ഒരു ബസ് യാത്രയിലാണ് ഞാൻ അവളെ ആദ്യമായി കാണുന്നത്. ഒരു പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ച ഒരുവനെ നിർദാക്ഷിണ്യം തല്ലുകയായിരുന്നു അവൾ. കൂടി നിന്നവരൊക്കെ അത് കണ്ടു നിന്നതല്ലാതെ മിണ്ടുന്നില്ലായിരുന്നു. ബസ് പോലീസ് സ്റ്റേഷനിലേക്ക് വിടാൻ ആരോ പറയുന്നുണ്ടായിരുന്നു. അയാൾ ചത്ത് പോകും നിർത്തു കൊച്ചേ എന്ന് പറഞ്ഞവനെ അവൾ ഒരു നോട്ടം നോക്കി. അതോടെ അയാൾ പേടിച്ചു മിണ്ടാതെ ഇരുന്നു. അവർക്കൊക്കെ അവളെ മുന്നേ അറിയാം എന്ന് തോന്നി. എന്തായാലും വണ്ടി സ്റ്റേഷനിൽ കൊണ്ട് പോയില്ല. അവൾ അവനെ വഴിയിൽ ഒരിടത്തു ചവിട്ടി ഇറക്കുന്നത് കണ്ടു. സത്യത്തിൽ എനിക്കും ചെറിയ ഒരു പേടി ഉണ്ടായിരുന്നു അപ്പോൾ. അല്ലെങ്കി നിയമം കയ്യിൽ എടുക്കാൻ ആർക്കും അവകാശം ഇല്ലെന്നൊക്കെ ഞാൻ വിളിച്ചു കൂവിയേനെ. പൊതു സമക്ഷത്തിൽ പെണ്ണിന്റെ അടി മേടിക്കുന്നത് അത്ര സുഖം ഉള്ള കാര്യം അല്ല. അവൾ ചിലപ്പോൾ ഒന്ന് എനിക്കും തരും.
പിന്നെ അവൾ ആ കൊച്ച് പെൺകുട്ടിയെ ചേർത്ത് പിടിച്ചു ആശ്വസിപ്പിച്ചു എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. അത് ഒരു സ്കൂൾ കുട്ടിയായിരുന്നു. യൂണിഫോമിൽ ആയിരുന്നു. വല്ലാത് പേടിച്ചു കരയുന്നുണ്ടായിരുന്നു. അപ്പൊ എനിക് അവളോട് ഒരു ബഹുമാനം തോന്നി. ആർക്കും കഴിഞ്ഞില്ലല്ലോ അത്.
ഞാൻ അവളെ കുറിച്ച് അന്വേഷിച്ചു. പേര് മായ പഠിക്കുകയാണ്. വീട് പാലാരിവട്ടം. രണ്ടു ചേച്ചിമാർ കല്യാണം കഴിഞ്ഞു പോയി ഇപ്പൊ അച്ഛനും അമ്മയും അവളും മാത്രം. എനിക്ക് കല്യാണാലോചന നടക്കുന്ന സമയം ആയിരുന്നു. കുറെ ആലോചിച്ചു ഞാൻ. അവളെ പോലൊരു പെണ്ണിനെ കല്യാണം കഴിക്കുന്നതിനെ കുറിച്ച്. റിസ്ക് ആണ്. എന്നാലും.. ആദ്യം അവളോട് ചോദിച്ചാൽ ചിലപ്പോൾ അടി കിട്ടുമോ എന്നാ പേടിയിൽ ഞാൻ ഒരു സുഹൃത്ത് വഴി അവളുടെ വീട്ടിൽ അന്വേഷിച്ചു. അവർക്ക് എതിർപ്പ് ഒന്നുമില്ല. വന്നു കണ്ടു കൊള്ളാൻ പറഞ്ഞു.
എനിക്ക് നിങ്ങളെ കല്യാണം കഴിക്കാൻ ഇഷ്ടം അല്ല. നിങ്ങളെ എന്നല്ല കല്യാണം തന്നെ ഇഷ്ടം അല്ല. അവൾ വളരെ ശാന്തമായി എന്നാൽ ശക്തമായ ഭാഷയിൽ പറഞ്ഞു ഞാൻ വിളറി പ്പോയി. കാരണം എന്താണ് പറയാമോ എന്ന് ഞാൻ ചോദിച്ചു. അത് നിങ്ങളോട് പറയണ്ടല്ലോ എന്ന് പറഞ്ഞു അവൾ തിരിച്ചു മുറിക്കുള്ളിൽ പോയി.
അവളുടെ അച്ഛനോടോ എന്റെ വീട്ടിലോ ഞാൻ അത് പറഞ്ഞില്ല. കാരണം അത് പറഞ്ഞാൽ പിന്നീട് ആ ആലോചന നടക്കില്ല എന്ന് എനിക്ക് അറിയാം. എനിക്ക് അവളോട് ഭയങ്കര ഇഷ്ടം തോന്നി. അത് അങ്ങനെ ആണല്ലോ കിട്ടില്ല എന്ന് ഉറപ്പുള്ള ഒന്നിനോടു ഒടുക്കത്തെ പ്രേമം ആയിരിക്കും.
എനിക്ക് അടി കിട്ടിയാലും വേണ്ടില്ല ഞാൻ അവളെ ഫോള്ളോ ചെയ്തു തുടങ്ങി. ആദ്യം അവൾ അത് അവഗണിച്ചു കളഞ്ഞെങ്കിൽ പിന്നെ പ്രതികരിച്ചു. തല്ലിയില്ല എന്നേയുള്ളു. നല്ല മോശം ഭാഷയിൽ തന്നെ പ്രതികരിച്ചു. ഇവളെ കെട്ടിയിട്ടേ കാര്യം ഉള്ളു എന്ന് അപ്പൊ ഞാനും അങ്ങ് തീരുമാനിച്ചു.
ഞാനത്ര മോശക്കാരൻ ഒന്നുമല്ല മാന്യമായി കല്യാണം ആലോചിച്ചു വന്നപ്പോൾ ഇഷ്ടം അല്ല എന്ന് പറഞ്ഞത് കൊണ്ടല്ലെ ഇങ്ങനെ പുറകെ നടക്കേണ്ടി വരുന്നത് എന്ന് ഞാനവളോട് ചോദിച്ചു. അവൾ എന്നെ ഇഷ്ടം അല്ല എന്ന് വീണ്ടും വീണ്ടും പറഞ്ഞു. ഞാൻ ചിരിച്ചു. കുറെ മാസങ്ങൾ ഇങ്ങനെ പോയി
അവൾക്ക് എന്നെ ചീത്ത പറഞ്ഞു മടുത്തു. എനിക്ക് പിന്നാലെ നടന്നു മടുത്തതുമില്ല. ഒരു ദിവസം അവൾ എന്നോട് സംസാരിക്കാൻ ഉണ്ട് എന്ന് പറഞ്ഞു. ഈശ്വര ഇന്ന് തല്ലു കിട്ടിയത് തന്നെ എന്നുറപ്പിച്ചു ഞാൻ പോയി.
അവളൊരു കഥ പറഞ്ഞു. പതിനൊന്നു വയസ്സുള്ള ഒരു കുട്ടിയെ ഏഴു പേര് ചേർന്നു ബലാത്സംഗം ചെയ്ത കഥ. ഊട്ടിയിൽ ടൂർ പോയതായിരുന്നു അവളുടെ കുടുംബം . കുട്ടിയെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. തിരിച്ചു കിട്ടുമ്പോൾ ജീവൻ ശേഷിച്ചു എന്ന് തെളിയിക്കാൻ നേർത്ത ശ്വാസം മാത്രം ഉണ്ടായിരുന്നുള്ളൂ. ഗർഭപാത്രമൊക്കെ തകർന്നു പോയിരുന്നു. ഒരു വർഷത്തോളം പുറത്തിറങ്ങാതെ മുറിയിൽ കഴിഞ്ഞിട്ടും നോർമൽ ആവാതെ ചികിത്സ തേടേണ്ടി വന്ന ഒരു കുട്ടി. ആ കുട്ടി ഞാനാണ്. അവൾ പുഞ്ചിരിച്ചു. എനിക്ക് പ്രസവിക്കാൻ കഴിയില്ല
അതിലുപരി എനിക്ക് ഒരു ആണിനെ സ്നേഹിക്കാൻ കഴിയില്ല. വീട്ടുകാർക്ക് ഇത് അഭിമാനത്തിന്റ പ്രശ്നം ആണ്. ഒരാൾ കല്യാണം ആലോചിച്ചു വരുമ്പോൾ ഈ കഥകൾ പറയാൻ അവർക്ക് കഴിഞ്ഞെന്നു വരില്ല. പക്ഷെ എനിക്ക് അത് പ്രശ്നം അല്ല. നിങ്ങൾ എന്റെ പിന്നാലെ നടക്കുന്നത് നിർത്തിയേക്ക്. താക്കീത് പോലെ പറഞ്ഞു അവൾ നടന്നു നീങ്ങി.
ഞാൻ വേദനയോടെ അവളെ നോക്കി നിന്നു ജീവിതത്തിൽ ആദ്യമായി ഞാൻ സ്നേഹിച്ച പെൺകുട്ടി ആയിരുന്നു അത്. അവൾക്ക് സംഭവിച്ചത് നിസാരമായി മറന്നു കളയാൻ ഞാൻ കഥകളിലെയോ സിനിമയിലോ നായകൻ അല്ല. ഞാൻ അവളെ കാണാതെ ഇരിക്കാൻ ശ്രമിച്ചു. എത്ര ശ്രമിച്ചിട്ടും ആ മുഖം മറക്കാൻ എനിക്ക് കഴിഞ്ഞില്ല.
ഞാൻ എല്ലാം എന്റെ അമ്മയോട് പറഞ്ഞു. അവളില്ലാതെ വയ്യ.എനിക്ക് അവളെ മാത്രം മതിയമ്മേ എന്ന് അമ്മയോട് പറഞ്ഞു കരഞ്ഞു. അവൾക്ക് ഇഷ്ടം അല്ലാതെ എങ്ങനെ ആണ് മോനെ എന്ന് അമ്മ എന്നോട് തിരിച്ചു ചോദിച്ചപ്പോൾ എന്റെ കണ്ണ് വീണ്ടും നിറഞ്ഞു പോയി എന്താ എന്നല്ലേ അവൾ ബലാത്സംഗം ചെയ്യപ്പെട്ട പെണ്ണായിട്ടും അവൾക്ക് പ്രസവിക്കാൻ കഴിയില്ല എന്നറിഞ്ഞിട്ടും അമ്മ സന്തോഷത്തോടെ അത് സമ്മതിച്ചു. അമ്മയും പെണ്ണാണ് അതാണ്...
ഞാൻ അവളെ വീണ്ടും കണ്ടു. ഇക്കുറി അവളെന്നെ നോക്കി ചിരിച്ചു. കുറെ നാൾ കണ്ടില്ലല്ലോ എന്ന് പറഞ്ഞു . ഞാൻ കുസൃതി യോടെ അവളെ നോക്കി.കാണാഞ്ഞപ്പോ സന്തോഷം ആയോ എന്ന് തിരിച്ചു ചോദിച്ചു. അവൾ മൂളി.
രക്ഷപെട്ടു എന്ന് കരുതിയോ എന്ന് വീണ്ടും ചോദിച്ചു. അവൾ എന്നെ ഒന്ന് നോക്കി.
മറക്കാൻ പറ്റുന്നില്ല എന്ന് ഞാൻ പറയുമ്പോൾ ആ കണ്ണ് നിറഞ്ഞ പോലെ
നീ എന്തായാലും സാരമില്ല. എനിക്ക് കുഞ്ഞ് വേണ്ട നിന്നേ മാത്രം മതി എന്ന് പറയുമ്പോൾ അവൾ പെട്ടെന്ന് മുഖം തിരിച്ചു മുന്നോട്ട് നടന്നു. ഞാൻ ആ കയ്യിൽ പിടിച്ചു നിർത്തി. അവൾ പെട്ടെന്ന് കയ്യ് ഉയർത്തി.
"തല്ലാൻ ആണോ തല്ലിക്കൊ.
പക്ഷെ ഞാൻ നിന്നേം കൊണ്ടേ പോവു.. "
ആ കൈ താഴ്ന്നു
"എനിക്ക് സമയം വേണം "അവൾ ഒടുവിൽ പറഞ്ഞു
ഞാൻ സമ്മതിച്ചു
അവളെടുത്തത് അഞ്ചു വർഷങ്ങൾ ആയിരുന്നു. പ്രണയത്തിന്റെ അഞ്ചു വർഷങ്ങൾ..
തീ പോലെ എന്നിലേക്ക് പടർന്ന പ്രണയത്തിന്റെ അഞ്ചു വർഷങ്ങൾ.
പ്രണയിച്ചു കഴിഞ്ഞാൽ പിന്നെ പെണ്ണിന്റെ കുറവുകൾ നോക്കരുത്. അവൾ നീ ആയി മാറിക്കഴിഞ്ഞു. അത് മാത്രം ആണ് യഥാർത്ഥ പ്രണയവും. ..
കൂടെ കൂട്ടിയേക്കണം കണ്ണും പൂട്ടി തന്നെ. കാരണം അപ്പോഴാണ് നീ മനുഷ്യനാവുക..
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക