നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വിവേകം | Ammu Santhosh


 "നിന്റെ അച്ഛൻ പോയപ്പോൾ എനിക്ക് വേണമെങ്കിൽ വേറെ കല്യാണം കഴിക്കാമായിരുന്നു. ഞാനത് ചെയ്തോ? ചെയ്തോടാ?"
"ഇതിലും ഭേദം അതായിരുന്നു. ഇരുത്തിയഞ്ചു വർഷമായിട്ടുള്ള പറച്ചിലാ ഒന്ന് മാറ്റിപ്പിടിക്കമ്മേ "
ഞാൻ പറഞ്ഞു. സഹിച്ചു സഹിച്ചു മടുത്തെന്നെ..
"പറയും നീ പറയും.ഒരു പെണ്ണ് വന്നു കേറുന്ന അന്ന് വരെ ഉള്ളു ലതികെ നിന്റെ മോന്റെ സ്നേഹം എന്ന് അങ്ങേലെ ജാനകി നൂറു വട്ടംപറഞ്ഞിട്ട് ഞാൻ വിശ്വസിച്ചില്ല. ഇപ്പോൾ മനസിലായി. നിനക്ക് ഞാൻ ഇപ്പോൾ കറിവേപ്പില.."അമ്മ മൂക്ക് പിഴിഞ്ഞ് തുടങ്ങി.
ഞാൻ മെല്ലെ അമ്മയുടെ അടുത്ത് ചേർന്നിരുന്നു
"അമ്മ ഒരു പെണ്ണിനെ കാണിച്ചു തന്നു. കെട്ടാൻ പറഞ്ഞു.ഞാൻ കെട്ടി. എന്നിട്ട് ഇപ്പോൾ അമ്മയെന്തിനാമ്മേ കുറ്റം പറയുന്നത്? ഞാൻ കല്യാണം കഴിക്കണ്ടായിരുന്നോ?"
"ഞാൻ അറിഞ്ഞോടാ ഇങ്ങനെ ഒരു സാധനമാ വന്നു കേറുന്നതെന്ന്? എന്തെങ്കിലും കഴിവുണ്ടോടാ അവൾക്ക്? ഒരു വസ്തു വായിൽ വെച്ചു തിന്നാൻ കൊള്ളില്ല."
"അതിനവളെയെപ്പോ അമ്മ അടുക്കളയിൽ കയറ്റി? അടുക്കള അമ്മ വിട്ട് കൊടുക്കില്ലല്ലോ "
"അവൾ പറഞ്ഞു തന്നതായിരിക്കും അല്ലെ? എനിക്ക് അറിയാം.."അമ്മ ചീറി
എനിക്ക് മടുത്തു. ഞാൻ എഴുനേറ്റു മുറിയിൽ പോയി. അവിടെ അ.വൾ മൂക്ക് പിഴിഞ്ഞ് തുടങ്ങി
"എനിക്ക് ഇതൊന്നും കേൾക്കണ്ട കാര്യമില്ല. അമ്പത് പവനും അഞ്ചു ലക്ഷം രൂപയും കൊണ്ട് വന്നവളാ ഞാൻ. നിങ്ങളുടെ അമ്മയുടെ സ്വഭാവം എനിക്ക് തീരെ പിടിക്കുന്നില്ല. നിങ്ങൾക്ക് പിന്നെ അമ്മ മതി യല്ലോ.. ഭാര്യയെ കൊണ്ട് ആവശ്യം ഉള്ളപ്പോൾ ഇങ്ങോട്ട് വാ കാണിച്ചു തരാം ഞാൻ "
"നീ എന്തോന്ന് കാണിക്കുമെന്നാ? നിനക്ക് വേണ്ടെങ്കിൽ എനിക്കും വേണ്ട. പേടിപ്പിക്കല്ലേ.. കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷം ജീവിച്ച പോലെ ഈ മഹേഷ്‌ ദേ ഈ കട്ടിലിൽ തലയിണ കെട്ടിപിടിച്ചു സുഖമായി ഉറങ്ങും. പിന്നെ നീ കൊണ്ട് വന്ന സ്വർണം അത് ഞാൻ ചോദിച്ചിട്ടില്ല.അത് നിന്റെ ലോക്കറിൽ അല്ലെ? നീ കൊണ്ട് വന്ന അഞ്ചു ലക്ഷം രൂപ.അത് നിന്റെ പേരിൽ ഫിക്സഡ് ഡെപ്പോസിറ്റ് അല്ലെ? ഇതിലെവിടെയാടി എനിക്ക് റോൾ? അമ്മയും നീയും കൂടി സ്വസ്ഥത തന്നില്ലെങ്കിൽ ഞാൻ രണ്ടിനേം കളഞ്ഞിട്ട് പോകും. എന്നിട്ട് ഒരു അനാഥ പെണ്ണിനേയും കെട്ടി സുഖമായി ജീവിക്കും. നോക്കിക്കോ "
അങ്ങനെ പറഞ്ഞെങ്കിലും സമാധാനം കിട്ടാനൊന്നും പോണില്ല എന്നെനിക്കറിയാമായിരുന്നു.ചില ഭാര്യമാരുടെ മാസ്റ്റർപീസ് ഡയലോഗ് ആണ് ഞാൻ മുകളിൽ പറഞ്ഞത്.. ഇവരുടെയൊക്കെ വിചാരം ഇത്രയും ചീപ്പാണോ ദൈവമേ.
മോൻ നഷ്ടപ്പെടുമോ എന്നുള്ള അമ്മയുടെ ആധിയും അവകാശവും അധികാരവും ഒരു വശത്ത്
കല്യാണം കഴിഞ്ഞാലുടൻ ഭർത്താവ് തന്റെ മാത്രം സ്വത്ത്‌ ആണെന്ന് ഭാര്യയും.
രണ്ടും ശരിയല്ല.. രണ്ടും ഒരു ജോലിയും ഇല്ലാതെ വീട്ടിൽ ഇരിക്കുന്നതിന്റ കുഴപ്പമാണ്. ചിന്തിച്ചു കൂട്ടാൻ ഇഷ്ടം പോലെ സമയം ഉണ്ടല്ലോ..
പിറ്റേന്ന് തന്നെ ഞാൻ കൂട്ടുകാരൻ നസീർ നടത്തുന്ന ഷോപ്പിൽ ചെന്നു. അവനെന്നോട് ഒരു അക്കൗണ്ടന്റിനെ കിട്ടിയ നന്നായിരുന്നു എന്ന് കഴിഞ്ഞ യാഴ്ച പറഞ്ഞിരുന്നു. കാര്യം പറഞ്ഞപ്പോൾ അവന് അതിശയം.
"അളിയാ നിന്റെ ഭാര്യയോ? എടാ അത്രക്ക് ശമ്പളം ഒന്നുല്ല.. പിന്നെ കണക്കുകൾ നോക്കാനൊരാൾ. വിശ്വാസം വേണം. ജോലി സമയം കൂടുതലാ.. ആറര വരെ എങ്കിലും ഷോപ്പിൽ ഉണ്ടാവണം. ആണുങ്ങളാണ് നല്ലത് "
"നീ ധൈര്യമായി അപ്പോയ്ന്റ്മെന്റ് നടത്തിക്കോ. ഏഴു വരെ ഇരുന്നോട്ടെ.
ഞാൻ വന്നു കൂട്ടിക്കൊണ്ട് പോന്നോളാം "ഞാൻ പറഞ്ഞു
"അമ്മയുമായിട്ട് നല്ല ഗുസ്തി ആണല്ലേ?"
അവന്റെ മുഖത്ത് കള്ളച്ചിരി
"നിനക്കെങ്ങനെ മനസിലായി?"
"എന്റെ വീട്ടിലുമുണ്ടല്ലോ.. അവളെ ഞാൻ psc കോച്ചിങ് സെന്ററിൽ കൊണ്ട് ചേർത്ത്.. പകൽ അങ്ങനെ പൊയ്ക്കോളും. "
"എന്റെ കക്ഷിക്ക് പഠിക്കാൻ തീരെ താല്പര്യം ഇല്ല ഞാൻ ചോദിച്ചു നോക്കിട്ടുണ്ട് "ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
"എങ്കിൽ നാളെ തൊട്ട് പോന്നോട്ടെ.. പിന്നെ സാലറി..."
"നിന്റെത് നീ കൊടുക്ക്. ഒരു അയ്യായിരം കൂടെ ഞാൻ നിന്റെ കയ്യിൽ തരാം. അത് അവളോട്‌ പറയണ്ട."
"എന്തൊക്ക പാട് പെടലാണ് ല്ലെടാ?"
ഞാൻ ചിരിച്ചു.പിന്നെ അവന്റെ തോളിൽ തട്ടി യാത്ര പറഞ്ഞു.
അവൾക്ക് എന്തായാലും സന്തോഷം ആയി. വലിയ ഉത്സാഹത്തോടെ ജോലിക്ക് പോയി തുടങ്ങി.
പകലത്തെ വഴക്ക് ഒഴിഞ്ഞെങ്കിലും അടുത്ത പരാതി തുടങ്ങി.
"അവള് വലിയ ജോലിക്കാരി
എനിക്ക് ഇങ്ങനെ വെച്ചു വിളമ്പാനൊന്നും പറ്റില്ല. വേണെങ്കിൽ ചെയ്തിട്ട് പോകണം.."അമ്മ അടുക്കളയിൽ കയറാതായി.
രാത്രി വന്നു ഞാനും അവളും കൂടി ജോലി ചെയ്യു മ്പോൾ അമ്മ സീരിയൽ കണ്ട് കാലും നീട്ടിയിരിക്കും.ചെയ്യുന്നതിനൊക്കെ കുറ്റവും.
പതിയെ അവളും മുറുമുറുക്കൻ ആരംഭിച്ചു. ഇതിനൊരാവസാനം ഇല്ലേ ഈശ്വര? ഇതുങ്ങൾക്ക് രണ്ടിനും കുറച്ചു വിഷം കൊടുത്തിട്ട് ഞാനും അങ്ങ് ചത്താലോ എന്ന് വരെ ചിന്തിച്ചു. ഇപ്പൊ പത്രത്തിൽ അങ്ങനെ ഉള്ള വാർത്ത ആണ് കൂടുതൽ. നിവൃത്തി ഇല്ലാഞ്ഞിട്ടാവും. ഹോ ഇതിനെയൊക്കെ സഹിച്ചു കൂടെ ജീവിക്കുന്ന ആണുങ്ങളെ സമ്മതിക്കണം.
അമ്മയാണെങ്കിൽ വളർത്തിയതിന്റ,പഠിപ്പിച്ചതിന്റ പത്തുമാസം ചുമന്നതിന്റെ, കണക്ക് പറയും.
അല്ല ഞാൻ പറഞ്ഞിട്ടാണോ എന്നെ ജനിപ്പിച്ചത് എന്ന് ചോദിക്കാൻ തോന്നും..
ഭാര്യ ആണെങ്കിലോ എനിക്ക് നിങ്ങൾ മാത്രം ഉള്ളു.
എന്റെയല്ലേ..? അങ്ങനെയുള്ള ഡയലോഗ്. ഇതിൽ രണ്ടിലും വീഴാതെ ബാലൻസ് ചെയ്തു പോകുന്നത് ട്രപ്പീസ് കളിയെക്കാൾ കഷ്ടമാണ്.
പക്ഷെ ഞാൻ തളരില്ല. നോക്കിക്കോ രണ്ടിനെയും ഞാൻ ഒരു പാഠം പഠിപ്പിക്കും.
"അമ്മയുടെ കൂടെ പഠിപ്പി ച്ചതല്ലേ ജെസ്സി ടീച്ചർ?"ഒരു ദിവസം ഞാൻ ചോദിച്ചു
അമ്മയൊന്നു മൂളി
"ടീച്ചർ പുതിയ ട്യൂഷൻ സെന്റർ തുടങ്ങി ടൗണിൽ.. ഹോ എന്താ തിരക്കവിടെ. അല്ല അവർ ഉഗ്രൻ ടീച്ചർ ആയിരുന്നു. മാത്സ് അല്ലായിരുന്നോ?ഞാൻ ഇടക്കണ്ണിട്ട് നോക്കി
"അതേ "
"അമ്മേടെ പ്രായമല്ലെ?"
"എന്നേക്കാൾ രണ്ടു വർഷം മുന്നേ റിട്ടയർ ചെയ്തവരാ "അമ്മയുടെ ശബ്ദം താണു
"ആഹാ അമ്മയേക്കാൾ പ്രായമുണ്ടല്ലേ? ഇപ്പോൾ കാണണം ഒരു നാൽപത്തിയഞ്ചു വയസ്സേ പറയുവുള്ളു. വീട്ടിൽ വെറുതെ ഇരുന്നാൽ ആരായാലും വേഗം അങ്ങ് വയസാകും. പ്രഷറും ഷുഗറും പിടിച്ചു
രോഗിയുമാകും "
അവസാനത്തെ ആണിയും അടിച്ചിട്ട് ഞാൻ മുറിയിൽ പോയി..
അതേറ്റു
അമ്മ വീടിന്റെ ഒരു വശത്ത് ഒരു വലിയ ഷെഡ് പണിയിച്ചു
അമ്മയുടെ വിഷയം സയൻസ് ആയിരുന്നു. അതിനാണെങ്കിൽ ആവശ്യക്കാർ കൂടുതലും. വിദ്യാർത്ഥികൾ കൂടിയപ്പോൾ അമ്മക്ക് നിന്ന് തിരിയാൻ സമയം ഇല്ലാതായി.. പിന്നെയല്ലേ വഴക്ക് ഉണ്ടാക്കാൻ. പകലൊക്കെ കുട്ടികളുടെ ക്ലാസിനു വേണ്ടിയുള്ള നോട്സ് തയാറാക്കുക അവരുടെ ടെസ്റ്റ്‌ പേപ്പർ നോക്കുക അങ്ങനെപോകും രാവിലെയും വൈകുന്നേരവും കുട്ടികൾ ഉണ്ടാകും..അടുക്കളയിൽ അമ്മ യും അവളും കൂടി അധ്വാനിക്കുന്നത് കാണുമ്പോൾ ആഹാ എന്തൊരു സന്തോഷം.
അങ്ങനെ ഒരു വിധം സമാധാനമായി എന്റെ ജീവിതം.
അമ്മയുടെ കുറ്റം പറയാൻ ഭാര്യക്ക് നേരമില്ല. തിരിച്ചു അമ്മയ്ക്കും നേരമില്ല. അവർ നന്നായി ജോലി ചെയ്യുമ്പോൾ, ചിലപ്പോൾ ക്ഷീണം ഒക്കെ കാണുമ്പോൾ എനിക്ക് വിഷമം ഒക്കെ വരും. പക്ഷെ പഴയ ജീവിതം ഓർക്കുമ്പോൾ എന്റെ പൊന്നോ....
കാര്യം എന്താണ് എന്ന് വെച്ചാൽ അലസന്റെ മനസിലാണ് പിശാച് ഇരിക്കുക. എന്ന് വെച്ചാൽ വേണ്ടാത്ത ചിന്തകൾ വെറുതെ ഇരിക്കുന്ന മനസിലേക്ക് വേഗത്തിൽ വരും. പിന്നെ അതിൽ പിടിച്ചു ചിന്തിച്ചു ചിന്തിച്ചു വഴക്കുണ്ടാക്കും.എല്ലാവരും അങ്ങനെയല്ല കേട്ടോ. പക്ഷെ ബഹുഭൂരിപക്ഷംഇങ്ങനെ തന്നെ.
അങ്ങനെയുള്ളവർക്ക് ചിന്തിക്കാൻ പോലും നമ്മൾ സമയം കൊടുക്കരുത്.നമ്മൾ ഭർത്താക്കന്മാർക്കും ജീവിക്കണം.. അല്ലെ? വേണമെങ്കിൽ നിങ്ങളും ട്രൈ ചെയ്തു നോക്കു.

Written By Ammu Santhosh

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot