പതിവുപോലെ കൃഷ്ണശില്പത്തിലേക്ക് നീലവർണ്ണം ചാലിച്ച് ഭംഗി കൊടുക്കുമ്പോൾ അന്നപൂർണ്ണ മൗനത്തിലായിരുന്നു.സാധാരണ സന്തോഷവതിയായി മാത്രമേ അവൾ ശില്പത്തിനു നിറം കൊടുക്കാറുള്ളൂ.അവരുടെ,പാർത്ഥന്റെയും അന്നപൂർണ്ണയുടേയും ജീവിതമാർഗ്ഗം തന്നെ ആ ശില്പങ്ങളാണ്.പാർത്ഥന്റെയമ്മ പറയാറുണ്ട് അന്നപൂർണ്ണയുടെ മനസ്സാണു ശില്പങ്ങൾക്കു മിഴിവേകുന്നതെന്നു.അതുകേട്ടു തെല്ലൊരു കുറുമ്പോടെ അവളെ നോക്കി ചിരിക്കും അവൻ.രണ്ടുനാൾ കഴിഞ്ഞാൽ വിഷുവാണ്.ഒരുപാട് ഓർഡറുകൾ ചെയ്തു തീർക്കാനുണ്ട് പക്ഷേ അവൾക്ക് യാതൊരു ഉത്സാഹവും തോന്നിയില്ല.തലേന്ന് കൊടുക്കാമെന്നേറ്റിരുന്ന രണ്ടെണ്ണം സമയത്ത് കൊടുക്കാൻ കഴിയാതെ വന്നപ്പോൾ പാർത്ഥൻ ഒരുപാടു ദേഷ്യപ്പെട്ടു.അതാണീ മൗനത്തിനു കാരണം.തന്നെ മനസ്സിലാക്കാതെ ദേഷ്യപ്പെട്ടതിൽ അന്നപൂർണ്ണയ്ക്കും വാശിയായി.രണ്ടാളും പരസ്പരം മിണ്ടാതെ ജോലി തുടർന്നു.അച്ചിൽ വാർത്തെടുത്ത ശില്പങ്ങളെ അവൾക്കു നിറംകൊടുക്കാൻ പാകത്തിന് തയ്യാറാക്കി നൽകും അവൻ.
വൈകുന്നേരം വെറുതെ ഒന്നു നടക്കാനിറങ്ങിയ അവൾ കണ്ടു, ദേവീക്ഷേത്രത്തിലേക്കുള്ള വഴിയരികിൽ സിന്ദൂരം വില്ക്കാനിരിക്കുന്ന ഒരു സ്ത്രീയെ.പല വർണ്ണങ്ങളിൽ സിന്ദൂരങ്ങൾ.അതിനടുത്തായി ഭംഗിയുള്ള ചെപ്പുകളും.അതിൽ ഇളം ചുവപ്പുനിറം അവളുടെ പ്രിയപ്പെട്ടതായിരുന്നു.വില്ക്കാനിരിക്കുന്ന സ്ത്രീയുടെ വേഷമാണ് അവൾ ശ്രദ്ധിച്ചത് കടുത്ത ചുവപ്പുനിറത്തിലുള്ള സാരി, കഴുത്തിൽ പച്ചക്കല്ലുപതിപ്പിച്ച മാല,കൈ നിറയെ കുപ്പിവളകൾ.പക്ഷേ നെറ്റിയിൽ സിന്ദൂരം തൊട്ടിരുന്നില്ല.ഇത്രയും മനോഹരമായി വേഷം ധരിച്ചിട്ടും മുന്നിലിരുന്ന സിന്ദൂരത്തിൽ നിന്നും അല്പം തൊടാത്തത് അവരിലൊരു കുറവായി അവൾക്കു തോന്നി.വെറുതെയെങ്കിലും സിന്ദൂരത്തിനു വില ചോദിച്ചു മടങ്ങി അവൾ.പാർത്ഥന്റെ കൈകൊണ്ട് അതു വാങ്ങി തന്നെങ്കിലെന്ന് ചുമ്മാതെ ആശിച്ചു.അന്നപൂർണ്ണ ഇങ്ങനെയാണ്.ചില ദിവസങ്ങളിൽ എന്തെന്നറിയാത്ത വിഷാദത്തിലേക്ക് കൂപ്പുകുത്തും.അന്നാകെ ദേഷ്യമായിരിക്കും.പാർത്ഥനതു മനസ്സിലാകുമെങ്കിലും അവനും ജീവിതത്തിന്റേതായ ആശങ്കകളിൽ ചിലപ്പോൾ അവളോട് ദേഷ്യപ്പെടാറുണ്ട്.അച്ഛൻ മരിച്ചശേഷം അനിയത്തിയുടെ വിവാഹം നടത്തിയതിന്റെ കുറച്ചു കടങ്ങൾ ബാക്കിയുണ്ട്.ശില്പനിർമ്മാണം കഴിഞ്ഞു ബാക്കി കിട്ടുന്ന സമയം അവൻ ഓട്ടോ ഓടിക്കാൻ പോകും.എത്ര ബുദ്ധിമുട്ടിയാലും അമ്മയേം അന്നപൂർണ്ണയേം അവൻ നന്നായി നോക്കും.അവളുടെ ചിത്രം വരയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.പാർത്ഥന്റെ അമ്മയ്ക്കും അവളോട് വലിയ സ്നേഹമാണ്.അങ്ങനെയൊക്കെയാണെങ്കിലും അവൾ ഇടക്കിടെ അവനോട് വഴക്കടിക്കും.പിന്നീട് വല്ലാതെ സങ്കടപ്പെട്ടു കരയും. ഈ സ്വഭാവം അവൾക്കു തന്നെ അരോചകമായി തോന്നിയെങ്കിലും വഴക്കിട്ടാൽ അവനോടു തോറ്റു കൊടുക്കാൻ മടിയാണ്.
പിറ്റേന്ന് ഓർഡറുള്ള എല്ലാ ശില്പങ്ങളും തയ്യാറാക്കി നൽകിയ ശേഷവും അവനോടുള്ള അവളുടെ പിണക്കം മാറിയില്ല.അന്നും വൈകുന്നേരം അവൾ നടക്കാനിറങ്ങിയപ്പോൾ കണ്ടു തലേന്നത്തെ കാഴ്ച.അന്നവരോട് അവൾ സംസാരിച്ചു.സംസാരം കഴിഞ്ഞപ്പോൾ തനിക്കൊരിക്കലും കേട്ടുകേൾവിപോലുമില്ലാതിരുന്നൊരു ലോകം അവൾക്കു മുന്നിൽ തെളിഞ്ഞു.അതവളെ വീണ്ടും സങ്കടപ്പെടുത്തി.
കർണ്ണാടകയിലെ ഒരു ഉൾനാടൻ ഗ്രാമത്തിൽ ജനിച്ച അവർ വീട്ടിലെ ദാരിദ്ര്യവും അന്ധവിശ്വാസങ്ങളും കാരണം ദേവദാസിയാക്കപ്പെട്ടു. ഉച്ചംഗിദേവിയുടെ ദാസിയാക്കുന്നുവെന്നു പറയപ്പെടുന്നൊരു ചടങ്ങുണ്ടത്രേ.ഋതുമതികളായ പെൺകുട്ടികളെ പൗർണ്ണമി നാളിൽ അണിയിച്ചൊരുക്കി വർണ്ണപ്പൊടികൾ ചാർത്തി ദേവദാസികളാക്കും.പിന്നെയവരുടെ ജീവിതത്തിൽ പലരും വന്നു പോകും.പക്ഷേ ആരുമവരെ സ്നേഹിക്കില്ല. ഒടുവിൽ ആർക്കും വേണ്ടാതെ ഉപേക്ഷിക്കപ്പെടും.ഏതോ സന്നദ്ധ സംഘടനക്കാരാണ് അവരെ കുറേ വർഷം മുമ്പ് ഈ നാട്ടിലെത്തിച്ചത്.അതിൽപിന്നെയവർ അമ്പലനടകളിൽ സിന്ദൂരം വിറ്റു ജീവിക്കാൻ തുടങ്ങി. താനൊരിക്കലും നെറുകയിൽ അണിഞ്ഞില്ലെങ്കിലും മറ്റുള്ളവർക്കണിയിക്കാൻ നൽകുന്നതിൽ അവർ സന്തോഷവതിയാണ്.ഒരുവേള അന്നപൂർണ്ണയ്ക്ക് അവരുടെ ജീവിതത്തിന്റെ നിറം കെടുത്തിയ ആ വർണ്ണപ്പൊടികളോട് വെറുപ്പ് തോന്നി.പക്ഷേ അവരതു തിരുത്തി.ഒരുപാടു പേർ കഷ്ടതയനുഭവിച്ചു ജീവിക്കുന്നുണ്ടെന്നും,ഈ പൊടികൾ തനിക്കിപ്പോൾ ജീവിതമാണു നൽകുന്നതെന്നും പറഞ്ഞു.അവൾക്ക് അവരുടെ സംസാരത്തിൽ അത്ഭുതം തോന്നി.ഒറ്റയ്ക്കുള്ള ആ ജീവിതത്തിലും അവരെത്ര സന്തുഷ്ടിയോടെ സംസാരിക്കുന്നു.ഒരുപക്ഷേ അവരുടെ അനുഭവങ്ങളാകാം അവരെ അങ്ങനെയാക്കിയത്.തിരികെ വീട്ടിലെത്തിയ അവൾ തനിക്കായി മാറ്റി വച്ചിരുന്ന വാത്സല്യം തുളുമ്പുന്നൊരു ശില്പവുമായി അവർക്കരുകിലേക്കു മടങ്ങി.അവർക്കതു നൽകിയപ്പോൾ അവരുടെ മുഖത്തു വിടർന്ന കണ്ണുനീർ കലർന്ന ചിരി അവൾക്ക് പുതിയ ജീവിതപാഠങ്ങൾ നൽകുകയായിരുന്നു.
അവൾക്കു മനസ്സിലായി ഇങ്ങനെ കഷ്ടപ്പെട്ടു ജീവിക്കുന്ന ഒരുപാടു പേരുള്ളപ്പോൾ ഒരു ബുദ്ധിമുട്ടുമറിയിക്കാതെ തന്നെ നോക്കുന്ന പാർത്ഥനും സ്നേഹിക്കാൻ മാത്രമറിയാവുന്ന ആ അമ്മയുമാണ് തനിക്ക് ഈശ്വരൻ നൽകിയ ഭാഗ്യങ്ങളെന്ന്.ഒരുപാടു ചിന്തിച്ചു വെറുതേ വിഷാദത്തിലേക്കെത്തുന്ന തന്റെ മനസ്സിനെ മാറ്റിയേ മതിയാകുവെന്നും.അവൾ പിണക്കം മറന്ന് പാർത്ഥനു ചായയുമായി എത്തിയപ്പോൾ കണ്ടു മേശപ്പുറത്ത് അവളാഗ്രഹിച്ച സിന്ദൂരച്ചെപ്പും അതിനുള്ളിൽ ഇളം ചുവപ്പു സിന്ദൂരവും.തന്റെ ചിന്തകൾപോലും മനസ്സിലാക്കുന്ന അവനോട് ആ നിമിഷം അവൾക്കു വല്ലാത്ത സ്നേഹം തോന്നി.അവളുടെ കണ്ണുകൾ അനുസരണയില്ലാത്തവരായി...
അവളുടെ ആ നില്പുകണ്ട് അവനവളെ ചേർത്തു പിടിച്ചു ദേഷ്യപ്പെട്ടതിൽ ക്ഷമ ചോദിച്ചു.സാരമില്ല അതു തന്റെ തെറ്റുകൊണ്ടല്ലേയെന്നവളും മറുപടി പറഞ്ഞു.അവളാ സിന്ദൂരം അവന്റെ കൈയിൽ കൊടുത്ത് അണിയിക്കാനാവശ്യപ്പെട്ടു.അവനതണിയിച്ച് അവളുടെ നെറ്റിയിൽ ചുണ്ടുകൾ ചേർത്തപ്പോൾ,അവളുടെ മനസ്സു പറഞ്ഞു, ഇതാണെന്റെ കുഞ്ഞുസ്വർഗ്ഗം.
ചെറിയ പിണക്കങ്ങളും വലിയ ഇണക്കങ്ങളുമായി അവരുടെ ജീവിതം പിന്നെയും.........
സരിത സുനിൽ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക