നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ചുവർച്ചിത്രം | VG Vassan



ഫോൺബെൽ ഉച്ചയുറക്കം കളഞ്ഞ ഈർഷ്യയിലാണ് തമ്പിയാശാൻ ഫോണെടുത്തത്.
"ആശാനേ, സാബുവാണ്''
"ആ..മനസ്സിലായി, നീ എന്റെ ഉറക്കം കളയാൻ വിളിച്ചതാണോ''
"അല്ലാശാനേ, ഒരു ചതി പറ്റി. ആശാൻ ഒന്ന് സഹായിക്കണം''
"നീ കാര്യം പറയ്''
"ആശാനേ, സുനന്ദക്കൊച്ചിന്റെ  ഡാൻസ്;. ഒരു മത്സരമാ. ജയിച്ചാൽ കുറച്ച് പൈസ കിട്ടും. 
അതിൻ്റെ  മൂത്തതിന് കാലിനൊരു ഓപ്പറേഷൻ ചെയ്താൽ മുടന്തു മാറ്റാംന്നാ ഡോക്ടർമാർ പറയുന്നേ''
"ഇതാ സാവിത്രീടെ പിള്ളേരല്ലേടാ,.നീ ഇപ്പഴും അവളെ ഓർത്തുനടന്നോ. നല്ലൊരു നർത്തകനുവേണ്ട എല്ലാ ഗുണവും കണ്ടാ  നീ വളരാൻ ഞങ്ങളെല്ലാം പരിശ്രമിച്ചത്. അട്ടയെപ്പിടിച്ച് മെത്തയിൽക്കിടത്തിയപോലെയായെന്നുമാത്രം! ഇങ്ങോട്ടില്ലാത്ത സ്നേഹം നഷ്ടക്കച്ചവടമാണെന്ന് പഠിക്കാത്തവൻ!''
"ആശാനേ,  ദേഷ്യപ്പെടരുത്. ആശാനറിയാല്ലോ, ഞാനും സാവിത്രീം ഒരുമിച്ചാണ് ഡാൻസ് പഠിക്കാൻ തുടങ്ങിയത്. അവളെ കെട്ടിച്ചു രണ്ടു കുഞ്ഞുങ്ങളായപ്പോൾ വിധവയായി തിരികെ വന്നതാ. 
കുറച്ചു കാലം കഴിഞ്ഞ്  കാർന്നോന്മാരും പോയതോടെ അവള് തനിച്ചായി. കുഞ്ഞുന്നാളുമുതലുള്ള കളിക്കൂട്ടാ. കണ്മുന്നിൽ അവള് പട്ടിണി കിടക്കുന്നത് കാണാൻ മേല ആശാനേ. അതാ...''
ഉം, ഞാൻ നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല. സ്വന്തം ജീവിതം നശിപ്പിച്ചതുകൊണ്ട് പറഞ്ഞതാ. 
നീ നല്ലതേ ചെയ്യൂ എന്നറിയാം. ആ പെങ്കൊച്ചിന്  പത്തിരുപത് വയസ്സായില്ലേ?''
"ഉവ്വാശാനേ,  മിടുക്കിയാ. ആകാരവും ശൈലിയും വാസനയും ഒത്ത കുട്ടി. ദൈവം അനുഗ്രഹിച്ചാൽ
അവളു മതി അവര് രക്ഷപെടാൻ.''
"നിനക്ക് രക്ഷപടണമെന്നില്ലല്ലോ! ആ, സ്വയംതോറ്റ് മറ്റുള്ളവരെ ജയിപ്പിക്കുന്നവരുടേതുംകൂടെയാണ് കലാലോകം. നിന്റെ ആഗ്രഹംപോലെ നടക്കട്ടെ. ആട്ടെ, എന്താ ഇപ്പോ ആവശ്യം?''
"ആശാനേ,  പക്കമേളക്കാരെ പറഞ്ഞിരുന്നതാ. സമയമായപ്പോ മൃദംഗക്കാരനില്ല! എന്തോ കുഴപ്പം പറ്റി വരില്ലാന്ന്. പക്ഷേ, വേറേ പലരേം വിളിച്ചിട്ടും ആർക്കും ഒഴിവില്ലത്രേ. അതാ ഞാൻ ചതിയാന്ന് പറഞ്ഞത്
കൊച്ച്, കളിച്ചാൽ ജയിക്കുംന്ന് ഉറപ്പുള്ള ആരോ പാരവച്ചതാ. ആശാൻ എന്തേലും ഒരു വഴി കാണണം. പാട്ട് നമ്മുടെ ലളിതമൂർത്തിട്ടീച്ചറാ. അതിനെ കഠിനമൂർത്തീന്നാ പേരിടണ്ടത്.  മൃദംഗമില്ലാതെ പാട്ടിനിറങ്ങിയേലെന്നും പറഞ്ഞ് എന്നെ ശൂലത്തില്  നിറുത്തിയേക്കുവാ. ആശാൻ ആരെയെങ്കിലും ഒന്ന് വിളിച്ചു താ...''
"സാബൂ, നിന്നെ സാധൂന്ന് വിളിക്കുവാ ഭേദം. ഒരു പ്രോഗ്രാം മാനേജര്! എടാ അവന്മാരെയൊക്കെ അങ്ങോട്ട് പേടിപ്പിച്ച് നിർത്തിയില്ലേല്  ഇങ്ങോട്ട് പീഡിപ്പിക്കും. ഞങ്ങടെയൊക്കെക്കാലത്ത് ഇതുക്കൂട്ട് ചെറ്റത്തരം കാണിച്ചാൽ പിന്നവൻ സ്റ്റേജിലിരുന്നു വായിക്കില്ലായിരുന്നു. 
മൂവാറ്റുപുഴേന്നല്ലേ പറഞ്ഞത്? തൊടുപുഴഭാഗത്തോട്ട് മാറി വർക്ക്‌ഷോപ്പ് മെക്കാനിക്ക്,  ഒരു ചന്ദ്രൻ ഒണ്ട്. തബലയുടെ ഉസ്താദാ. ഞാൻ ഫോൺനമ്പർ തരാം. പഴയ മോഹനനാശാന്റെ മകനാ. അവിടെ ആരുടയേലും ഒരു തബല എടുത്തുവയ്ക്ക്. എന്നിട്ട് അവനെ കൂട്ടിക്കോ. ഞാൻ വിളിച്ചു പറഞ്ഞേക്കാം.''
"ആശാനേ,  മൃദംഗം ഇല്ലാതെങ്ങനാ?''
"എടാ, ഒന്നുമില്ലാത്തതിലും  ഭേദമല്ലേ, നീ പേടിക്കേണ്ട. അവൻ മിടുക്കനാ. നീയൊരു തബല അറേഞ്ച് ചെയ്തുവക്ക്''
"ശരി, ആശാനേ''
സാബു ഫോൺവച്ചു. ആശാൻ ഒരാളെപ്പറ്റി  മോശമല്ല എന്നുപറഞ്ഞാൽ
കൊള്ളാം എന്നാണെന്ന് സാബുവിനറിയാം.
പ്രാർത്ഥനയോടെ തൻ്റെ  കാറിലേക്ക് അയാൾ കയറി. പഴയ ആ വാഹനവും പലപ്പോഴും സാബുവിനെ വഴിയിലാക്കി വിഷമിപ്പിച്ചിട്ടുണ്ട്. ഓരോന്നോർത്ത് സാബു ഡ്രൈവ് ചെയ്തു. 
ചന്ദ്രനെ വഴിയിൽവച്ചാണ് കണ്ടുമുട്ടിയത്. ഗ്രീസിലും ഓയിലിലും കരിനിറമായ വസ്ത്രങ്ങളിൽ നില്ക്കുന്ന ചന്ദ്രൻ!
ചന്ദ്രൻ തന്റെ ആശങ്ക മറച്ചുവച്ചില്ല
"സാബുച്ചേട്ടാ, തമ്പിയാശാൻ പറഞ്ഞാൽ വരാതിരിക്കാൻ പറ്റില്ല. എന്നാലും ഒരു റിഹേഴ്സലിനുള്ള സമയമില്ലല്ലോ! വർക്ഷോപ്പിലെത്തി ഡ്രെസ്സുമാറി വരാൻതന്നെ മൂക്കാൽമണിക്കൂറ് പോകും!''
സാബു വിഷമത്തിലായി
"ചന്ദ്രാ, എന്റെ അവസ്ഥ ആശാൻ പറഞ്ഞുകാണുമല്ലോ. ഒരു തബലവരെ അവിടെ അറേഞ്ച് ചെയ്തിട്ടാ ഞാൻ വരുന്നത്. എൻ്റെകൂടെ ഈ കാറിൽപ്പോരെ.  ഡ്രസ് പുതിയത് വാങ്ങാം. എങ്ങനേലും എന്നെ സഹായിക്കണം.''
"ഉം,  ശരി. ഞാൻ വീട്ടിലോട്ടൊന്ന് വിളിക്കട്ടെ. തബലയും പ്രോഗ്രാമിനിടുന്ന ഡ്രസ്സും എത്തിക്കാൻ പറയട്ടെ. എന്റെ തബലയിൽ വായിച്ചാലേ ഒരിണക്കം വരൂ. മൂന്നാല് മണിക്കൂർ ഉണ്ടല്ലോ. പിള്ളേരാരേലും എത്തിച്ചോളും''
****
തബല കണ്ടതേ ഹാലിളകി നില്ക്കുന്ന ലളിതമൂർത്തിട്ടീച്ചറിന്റെ മുന്നിലേക്കാണ് കരിഓയിലിൽക്കുളിച്ചുവന്ന ചന്ദ്രനെ തബലിസ്റ്റ് ആണെന്ന്  ചെന്നപാടേ  സാബു പരിചയപ്പെടുത്തിയത്
ടീച്ചറിന്റെ മുഖം കടന്നലു കുത്തിയമാതിരി ആയി
"എനിക്കീ നിലവാരമില്ലാത്ത ഇതിനൊന്നും പാടാൻ പറ്റില്ല സാബൂ. എനിക്കിതൊന്നും ശീലവുമില്ല.''
സുനന്ദയിലും ടീച്ചറിനൊപ്പിച്ചൊരു പിണക്കഭാവം പെട്ടെന്ന് വന്നു.
"സാബുച്ചേട്ടൻ ഈ പറ്റാത്തകാര്യമൊക്കെ എന്തിനാ ചെയ്യാൻ പോണത്? നാളെ നാണക്കേട് എനിക്കല്ലേ''
സുനന്ദക്കൊച്ചിന്റെ വാക്കുകൾ സാബുവിനെ ഒന്നുലച്ചു
ആ... കൊച്ചല്ലേ? അവൾക്കെന്തറിയാം?! അയാൾ ആശ്വസിച്ചു
എന്നിട്ട് ടീച്ചറിന്റെ കാലുപിടിത്തം ആരംഭിച്ചു. റിഹേഴ്സൽമുഴുവൻ ചന്ദ്രനെ വിഷമിപ്പിക്കാൻ ടീച്ചർ സർവ്വ അടവും എടുത്തു. പരിചയമില്ലാത്ത കനംകുറഞ്ഞ  തബലയും ചന്ദ്രനെ കുറെ വിഷമിപ്പിച്ചു. 
സമ്മാനപ്രതീക്ഷ നഷ്ടമായ സുനന്ദയും ഉദാസീനയായി റിഹേഴ്സൽ പൂർത്തിയാക്കി. എല്ലാവരും വിശ്രമത്തിന് മാറിയപ്പോൾ ചന്ദ്രൻ സുനന്ദയ്ക്കരികിലെത്തി. അയാളുടെ മുഷിഞ്ഞവേഷം അവളിൽ ഒരു വെറുപ്പും ഈർഷ്യയും മുന്നേ  ഉണ്ടാക്കിയിരുന്നു. അത് മനസ്സിലാക്കി അയാൾ പറഞ്ഞു
"കുട്ടിക്ക് നല്ല ടാലന്റ് ഉണ്ടെന്ന് സാബു പറഞ്ഞു. ഈ കണ്ടതൊന്നും കുട്ടി കാര്യമാക്കേണ്ട. നിന്റെ വീട്ടുകാര്യങ്ങളൊക്കെ അറിഞ്ഞപ്പോൾ നിന്നെ ഇവിടെ തോല്പിക്കാൻ ശ്രമിക്കുന്നവരുടെ മുന്നിൽ
ജയിപ്പിക്കുക എന്നത് ഇപ്പോൾ എന്റെയും വാശിയാണ്. കാരണം ഞാനും തോറ്റവനാണ്. അതുകൊണ്ട് എന്നെ മറന്നുകളയുക.  നിന്നെ അത്ഭുതപ്പെടുത്തുന്ന കലാകാരനാണ് വായിക്കുന്നത് എന്നോർത്ത്, ഇന്നുവരെ ചെയ്തതിൽ ഏറ്റവും നല്ല പെർഫോമൻസ് പുറത്തെടുക്കുക. മൈക്കിലൂടെ വരുമ്പോൾ
തബലയുടെ നാദം നിന്നെ ത്രസിപ്പിക്കും.  അതിനെ തോല്‌പിക്കുംവിധം നീ ഡാൻസ് ചെയ്യുക. നീ വിജയിക്കും
ഇന്ന് നിന്റെ ജീവിതത്തിലെ വിജയദിനമാകും. മീഡിയായിൽ എനിക്കാളുണ്ട്. നാളെ നിന്റെ ചിത്രവും വാർത്തയും വരാവുന്നവിധം ഏറ്റവും നന്നായി ചെയ്യുക.''
സുനന്ദ ആകെ പകച്ചുപോയി. തന്റെ ഉള്ള് വായിച്ച അയാളുടെ മുഖത്ത് നോക്കാനാകാതെ അവൾ തലകുനിച്ചു.
''ചന്ദ്രേട്ടാ, ഡ്രസ്സും തബലയും എവിടാ വക്കേണ്ടത്?''
സംസാരം കേട്ട് സാബു എവിടുന്നോ ഓടിവന്ന് എല്ലാമെടുത്ത് അകത്തുവച്ചു. തബല കൈയിലെടുത്തപ്പോൾ
സാബു ഒന്ന് ഞെട്ടി. 
ഡക്കയ്ക്ക് കുറഞ്ഞത് ഏഴ് കിലോയെങ്കിലും ഭാരമുണ്ട്. രണ്ടരക്കിലോയാണ് ഏറ്റവും കൂടിയ വെയ്റ്റിട്ട് പണിത് കണ്ടിട്ടുള്ളത്. സാബു ചന്ദ്രനെ  അല്‌പം  ബഹുമാനത്തോടെ നോക്കിപ്പോയി. വടക്കേയിന്ത്യക്കാരുടെ രീതിയിൽ തബല നിർമ്മിച്ചുപയോഗിക്കുന്ന ഇയാൾ ശരിക്കും ആരാ?! പേരെടുക്കാനാകാതെ എത്രപേരാ ഇങ്ങനെ കലാലോകത്ത് എരിഞ്ഞു തീരുന്നത്! 
സാബു ഓർത്തു. 
****
തിരശ്ശീലയ്ക്ക് പിന്നിലെത്തിയതും പക്കമേളക്കാരുടെ പേരുകൾക്കൊപ്പം 'തബല ചന്ദ്രമോഹൻ' എന്ന അനൗൺസ്മെന്റ് കേട്ട് സുനന്ദ ചന്ദ്രനു നേരേ ഒന്നു നോക്കി. അവളുടെ കണ്ണുകൾ വിടർന്നുപിടഞ്ഞു
സില്ക്ക്ജുബ്ബയും മുണ്ടും കഴുത്തിൽ വലിയ സ്വർണ്ണച്ചെയിനുമായി ആരേയും കൂസാത്ത മുഖഭാവത്തിൽ
തബല ഒരുക്കുന്നതിൽമാത്രം ശ്രദ്ധിച്ച് നില്ക്കുകയായിരുന്നു അയാൾ.
ടീച്ചറുടെ മുഖം തെളിഞ്ഞിട്ടില്ല.
നൃത്തം ആരംഭിച്ചപ്പോൾ സുനന്ദയ്ക്ക് മനസ്സിലായി, തബലയുടെ നാദം ഹൃദയത്തിലേക്ക് വീഴുകയാണെന്ന്!
പിന്നീടവൾ നൃത്തത്തിലേക്ക് സ്വയമിറങ്ങി, താളവട്ടങ്ങളുടെ ചടുലതയിൽ ടീച്ചർ മത്സരത്തിലേക്കുയർന്നു.
ലളിതമൂർത്തിക്കു മനസ്സിലായി, തന്റെയരികിൽ പരന്നൊഴുകുന്ന വിരലുകൾ തീർക്കുന്ന നാദപ്രകമ്പനങ്ങൾ
നർത്തകിയെ ത്രസിപ്പിച്ചുയർത്തുമെന്ന്. തില്ലാനയിലേക്ക് കടന്നപ്പോൾ അവർ നോക്കി. സുനന്ദ സ്റ്റേജാകെ നിറഞ്ഞു പറക്കുകയാണ്. ധനുശ്രീയിലെ ഏറ്റവും ഗരിമയും താളക്കാരനെ വിഷമിപ്പിക്കുന്ന ചൊല്ലുകൾ തിരഞ്ഞെടുത്ത താനും സുനന്ദയും വിയർക്കുകയാണെന്ന് അവർ തിരിച്ചറിഞ്ഞു. 
തില്ലാനയിലെ ചൊല്ക്കെട്ടുകളിലേക്ക് കടന്നപ്പോൾ തബലയിലെ ചരൽപ്പെരുക്കങ്ങൾക്കൊപ്പം തന്റെ ഉടൽ ത്രസിക്കുന്നത് അവൾ അറിഞ്ഞു. ഡഗ്ഗയിലെ മാന്ത്രിക ഗമകങ്ങൾ തന്നെ മേഘക്കെട്ടുകൾക്ക് മുകളിലേക്ക്
ഉയർത്തിയെറിയുന്നത് അവൾ അനുഭവിച്ചു. കാലുറപ്പിക്കാനാവാത്തവിധം ചുവടുകളിൽ അവളൊരു മയിലായി മാറി. ചന്ദ്രമോഹന്റെ മാന്ത്രികവിരലുകൾ ഒരു മുത്തായിപ്പിൽ പമ്പരംകറക്കിയ വായന പൂർണ്ണതയിൽ നിറുത്തുമ്പോൾ, വന്നുവീണ നിശബ്ദതയിൽനിന്നും വലിയൊരു കരഘോഷമുയർന്നുണർന്നു.
കൈകൂപ്പി സദസ്സിനെ വണങ്ങിയ സുനന്ദ അടുത്ത നിമിഷം തളർന്നുവീഴുമെന്നോർത്തു.  ടീച്ചറിനെ മുട്ടുകുത്തി വണങ്ങിയ സുനന്ദ സജലമിഴികളോടെ ചന്ദ്രമോഹനു  നേരേ കൈകൾ കൂപ്പി.
*****
ചേച്ചിയുടെ ഓപ്പറേഷനൊക്കെ കഴിഞ്ഞു സുഖമായ ശേഷമാണ് സുനന്ദ നൃത്തപാഠങ്ങൾക്കും  പ്രോഗ്രാമിനും 
പോകാൻ ആരംഭിച്ചത്. ചേച്ചിക്ക് ഇപ്പോൾ കൈതാങ്ങാതെ നിവർന്നു നടക്കാം. ചെറിയൊരു മുടന്തുണ്ട്.  എങ്കിലും മുട്ടുനിവർത്തി നേരേ നടക്കാം എന്നത് ആ കുടുംബത്തിന് വലിയ സന്തോഷമായി. 
സാവിത്രി, ചിരിക്കുന്ന മുഖത്തോടെ ജീവിക്കാൻ മറന്നുപോയിരുന്നു. എന്നാൽ ഇപ്പോൾ അവരുടെ മുഖത്തും സന്തോഷം വന്നിരിക്കുന്നു. രാവിലെ സുനന്ദ മുറ്റം തൂക്കുമ്പോഴാണ് അപ്രതീക്ഷിതമായി ചന്ദ്രമോഹൻ സാബുവുമായി അങ്ങോട്ട് കയറിവന്നത്. 
ഒരുദിവസത്തെ പരിചയത്തിൽനിന്നും ആശുപത്രിക്കാര്യങ്ങളിലെല്ലാം ഇടപെട്ട്  ഒരു കുടുംബാംഗമാകാൻ ചന്ദ്രേട്ടന് എത്രവേഗമാണ് സാധിച്ചത്!
അവൾ അത്ഭുതം കൂറി. 
കുശലം പറയലിനും രോഗീസന്ദർശനത്തിനുംശേഷം പോകാനിറങ്ങുമ്പോൾ ചന്ദ്രൻ പൊടുന്നനേ പറഞ്ഞു.
"സാവിത്രിച്ചേച്ചീ, നമ്മുടെ രോഗിയെ ഓപ്പറേഷനു കയറ്റിയപ്പോൾ ഞാൻ ഒരു വഴിപാട് നേർന്നിരുന്നു. പെങ്കൊച്ച് നേരേ നടന്നാൽ പൂർണ്ണത്രയീശന്റെ മുമ്പിൽ കൊണ്ടുവന്നോളാമെന്നും നന്ദിയായിട്ട് എന്റെ വായനയ്ക്ക് സാബുച്ചേട്ടനേം ചേച്ചിയേയും സുനന്ദയേയും ഒരുമിച്ച് ഒരു നൃത്തം ചെയ്യിപ്പിക്കാമെന്നും. ഇച്ചിരി അധികമായെന്ന് അറിയാം പക്ഷേ ഡോക്ടർ റിസൽട്ട് ഫിഫ്ടിഫിഫ്ടി എന്ന് പറഞ്ഞപ്പോൾ ഭഗവാന്റെ കാരുണ്യത്തിനായി ഞാനങ്ങ് പറഞ്ഞുപോയി. ഇനിയിപ്പോ ചെറിയൊരു കുറവല്ലേയുള്ളൂ, നിങ്ങൾക്കൊക്കെ സമ്മതമാണേൽ ഞാനവളെ കൊണ്ടുപൊയ്ക്കോളാം. എനിക്കിതൊന്നും പറയാനും നടത്താനും കാർന്നോന്മാരൊന്നുമില്ല. രണ്ടു പെങ്ങന്മാരെ അയച്ചപ്പോൾ വയസ്സ്  മുപ്പത്തിനാലായി. അതൊന്നും കുഴപ്പമില്ലേൽ അവളെ എനിക്കു തന്നേയ്ക്കൂ.''
സാവിത്രി അറിയാതെ അകത്തേക്കൊന്ന് തിരിഞ്ഞുനോക്കിപ്പോയി; വീടിൻ്റെ  ചുവരുകളിൽ ഒതുങ്ങിപ്പോയ മകളിലേക്ക്.  അവിടെ ചുവന്നുതുടുത്ത ഒരു മുഖം ഭൂമിയിലെന്തോ പരതുമ്പോൾ അമ്മയുടെ കണ്ണിൽനിന്നും
നീർത്തുള്ളികൾ കുതറിച്ചാടി.
സുനന്ദ കഥയറിയാതെ പകച്ചുനിന്നു!
VG.VAASSAN

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot