"മോനെ .... വാ ,ഉപ്പുമാവ് വന്ന് തിന്ന് ", ദേവജിത്തിന്റെ അമ്മ അടുക്കളയിൽ നിന്ന് വിളിച്ചു പറഞ്ഞു.
ഇത് കേട്ട് പല്ലുതേച്ചു കൊണ്ടിരുന്ന ദേവജിത്ത് ഉറക്കെ പറഞ്ഞു.
" തേങ്ങാക്കൊല ,ഈ നശിച്ച വീട്ടിൽ എന്നും ഉപ്പുമാവ് തന്നെ ".
"ഉപ്പുമാവിനു എന്താടാ കുഴപ്പം."
അമ്മ ഡാർക്ക് സീനിലേക്ക് കടന്നു.
പിന്നെ രക്ഷയില്ല ... ദേവജിത്ത് മിണ്ടാതെ വന്ന് ഉപ്പുമാവ് തിന്ന്, മിണ്ടാതെ തന്നെ എഴുന്നേറ്റ് പോയ്.
അങ്ങനെ ഉപ്പുമാവ് തിന്ന് ദേവജിത്തിന്റെ കാലങ്ങൾ കടന്നു പോയ്.
ഒരു ദിവസം ....
ദേവജിത്ത് അപ്രതീക്ഷിതമായ് ഓഫിസിലെ ഒരു പെൺകുട്ടിയായ് പ്രണയത്തിലായ്.
അവൾ എന്നും ദേവജിത്തിനു പല തരത്തിലുള്ള ആഹാരം കൊണ്ടുവന്നു കൊടുക്കാൻ തുടങ്ങി.
അതൊക്കെ അവൻ ആസ്വദിച്ചു കഴിച്ചു.
ആ പ്രണയം ഒരു കല്യാണമായ്
മാറി.
കല്യാണം കഴിഞ്ഞ് കാറിൽ വീട്ടിലേക്ക് പോകുന്നതിനിടയിൽ അവൾ കരഞ്ഞ കണ്ണുകളുമായ് കാറിൽ ഇരുന്നു.
" എന്തേ ,വിഷമം മാറിയില്ലെ?, "ദേവ ജിത്ത് അവളോട് പതിയെ ചോദിച്ചു.
അവൾ കരഞ്ഞു കലങ്ങിയ കണ്ണുകളോടെ പറഞ്ഞു.
"ഇന്നു മുതൽ അച്ഛനേയും അമ്മയേയും പിന്നെ അമ്മ ഉണ്ടാക്കുന്ന ആഹാരങ്ങളും എല്ലാം മിസ്സ് ചെയ്യാൻ പോകുകയല്ലെ ".
അവൻ അവളെ ചേർത്തു പിടിച്ചു.
അവന്റെ നെഞ്ചിൽ തല വെച്ച് അവൾ പറഞ്ഞു.
"പിന്നെ അമ്മ ഉണ്ടാക്കുന്ന ഉപ്പുമാവും മിസ്സ് ചെയ്യും".
ഒരു നിമിഷം ഞെട്ടിയ ദേവജിത്ത് പതിയെ അവളോട് ചോദിച്ചു.
എന്ത്?
''ഉപ്പുമാവ് ", അവൾ പറഞ്ഞു.
" ഉപ്പുമാവാണൊ ഏറ്റവും ഇഷ്ട്ടം" ?
അവൾ പതിയെ ആണെന്ന രീതിയിൽ മൂളി.
കാറ് നീങ്ങിക്കൊണ്ടിരുന്നു.
അവൾ അവന്റെ നെഞ്ചിൽ പറ്റിക്കിടന്നു.
ഒരു പാക്കറ്റ് റവ കൂടി കൂടുതൽ വാങ്ങണ്ട വരുമല്ലൊ ഭഗവാനെ എന്നോർത്ത് ദേവജിത്തും ചാരിക്കിടന്നു.
-----------------------
ഡോ റോഷിൻ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക