"ഇംഗ്ളീഷ് മീഡിയത്തിൽ പഠിച്ച് ഡിഗ്രിയെടുത്ത പെണ്ണാണ്, കാണാനും നല്ല ചേലുള്ള കുട്ടിയാ, ഇത് ഉമ്മറിന് ഇഷ്ടപ്പെടും.. നല്ല ഒന്നാന്തരം കുടുംബമല്ലേ ..ബ്രോക്കർ ഹസ്സൻ കോയ ഉമ്മറിന്റെ ബാപ്പ അബ്ദുഹാജിയോട് പെണ്ണിന്റെയും, വീട്ടുകാരുടെയും മഹിമ പൊടിപ്പും തൊങ്ങലും ചേർത്ത് വിളമ്പി.
മലയാളം മീഡിയത്തിൽ ബിരുദം വരെ പഠിച്ച ഉമ്മർ നാടൻ ജീവിതശൈലിയുമായി ജീവിച്ചു ശീലിച്ച പയ്യനാണ്.
ഇംഗ്ളീഷ് മീഡിയത്തിൽ പഠിക്കുന്ന പെൺകുട്ടികളെ കാണുമ്പോ തന്നെ ഉമ്മറിന് വിറയൽ തുടങ്ങും. അവരുടെ യൂണിഫോം ഡിസൈൻ കാണുമ്പോ ഇംഗ്ലീഷ് ഉച്ചാരണം ശരിയായി വരാനാണോ ഈ ഇറുകിയ ടൈ കഴുത്തിനു മുറുകെ കെട്ടിയിട്ടിരിക്കുന്നതെന്നാണ് ഉമ്മറിന്റെ സാധാരണ കമന്റ്. പിന്നെ മുട്ടിനു തൊട്ടുതാഴെ വരെ മാത്രമെത്തുന്ന പാവാടയും ആൺകുട്ടികൾ ധരിക്കുന്ന പോലത്തെ കുപ്പായവും.. ഹും...ഉമ്മർ തുറിച്ചു നോക്കികൊണ്ട് പല്ല് ഞെരിക്കും.
എന്തായാലും പെണ്ണ് കാണാൻ വീട്ടിൽ പോകാതെ പുറത്ത് വെച്ചു കണ്ടു.
"എന്താ പേര്?" എന്തെങ്കിലും മിണ്ടണമല്ലോ എന്ന് കരുതി ഉമ്മർ ചോദിച്ചു.
മൈ നെയിം ഈസ് ഉമ്മു ഖുൽസു"
"ഖുൽ' ഉച്ചാരണം കേട്ടപ്പോ ഉമ്മർ ഞെട്ടി രണ്ടടി പിറകോട്ടു മാറി നിന്നു, അടുത്ത ചോദ്യം ചോദിച്ചു.
"ഏത് സ്ക്കൂളിലാ പഠിച്ചത്?
"അറ്റ്ലസ് പബ്ളിക് സ്ക്കൂൾ" അതിൽ 'പ' പറയുമ്പോൾ കൂടുതലും 'ഭ' യാണ് ഉച്ചാരണത്തിൽ വന്നതെന്നതിനാൽ ഉമ്മർ പിന്നെയും രണ്ടടി പിറകോട്ടു മാറി നിന്നു .. ഇനി അവളെന്നെ 'ഭ' എന്ന് ആട്ടിയതാണോ എന്ന് സംശയിച്ചു.
പക്ഷെ അവളുടെ മനോഹരമായ പുഞ്ചിരിയിൽ ആ പെണ്ണ് കാണലിന്റെ ഇൻഡക്സ് ചന്ദ്രയാൻ റോക്കറ്റ് പോലെ മേലോട്ട് കുതിച്ചു. ഭാഷാ മീഡിയമില്ലാത്ത പുഞ്ചിരിയിൽ പണ്ടേ വീണു ശീലമുള്ള ഉമ്മർ അതിലങ്ങ് വീണു. നാടൻ മലയാളിയെങ്കിലും ബോളിവുഡ് നടനെ വെല്ലുന്ന ഉമ്മറിന്റെ ഗ്ലാമറിൽ ഉമ്മുകുൽസുവും മയങ്ങിയെന്നതാണ് സത്യം.
നികാഹ് ഉറച്ചു.
കല്യാണം കഴിഞ്ഞ മധുവിധു ആഘോഷങ്ങളുടെ ആദ്യ നാളുകളൊന്നിൽ ഭാര്യയോടും
ബന്ധുക്കളോടുമൊപ്പം പ്രാതൽ കഴിക്കാനിരുന്നതായിരുന്നു ഉമ്മർ. വിഭവസമൃദ്ധമായ പ്രാതലിൽ എരിവുള്ള മാങ്ങ അച്ചാർ കൂടി രുചിച്ചു നോക്കിയപ്പോ ഉമ്മറിന്റെ വയർ എരിഞ്ഞു കത്തി.
"ആമാശയം കേടാകുന്ന ഇമ്മാതിരി സാധനമാണോ രാവിലെ തന്നെ ഇവിടെ ശീലം" എന്ന് ഉമ്മർ പുതുമണവാളന്റെ സൗമ്യതയോടെ സാന്ദർഭികമായി പറഞ്ഞു.
"അച്ചാർ കഴിച്ചാൽ എങ്ങനെയാ ബ്രെയിൻ കേടാകുന്നത് " ഉമ്മുകുൽസു സഗൗരവം ചോദ്യമെറിഞ്ഞു.
അമ്മോച്ചൻ ആകെ വിഷണ്ണനായി മകളുടെ മുഖത്തേക്ക് നോക്കി. അമ്മായി ഒന്നും മനസ്സിലാകാതെ അടുക്കളയിലേക്ക് ചായയെടുക്കാൻ പോയി.
ഉമ്മറിന്റെ അണ്ണാക്കിലേക്ക് ഇറങ്ങാൻ കാത്തുനിന്ന അയക്കൂറ കഷ്ണം, പവർകട്ട് വന്നപ്പോൾ എയർപോർട്ടിലെ കൺവെയർ ബെൽറ്റ് നിശ്ചലമായിപ്പോയത് പോലെ സഞ്ചാരം നിർത്തി അവിടെ നിന്നു. വായ്ക്കകത്തേക്ക് പകുതി വെച്ച പത്തിരി യൂട്യൂബ് ചാനൽ കണ്ടുകൊണ്ടിരിക്കെ മൗസ് കൊണ്ട് അമർത്തി പോസ് ചെയ്തത് പോലെ വിരലുകളിലും ചുണ്ടിനുമിടയിലും കുടുങ്ങി ശ്വാസംമുട്ടി കിടന്നു.
നിമിഷങ്ങൾക്കുള്ളിൽ രംഗമൊന്ന് അയഞ്ഞതോടെ അയക്കൂറ സഞ്ചാരം തുടർന്നു ആമാശയത്തിലേക്കിറങ്ങിപ്പോയി. ശ്വാസം മുട്ടിയ പത്തിരി കഷ്ണത്തെ അകത്തേക്ക് തള്ളി ഉമ്മർ ഇളകിയിരുന്നു ചെറിയ ശബ്ദത്തിൽ തൊണ്ടയനക്കി.
"അപ്പോ ആമാശയം എന്ന് പറഞ്ഞാ എന്താണെന്നാ പറഞ്ഞെ? " കുൽസുവിനെ നോക്കി ഉമ്മർ ചോദിച്ചു.
"അത് ബ്രെയിനല്ലേ, അതല്ലേ ഞാൻ നേരത്തേ ചോദിച്ചതും".
ചിരിയടക്കാൻ പാടുപെട്ട ഉമ്മർ വാ പൊത്തി. ഉടനെ ഇടപെട്ട അമ്മോച്ചൻ ചെറിയ വളർച്ചയിലുള്ള തന്റെ കുടവയർ തടവിക്കൊണ്ട് മകളോട് പറഞ്ഞു..
"മോളേ, ആമാശയം എന്ന് പറഞ്ഞാൽ ദാ..ഇത്.. അതായത് കുടൽ "
"അപ്പോ ബ്രെയിൻ എന്താ? കുൽസുവിന്റെ ചോദ്യം..
"അത് തലച്ചോർ", വാത്സല്യത്തോടെ മകൾക്ക് പറഞ്ഞു കൊടുക്കുമ്പോ ചായയുമായി വരുന്ന ഭാര്യയെ ഒന്നമർത്തി നോക്കുകയും ചെയ്തു.
തൽക്കാലം പ്രതികരിക്കാതിരുന്ന ഉമ്മർ 'പബ്ലിക് കാരിയർ' എന്ന് ലോറിയിലെ നെറ്റിയിൽ വലിയക്ഷരത്തിൽ എഴുതിയത് 'പുബിലിക് കർറർ' എന്ന് ഉച്ചത്തിൽ വായിച്ചത് ഓർത്തു. പിന്നെ
എപ്പോളും "എനിക്ക് ഗ്യാസ് ട്രബിളിന്റെ തകരാറെന്ന്" പറയാറുള്ള എളയാപ്പനെയും.
പിന്നീട് ഭാര്യയെ വിളിച്ചു ചെവിയിൽ മന്ത്രിച്ചു..
"നീ വാ, നമുക്ക് മുകളിലെ ബാൽക്കണിയിലെ ചെയറിൽ സിറ്റി വല്ല ബ്രെയിൻ ഹണ്ടും നടത്താം"..
- മുഹമ്മദ് അലി മാങ്കടവ്
08/12/2020
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക