നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മണ്ണപ്പം | Bindu Joseph

 

അവധിക്കു അമ്മ വീട്ടിൽ ചെന്നുകേറിയ ഉടനെ ഞാൻ കിഴക്കേക്കാരുടെ വീട്ടിലേക്ക്‌ ഓടി. ഇട്ടിരുന്ന ഉടുപ്പ് ഊരി. വേറെ ഇടാൻ നേരമില്ല. ബാഗിൽ തപ്പി എടുക്കണ്ടേ.
അക്കാലത്തെ എന്റെ ദേശീയ വസ്ത്രം പെറ്റിക്കോട്ട് ആണ്. ഇഷ്ടം പോലെ ശുദ്ധവായു കേറിയിറങ്ങും. സ്കൂളിൽ പോയി വന്നാലും ഈ വേഷത്തിൽ ചുറ്റി നടക്കാനാണു ഇഷ്ടം. അതുകൊണ്ട് തന്നെ എല്ലാത്തിലും കശുമാങ്ങാ കറയാണ്.വെള്ള പുത്തൻ പെറ്റിക്കോട്ടിൽ ചെളി ആക്കിയതിനു അമ്മ വടിയെടുക്കാൻ പോയ നേരം, പെട്ടെന്ന് കൈ രണ്ടും താഴോട്ട് വലിചൂരി പെറ്റികോട്ടിന്റെ കഴുത്തു കീറിപോയ ഓർമ്മ ഉള്ളത് കൊണ്ട്,ഞാൻ ദേശീയ വസ്ത്രത്തിൽ തന്നെ എന്റെ കൂട്ടുകാരനെ തേടി കിഴക്കോട്ടു പോയി.
ഇത്തവണ അമ്മവീട്ടിൽ നിൽക്കാൻ അവസരം കിട്ടിയത് എനിക്കാണ്. ആരെങ്കിലും അവധി ദിവസങ്ങളിൽ വീട്ടിൽ വന്നാൽ എനിക്ക് മുന്നേ അവരുടെ കൂടെ ചാടി പോകാൻ ആളുകൾ ഒരുങ്ങി നിൽപ്പുണ്ടാവും.പോപിൻസ് മുട്ടായി, ബാലരമ, ബാലമംഗളം അതിൽ ഞാൻ മൂക്കും കുത്തി വീഴും.പോകാതെ നിന്നാൽ കിട്ടിയേക്കാവുന്ന പലഹാരം.(പോകുന്ന ആരാണോ അവരുടെ വീതം കൂടി )രണ്ടു രൂപയുടെ നാണയം ഇതൊക്കെ കാരണം പല യാത്രകളും മുടങ്ങിയിട്ടുണ്ട്.
ഞങ്ങൾ ഒരുമിച്ച് അങ്ങോട്ട് പോയാൽ അവധി തീരും മുൻപ് അമ്മ വീട്ടിലേക്കുപോകും.
അമ്മേടെ കൂടെ ആരെങ്കിലും ഒരാൾ തിരികെ ചെല്ലാൻ നിർബന്ധിക്കും. ആലുവ പമ്പ് ജംഗ്ഷനിൽ മാതാ മാധുര്യ തീയേറ്ററിനു മുന്നിലെ കടയിൽ നിന്നും വാങ്ങാമെന്ന് വാഗ്ദാനം ചെയ്യുന്ന സിനിമ പാട്ടു പുസ്തകം എന്റെ മറ്റൊരു ബലഹീനത ആണ്.കേക്കിന്റെ പുറത്തുള്ള രണ്ട് റോസാപ്പൂക്കളാണ് ഒരിക്കൽ എനിക്ക് പ്രതിഫലമായി കിട്ടിയത്.ആ പൂക്കൾ കേക്ക് പെട്ടിയിൽ വച്ച് ഭദ്രമായി വീട്ടിലെത്തിക്കാൻ വല്ലാതെ പാടുപെട്ടു.
അമ്മ വീട്ടിൽ ചെല്ലുമ്പോൾ കിട്ടിയേക്കാവുന്ന വെള്ളയും ചുവപ്പും ചാമ്പക്കകൾ, ബസ് സ്റ്റോപ്പിൽ തന്നെ ഉള്ള വീട്ടിലെ പൂച്ചപ്പഴം (മൾബെറി )ഉള്ള് ചുവന്ന പേരക്ക, ബബ്ലൂസ് നാരങ്ങാ,ചപ്പികുടിക്കണ നാട്ടുമാങ്ങാ ഇവരെയൊക്കെ മേൽപ്പറഞ്ഞ പ്രലോഭനങ്ങളുടെ മുന്നിൽ മറക്കും.പ്രലോഭനങ്ങളിൽ ഉൾപ്പെടുത്താതെ കാത്തോണേ....കർത്താവേ എന്ന് ദിവസവും പ്രാർത്ഥിച്ചിട്ടു പോലും ഞാൻ വീണു പോകുന്നു.
ഓടിക്കിതച്ചു ഞാൻ കിഴക്കേക്കാരുടെ വീട്ടിലെത്തി.ചെക്കൻ അന്നേരം കുളത്തിൽ മീൻ പിടിക്കുന്ന ചേട്ടന്മാർക്കൊപ്പം ആയിരുന്നു.
കിഴക്കേ വീട്ടിലെ ഇളയപുത്രൻ ആണ് അജു. രണ്ട് ചേച്ചിമാരും മീശയുള്ള ഒരു വല്യേട്ടനും അവനുണ്ട്. ആരുണ്ടേലും ഞാൻ കളിക്കാൻ ചെന്നാൽ ചെക്കന് വല്യ സന്തോഷം ആണ്. അവന്റെ ചേച്ചീടെ കെട്ടിയോൻ അവനെ കുഞ്ഞളിയാ എന്നാ വിളിക്കണത്. അവൻ തിരിച്ചു വല്യളിയാ എന്നും.
ചേച്ചിയും അളിയനും കൂടി അവനെ സിനിമ കാണാൻ കൊണ്ട് പോയതും, കടലവറുത്തത് വാങ്ങി കൊറിച്ചതും ബേക്കറിയിലെ നറുനീണ്ടി സർബത്ത് കുടിച്ച കഥയുമൊക്കെ പറഞ്ഞു കൊതിപ്പിച്ചപ്പോൾ എനിക്ക് സങ്കടം വന്നു.
എനിക്ക് ഒരു ചേച്ചിയുണ്ടാരുന്നെങ്കിൽ എനിക്കും ചേച്ചീടെ കെട്ട്യോനെ അളിയാന്ന് വിളിക്കാരുന്നു.സിനിമക്ക് കൂടെ പോകാരുന്നു. കടലവറുത്തതും നറുനീണ്ടി സർബത്തും എനിക്കും കിട്ടുമാരുന്നു.
ഞാൻ തീയേറ്ററിൽ പോയി മൈ ഡിയർ കുട്ടിച്ചാത്തൻ സിനിമ കണ്ടാരുന്നു.അപ്പൊ നറുനീണ്ടി സർബത്തും വറുത്ത കടലയും ആരും വാങ്ങിത്തന്നില്ല .കണ്ണടയൊക്കെ വെച്ചു സിനിമ കണ്ടു.സിനിമ കഴിഞ്ഞ് കണ്ണട മടക്കി കൈയിൽ പിടിച്ചു.കാശു കൊടുത്തു സിനിമ കണ്ടപ്പോ കിട്ടിയ കണ്ണടയാണെങ്കിലും വാതിലിനടുത്തു നിന്ന ആള് മേടിച്ചെടുത്തു.ഞാൻ കൈ
പുറകിലേക്ക് മറച്ചു പിടിച്ചു കൊടുക്കാതിരിക്കാൻ കുറേനോക്കിയെങ്കിലും നടന്നില്ല.
"എടാ... അജു.... വേഗം വാടാ. ഞാൻ വന്നൂ "
പതിയെ പറഞ്ഞാലും എന്റെ ഒച്ച അങ്ങ് പറവൂർ വരെ കേൾക്കും എന്ന് എടുത്തു പറയേണ്ടതില്ല.ചെക്കൻ പറമ്പിന്റെ ഏതോ മൂലയിൽ നിന്നും പാഞ്ഞെത്തി.
"നിന്റെ അമ്മിണി കുട്ടിയും കുഞ്ഞുങ്ങളും എന്തെ"ഞാൻ തിരക്കി. അവളുടെ കഴുത്തിൽ മണികളുണ്ട്. ഓടുമ്പോൾ അതും കുണുങ്ങിക്കൊണ്ടിരിക്കും.അമ്മിണിക്കുട്ടിയും അതിന്റെ കുഞ്ഞുങ്ങളും അവന്റെ ഓമനകൾ ആണ്. അവളെ പ്ലാവിന്റ ചോട്ടിൽ നിന്നും അഴിച്ച് പുല്ലുതിന്നാൻ പറമ്പിലേക്ക് മാറ്റിക്കെട്ടിയിട്ടുണ്ടെന്നു അജു പറഞ്ഞു.
കണ്ണുപൊത്തി കളി, തൊങ്കി തൊട്ടു കളി,വട്ട് കളി, സാറ്റ് കളി ഒക്കെയാണ് പതിവ് കളികൾ. അന്നൊന്നു മാറ്റിപിടിക്കാമെന്നോർത്തു.
ഞങ്ങൾ മണ്ണപ്പം ചുട്ടുകളി തുടങ്ങി.അവിടെ ചെന്നാൽ ഏറ്റവും ഇഷ്ടമുള്ള കളിയാണത്.
മുറ്റം മുഴുവൻ പഞ്ചാര മണൽ ആണ്.
അവനിഷ്ടം ചാടി മറിഞ്ഞുള്ള കളികൾ ആണെങ്കിലും ഇത്തവണ മണ്ണപ്പം ചുടാമെന്നേറ്റു.
ഞങ്ങളുടെ വീടിന്റെ മുറ്റത്തും പരിസരത്തും കല്ലും കട്ടകളും ആണ്. മണൽ ഇല്ല.കൽ പ്രദേശം ആണ്.പറമ്പിൽ കൂട്ടിയിട്ടുള്ള മണലിൽ തൊടാൻ പറ്റില്ല. അത്‌ പണിക്കു വേണ്ടി വിലക്ക് വാങ്ങിയതിന്റെ ബാക്കിയാണ്.ചുറ്റിലും കല്ലുവെച്ചു മീതെ ഇല്ലിമുള്ളു വച്ചിട്ടുണ്ട്. അതിന്റെ മുകളിൽ ഒരൂസം വലിഞ്ഞു കേറി, ഇല്ലി മുള്ള് കൊണ്ട് മുറിഞ്ഞ നീളൻ പാടുണ്ട് തുടയിൽ.
പലതരം അപ്പങ്ങൾ ചുട്ടു നിരത്തി ഞാൻ. ചെത്തിപ്പൂവ് കൊണ്ടും ചെമ്പരത്തി പൂവ് കൊണ്ടും ഗാർണിഷ് ചെയ്തു. ചിലത് വെള്ളഗന്ധരാജൻ കൊണ്ട് അലങ്കരിച്ചു.കശുവണ്ടിക്ക് പകരം അഞ്ഞിലിക്കായ വെച്ചു ഡെക്കറേറ്റ് ചെയ്തു എന്തിനു പുളിങ്കുരു പോലും എന്റെ മണ്ണപ്പത്തിലെ ഉണക്ക മുന്തിരി ആയി.
അജു എത്ര ശ്രമിച്ചിട്ടും ചുടുന്ന അപ്പത്തിന് ഷേപ്പ് കിട്ടുന്നില്ല. പൊടിഞ്ഞു പോകുന്നു. കുറേ ശ്രമിച്ചു മടുത്തു.ചെക്കൻ വന്നു എന്റെ പാചക ഉപകരണത്തിന്റെ (ചിരട്ട )അകവും പുറവും നിരീക്ഷിച്ചു.
"എന്താടി ഒരു വല്ലാത്ത മണം".ചെറുക്കൻ മൂക്ക് വിടർത്തി സംശയം തീർക്കാൻ ചോദ്യങ്ങളുമായി ചുറ്റിപറ്റി നിന്നു.
"മണമോ....അത് ഈ പൂവൊക്കെ നുള്ളിയിട്ടത്തിന്റെയാടാ, കാണാൻ ഒരു ചന്തം ഒക്കെ വേണ്ടേ "ഞാൻ ഗമയിൽ പറഞ്ഞു.
മണ്ണപ്പം പൊടിയുന്നതിനു എന്റെ നേരെ ചിരട്ട വലിച്ചെറിഞ്ഞു ചവിട്ടി കുലുക്കി പോയി ചെക്കൻ.ക്ഷമക്ക് ഒക്കെ ഒരു പരിധി ഇല്ലേ.
വരാന്തയിൽ മോന്ത കുത്തി വീർത്തു ഇരുപ്പാണ് അവൻ .അവിടിരിക്കട്ടെ ഞാൻ വീണ്ടും വീണ്ടും മണ്ണപ്പം ചുട്ടു നിരത്തി. അവന്റെ മോന്ത കൂടുതൽ വീർത്തും വന്നു.
അജുന്റെ അമ്മ അമ്മിണിയെയും കുഞ്ഞുങ്ങളെയും കൊണ്ടുവന്നു. പ്ലാവിന്റെ ചുവട്ടിൽ കെട്ടി. അവിടെ കിടന്ന പഴുത്ത പ്ലാവിലയെല്ലാം അവൾ ശാപ്പിടാൻ തുടങ്ങി. അജൂന്റെ ഒരുമാതിരി ഇരുപ്പും വീർത്ത മോന്തയും കണ്ടു കാര്യങ്ങൾ തിരക്കി.
ചെക്കൻ ചീറിക്കൊണ്ട് പ്രശ്നം അവതരിപ്പിച്ചു.
"ഇവൾ എന്തോ സൂത്രം ഒപ്പിച്ചാണ് ത്രേം...നല്ല മണ്ണപ്പം ചുട്ടു നിരത്തിയത്.എന്താണെന്നു പറയണില്ല ".
ഞാൻ കണ്ണുമിഴിച്ചു. തോളൊന്നു വെട്ടിച്ചിട്ട് കാര്യം പറഞ്ഞു.
"ആവോ എനിക്കറിയുല്ല .ഞാനീ പ്ലാവിന്റെ ചോട്ടിലെ മണ്ണെടുത്തു നന്നായി പൂക്കളൊക്കെ ഇട്ട് അപ്പം ഉണ്ടാക്കി.നല്ല ഭംഗീല് കിട്ടുകേം ചെയ്തു. ഇവന് കുശുമ്പാ കുശുമ്പ്..." പോടാ അസൂയക്കാരാ...
പ്രശ്നം പരിഹരിക്കാൻ വന്ന അജുന്റെ അമ്മ ഉടൻ പെർഫെക്ട് അപ്പത്തിന്റെ രഹസ്യം കണ്ടുപിടിച്ചു.
"മൂത്രം ആണെടാ സൂത്രം ".
അമ്മിണിയുടെ സ്വൈര്യവിഹാര കേന്ദ്രമായ പ്ലാവിൻ ചുവട്ടിൽ,അവൾ പറമ്പിൽ പോകും മുൻപ് പലവട്ടം ഒന്നിനും രണ്ടിനും പോയ ഈർപ്പമുള്ള,വളക്കൂറുള്ള മണ്ണ് കൊണ്ട് അപ്പം
ചുട്ടാൽ ഭംഗി മാത്രം അല്ല ഗുണവും മണവും ഏറുമത്രെ.അവളുടെ കാഷ്ടം തൂത്തുവാരി ചാക്കിൽ വെക്കുന്ന പതിവുള്ളത് കൊണ്ട് അമ്മിണിയും മക്കളും കക്കൂസിൽ പോയത് പ്ലാവിൻ ചുവട്ടിലാണെന്നു അറിയാതെയാണ് ആ നനവുള്ള മണ്ണെടുത്തു സ്വാദിഷ്ഠമായ അപ്പങ്ങൾ ഞാൻ ചുട്ടു നിരത്തിയത്.
എന്റെ കൈയിലെ മണ്ണപ്പം താഴെ വീണു ചിതറിത്തെറിച്ചു.മണ്ണപ്പം ചുടാൻ എടുത്ത അപ്പച്ചട്ടി ഉരുണ്ടു എങ്ങാണ്ടോ പോയി.പെട്ടെന്ന് ഞാൻ കൈ വെള്ള പെറ്റിക്കോട്ടിൽ തുടച്ചു. ആടിന്റെ മൂത്രം വീണു കുഴഞ്ഞ മണ്ണും ചെളിയും ഉടുപ്പിൽ തേച്ചതിന് കിട്ടാൻ സാധ്യതയുള്ള അടിയുടെ എണ്ണമെടുത്തു കൊണ്ട് വീട്ടിലേക്ക് ഒറ്റയോട്ടം......
ബിന്ദു ജോസഫ്
22/01/2021

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot