എവിടെ നിന്നോ ഒരു ഡ്രിൽ ബിറ്റിന്റെ ശബ്ദം ഉയർന്നുയർന്നു വന്നു. ഞാൻ കാതുകൾ പൊത്തിപ്പിടിച്ചു കൊണ്ട് ചുറ്റും നോക്കി.
ആദ്യം കണ്ടത് ഒരു കൈയാണ്. നഖങ്ങൾ പറ്റെവെട്ടിയ, നീണ്ട വിരലുകളുള്ള ഒരു കൈ. അതിൽ മുറുകെ പിടിച്ചിരിക്കുന്ന ഒരു ഡ്രില്ലിങ് മെഷീൻ. അറ്റത്ത് വേഗതയോടെ കറങ്ങുന്ന അൽപം തുരുമ്പിച്ച ഡ്രിൽ ബിറ്റ്. വലിയ ശബ്ദത്തോടെ അത് എന്തിലോ തുളച്ചു കയറുന്നു.
കണ്ണുകൾ തിരുമ്മി സൂക്ഷിച്ചു നോക്കി. ചുക്കിച്ചുളിഞ്ഞ തൊലിയുള്ള, മെലിഞ്ഞുണങ്ങിയ ഒരു മനുഷ്യശരീരത്തിലാണ് അത് തുളച്ചു കയറുന്നത്.
ഞാൻ ഞെട്ടിയെഴുന്നേറ്റു. ശരീരമാകെ വിയർത്തു കുളിച്ചിരുന്നു. ഇടതു കൈയ്ക്ക് അനക്കാൻ വയ്യാത്ത വേദന. വലതു കൈ കുത്തി മെല്ലെ എഴുന്നേറ്റിരുന്നു. കുടലു മറിഞ്ഞു വരുന്നത് പോലെ തോന്നി. ടോയ്‌ലെറ്റിലേയ്ക്ക് ഓടാനായി കട്ടിലിൽ നിന്ന് ചാടിയിറങ്ങി. കാലുകൾ വേദന മൂലം ചലിക്കുന്നില്ല .
മെല്ലെ കട്ടിലിലിരുന്ന് കാലുകൾ വലിച്ചെടുത്തു. മേശയിൽ പിടിച്ചെഴുന്നേറ്റു നിന്നു. അപ്പോഴേയ്ക്കും വീണ്ടും മനം മറിഞ്ഞു. മുറിയിൽ ഛർദിച്ചു പോകാതിരിക്കാനുള്ള തത്രപ്പാടിൽ മൂത്രം കാലുകളിലൂടെ ഒഴുകി. അതിന്റെ ചുവപ്പു കലർന്ന ഓറഞ്ചു നിറം കണ്ടപ്പോൾ വീണ്ടും വയറ്റിൽ നിന്നെടുത്തു കുടഞ്ഞു.
ടോയ്‌ലെറ്റിൽ എത്തുന്നതിനു മുൻപേ ഛർദ്ദിച്ചു. ഓറഞ്ചല്ലികൾ പോലെ മരുന്നു പുരണ്ട ചോറുമണികൾ എങ്ങും നിരന്നു.
ക്ലോസെറ്റിനുള്ളിലേയ്ക്ക് കുനിഞ്ഞിരുന്ന് അവസാന തുള്ളി വെള്ളം പോലും ഛർദ്ദിച്ചു കളയുമ്പോഴും ഉള്ളിൽ ആ ശബ്ദം മുഴങ്ങുകയായിരുന്നു. മാംസത്തിലൂടെ തുളഞ്ഞ് എല്ലിൽ തട്ടി നിൽക്കുന്ന ആ ഡ്രിൽ ശബ്ദം.
കണ്ണുകളടച്ച് ഓർമ്മകളിലൂടെ പിന്നോട്ടുപോയി. എന്നെയും കൊണ്ട് ഓടിയോടി അത് ഒരു ടി ബി ഹോസ്പിറ്റലിന്റെ ഉള്ളിലെത്തി നിന്നു.
അവിടെയെങ്ങും കാണപ്പെട്ടത് കൂനിയിരിക്കുന്ന മെല്ലിച്ച രൂപങ്ങളും അവരുടെ ബെഡിന്റെ അടിയിൽ തൂങ്ങിക്കിടക്കുന്ന ചുവപ്പു കലർന്ന ഓറഞ്ചു കളറുള്ള യൂറിൻ ബാഗുകളുമാണ് .
"ബാക്കിയൊക്കെ സഹിക്കാം. ഈ നിറം കാണുമ്പോൾ ഛർദ്ദിക്കാൻ വരും."
കൂട്ടുകാരിയോട് പരാതി പറഞ്ഞു കൊണ്ട് ആ ബാഗുകൾ കാലിയാക്കുന്ന എന്നെ ഞാനവിടെ കണ്ടു. എന്റെ മുഖം വക്രിച്ചിരുന്നു. വാക്കുകളിൽ അറപ്പ് നിറഞ്ഞിരുന്നു.
അവർ കഴിക്കുന്ന മരുന്നുകളാണ് ആ നിറത്തിനു കാരണം എന്ന് അറിയാമായിരുന്നു. എന്നിട്ടും ആ നിറത്തെ ഞങ്ങളെല്ലാം വെറുത്തു.
ആയമാരുടെ പണിയാണ് യൂറിൻ ബാഗ് കാലിയാക്കുക എന്നത്. അവർ അതിനൊക്കെ രോഗികളുടെ കൂടെയുള്ളവരിൽ നിന്ന് കാശും വാങ്ങാറുണ്ട്. പക്ഷേ സ്റ്റുഡന്റസിനെ കാണുന്നത്തോടെ അവർ സീനിയർ കളിക്കും.
മടിച്ചു മടിച്ച് അടുത്തു ചെലുമ്പോഴേ രോഗികൾ കൈകൾ കൂപ്പും. അന്ന് ആ കൂപ്പുകൈകളുടെ പുറകിലെ വേദനയും മാനഹാനിയുമൊന്നും മനസ്സിലാക്കാനുള്ള അറിവില്ലായിരുന്നു. ആ അവസ്ഥകളിലൂടെയോക്കെ കടന്നു പോകുന്നത് വരെ.
ഓർമ്മകൾ മുന്നോട്ടു കൊണ്ടു പോയി. പിന്നെ കണ്ടത് കയ്യിൽ മുനയില്ലാത്ത സൂചിയുമായി അന്തിച്ചു നിൽക്കുന്ന എന്നെയാണ്.
ഞാനന്ന് നഴ്സിംഗ് രണ്ടാം വർഷ വിദ്യാർത്ഥിനിയായിരുന്നു. ഇൻജെക്ഷൻ കൊടുത്തു പഠിക്കുന്ന സമയം. അവിടെയുള്ള മിക്ക രോഗികൾക്കും മൂന്നു നേരം ഇൻജെക്ഷൻ ഉണ്ടായിരുന്നു എന്നത് ഞങ്ങളെ സന്തോഷിപ്പിച്ചു. പഠിച്ച ഹോസ്പിറ്റലിൽ വി ഐ പി കൾ മാത്രം വന്നിരുന്നത് കൊണ്ട് ഡമ്മിയിൽ മാത്രമേ അന്നുവരെ ഇൻജെക്ഷൻ ചെയ്തിട്ടുണ്ടായിരുന്നുള്ളു. ലാബിൽ ടീച്ചർ ഡമ്മിയിൽ കുത്തി പഠിപ്പിച്ചത് പോലെ മനുഷ്യരിൽ കുത്തി വെക്കുവാനും ആരെങ്കിലും പഠിപ്പിക്കും എന്നായിരുന്നു ഞങ്ങൾ കരുതിയിരുന്നത്.
ആദ്യദിവസം രാവിലെ തന്നെ തലയിൽ പാള പോലുള്ള തൊപ്പി വച്ച, ശരീരത്തിന്റെ മുകൾ ഭാഗത്തിന്റെ നാലിരട്ടി വലിപ്പമുള്ള താഴ്ഭാഗമുള്ള ഒരു നേഴ്സ് രജിസ്റ്ററിൽ നിന്ന് തലയൊന്നുയർത്തി 'പാപ്പാ സ്റ്റാർട്ട് ഗിവിങ് ദി ഇൻജെക്ഷൻസ്' എന്നു പറഞ്ഞിട്ട് വീണ്ടും തലതാഴ്ത്തിയിരുന്നു. ചുറ്റും നടക്കുന്നതൊന്നും അവർ ശ്രദ്ധിച്ചിരുന്നില്ല. എത്ര തിരക്കുണ്ടെങ്കിലും ഭക്ഷണം കഴിക്കാനല്ലാതെ ആ മേശക്കരുകിൽ നിന്ന് എഴുന്നേറ്റതുമില്ല.
അന്തിച്ചു നിന്ന ഞങ്ങളുടെ മുന്നിലേയ്ക്ക് ഒരു അറ്റൻഡർ മരുന്നിന്റെ ട്രോളി ഉന്തിവച്ചു തന്നു. പിന്നെ ഫയലുകളിലേയ്ക്ക് കണ്ണുകൾ നീട്ടിക്കാണിച്ചു.
ഡമ്മിയിൽ കുത്തിവയ്ക്കുന്നതു പോലെ എളുപ്പമായിരുന്നില്ല ജീവനുള്ള രോഗികൾക്ക്. പ്രത്യേകിച്ചും ടി ബി രോഗികൾക്ക്. അവരൊക്കെയും എല്ലും തോലുമായിരുന്നു. പലരിലും മസിൽ എന്നൊന്ന് കണ്ടുപിടിക്കാൻ പോലും ഉണ്ടായിരുന്നില്ല.
ആരോ വെള്ളത്തിലിട്ടു തിളപ്പിച്ച് അണുവിമുക്തമാക്കി എന്നു വിശ്വസിച്ച വലിയ സൂചികൾ തൊലിയിൽ കുത്തിയിറക്കാൻ നന്നേ പണിപ്പെടേണ്ടി വന്നു. ഒറ്റക്കുത്തിനു കയറുമെന്നു കരുതിയ സൂചി പലയിടങ്ങളിലും മടിച്ചു നിന്നു. ഒരു അഭ്യാസിയെപ്പോലെ തിരിച്ചും മറിച്ചും കറക്കിയും അതിനെ കുത്തിയിറക്കി. പലതും എല്ലിൽ ചെന്നു മുട്ടി ശബ്ദമുണ്ടാക്കി.
അവരാരും കരഞ്ഞില്ല . മുഖം ചുളിച്ചില്ല. കരയാൻ അവർക്ക് അവകാശമുണ്ടായിരുന്നില്ല. നികുതി കൊടുക്കുന്ന പണത്തിന്റെ അവകാശമാണ് കിട്ടിക്കൊണ്ടിരിക്കുന്ന ചികിത്സകൾ എന്നറിയാത്ത പാവങ്ങളായിരുന്നു അവർ. ഡോക്ടർമാരും നഴ്സുമാരും ഗവർമെന്റും അവരോടു കാണിക്കുന്ന ദയയാണ് ആ ചികിത്സകൾ എന്ന് അവർ വിശ്വസിച്ചുപോന്നു. അതുകൊണ്ടു തന്നെ അവരെയൊക്കെ ദൈവത്തെപ്പോലെ കണ്ടു. കാണുമ്പോഴൊക്കെ തൊഴുതു. മറുത്തൊന്നും പറയാതെ അവഗണനകളും വേദനകളും സഹിച്ചു.
അല്ലെങ്കിൽ അവർ കരഞ്ഞോ, മുഖം ചുളിച്ചൊ എന്ന് ഞങ്ങൾ അന്വേഷിച്ചില്ല. കാരണം ആ പാഠങ്ങൾ ഞങ്ങളുടെ സിലബസിൽ ഇല്ലായിരുന്നു.
പുസ്തകത്തിൽ നിന്ന് പഠിക്കുന്നതിലും എത്രയോ അപ്പുറമാണ് ജീവിതം പഠിപ്പിക്കുന്നത്. വർഷങ്ങൾക്കു ശേഷം ഒരു ഡോക്ടർ എന്റെ ആർട്ടറിയിൽ നിന്ന് രക്തമെടുക്കാൻ ശ്രമിക്കുന്നതിനിടെ വളരെ ഫൈൻ ആയുള്ള നീഡിൽ എല്ലിൽ പലതവണ തട്ടി. അന്ന് ഞാനനുഭവിച്ച വേദന ഓർക്കുമ്പോൾ ഇപ്പോഴും കണ്ണു നിറയും. ആ രോഗികൾ അനുഭവിച്ച വേദന വീണ്ടും കുത്തി നോവിക്കും.
ടി ബി വാർഡിലെ പോസ്റ്റിങ്ങ് കഴിഞ്ഞ് സ്റ്റെറിലൈസഷൻ ഡിപ്പാർട്മെന്റിലായിരുന്നു പോസ്റ്റിങ്ങ്. അവിടെ പ്രധാന ജോലി നീഡിലുകൾ ഒരു പ്രത്യേക തരം കല്ലിലുരച്ച് മൂർച്ച കൂട്ടുകയായിരുന്നു. ഉരച്ചുരച്ചു കൈകൾ വേദനിച്ചതല്ലാതെ വർഷങ്ങൾ പഴക്കമുള്ള, പല പല എല്ലുകളിൽ തട്ടി പരന്നു പോയ ആ സൂചികൾ എത്ര ഉരച്ചാലും കൂർപ്പിച്ചെടുക്കാൻ കഴിയുമായിരുന്നില്ല. ചിലതൊക്കെ ഞാൻ ആരും കാണാതെ വലിച്ചെറിഞ്ഞു.
അവിടെ ഇരുന്ന് ആ രോഗികളെക്കുറിച്ച് ആലോചിച്ചു. മുനയില്ലാത്ത സൂചികൾ കുത്തിയിറങ്ങുമ്പോൾ, അത് എല്ലിൽ തട്ടി വേദനിക്കുമ്പോൾ അവർ കരഞ്ഞിരുന്നോ എന്ന് സന്ദേഹിച്ചു . വീണ്ടും അവിടെ പോസ്റ്റിങ്ങ് കിട്ടിയാൽ നല്ല സൂചികൾ മാത്രം കണ്ടുപിടിച്ച് കുത്തിവയ്ക്കും എന്ന് തീരുമാനിച്ചു.
പക്ഷെ അവിടെ വീണ്ടും പോസ്റ്റിങ്ങ് കിട്ടിയില്ല. കുറച്ചു ദിവസങ്ങൾ അതൊരു നൊമ്പരമായി നിലനിന്നെങ്കിലും സാവധാനം അതൊക്കെ മറന്നു. അല്ലെങ്കിലും ഒരു പതിനെട്ടുകാരിക്ക് മറ്റുള്ളവരുടെ ജീവിതത്തെ ഓർത്തിരിക്കാൻ എവിടെ സമയം ?
കാലങ്ങൾ ഓർമ്മകളെ തിരികെ കൊണ്ടുവരും. മറവിയുടെ മഷിത്തണ്ടു കൊണ്ട് എത്ര മായ്ക്കാൻ ശ്രമിച്ചാലും ചിലതൊക്കെ കൂടുതൽ കൂടുതൽ മിഴിവോടെ തെളിഞ്ഞു വരും.
ഇപ്പോൾ ഞാൻ അവരെയൊക്കെ ഓർക്കുന്നു. മുഖങ്ങൾക്കു തെളിച്ചമില്ലെങ്കിലും ഓരോ രൂപങ്ങളെയും കണ്മുന്നിൽ കാണുന്നു. മനസ്സുകൊണ്ട് അവരോടു മാപ്പു പറയുന്നു . ഒരുപക്ഷെ അവരുടെ ആരുടെയെങ്കിലുമൊക്കെ കണ്ണുനീരാകാം ഇപ്പോൾ ഞാൻ കാണുന്ന ദുസ്വപ്നങ്ങളുടെ രാത്രികൾ...
ലിൻസി വർക്കി
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക