Slider

പുസ്തകക്കുരുക്ക്

0

 പ്രശസ്തരായ എഴുത്തുകാരുടെ പുസ്തകങ്ങളായിരുന്നു കൂടുതലും .അത്രക്ക് അറിയപ്പെടാത്തവരുടെയും കൂട്ടത്തിലുണ്ടായിരുന്നു. നിലവിലെ സാമ്പത്തിക മാന്ദ്യം പുസ്തകോത്സവത്തിൽ നിന്നൊക്കെ ഈയിടെയായി അകത്തി നിർത്തിയിരിക്കുകയായിരുന്നു.പുസ്തകം നോക്കിയാൽ പോക്കറ്റ് കാലിയാവും അതായിരുന്നു അനുഭവങ്ങളിൽ നിന്നുള്ള പാഠം.

''കുടുംബ ജീവിതം സന്തോഷ പ്രദമാക്കുവാൻ ചില പൊടിക്കൈകൾ " അതായിരുന്നു നീല പുറം ചട്ടയുള്ള ആ പുസ്തകത്തിൻ്റെ പേര് , ഗ്രന്ഥകർത്താവ് സുഗുണൻ പള്ളാത്തുരുത്തി.
പഴയ ഓർമകളിൽ ഇതുപോലെ പേരുള്ള പുസ്തകങ്ങൾ ചില പ്രത്യേക വിഭാഗത്തിൽ പെട്ടിരുന്നു എന്ന് ചിന്തിക്കാതിരുന്നില്ല. അതിൻ്റെ നീല നിറവും അല്പം സംശയത്തിനു കാരണമായി.
പള്ളാത്തുരുത്തിയും തകഴിയുമായി അധിക ദൂരമില്ലാത്തതു കൊണ്ടോ എന്തോ, രണ്ടിടങ്ങഴിക്ക്, അടുത്തു തന്നെയായിരുന്നു അതിൻ്റെ സ്ഥാനം.
രണ്ടിടങ്ങഴിയുടെ അടുത്തിരിക്കുന്നു എന്നതു തന്നെയാവാം കുടുംബ ജീവിതം ഒന്നെടുത്തു നോക്കാൻ പ്രേരകമായത്.
രണ്ടിടങ്ങഴിക്ക് ചാരെയുള്ളത് അര ഇടങ്ങഴിയെങ്കിലുമാവണമല്ലോ .
പുസ്തകത്തിൻ്റെ താളുകൾ മറിക്കുമ്പോൾ പ്രശസ്തരായവരെയൊക്കെ ഉദ്ധരിച്ചിട്ടുണ്ട് എന്ന് മനസ്സിലായി. പല പേജിലേയും ഒന്നു രണ്ടു വാചകങ്ങളിലൂടെ പോയപ്പോൾ എന്തോ ചിലതൊക്കെ ഗഹനമായി ചർച്ച ചെയ്യുന്നു എന്നു തോന്നി.
സെയിൽസിലുള്ള മദ്ധ്യവയസ്കൻ അടുത്തെത്തി പറഞ്ഞു.
"നല്ല ഓട്ടമുള്ള ബുക്കാണ് .. സർ "
"പേര് കണ്ടിട്ട്.... പണ്ടത്തെ .. വേറേ ടൈപ്പാണോന്ന് ..."
"ശ്ശേ ... അതൊന്നുമല്ല സർ ...''
പുസ്തകത്തെയോ രചയിതാവിനെയോ കുറിച്ച് എങ്ങും കേട്ടതായി ഓർമ വന്നില്ല. നോക്കിയ പേജുകളിൽ കണ്ട ഓഷോ, ചിന്മയാനന്ദൻ ,ഫ്രോയ്ഡ് തുടങ്ങിയവരുടെ പേരുകളാവാം
എടുത്ത പുസ്തകങ്ങളുടെ കൂട്ടത്തിൽ അതും ഉൾപ്പെടുത്താൻ കാരണമായത്.
വീട്ടിലെത്തുമ്പോൾ ഇളയ പെങ്ങൾ ലതികയും പിള്ളേരും ഒരു ദിവസത്തെ വാസത്തിനായി വന്നിട്ടുണ്ട്.
അവളുടെ ഭർത്താവ് ജോലി സംബന്ധമായി ദൂരെയെങ്ങോ പോയതിനാൽ ഇന്ന് രാത്രി അവളും പിള്ളേരും ഇവിടെ തങ്ങാനായാണ് വന്നിട്ടുള്ളത്.
അഞ്ച് കിലോമീറ്റർ ഉള്ളിൽ തന്നെയാണ് താമസമെങ്കിലും അത്യാവശ്യത്തിനല്ലാതെ അവൾ തറവാട്ടിൽ വരാറില്ല.
അതു കൊണ്ട് തന്നെ നാത്തൂന്മാർ തമ്മിൽ നല്ല ബന്ധം നിലനിന്നു പോവുന്നു.
ലതികയുടെ വരവ് സുജക്കും സന്തോഷം തന്നെ. പാചകത്തിൻ്റെ നുറുങ്ങു വിദ്യകളൊക്കെ അവൾക്ക് ലതികയിൽ നിന്നാണ് ലഭിക്കുക.
പിള്ളേരാണ് ഏറെ സന്തോഷിച്ചത് . അവർ നാലു പേരും ഒന്നിച്ചു കൂടിയതോടെ ,വീട് പൂരപ്പറമ്പായി .
ഭാര്യയോടും പെങ്ങളോടും വർത്തമാനം പറഞ്ഞിരുന്ന് ഉറങ്ങുവാൻ വളരെ താമസിച്ചതു കൊണ്ട് പിറ്റേന്ന് ഉണർന്നതും താമസിച്ചു തന്നെ.
രാവിലെ
എഴുന്നേറ്റ് ഒരുങ്ങി ഓഫീസിൽ പോവുന്നതിനു മുമ്പ് തലേന്നു വാങ്ങിയ പുസ്തകക്കെട്ട് അഴിച്ച് മേശപ്പുറത്ത് അടുക്കി വച്ചു. അലമാരയിലേക്ക് വൈകിട്ട്, നോക്കിയിട്ട് വക്കാമെന്നു വച്ചു.
വൈകിട്ട് വീട്ടിലെത്തുമ്പോൾ ലതികയും പിള്ളേരും പോയിരുന്നു. സുജ കൊണ്ടു വച്ച ചായ കുടിച്ച ശേഷമാണ് മേശപ്പുറത്തിരുന്ന പുസ്തകങ്ങൾ എടുത്തു നോക്കിയത്.
ഒരു പുസ്തകത്തിൻ്റെ കുറവുണ്ടായിരുന്നു. ഒന്നു കൂടി നോക്കിയപ്പോൾ സുഗുണൻ പള്ളാത്തുരുത്തിയുടെ പുസ്തകമാണ് കാണാത്തതെന്ന് മനസ്സിലായി.
സുജ വായിക്കാനെടുത്തിരിക്കുമെന്നാണ് ആദ്യം കരുതിയത് . അവൾ എടുത്തിട്ടില്ല എന്നറിഞ്ഞപ്പോൾ കുട്ടികളോട് ചോദിച്ചു. പുസ്തകങ്ങളുടെ കാര്യത്തിൽ ഞാൻ അല്പം കർക്കശ സ്വഭാവം കാണിക്കാറുള്ളതു കൊണ്ട് അവരാരും ചോദിക്കാതെ തൊടുക പോലും ചെയ്യാറില്ല . സുജ ഇടക്ക് ചില പുസ്തകങ്ങൾ അലമാരയിൽ നിന്ന് എടുത്ത് വായിക്കാറുണ്ട്. അവളുംപുതിയ പുസ്തകങ്ങളിൽ അങ്ങനെ കൈവക്കാറില്ല.
ബാക്കിയുള്ള പുസ്തകങ്ങളെല്ലാം അലമാരയിൽ, ഉള്ളവക്കൊപ്പം ഭംഗിയായി അടുക്കി വക്കുമ്പോഴും ,ജീവിത വിജയത്തിൻ്റെ നഷ്ടം എന്നെ അലട്ടിക്കൊണ്ടിരുന്നു.
ഒരാഴ്ചക്കുള്ളിൽ പുതിയതായി വാങ്ങിയ പുസ്തകങ്ങളിൽ ബംഗാളിയിൽ നിന്നും വിവർത്തനം ചെയ്ത ഒരു പുസ്തകം മാത്രമാണ് വായിച്ചു തീർക്കാൻ കഴിഞ്ഞത്. മറ്റുള്ളവയൊക്കെ ഭദ്രമായി അലമാരിയിലിരുന്നു.
അന്ന് ഒരു തിങ്കളാഴ്ചയായിരുന്നു. വൈകിട്ടുള്ള റസിഡൻ്റ്സ് അസോസിയേഷൻ യോഗത്തിൽ പങ്കെടുക്കാൻ പുറത്തേക്കിറങ്ങുമ്പോൾ സുജ ഒരു പുസ്തകവും വായിച്ചിരിക്കുന്നു. നേരത്തേ,ഓഫീസിൽ നിന്നു വരുമ്പോഴും അവൾ ഇതേ പുസ്തകം വായിക്കുന്നുണ്ടായിരുന്നു.
ഞാൻ അടുത്തു ചെന്ന് പുസ്തകത്തിൻ്റെ പുറംചട്ടയിലേക്ക് കുനിഞ്ഞു നോക്കി.
സുഗുണൻ പള്ളാത്തുരുത്തിയുടെ പുസ്തകമായിരുന്നു, അത് .
" അപ്പോ ... താനായിരുന്നു ഈ പുസ്തകമെടുത്തത് ...."
പുസ്തകം അടച്ചു വച്ച് സുധ ചോദിച്ചു
"ഏത് പുസ്തകം ...? "
ഒരു സംശയവുമില്ലാത്ത ചോദ്യമായിരുന്നു സുജയുടേത്.
" വാങ്ങി കൊണ്ടു വന്ന പുതിയ പുസ്തകമല്ലേ .. ഇത് .. "
ഒരു ചമ്മൽ സുജയുടെ മുഖത്തുണ്ടാവുമെന്നു വിചാരിച്ചാണ് ഞാനത്രയും പറഞ്ഞത് .
"ഇന്നലെ ലതികേടെ വീട്ടിൽ പോയപ്പോ .. അവിടുന്നെടുത്ത താ .. ഇത് "
" അവൾക്കെവിടുന്നു കിട്ടി ... ഇത് "
" അവൾക്ക് വാങ്ങിച്ചു കൂടേ ......"
" അവൾ നിനക്ക് തന്നതാണോ ...."
ഇപ്പോളാണ് സുജ അല്പം ചമ്മിയത് .
" മേശപ്പുറത്ത് ഇരിക്കുന്നത് .. കണ്ടു ... ഞാൻ ഇങ്ങ് എടുത്തോണ്ട് പോന്നു."
ഇങ്ങേർക്കു മാത്രമല്ലേ വായന പറഞ്ഞിട്ടുള്ളൂ എന്ന ഭാവത്തിലാണ് സുജ എഴുന്നേറ്റത്.
"എവിടെ ...നോക്കട്ടെ " ഞാൻ ചോദിച്ചു
"അങ്ങനെയിപ്പം നോക്കണ്ടാ...... "
സുജ അല്പം വാശിയിലായിരുന്നു.
ഞാൻ നോക്കി നിൽക്കെ അവൾ ആ പുസ്തകം അവളുടെ പെട്ടിയിൽ ഭദ്രമായി വച്ചു .....പൂട്ടി.
നല്ല മനുഷ്യർ, ഒരുത്തി ഇവിടുന്ന് മോഷ്ടിച്ച് അവളുടെ വീട്ടിലേക്ക് കൊണ്ടു പോവുന്നു . മറ്റൊരുത്തി
അതുതന്നെ ആരുമറിയാതെ ഇങ്ങോട്ടെടുത്തു കൊണ്ടു പോരുന്നു. നല്ല നാത്തൂന്മാർ . ഒരമ്മ പെറ്റ നാത്തൂന്മാർ തന്നെ .
ഓഫീസിൽ നിന്നിറങ്ങി ,നടന്ന് പുസ്തകോത്സവം പവിലിയനിലെത്തി നോക്കുമ്പോൾ സുഗുണൻ പള്ളാത്തുരുത്തിയുടെ പുസ്തകം അതിൻ്റെ സ്ഥാനത്ത് ഇല്ലായിരുന്നു. സെയിൽസ് മാനോട് ചോദിച്ചപ്പോൾ അതിൻ്റെ കോപ്പിക ളെല്ലാം തീർന്നു പോയി എന്നാണ് അറിഞ്ഞത്.
പ്രസാധകരുടെ ടെലിഫോൺ നമ്പറും വാങ്ങിയാണ് വീട്ടിലെത്തിയത്.
സുജ അന്നും പുസ്തകം തരാൻ കൂട്ടാക്കിയില്ല. മാത്രമല്ല ,അതിനി തരില്ല എന്നു തന്നെ കട്ടായം പറഞ്ഞു.
നോക്കണേ, എന്തു ധിക്കാരമെന്ന് . വീട്ടമ്മയാണെന്ന് വച്ച് ഇത്ര ധിക്കാരം നന്നാണോ .ഞാൻ പണം കൊടുത്തു വാങ്ങിയ പുസ്തകത്തിന്മേൽ എനിക്ക് ഒരവകാശവുമില്ലേ...
വായിച്ചിട്ട് തരാം, എന്ന മര്യാദക്കു നിരക്കുന്ന വാചകമെങ്കിലും ഞാൻ പ്രതീക്ഷിച്ചു.
ഈ പുസ്തകത്തിൽ ഇത്രക്ക് ,ഈ സ്ത്രീ ജനങ്ങളെ വശീകരിച്ച എന്ത് സംഗതിയാണുള്ളത്.
ലതിക ഇവിടുന്ന് എടുത്ത് കൊണ്ടു പോയ പുസ്തകമാണെന്ന് എങ്ങനെ പറയും .പെങ്ങൾ എൻ്റേതല്ലേ , അവളുടെ അഭിമാനവും സംരക്ഷിക്കേണ്ടത് ഈ ഞാൻ തന്നെയല്ലേ .
മനസിലാക്കൂ , വായനക്കാരേ ,ഒരു ഭർത്താവിൻ്റെ , ഒരു സഹോദരൻ്റെ ധർമ്മ സങ്കടം .
അതുകൊണ്ടാണ് പ്രസാധകരെ വിളിച്ച്, സുഗുണൻ പള്ളാത്തുരുത്തിയുടെ പുസ്തകം ഒരു കോപ്പി vppആയി അയക്കാൻ ഏർപ്പാടു ചെയ്യുന്നത്.
രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ പുസ്തകമെത്തുമായിരിക്കും . എങ്കിലും അത് കൈയിൽ കിട്ടിയാലേ സമാധാനമാവൂ. മുമ്പൊന്നും ഒരു പുസ്തകത്തിനും മേൽ ഇങ്ങനെ വാശി തോന്നിയിട്ടില്ല. പുസ്തകം കൈയിൽ കിട്ടി വായിച്ച ശേഷം ഉള്ളടക്കത്തെ കുറിച്ച് ആഴ്ച കുറിപ്പിൽ എഴുതാം കൂട്ടരേ ...
പിന്നെയൊരു കാര്യം , നമ്മുടെ സുഗുണൻ പള്ളാത്തുരുത്തിയല്ലേ ആദ്യമായി ഒരു പുസ്തകം അച്ചടിമഷി പുരളുകയായിരിക്കും, പാവമായിരിക്കും ......ഒരു കൈ സഹായം ചെയ്യുവാനുള്ള മനസ് നമുക്ക് വേണമല്ലോ .ഇവിടെ ഞാൻ രണ്ടു കൈയും നീട്ടിക്കൊടുക്കുന്നു.. എന്നു മാത്രം. ഇങ്ങനെയൊക്കെയല്ലേ നമുക്കു അയാളെ സഹായിക്കാൻ പറ്റൂ.
...........................
എ എൻ സാബു
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo