"താൻ എന്നാ ഭാഗ്യവതിയാടോ ??അച്ഛൻ ഡോക്ടർ, അമ്മ ഡിസൈനർ ചേട്ടന്മാർ ആണേൽ ഒരെണ്ണം ഡോക്ടറും ഒരെണ്ണം എഞ്ചിനീയറും.. ജനിച്ചതും വളർന്നതും ഒക്കെ അങ്ങ് ഓസ്ട്രേലിയയിൽ.ഇവിടെ ആണേൽ ഒരു ഫ്ലാറ്റിൽ ഒറ്റക്ക് അടിച്ചുപൊളി .പൈസക്ക് പൈസ, സ്വാതന്ത്ര്യത്തിന് സ്വാതന്ത്ര്യം എപ്പോൾ വേണേലും പുറത്ത് പോകാം, തിരിച്ചു വരാം, എല്ലാം സ്വന്തം ഇഷ്ടത്തിന്.ഞാനൊക്കെ ഒന്ന് പുറത്ത് പോകണേൽ അച്ഛന്റേം അമ്മേടേം കാല് പിടിക്കണം.ആയിരം രൂപക്ക് ചോദിച്ചാൽ നൂറു രൂപ തരും. വീട്ടിൽ എത്താൻ ഒന്ന് ലേറ്റ് ആയിപോയാൽ നൂറു വിളി വരും ഫോണിൽ, ഒരു കൂട്ടം ചോദ്യങ്ങളും "എവിടെയാ?എപ്പോ വരും? "... തന്നോട് എനിക്ക് അസൂയ തോന്നുവാടോ സത്യം." ആൻസി അസൂയയോടെ തൻവിയോട് പറഞ്ഞു.. തൻവി ഒന്ന് ചിരിച്ചു. അല്ലേലും അവൾ അങ്ങനെയാ എന്ത് കേട്ടാലും ആദ്യം ഒരു ചിരി ആയിരിക്കും മറുപടി. എന്നിട്ട് പറഞ്ഞു "നീ എന്നെങ്കിലും ഒരു വീട്ടിൽ ഒറ്റക്ക് കഴിഞ്ഞിട്ടുണ്ടോ? അങ്ങനെ കഴിഞ്ഞവർക്കേ അതിന്റെ വേദന മനസിലാകൂ. പുറത്ത് നിന്ന് നോക്കുമ്പോൾ എന്താ... നീ പറഞ്ഞ പോലെ പണം, സ്വാതന്ത്ര്യം, ഒക്കെ ഉണ്ട്. പക്ഷെ ഇടക്കെങ്കിലും ആരെങ്കിലും ഒന്ന് വിളിക്കാനും ഉപദേശിക്കാനും, ചീത്തപറയാനും ഒക്കെ ഉണ്ടായിരുന്നെങ്കിൽ...." തൻവിയുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി.. "തനൂ... കരയല്ലേ.. എന്താടോ ഇത്.. എന്നാ പറ്റി നിനക്ക്??" അൻസിക്ക് പേടിയാവാൻ തുടങ്ങി. കണ്ണുനീർ തുടച്ചു കൊണ്ട് തനു തുടർന്നു "അമ്മേം അച്ഛനും ഡിവോഴ്സ്ഡ് ആടോ.. അമ്മക്ക് വേറെ ഫാമിലി ഉണ്ട്. അച്ഛൻ വേറെ താമസം, ചേട്ടന്മാർ വേറെ താമസം.. എല്ലാം മടുത്തിട്ടാ ഞാൻ നാട്ടിലേക്ക് പോന്നത്. എല്ലാ മാസവും കൃത്യമായി നാലുപേരും പൈസ അയക്കും. പക്ഷെ ഞാൻ എങ്ങനെ ജീവിക്കുന്നുവെന്നോ എന്തിന് എവിടെ ജീവിക്കുന്നുവെന്നോ അവർ അന്വേഷിക്കാറില്ല. അന്ന് ഞാൻ നിന്റെ വീട്ടിൽ വന്നപ്പോൾ ആണ് അമ്മേടേം അച്ഛന്റേം സ്നേഹം ഒരുപാട് വർഷങ്ങൾക്ക് ശേഷം അനുഭവിച്ചത്. നിന്റെ അച്ഛൻ ജോലികഴിഞ്ഞു ക്ഷീണിച്ച് വന്നപ്പോൾ കൊണ്ടുവന്ന പരിപ്പ് വട ആണ് ഞാൻ കഴിച്ചതിൽ വെച്ച് ഏറ്റവും രുചിയുള്ള ഭക്ഷണം. സത്യം." തനു പറഞ്ഞു നിർത്തി. രാവിലെ ചോദിച്ച പൈസ കിട്ടാതെ വന്നപ്പോൾ അച്ഛനോട് ദേഷ്യപ്പെട്ടു സംസാരിച്ചതിന് കണ്ണ് നിറഞ്ഞു നിക്കണ അച്ഛന്റെ മുഖം ആയിരുന്നു ആൻസിയുടെ മനസിലപ്പോൾ.
ജീവിതം അങ്ങനെയാണ്. നമ്മൾ ഊഹിക്കുന്നത് പോലെ അല്ല പലരുടെയും ജീവിതം. നമുക്കുള്ളതിൽ നമ്മൾ സന്തോഷം കാണണം.
Anshia Anshi
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക