിഡ്നിയോ ?" എട്ടു കണ്ണുകൾ ഒരേ സമയം പുറത്തേക്ക്‌ തള്ളി വന്നു.
"ലിവർ സിറോസിസ്‌ അല്ലേ സർ ?" ഒരു ഡോക്ടർ കുട്ടി ചാർട്ടിലാകെ പരതിക്കൊണ്ട്‌ ചോദിച്ചു. അതിന്റെ ഒച്ചയടച്ചു പോയ പോലെ.
"ഓ... യൂ മീൻ ഈ പേഷ്യന്റ്‌! " ഞാൻ കുറച്ച്‌ മയപ്പെട്ടു. "ലിവറിനാണ്‌ തകരാറെങ്കിൽ കിഡ്നി മാറ്റി വെക്കുന്നതുകൊണ്ട്‌ വലിയ പ്രയോജനമുണ്ടാകാൻ വഴിയില്ല. ലിവർ തന്നെ മാറ്റി വെക്കണം. ഇതൊക്കെ ഇത്ര ചോദിക്കാനുണ്ടോ ?"
"അത്‌ സർ... അത്രയ്ക്കൊക്കെ വേണോ ? ഹൈലി ഇൻവേസീവ്‌ ആൻഡ്‌ ഡേഞ്ചറസ്‌ ആയിട്ടുള്ള അത്തരം ഒരു പ്രോസീജർ ഒക്കെ-"
"പിന്നെ എന്നോട്‌ ചോദിച്ചാ ഞാനെന്നാ പറയാനാ പിള്ളേരെ ? ഞാനിവിടെ കാന്റീനില്‌ കഞ്ഞി കൊടുക്കണ ആളല്ലേ. നിങ്ങളൊക്കെ ഇനി എന്നാ സ്വന്തായിട്ടൊരു തീരുമാനമെടുക്കാറാകുന്നെ ? " എനിക്ക്‌ കുറേശ്ശേ ചൊറിഞ്ഞു വരുന്നുണ്ടായിരുന്നു.
പുറത്തേക്കിറങ്ങുമ്പൊ എനിക്കാകെ ഒരു പ്രാർത്ഥനയേ ഉണ്ടായിരുന്നുള്ളൂ.
ഇത്രേം ഗ്ലാമർ ശത്രുക്കൾക്കു പോലും കൊടുക്കല്ലേ എന്റീശ്വരമ്മാരേ!

Written by Alex John
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo