പുലർച്ചെയുടെ നേർത്ത ചുവപ്പി.ൽ കാവിയുടുത്തു ധ്യാനത്തിലിരിക്കുന്ന സന്യാസിയെപോലയാണ് ചിദംബരം.
കാറിൽ അഞ്ചു മണിക്കൂറിന്റെ യാത്രക്ഷീണം ശിവാനിയുടെ മുഖത്തു കാണാമായിരുന്നു.
ഒരിക്കലും ഇങ്ങോട്ടുള്ള യാത്രയിൽ തനിക്ക് തളർച്ച അനുഭവപ്പെടാറില്ല.
"അമ്മക്കെന്താ ഇങ്ങോട്ട് തന്നെ വരണമെന്ന് ഇത്ര നിർബന്ധം അതും .ഇത്രയും ദൂരെ "
കയ്യിലുള്ള ഷാളെടുത്തു പുതപ്പിക്കുന്നതിനിടയിൽ ശിവാനി അല്പം പരിഭവത്തോടെ ചോദിച്ചു.
"എന്റെ ഭൂതകാലത്തെ ബന്ധിപ്പിക്കുന്ന ചരടിന്റെ ഒരറ്റം ഇവിടെയാണ് ശിവാനി.ഈ മണ്ണിൽ…ഇവിടെയാണ് മീര എന്ന എഴുത്തുകാരിയുടെ പുനർജ്ജന്മം "
ശിവാനി മുഖം വീർപ്പിച്ചു.
"അമ്മയുടെ ഫിലോസഫി എനിക്കൊട്ടും പിടികിട്ടാറില്ല പലപ്പോഴും."
.കഴിഞ്ഞ മുപ്പത്തിരണ്ട് വർഷങ്ങൾക്കിടയിൽ എത്രമത്തെ തവണയാണ് ഈ മണ്ണിൽ കാലുകുത്തുന്നത്.
പതുക്കെ ശിവാനിയുടെ കൈ പിടിച്ചു നടന്നു.
ദാവണി ഉടുത്തു കറുത്ത് മെല്ലിച്ച ഒരു പെൺകുട്ടി കയ്യിൽ ഒരു കൂട കനകാംബരവുമായി ഓടി വന്നു
" രണ്ടു മുഴം കനകാംമ്പരം വാങ്കമ്മ.. ഒരു മുഴം നടരാജനുക്കും ഒരു മുഴം ശിവകാമി അമ്മാവുക്കും "
"വേണ്ട കുട്ടി "
അവൾ വിടുന്ന ഭാവമില്ല.
"അമ്മ മൊഴത്തുക്ക് പത്തു രൂപ താനേ. രണ്ടു മൊഴം വാങ്കമ്മ."
ദൂരെ ആകാശത്തേക്ക് കൈകൂപ്പി നിൽക്കുന്ന ഗോപുരത്തിലേക്ക് നോക്കി. വഴിയരികിൽ ചെരുപ്പുകൾക്ക് കാവലിരിക്കുന്നവരുടെ കൂട്ടത്തിലൊരിക്കൽ
നാട്ടിലെ ഒരു പയ്യനെ കണ്ടതോർമ്മ വന്നു. അവനെ പിന്നെ കണ്ടിട്ടില്ല.പൂക്കളും പൂജാ സാമഗ്രികളും വിൽക്കുന്ന വൃദ്ധകളും പെൺകുട്ടികളും വൃദ്ധന്മാരും വഴി നീളെ ഒഴുകി.
അവരുടെ ഇടയിൽ എവിടെയെങ്കിലുമുണ്ടോ...കണ്ണുകൾ പരതി നടന്നു.
ചിദംബരത്തിലെ കാറ്റിനെന്നും ഭസ്മത്തിന്റെയും കർപ്പൂരത്തിന്റെയും ഇടകലർന്ന ഗന്ധമാണ്.
നടവഴിയിലെ കല്ലുകളിലെ തണുപ്പ് തട്ടിയപ്പോൾ കാൽപാദങ്ങൾ വിറച്ചു.തലേന്ന് രാത്രി മഴ പെയ്തതിന്റെ സൂചന.
"അമ്മേ പതുക്കെ… വഴുക്കലുണ്ട് "ശിവാനി ഓർമ്മിപ്പിച്ചു.
ക്ഷേത്രത്തിന്റെ നീണ്ടുനിവർന്നു കിടക്കുന്ന പ്രദിക്ഷിണവീഥികളിൽ ഓർമ്മകളുടെ കാല്പാടുകൾ തേടി പതിയെ നടന്നു..
അന്നാദ്യമായി ഇവിടെ വരുമ്പോഴും മഴ പെയ്തിരുന്നു.
നീണ്ട മുപ്പത്തിരണ്ടു വർഷങ്ങളും ഓർമ്മകൾക്ക് മങ്ങലേൽപ്പിച്ചിട്ടില്ല.
****************
ചിദംബരം..ജ്ഞാനത്തിന്റെ അംബരം.പഞ്ചഭൂതങ്ങളിൽ ഒന്നായ ക്ഷേത്രം. അന്തരീക്ഷത്തിലലിഞ്ഞു ചേരുന്ന പഞ്ചാക്ഷര മന്ത്രം.."ഓം നമശിവായ "
ക്ഷേത്രമണികളിൽ ഓംകാര മന്ത്രത്തിന്റെ പ്രതിധ്വനി.
"പഞ്ചാക്ഷര മന്ത്രം ഉരുവിട്ട് നടന്നോളൂ.എല്ലാം നടരാജൻ നോക്കിക്കോളും."തീർത്ഥാടന സംഘത്തിൽ ഒപ്പമുമുണ്ടായിരുന്ന പ്രായം ചെന്നൊരു സ്ത്രീ ഇടക്ക് ഓർമിപ്പിച്ചു കൊണ്ടിരുന്നു.
ചെയ്ത തെറ്റിനുള്ള മുക്തി തേടി നടരാജന്റെ കാൽക്കൽ. എല്ലാ മോഹങ്ങളും ബന്ധങ്ങളും ഉള്ളിൽ എരിഞ്ഞടങ്ങി ഭസ്മമായിത്തീരാൻ.
അന്തരീക്ഷത്തിലെ ശൂന്യതയിലേക്ക് ആരതിയുഴിയുന്ന ദീക്ഷതർ.അതിശയത്തോടെ നോക്കി. ഇതാണ് ചിദംബര രഹസ്യത്തിന്റെ പൊരുൾ.ഈശ്വരൻ അരൂപിയാണ്. ഈ പ്രപഞ്ചം മുഴുവൻ നിറഞ്ഞിരിക്കുന്ന പരബ്രഹ്മം.
ക്ഷേത്രഗോപുരത്തിന്റെ ഒരോ നിലയിലും കൽത്തൂണുകളിലും കൊത്തിവെച്ച നാട്യശാസ്ത്രത്തിന്റെ വിസ്മയകാഴ്ചകൾ
കണ്ടു നടക്കുമ്പോൾ..
"മീര.."
ഞെട്ടിതിരിഞ്ഞു നോക്കി.
തല മുണ്ഡനം ചെയ്തു കാവി ചുറ്റിയ ഒരു സന്യാസി.
"രവിശങ്കർ."അറിയാതെ ചുണ്ടുകൾ മന്ത്രിച്ചു.
"അല്ല ഇപ്പോൾ മൃത്യുഞ്ജയൻ."കണ്ണുകളിൽ നേർത്ത മന്ദഹാസം.
ഒരിക്കലും പ്രതീക്ഷിച്ചതല്ല ഈ കൂടിക്കാഴ്ച്ച.
ജീവിതത്തിൽ ഏറ്റവും വെറുക്കപെട്ട ഇനിയൊരിക്കലും കാണരുതെന്നാഗ്രഹിച്ച മുഖത്തേക്ക് നോക്കി ഒന്നും പറയാൻ കഴിയാതെ ഒരു നിമിഷം നിന്നു.
ദൂരെ ശിവഗംഗ തീർത്ഥകുളത്തിൽ മുങ്ങിനിവരുന്ന സന്യാസിമാർ
ചെയ്ത പാപങ്ങളൊഴുക്കിക്കളയാൻ ജന്മജന്മാന്തരങ്ങളുടെ പുണ്യം നേടാൻ.
പലപ്പോഴും ചിന്തിച്ചിട്ടുണ്ട്..കാലത്തിന്റെ ഗതി ചക്രം തിരിച്ചു വെച്ച് ജീവിതത്തിൽ എന്തെങ്കിലുമൊന്ന് മാറ്റിയെഴുത്തപ്പെടാൻ ഒരവസരം ലഭിച്ചാൽ.. അതെന്തായിരിക്കും
മീരകൃഷ്ണ എന്ന എഴുത്തുകാരിയിൽ നിന്നും മീര രവിശങ്കർ എന്ന പദവിയിലേക്കുള്ള ചുവടുമാറ്റം. സങ്കല്പങ്ങളുടെയും കാല്പനികതയുടേയും ലോകത്ത് നിന്നും പച്ചയായ ജീവിത യാഥാർഥ്യങ്ങളിലേക്കുള്ള പറിച്ചു നടൽ.
അതത്ര എളുപ്പമായിരുന്നില്ല.ഭ്രാന്തമായ ചിന്തകളെ, ഭാവനകളെ തളച്ചിടാൻ കഴിയാതെ അവയെ വീണ്ടും വീണ്ടും മതിമറന്നു പ്രണയിക്കുമ്പോൾ സ്വപ്നങ്ങളുടെയും കാല്പനികതയുടേയും ലോകത്ത് തനിച്ചാണെന്ന ബോധ്യമുണ്ടാവാൻ അധികസമയം വേണ്ടി വെന്നില്ല.
പാൽ തിളപ്പിക്കാൻ വെച്ച് ആദ്യമഴ കൊള്ളാനിറങ്ങിയത്,ചോറ് വാർക്കാൻ മറന്നു പോയി സ്വപ്നം കണ്ടിരുന്നത് ഭർത്താവിന്റെ വികാരങ്ങളെ മാനിക്കാതെ പാതിരാക്ക്ക്ക് കവിതയെഴുതാനിരുന്നത്..എല്ലാം തെറ്റ്.. അല്ലെങ്കിൽ ഭ്രാന്ത്
"ചെയ്യുന്ന കാര്യങ്ങളിൽ അല്പമെങ്കിലും ബോധമുണ്ടാവണം "വാക്കുകളിൽ അമർഷത്തേക്കാൾ പരിഹാസമായിരുന്നു.
വികാരങ്ങളുടെ ഭാഷയെ
നിർവചിക്കുവാൻ ആർക്കാണ് കഴിയുക. അത് ബോധമില്ലായ്മയാണോ.
ഒരിക്കലും പരസ്പരം കൂടിച്ചേരാൻ കഴിയാത്ത രണ്ട് മനസ്സുകൾ രണ്ട് ധ്രുവങ്ങളിൽ കിടന്നു വീർപ്പുമുട്ടി.
"എഴുത്തും വായനയുമാണ് എന്നേക്കാൾ പ്രധാനമെങ്കിൽ
എന്തിനാണെന്നെ വിവാഹം ചെയ്തത്..ഞാനിങ്ങനെ ഇവിടെയൊരാളുണ്ടെന്ന് ഇടക്കെങ്കിലും ഓർമ്മ വേണം "
ഉള്ളിൽ നിന്നാരോ പുറത്ത് ചാടി എല്ലാറ്റിൻ നിന്നുമോടി രക്ഷപ്പെടാൻ ശ്രമിച്ചു കൊണ്ടിരുന്നു. എവിടേക്ക്….അതിന് മാത്രം ഉത്തരമില്ലായിരുന്നു.
എഴുതുന്നതൊക്കെ കടലാസുകളിലും പുസ്തകങ്ങളിലും എഴുതിവെക്കുന്ന പതിവുണ്ടായിരുന്നു അന്ന്.അതിനുമുണ്ടായിരുന്നു കുറ്റം. എഴുതികൂട്ടുന്നതൊക്കെ പ്രണയവും വിരഹവും നൊമ്പരവും..
"സത്യം പറയൂ. നീയാരെയെങ്കിലും പ്രണയിക്കുന്നുണ്ടോ "
അതിനും ഉത്തരമില്ലായിരുന്നു.ആരെയാണ് പ്രണയിക്കുന്നത്. എഴുത്തുകാരുടെ പ്രണയം.. അതീ പ്രപഞ്ചം മുഴുവൻ വ്യാപിച്ചു കിടക്കുന്നു.
"എല്ലാറ്റിനുമുണ്ട് നിനക്കൊരു ന്യായീകരണം..
ഇങ്ങിനെയായാൽ നമുക്കൊരു കുഞ്ഞുണ്ടായാൽ പോലും നീയതിനെ ശ്രദ്ധിക്കില്ല.
ഇത് ഭ്രാന്താണ്. ശുദ്ധ ഭ്രാന്ത്.നിനക്കൊരിക്കലും ഒരു നല്ല ഭാര്യയോ അമ്മയോ ആവാൻ കഴിയില്ല."
എല്ലാം നശിപ്പിച്ചു കളയാനുള്ള പകയോളമെത്തി പൊരുത്തക്കേടുകളുടെ ആഴം.
ഒടുവിൽ കത്തിയമരുന്ന കടലാസ് കഷ്ണങ്ങളിലേക്ക് പ്രതികരിക്കാനാവാതെ നോക്കി നിൽക്കേണ്ടി വന്നു.
അടിവയറ്റിൽ പുതിയൊരു ജീവന്റെ തുടപ്പുകളുണ്ടെന്നറിഞ്ഞിട്ടും എല്ലാമവസാനിപ്പിച്ചു ഇറങ്ങി നടന്നു
"എഴുതാതിരിക്കാൻ എനിക്കാവില്ല.
നിങ്ങൾക്കെന്റെ എഴുത്തുകളെ മാത്രമേ നശിപ്പിക്കാൻ കഴിയുള്ളു. എന്റെ ചിന്തകളെ ഇല്ലാതാക്കാൻ കഴിയില്ല."
പക്ഷെ അതും എളുപ്പമായിരുന്നില്ല.
ആത്മാവ് നഷ്ടപെട്ട ശരീരം പോലെയായിരുന്നു മനസ്സ്. അക്ഷരങ്ങളൊന്നും കൂട്ടി യോജിപ്പിക്കാൻ എത്ര ശ്രമിച്ചിട്ടും കഴിയാതെ..
പാതി കത്തിയെരിഞ്ഞ കടലാസ് തുണ്ടുകളിൽ നിന്നും പിടഞ്ഞെണീറ്റ് ആയിരകണക്കിന് അക്ഷര ഭ്രൂണങ്ങൾ സ്വപ്നങ്ങളിൽ വന്നു അലമുറയിട്ടു.അവക്ക് പുനർജ്ജന്മം നൽകാനാവാതെ മനസ്സ് പിടഞ്ഞു. ഒന്നും പഴയത് പോലെയാവുന്നില്ല. ഒന്നും..
സ്വയം ഇല്ലാതാവാനുള്ള ആത്മധൈര്യം ചോർന്നു പോയത് ശിവാനിയുടെ കുഞ്ഞുമുഖത്തേക്ക് നോക്കുമ്പോഴായിരുന്നു.
അവൾക്ക് വേണ്ടി ജീവിക്കേണ്ടി വന്നു.ആത്മശാന്തിക്കു വേണ്ടി യാത്രകൾ ചെയ്തു. അത് പലപ്പോഴും അവസാനിച്ചത് ചിദംബരത്തിലായിരുന്നു.ഒരു നിയോഗം പോലെ.
**********
എഴു വർഷങ്ങൾക്ക് ശേഷമാണ് നേരിൽ കാണുന്നത്.
"വല്ലാത്ത ഒറ്റപ്പെടൽ അനുഭവിച്ചിരുന്നു അന്ന്. നീയെന്ന പുഴയിലേക്ക് എത്ര ശ്രമിച്ചിട്ടും ഒഴുകിയെത്താൻ കഴിയാത്ത കൈവഴി മാത്രമായിരുന്നു ഞാൻ."
വാക്കുകളിൽ കുറ്റബോധം നിഴലിച്ചിരുന്നു
"ഞാനിപ്പോൾ ഒന്നും എഴുതാറില്ല. അന്ന് നിങ്ങൾ കത്തിച്ചു കളഞ്ഞത് വെറും കടലാസ് കഷ്ണങ്ങളല്ല. എന്റെ ആത്മാവിനെയാണ് ."ഉള്ളിലുള്ള വെറുപ്പും നിന്ദയുമെല്ലാം വാക്കുകളിൽ നിറഞ്ഞു
ഒരിക്കലും പ്രതീക്ഷിക്കാത്ത ആർദ്രഭവത്തോടെ അടുത്തേക്ക് വന്നു.
"നീയിനിയും എഴുതണം മീര.അത് നിന്റെ കർത്തവ്യമാണ്. അക്ഷരങ്ങൾ അഗ്നിയാണ്. നിന്റെ ചിന്തകളുടെ ചൂടേറ്റ് നിന്റെ അസ്തികളിലേക്ക് പടരുന്ന അഗ്നി.അഗ്നിയെ അഗ്നിക്ക് ഊതികെടുത്താനാവില്ല.മാപ്പ് ചോദിക്കാൻ പോലും എനിക്കർഹതയില്ല.പകരം ഇതെടുത്തോളൂ "
കഴുത്തിൽ കിടന്ന രുദ്രാക്ഷമെടുത്ത് നീട്ടി. "എന്നേക്കാൾ ഇതർഹിക്കുന്നത് നീയാണ് . ശിവന്റെ കണ്ണിൽ നിന്നുമടർന്നു വീണ ബാഷ്പകങ്ങളാണത്രെ ഭൂമിയിലെ രുദ്രാക്ഷങ്ങൾ.
ഇതിൽ എന്റെ പ്രായശ്ചിതത്തിന്റെ കണ്ണീരുണ്ട്. അതിനെ കയ്യിൽ ജപമാലയായി
ഗ്രഹിക്കൂ. ഉള്ളിലെ അഗ്നി കെട്ടടങ്ങുവോളം നിനക്കെഴുതാൻ കഴിയട്ടെ "
"മനുഷ്യൻ സ്വന്തം ഇഷ്ടാനിഷ്ടങ്ങളുടെ ഒരു വലയം ചുറ്റും സൃഷ്ടിച്ചു അതിൽ തന്റെ മനസ്സിനെ തളച്ചിടുന്നു.അതല്ലേ സത്യം. എന്നിൽ നിന്നും നിന്നിലേക്കുള്ള ദൂരം.. അത് വളരെ കൂടുതലായിരുന്നു."
"കഴിഞ്ഞ ഏഴു വർഷം ഈശ്വരനിലേക്കുള്ള അന്വേഷണത്തിലായിരുന്നു. വേദങ്ങളും ഉപനിഷത്തുകളും മനഃപാഠമാക്കി. ഒന്നിലും മനഃശാന്തി ലഭിച്ചില്ല….ഈ നിമിഷം വരെ.കുറ്റബോധം അത്രെയേറെ മനസ്സിനെ ഉലച്ചിരുന്നു "
ദൂരെ കയ്യിൽ പൂക്കൂടയുമായി ഭക്തരുടെ പുറകെ നടക്കുന്ന ഒരു വൃദ്ധനിലേക്ക് കണ്ണുകൾ നീണ്ടു.
"ഇനി വരുമ്പോൾ എന്നെ അവരുടെ ഇടയിൽ തിരഞ്ഞാൽ മതി.വേദങ്ങളും ഉപനിഷത്തുക്കളുമല്ല...ഇനി പഠിക്കാനുള്ളത് അവരിൽ നിന്നാണ് "
*************
ചിന്തകളുടെ തീനാളങ്ങൾ അപ്പോഴും മുഴുവനായി അണഞ്ഞു തീരാതെ പടുതിരിയായി ഉള്ളിൽ മുനിഞ്ഞു കത്തുന്നുണ്ടായിരുന്നു.അതൂതിക്കെടുത്താൻ ശ്രമിച്ച കരങ്ങൾ തന്നെ അതിലേക്ക് എണ്ണ പകർന്നപ്പോൾ വീണ്ടുമത് ആളിക്കത്തി. മീര എന്ന എഴുത്തുകാരിയിലേക്കുള്ള തിരിച്ചു നടത്തം.
എഴുതിയ ഓരോന്നും ആ കാൽക്കൽ മനസ്സ് കൊണ്ട് സമർപ്പിച്ചു.
മനസ്സിന്റെ അലച്ചിലുകളെ ശമിപ്പിക്കാനുള്ള തീർത്ഥാടനമായിരുന്നു ചിദംബര യാത്രകൾ.
കാണുമ്പോഴൊക്കെ പൂകച്ചവടക്കാരനായി അല്ലെങ്കിൽ ചെരുപ്പ്കാവൽക്കാരനായി അതുമല്ലെങ്കിൽ ഏതെങ്കിലും ഭിക്ഷക്കാരുടെ ഇടയിൽ അവരിലൊരാളായി..
രണ്ട് വർഷമെടുത്തു "ചിദംബര രഹസ്യം" പൂർത്തിയാക്കാൻ
"ഇത് കഥയല്ല. എന്റെ ജീവിതമാണ് വായിച്ചു അനുഗ്രഹിക്കണം "
പുസ്തകം കയ്യിൽ വാങ്ങുമ്പോൾ ചുണ്ടിൽ ഒരു നേർത്ത ചിരി വിടർന്നു.
"ഇതിലെ ഭാഷ മനസ്സിലാവാണമെങ്കിൽ ആദ്യം നിന്നെ മനസിലാക്കണം മീര..അതിൽ ഞാൻ എന്നും പരാജയെപ്പെട്ടിട്ടെയുള്ളൂ."
പുസ്തകം ഒരു നിമിഷം നെഞ്ചോടു ചേർത്ത് പിടിച്ചു പറഞ്ഞു "ധാരാളം അംഗീകാരങ്ങൾ തേടി വരട്ടെ. എന്റെ അനുഗ്രഹ മെന്നുമുണ്ടാവും,"
"എന്തിനാണിങ്ങിനെ സ്വയമുരുകിയില്ലാതാവുന്നത്?ഇവരുടെയിടയിൽ ഒരു ഭിക്ഷുവിനെ പോലെ ."
"'അന്ധം തമ: പ്രവിശന്തി യേ അവിദ്യാമുപാസതേ
തതോ ഭൂയ ഇവ തേ തമോ
യ ഉ വിദ്യായാം രതാ:'"എന്നല്ലേ.കർമ്മത്തെ മറന്നുള്ള ജ്ഞാനം അന്ധകാരത്തിലേക്ക് നയിക്കുന്നു.അതല്ലേ ശരി "
"ദാരിദ്രർക്കെന്തിനാണ് മീര വേദങ്ങളും ഉപനിഷത്തുകളും. വിശപ്പകറ്റാൻ കഴിയുന്ന എന്ത് മന്ത്രമാണ് അവരുരുവിടേണ്ടത്?
ഒരു മനുഷ്യനിൽ നിന്നും മറ്റൊരു മനുഷ്യനിക്കുള്ള പരിണാമം. നിഗൂഢതയുടെ കലവറയാണല്ലോ മനുഷ്യ മനസ്സുകൾ..
********
"അമ്മ എന്താണ് ആലോചിക്കുന്നത്. നല്ല തിരക്കുണ്ട്.
.ഉള്ളിലേക്ക് കയറാൻ ക്യു നിൽക്കണം,"
ശിവാനിയുടെ ശബ്ദം ചിന്തകളിൽ നിന്നുണർത്തി
"കുറച്ചു കഴിയട്ടെ.എനിക്കൊരാളെ കാണാനുണ്ട്."
അടുത്തേക്ക് നടന്നു വരുന്ന ഒരു ദീക്ഷിതരെ കണ്ടപ്പോൾ ചോദിച്ചു.
"ഇവിടെ ഒരു സന്യാസിയുണ്ടായിരുന്നില്ലേ മൃത്യുഞ്ജയൻ എന്ന പേരിൽ?"
ദീക്ഷിതർ ഒരുനിമിഷം മുഖത്തേക്ക് നോക്കി.
"ആ പേരിൽ ഒരുപാട് സന്യാസിമാരുണ്ടല്ലോ. എല്ലാം പരമശിവന്റെ നാമം. മഹാദേവൻ, മൃത്യുഞ്ജയൻ, തൃലോകനാഥൻ.. ആരെയാണ് അന്വേഷിക്കുന്നത്?"
"ഇദ്ദേഹം രുദ്രാക്ഷം ധരിക്കാറില്ല.താഴെ പൂ വിൽപ്പനക്ക്കാരുടെയും ഭിക്ഷുക്കളുടെയും ഇടയിൽ കാണാം.അറിയാമോ "
പെട്ടെന്ന് ദീക്ഷിതരുടെ മുഖം തെളിഞ്ഞു.
"മനസിലായി. അദ്ദേഹം.. അദ്ദേഹം സമാധിയായല്ലോ."
പ്രതീക്ഷിച്ചിരുന്നത് തന്നെ സംഭവിച്ചിരിക്കുന്നു. തണുത്ത കാറ്റേറ്റ് ശരീരം വിറച്ചു.
"എവിടെയാണ് അദ്ദേഹത്തെ അടക്കം ചെയ്തിരിക്കുന്നത്. ഒന്ന് കാണാൻ പറ്റുമോ "
"വരൂ "
ദീക്ഷിതരുടെ പുറകെ നടക്കുമ്പോൾ ഒരു കടലോളം ചോദ്യങ്ങൾ ഇരമ്പി മറയുന്നുണ്ട് ശിവാനിയുടെ നോട്ടങ്ങളിൽ.
"ദാ അവിടെയാണ് അദ്ദേഹത്തെ അടക്കം ചെയ്തിട്ടുള്ളത്."കൂവളത്തിന്റെ ഇലകൾ കൊഴിഞ്ഞു വീണ ഒരു ചെറിയ മൺകൂനയെ ചൂണ്ടി ദീക്ഷിതർ പറഞ്ഞു.
"ഒര്രു വർഷമായി സമാധിയായിട്ട്. ഒരു പ്രത്യേക പ്രകൃതക്കാരനായിരുന്നു.എന്നും പാവങ്ങളുടെ ഇടയിൽ കഴിയാനായിരുന്നു ഇഷ്ടം. പൂജയിലും ധ്യാനത്തിലുമൊന്നും തീരെ ശ്രദ്ധയില്ലായിരുന്നു."
പതിയെ മൺകൂനയുടെ അടുത്തേക്ക് ശിവാനിയോടൊപ്പം നടന്നു.കയ്യിൽ മുറുകെപ്പിടിച്ചിരുന്ന രുദ്രാക്ഷം അതിലേക്ക് വെച്ച് മനസ്സിൽ പറഞ്ഞു
" മീര എന്ന എഴുത്തുകാരിയുടെ ഉള്ളിലെ അഗ്നി കെട്ടടങ്ങി കഴിഞ്ഞിരിക്കുന്നു.ഇനി എനിക്കിതിന്റെ ആവശ്യമില്ല. ഞാനിതു തിരിച്ചു നൽകുന്നു."
ഒരുപിടി കൂവളത്തിന്റെ ഇലകൾ സമാധിയിൽ സമർപ്പിച്ചു തിരികെ നടക്കുമ്പോൾ ശിവാനി ചോദിച്ചു.
"ആരായിരുന്നു അമ്മേ അത്. "
ആ ചോദ്യം ഉള്ളിലൊരായിരം വട്ടം ചോദിച്ചു കഴിഞ്ഞതാണ്. ആരായിരുന്നു...
ഉള്ളിലെ അന്ധകാരത്തെ അകറ്റി ജ്ഞാനത്തിന്റെ വെളിച്ചത്തിലേക്ക് നയിക്കുന്നതരാണ്..
പതിയെ അവളുടെ കൈപിടിച്ചു ക്ഷേത്രത്തിലേക്ക് നടക്കുമ്പോൾ പറഞ്ഞു
"എന്റെ ഗുരു "
ശ്രീകല മേനോൻ
228/12/2020
അതിമനോഹരം
ReplyDelete