Slider

ഡയറ്റിംഗ് | Mariha Shabnam

0

 


രാവിലെ കോഴിമുട്ടയുടെ വെള്ള, ഉച്ചക്ക് ഓട്സ് പുഴുങ്ങിയത് വൈകീട്ട് ഏഴുമണിക്ക് മുൻപ് രണ്ടേ രണ്ട് ചപ്പാത്തി വിത്ത് വെജിറ്റബിൾ സാലഡ്…..

ഹാ എന്തൊക്കെയായിരുന്നു…!
അപ്പോഴേ അദ്ദേഹം നാക്കെടുത്തുവളച്ചു
"നിനക്കിതൊന്നും നടക്കൂല "
"നടക്കും…!"
"നടക്കുന്നത് നല്ലതാണ്… അതിന് രാവിലെ പോത്തുപോലെ ഉറങ്ങണ്ടേ…."
"ആ നടത്തമല്ല ഡയറ്റ് കണ്ട്രോൾ…"
"പോത്തോടിയാൽ എത്രെടം വരെ…."
"അത് പറയുമ്പോഴെങ്കിലും ഇങ്ങക്കൊന്നു ചിരിച്ചൂടെ മനുഷ്യാ…"
"എന്തിനാ വിഷയം മാറ്റുന്നത്…ആത്മവിശ്വാസക്കുറവ്?
"
"ആത്മ വിശ്വാസക്കുറവുണ്ടോ"….തന്നത്താൻ ചോദിച്ചു
'ഏയ്‌ ഇല്ല "തന്നത്താനെ പറഞ്ഞു
രണ്ട് ദിവസം ചോറ് കാണുമ്പോ വല്യ ഗമേൽ മൈൻഡ് ഒന്നും ചെയ്യാണ്ടെ ഒരു കപ്പ്‌ ഓട്സ് സായ്‌പ് കുടിക്കണ പോലെ അങ്ങനെ മെല്ലെ മെല്ലെ കുടിച്ചു ….
മൂന്നാമത്തെ ദിവസം ഒരു വിരുന്നിനു പോയി…
അല്ലേലും ഞാൻ പടച്ചോന്റെ പരീക്ഷണ വസ്തുവാണല്ലോ…
.കഥയുംപറഞ്ഞിരിക്കുന്നതിനിടയിൽ ടേബിളിമ്മേൽ അതാ നിരത്തുന്നു ഉന്നക്കായും കട്ലറ്റും ക്യാരറ്റ് കേക്കും പോരാത്തതിന് നല്ല പാൽചായയും
അത് വരെ എന്ന് ചെന്നാലും മേരി ബിസ്കറ്റും ടാങ്കിന്റെ വെള്ളോം തന്നൊരാണിപ്പോ ഈ ചതി എന്നോട് ചെയ്യുന്നത്…..
"ഇന്ന് മരോള് പൊരേൽ കൂടി വന്നപ്പോ കൊണ്ടുവന്നതാ ഇതൊക്കെ, നിങ്ങള് വന്നത് നല്ല നേരത്ത "
ആ ഇത്താത്ത സന്തോഷത്തോടെ പറഞ്ഞു.
അദ്ദേഹം ഒളിക്കണ്ണിട്ടു ഒന്ന് നോക്കി… ഞാൻ കാണാത്തപോലെ താടിമേ വെച്ച മാസ്ക് അവിടുണ്ടോന്നു കോങ്കണ്ണാക്കി നോക്കി മനസ്സിൽ പറഞ്ഞു..
"എനിക്കത്ര നല്ലതായി തോന്നീല "
അദ്ദേഹം മധുരപ്രിയനല്ലാത്തോണ്ട് ഫോർമാലിറ്റിക്കു ഒരു കട്ലറ്റ് എടുത്തു ചായയുടെ കൂടെ കടിച്ചു…
എനിക്കാണേൽ അത് കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല പ്ലേറ്റിലെ ഉന്നക്കായും ക്യാരറ്റ് കേക്കും എന്നെ തന്നെ നോക്കി നിക്കുന്നു….!
"നീ എന്താ ഒന്നും കഴിക്കാത്തെ… ഇങ്ങനല്ലല്ലോ…."
വീട്ടുകാരിയുടെ പ്രോത്സാഹനം… അവര് പ്ലേറ്റ് എന്റെ അടുത്തേക്ക് കുറച്ചുകൂടി നീക്കി വെക്കുന്നത് കണ്ട് അദ്ദേഹം
"അവൾ ഡയറ്റിംഗിലാ "
ഞാൻ ഗമയിൽ
"അതെ "
അവർക്കു സങ്കടം
"ആവൂ… ഒരു ഉന്നക്കായെങ്കിലും കഴിക്ക്…"
അവര് രണ്ട് ഉന്നക്കായി എടുത്തു കയ്യിൽ പിടിപ്പിക്കാൻ നോക്കി….
അങ്ങനൊക്കെ നിർബന്ധിക്കുമ്പോ പിന്നേ ഞാൻ എന്താ ചെയ്യാ….
ഞാൻ തിന്നു അത്രേന്നെ….അല്ലേലും സിൽമാ നടിയാവനൊന്നും അല്ലല്ലോ….
അദ്ദേഹം നോക്കുന്നു….നോട്ടത്തിൽ പരിഹാസം ഒളിഞ്ഞിരിപ്പില്ലേ….?
ഉണ്ടെങ്കിൽ നന്നായി… അല്ല പിന്നേ..
"നിനക്കതൊന്നും പറഞ്ഞിട്ടില്ല…"
നോട്ടം ചെവിയിൽ പതിച്ചപോലെ…!
"ഓ...ഒരു ഉന്നക്കായ് തിന്നെന്നു വെച്ചിട്ടിപ്പോ…,"
"നാളെ മുതൽ ഞാൻ കാണിച്ചുതരാം…"
മാസ്ക് വെച്ചാൽ ഒരു ഗുണം കൂടി ഉണ്ട് ഒച്ചയില്ലാതെ എന്തും പറയാം ആരെ വേണേലും ഗോഷ്ടി കാണിക്കാം …..
പിറ്റേന്ന് മുതൽ കഠിനമായ ഡയറ്റിംഗ് തുടങ്ങിയപ്പോഴാണ് പത്താൾക്ക് കൊറോണ വന്നത് കാരണം കഴിഞ്ഞ കൊല്ലം കഴിക്കാൻ വെച്ച കല്യാണം ആറായിരം പേർക്ക് കൊറോണ വന്ന ഇക്കൊല്ലത്തേക്ക് മാറ്റിയെന്നു പറഞ്ഞു വാട്സാപ്പിൽ സേവ് ദി ഡേറ്റ് വന്നത്...
"പോവാതിരിക്കാൻ പറ്റൂല… അങ്ങനെ വിളിച്ചതാ…."
"ഞാനില്ല.. ഡയറ്റിംഗിലാ…"
"കല്യാണത്തിന്പോവുന്നതിനെന്താ….കഴിക്കാതിരുന്നാൽ പോരെ.."
നല്ല പറച്ചിൽ തന്നെ….
"കല്യാണത്തിന് പോണതെന്തിനാ….കഴിക്കാനല്ലേ….?"
"എങ്കിൽ നീ വരണ്ട…."
"ഞാൻ വന്നില്ലേൽ അവരെന്തു കരുതും…."
"നീ ഡയറ്റിംഗിലാണെന്ന് പറഞ്ഞോളാം "
"അപ്പൊ അവര് കരുതില്ലേ കല്യാണത്തിന് ഞാൻ ബിരിയാണി കഴിക്കാൻ മാത്രമാണ് പോവാറെന്നു "
"ഹ..!എല്ലാം നീ തന്നെ പറഞ്ഞാൽ എങ്ങനാ…?"
"ഞാൻ വരാം ഫുഡ്‌ കഴിച്ചില്ലെങ്കിലെന്ത് ബന്ധുക്കളെ കാണാലോ…."
അദ്ദേഹം നോക്കുന്നു.. ഒരിളിച്ച ചിരി മീശയിൽ തട്ടി നിൽപ്പുണ്ടോ….?
"ഏയ്‌ "
അങ്ങനെ കല്യാണത്തിന് പോയി
ഒരു കൊല്ലമായി ഉടുത്തൊരുങ്ങിയിട്ട് കല്യാണവീട് കണ്ടിട്ട്, കുടുംബങ്ങളെ കൂട്ടത്തോടെ കണ്ട് തോളിൽ തട്ടി കഥ പറഞ്ഞിട്ട്….
എല്ലാരേം കണ്ട സന്തോഷത്തിൽ പറച്ചിലോടു പറച്ചിൽ പറഞ്ഞു പറഞ്ഞു നേരം പോയതറിഞ്ഞില്ല……
കല്യാണമൊക്കെ കഴിഞ്ഞു തിരിച്ചു പോരുമ്പോൾ അദ്ദേഹത്തിന്റെ ചോദ്യം
" നീ എന്തേ കഴിച്ചത് "
" ങേ "
"ഒന്നും കഴിച്ചില്ലേ "
"അത് പിന്നെ…."
"ചിക്കൻ ബിരിയാണി വേണ്ട ബീഫ് തന്നെ മതിയെന്ന് പറഞ്ഞു വരുത്തി കഴിക്കുന്നത് ഞാൻ കണ്ടു…"
ഇതൊക്കെ എപ്പോ സംഭവിച്ചു…!
"സംസാരിച്ചു സംസാരിച്ചു ഫുഡ്‌ കഴിച്ചതൊന്നും അറിഞ്ഞതേയില്ല "
ജാള്യത മറക്കാൻ വിനയം അല്പം കൂട്ടി തലതാഴ്ത്തി പറഞ്ഞു
അല്ലേലും ചില ആണുങ്ങൾക്ക് വേണ്ടാത്ത കാര്യത്തിന് നല്ല സൂക്ഷ്മതയാ….
"നാളെ മുതൽ ഡയറ്റിംഗ് കഠിനമാക്കും സത്യം….!"
"നിനക്കതൊന്നും പറഞ്ഞതല്ല പോന്നേ…."
അദ്ദേഹം പൊട്ടിച്ചിച്ചു...
ഇനി ശെരിക്കും സത്യമാണോ എനിക്കിതൊന്നും പറഞ്ഞതല്ലേ….

By Mariha Shabnam
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo