Slider

പശ്ചാത്താപം

0


 "രാവിലെ ജാനുവിന്റെ വീട്ടിൽ നിന്നും ഒരു നിലവിളി കേട്ടു. പാടത്ത് പണിക്കു

നിന്നവരെല്ലാം അങ്ങോട്ടേക്ക് ഓടി."
രാമൻ ആശാരിയുടെ വീടാണ്.
ആശാരി പോയെന്നാ തോന്നുന്നത്.
അങ്ങോട്ട് ഓടുന്നതിനിടയിൽ ആരോ പറഞ്ഞു.
പോയെങ്കിൽ നന്നായി. എത്ര നാളായി
ഈ കിടപ്പ് തുടങ്ങിയിട്ട്. വേലൻ പറഞ്ഞു.
എല്ലാരും ഓടി എത്തിയപ്പോൾ സംഗതി
ശരിയാ.. രാമൻ ആശാരി മരിച്ചു.
ആ ശരീരത്തിനടുത്ത് ഇതൊന്നുമറിയാത്ത അവരുടെ മൂന്നു വയസ്സുള്ള കുഞ്ഞ് . അവൻ അച്ഛന്റെ മുഖത്തും മുടിയിലും ഒക്കെ പിടിച്ചു വലിക്കുന്നു. അയാളെ നോക്കുന്നു.
അടുത്ത വീട്ടിലെ നാണിയമ്മ വന്ന് കുഞ്ഞിനെ എടുത്തു. ജാനു കരച്ചിൽ തന്നെ.
അവസാനം നാട്ടുകാർ
എല്ലാവരും കൂടി ആശാരിയെ കുളിപ്പിച്ച് പട്ട് പുതപ്പിച്ച്
എല്ലാവർക്കും കാണാൻ വേണ്ടി ആ
ചെറിയ വീടിന്റെ ഉമ്മറത്ത് തന്നെ കിടത്തി.
ബന്ധുക്കളാരും വരാനില്ലാത്തതു കൊണ്ട്
വേഗം തന്നെ ചടങ്ങ് കഴിഞ്ഞു. എല്ലാവരും
പിരിഞ്ഞു പോയി.
അവസാനം നാണിയമ്മ.മാത്രം അവിടെ
ഇരുന്നു. അവരാണ് ജാനുവിന് ഒരു കൂട്ട്
എപ്പോഴും. അവർ അകത്തു കയറി
ഇത്തിരി കട്ടൻ ഇട്ട് ജാനു വിന് കൊടുത്തു.
നാണിയമ്മ ഒറ്റക്കായിരുന്നതു കൊണ്ട്
രാത്രി കിടപ്പ് ജാനുവിൻെറ വീട്ടിലാക്കി.
ജാനുവിന് അത് വലിയ ആശ്വാസം
ആയി.
അങ്ങനെ പതിനാറ് കഴിഞ്ഞപ്പോൾ
ജാനു പറഞ്ഞു. നാണിയമ്മേ ഇനി
ഇങ്ങനെ ഇരുന്നാൽ വീട് പട്ടിണിയാകും.
ഞാൻ പണിക്ക് പോകാൻ തീരുമാനിച്ചു.
ഞാൻ അത് പറയാൻ ഇരിക്കയായിരുന്നു.
മോന്റെ കാര്യം ഞാൻ നോക്കിക്കൊള്ളാം.
അങ്ങനെ ജാനു വീട്ടു ജോലിക്ക്
പോയിത്തുടങ്ങി.
വർഷങ്ങൾ ഓടി മറഞ്ഞു. അതോടൊപ്പം
ജാനുവിൻെറ മകൻ മണിയും വളർന്നു.
അവനിപ്പോൾ അഞ്ചാം തരം പഠിക്കുന്നു.
പഠിക്കാൻ മിടുക്കനാണ്. അതുകൊണ്ട്
എത്ര കഷ്ട്ടപ്പെട്ട് ആയാലും മോനെ
പഠിപ്പിക്കാൻ ഞാനുവും തീരുമാനിച്ചു.
ഇതിനിടെ അവൾക്ക് ഒരു രണ്ടാം
കല്ല്യാണ ആലോചന വന്നു. പക്ഷെ
അവൾ സമ്മതിച്ചില്ല...തന്റെ.മകനു
വേണ്ടിയാണ് ഇനിയുള്ള ജീവിതം
എന്ന് ഉറപ്പിച്ചൂ.
നാണിയമ്മ പറഞ്ഞു...മോളെ നിനക്ക്
അധികം പ്രായം ഒന്നും ആയില്ല. ഈ
വിവാഹത്തെപറ്റി ആലോചിക്കാവുനതേ
ഉള്ളു. അയാളും രണ്ടാം കെട്ടാ. മണിയെ
പോലെ ഒരു കുട്ടിയും ഉണ്ട്.
അതാ നാണിയമ്മേ പറഞ്ഞത്. .എൻെറ
മുഴുവൻ സ്നേഹവും എന്റെ മകന് കൊടുക്കണം എനിക്ക്. നാണിയമ്മ
അവരോട് നടക്കില്ലാന്ന് പറഞ്ഞേക്ക്.
വർഷങ്ങൾ പിന്നേയും കടന്നു.
മണി ഇപ്പോൾ പത്താം തരം ആയി.
ഇപ്പോൾ ജാനുവിന് കിട്ടുന്ന കാശ് കൊണ്ട് കാര്യങ്ങൾ
ഒന്നും നടക്കുന്നില്ല. .ജാനു ഒന്നു രണ്ടു
ചായ കടകളിൽ കൂടി ജോലിക്ക് പോയി.
പാത്രം കഴുകാനും അരി അരക്കാനും
ആയി. ജോലി ഭാരം കൊണ്ടും സമയത്തിനു ഭക്ഷണം കഴിക്കാത്തതു
കൊണ്ടും ജാനു ആകെ മെലിഞ്ഞുണങ്ങി.
ദിവസവും വെയിലത്തുള്ള ഓട്ടവും
കാരണം അവളുടെ ഭംഗിയും ആ വെളുപ്പും
ഒക്കെ പോയി. ആകെ കറുത്ത ഒരു
മനുഷ്യക്കോലം ആയി മാറി.
മണിയുടെ സ്കൂളിൽ പല പരിപാടികളും
അരങ്ങേറാറുണ്ട്. അവൻ എല്ലാ പരിപാടികൾക്കും പേര് കൊടുക്കും.
സമ്മാനങ്ങളും നേടാറുണ്ട്.
ഓരോ പ്രോഗ്രാം നടക്കുംപോഴും
എല്ലാ കുട്ടികളുടെയും മാതാപിതാക്കൾ
വരാറുണ്ട്. പക്ഷെ മണി മാത്രം
അവന്റെ അമ്മയെ കൊണ്ടു പോകാറില്ല.
ഒരു ദിവസം അവന്റെ നാടകം ഉണ്ടെന്ന്
അറിഞ്ഞ ജാനു അന്നത്തെ പണികൾ
എല്ലാം നേരത്തെ ചെയ്തു തീർത്തിട്ട്
അവന്റെ സ്കൂളിൽ പോകാൻ
തീരുമാനിച്ചു. അവൾ ഉള്ളതിൽ ഒരു
നല്ല സാരിയൊക്കെ ഉടുത്ത്
നാണിയമ്മയേയും കൂട്ടി സ്കൂളിലേക്ക്
പോയി. ആദ്യമായിട്ടാണ് മണിയുടെ
ഒരു പരിപാടി കാണാൻ അവൾ
സ്കൂളിൽ പോകുന്നത്.
അവർ ഗേറ്റ് കടന്ന് അകത്തേക്കു
കയറിയതും മണി ഓടിവന്ന് അവരെ
തടഞ്ഞു.. അയ്യോ അമ്മ എന്തു.പണിയാ കാണിച്ചെ. എന്തിനാ ഇങ്ങോട്ട് വന്നത്. അവന് ദേഷ്യം വന്നു.
ജാനു പറഞ്ഞു. അത് മോന്റെ എന്തോ
സിനിമ ഇവിടെ ഉണ്ടെന്ന് ആ ചെല്ലമ്മ
എന്നോട് പറഞ്ഞു. അതു കാണാൻ
വന്നതാ. അപ്പോ നാണിയമ്മക്കും
കാണണം എന്ന് പറഞ്ഞു.
അയ്യോ സിനിമയൊന്നും അല്ല. അമ്മ
വന്നേ അവൻ അവരെ ഗേറ്റിന് വെളിയിലേക്ക് കൊണ്ടു പോയി.
അതേ ഇന്ന് ഇവിടെ പരിപാടി ഒന്നും
ഇല്ല. അത് കുറച്ചു ദിവസം കഴിഞ്ഞിട്ടാ.
അന്ന് ഞാൻ പറയാം. ഇപ്പോൾ രണ്ടാളും
ചെല്ല്.
അവർ ആകെ വിഷമിച്ച് തിരിച്ചു
പോയി. എന്നാലും നമ്മൾ വന്നത്
വെറുതെ ആയല്ലോ നാണിയമ്മേ.
അതിനെന്താടീ ഇനി എന്നാന്നു വച്ചാൽ
അന്ന് വന്ന് കാണാം. ഇപ്പോൾ നമുക്ക്
പോകാം.
പിന്നെ അതിനെപറ്റി ജാനുവും മറന്നു.
നാണിയമ്മയും മറന്നു.
മണി നല്ല മാർക്കോടെ പാസ്സായി.
അവന് കോളേജിൽ അഡ്മിഷനും
ശരിയായി. അതിനു വേണ്ടിയുള്ള
കാശ് ഉണ്ടാക്കാനുള്ള തത്രപ്പാടിലായിരുന്നു ജാനു. .ഇനിയിപ്പോൾ
പഴയപോലെ അല്ല. നല്ല കാശ് ചിലവാ.
അവൾ ഒരു വീട്ടിൽ കൂടി ജോലി എടുത്തു.
ഇപ്പോൾ അവൾ ഓട്ടത്തോട് ഓട്ടം തന്നെ.
പണിയെടുത്ത് അവൾ ഒരു അസ്തികൂടം
ആയി.
എന്നാലും മോനെ മുന്നോട്ട് പഠിപ്പിക്കാൻ
തന്നെ തീരുമാനിച്ചു. താൻ ഇത്തിരി
കഷ്ട്ടപ്പെട്ടാലും വേണ്ടില്ല. അവന് നല്ല
ഉടുപ്പും പാന്റും ഒക്കെ വാങ്ങി കൊടുക്കും.
അവളാണെങ്കിൽ കീറിയതും പഴയതും
ഒക്കെ കൊണ്ട് ഒരുവിധം നടക്കുന്നു.
വിശേഷം വല്ലതും വരുംപോൾ
ജോലിക്കു നിൽക്കുന്ന വീട്ടിലെ കൊച്ചമ്മ
അവരുടെ പഴയ സാരി കൊടുക്കും. അതു തന്നെ അവൾക്ക് ധാരാളം. എവിടെ
പോകാനാ.
അങ്ങനെ മണിയുടെ പഠിപ്പ് കഴിഞ്ഞു.
നല്ല മാർക്കോടെ തന്നെ അവൻ
ഡിഗ്രി പാസ്സായി. ഇനി എങ്ങനെ എങ്കിലും ഒരു ജോലി കണ്ടുപിടിക്കണം. എന്നിട്ട് തുടർന്ന് പഠിക്കണം എന്ന് അവൻ തീരുമാനിച്ചു. .അങ്ങനെ ഇരിക്കെ
അവന് ഒരു ജോലിക്കുള്ള ഇന്റർവ്യൂവിന്
ഡൽഹിയിൽ പോകേണ്ടി വന്നു.
അതിനുവേണ്ട പുതിയ കോട്ടിനും ഷൂവിനും കാശ് വേണമെന്ന് മണി
പറഞ്ഞപ്പോൾ അവൾ ഒരു വഴിയും കണ്ടില്ല. എന്നാലും മോൻെറ ജോലി
കാര്യത്തിനല്ലേ എങ്ങനെയെങ്കിലും കാശ് ഉണ്ടായല്ലേ പറ്റൂ. അവൾ ജോലിക്ക്
പോകുന്ന വീട്ടിലെ കൊച്ചമ്മയോട് അടുത്ത മാസത്തെ ശംമ്പളം അഡ്വാൻസ് ആയി ചോദിച്ചു വാങ്ങി.
ജാനുവിനെ അവർക്ക് വിശ്വാസമാണ്.
നന്നായി പണിയെടുക്കുന്ന കൂട്ടത്തിലാണ്.
അതുകൊണ്ട് അവളെപ്പറ്റി ആർക്കും ഒരു പരാതിയും ഇല്ല.
ജാനു കാശ് കൊണ്ടുവന്ന് മണിയെ
ഏൽപ്പിച്ചു. മോൻ പോയി എന്താന്നു
വച്ചാൽ വാങ്ങിക്ക് മറ്റന്നാൾ പോകാനുള്ളതല്ലേ.
അമ്മ ഒത്തിരി കഷ്ട്ടപ്പെടുന്നുണ്ട് അല്ലേ.
ഈ ജോലി ഒന്ന് കിട്ടട്ടെ പിന്നെ അമ്മയെ
ജോലിക്കൊന്നും ഞാൻ വിടില്ല.
അങ്ങനെ മണി ഡൽഹിക്ക് വണ്ടി
കയറി. നല്ല ഒരു കമ്പനിയാണ് കിട്ടിയാൽ
രക്ഷപ്പെട്ടു. അവൻ ഇൻറർവ്യൂ
നന്നായി തന്നെ അറ്റന്റ് ചെയ്തു.
അറിയിക്കാമെന്ന് അവർ പറഞ്ഞു.
അവൻ തിരികെ നാട്ടിൽ എത്തി.
അങ്ങനെ മാസം ഒന്നു കഴിഞ്ഞു.
മണിക്ക് ജോലിക്കുള്ള ലറ്റർ കിട്ടി.
അവൻ പോകുന്നതിൽ ജാനുവിന്
നല്ല സങ്കടം ഉണ്ടായിരുന്നു. ഇതുവരെ
അവൻ മാറി നിന്നിട്ടില്ല. അവനും
അമ്മയെ തനിച്ചാക്കി പോകാൻ
വിഷമം ഉണ്ടായിരുന്നു. പിന്നെ കൂട്ടിന്
നാണിയമ്മ ഉള്ളതാണ് ഒരു സമാധാനം.
അവൻ അങ്ങനെ ഒരു ജോലിക്കാരനായി.
വർഷങ്ങൾ ഓടി മറഞ്ഞു. ഇപ്പോൾ
ജാനുവും ഓട്ടം നിർത്തി. തീരെ വയ്യാണ്ടായി. മണി ജോലി കിട്ടിയപ്പോഴെ
പറഞ്ഞതാ. ഇനി വിശ്രമിക്കാൻ.
ഇതിനിടി നാണിയമ്മ മരണപ്പെട്ടു. അത് ജാനുവിന് വല്ലാത്ത വേദനയായിരുന്നു.
തന്റെ അമ്മയുടെ സ്ഥാനമാണ് അവർക്ക്
കൊടുത്തിരുന്നത്. വിവരം അറിഞ്ഞ്
മണിയും വന്നു. മകന്റെ സ്ഥാനത്തു
നിന്ന് എല്ലാം അവൻ തന്നെ ചെയ്തു.
ഇപ്പോൾ ജാനുവിന് ഒരു ആഗ്രഹം
മണി ഒരു വിവാഹം കഴിക്കണം.
മണി ജോലിക്ക് കയറിയിട്ട് മാസം മൂന്നു കഴിഞ്ഞു. ആയിടെ ഓഫീസിൽ നിന്നും
ഒരാൾ വിട്ടു പോകുന്നു. അതിന്റെ
ഒരു പാർട്ടി ഉണ്ടായിരുന്നു ഓഫീസിൽ.
അന്ന് പാർട്ടിക്കിടയിൽ കമ്പനി എം.ഡി
യുടെ ഒരു പ്രസംഗം ഉണ്ടായിരുന്നു.
"അദ്ദേഹം പറഞ്ഞത്. താൻ ഒരു
പാവപ്പെട്ട കുടുംബത്തിലെ മൂത്ത മകൻ ആയിരുന്നു. തനിക്കു താഴെ രണ്ട്
പേർ. അച്ഛനും അമ്മയും. അച്ഛൻ
ഒരിക്കൽ തീർത്ഥാടനത്തിന് പോയിട്ട്
പിന്നീട് മടങ്ങി വന്നില്ല. അന്ന് ഞാൻ
പത്തിൽ പഠിക്കുന്നു. ഞങ്ങളെ മൂന്നു
മക്കളേയും വളർത്താൻ അമ്മ നന്നേ
കഷ്ട്ടപ്പെട്ടു. താൻ ആണെങ്കിൽ
രാവിലെ പത്രം ഇടാൻ പോകും.
അമ്മ വീട്ടുജോലിക്കുവരെ പോയിട്ടുണ്ട്.
ഇതു പറയാൻ എനിക്ക് ഒരു നാണക്കേടും
തോന്നിയിട്ടില്ല. മറിച്ച് എന്റെ അമ്മയോട്
ബഹുമാനം കൂടിയതേയുള്ളു. അമ്മക്ക്
വേണമെങ്കിൽ എന്നോട് പഠിപ്പ് നിർത്താൻ
പറയാമായിരുന്നു. പക്ഷെ അമ്മ വീട്ടു
ജോലിക് പോയി എന്നെ നല്ലനിലയിൽ
പഠിപ്പിച്ചു. ഞാൻ ഉയവന്ന ജോലിയിൽ
കയറി. എന്റെ അമ്മയാണ് എൻെറ
കൺകണ്ട ദൈവം. അതു കൊണ്ട്
മാതാപിതാക്കളെ മക്കളായ ആരും
തന്നെ സങ്കടപ്പെടുത്തരുത് എന്നാണ്
എനിക്ക് പറയാനുള്ളത്".
*ഈ പ്രസംഗം കേട്ട മണിക്ക് താൻ
അമ്മയോടു കാണിച്ച കാര്യം ഓർത്ത്
വല്ലാത്ത പശ്ചാത്താപം തോന്നി.*
അവൻ വേഗം ഒരാഴ്ച ലീവ് എടുത്ത്
വീട്ടിലേക്കു വന്നു. പെട്ടന്ന് മണിയെ
കണ്ട ജാനുവിന് അതിശയം. അവർ
ഓടിവന്ന് മകനെ കെട്ടിപ്പിടിച്ചു.
അവൻ അമ്മയുടെ കാലിൽ വീണ്
പൊട്ടിക്കരഞ്ഞു. അമ്മ എന്നോട്
ക്ഷമിക്കണം. എനിക്ക് മാപ്പു തരണം.
ജാനുവിന് പക്ഷെ ഒന്നും മനസ്സിലായില്ല.
അവർ അവനെ എണീപ്പിച്ചു കാര്യം.
തിരക്കി.
അവൻ പറഞ്ഞു തുടങ്ങി.
"അന്ന് അമ്മയും നാണിയമ്മയും കൂടി
എന്റെ നാടകം കാണാൻ സ്കൂളിൽ
വന്നത് ഓർമ്മയുണ്ടോ അമ്മയ്ക്ക്.
അന്ന് ഞാൻ അമ്മയെ മന:പൂർവ്വം
ആണ് പറഞ്ഞു വിട്ടത്. നാടകം ഇല്ലാന്ന്
പറഞ്ഞ്. അന്ന് എന്റെ നാടകം
ഉണ്ടായിരുന്നു. പക്ഷെ എന്റെ കൂട്ടുകാരുടെ അമ്മമാർ എല്ലാം
നല്ല അറിവുള്ളവരും നല്ല മോഡേൺ
ആയിട്ടുള്ളവരും ആയിരുന്നു.
പക്ഷെ എന്റെ അമ്മ വീട്ടുജോലികാരി
ആണെന്ന് പറയാൻ എനിക്ക് നാണക്കേട്
ആയിരുന്നു. മാത്രമല്ല അമ്മയുടെ അന്നത്തെ കോലം കണ്ടാൽ അവർ
എന്നെ കളിയാക്കുമെന്ന് ഞാൻ
പേടിച്ചു. കറുത്ത് മെലിഞ്ഞു ഒരു
അസ്ഥികൂടമായ അമ്മയെ അവർക്ക്
പരിചയപ്പെടുത്താനുള്ള നാണക്കേട്
കൊണ്ടാണ് അന്നങ്ങനെ ഞാൻ
പെരുമാറിയത്. എൻെറ അറിവില്ലായ്മ
ആയി കണ്ട് അമ്മ എന്നോട് പൊറുക്കില്ലേ. അവൻ അവരുടെ കാലിൽ
കെട്ടിപ്പിടിച്ചു കരഞ്ഞു."
അവൾ അവനെ പിടിച്ച് എണീപ്പിച്ചു.
എന്നിട്ട് അവന്റെ കണ്ണുനീർ തുടച്ചിട്ട്
പറഞ്ഞു. മോനേ നീ അറിവില്ലാത്ത
സമയത്ത് ചെയ്ത ഒരു തെറ്റ് . നിനക്ക്
അത് ഇനിയും പറയാതെ മൂടിവയ്ക്കാം
ആയിരുന്നു. പക്ഷെ ഇപ്പോൾ നിനക്ക്
അതോർത്ത് സങ്കടവും പശ്ചാത്താപവും
തോന്നിയെങ്കിൽ എൻെറ മോന്റെ
മനസ്സിൽ നന്മയും മനുഷ്യത്വവും
ഉള്ളതു കൊണ്ടാണ്. ആ പ്രായത്തിൽ
നിനക്ക് അത്രക്കുള്ള അറിവേ
ഉണ്ടായിരുന്നുള്ളു. അമ്മമാർക്ക്
മക്കളോട് എന്നും പൊറുക്കാനേ കഴിയൂ.
മോൻ വിഷമിക്കണ്ട.
അതോടെ മണിക്ക് മന:സ്സമാധാനം ആയി.
അവൻ പിന്നെ തന്റെ അമ്മയെ ജീവൻെറ
ജീവനായി സ്നേഹം കൊണ്ട് മൂടി.
ഇതുവരെ തന്റെ മനസ്സിൽ കിടന്ന്
തന്നെ വീർപ്പുമുട്ടിച്ച ആ രഹസ്യം അമ്മയോട് ഏറ്റുപറഞ്ഞപ്പോൾ
അവന് കിട്ടിയ ആശ്വാസവും
സന്തോഷവും പറഞ്ഞറിയിക്കാൻ
പറ്റാത്തതായിരുന്നു. അവൻ ലീവ്
കഴിഞ്ഞു പോയപ്പോൾ ജാനുവിനേയും
ജോലിസ്ഥലത്തേക്ക് കൊണ്ടുപോയി.
ഇതിൽപ്പരം ഒരു സന്തോഷം ജാനുവിനും
കിട്ടാനില്ലായിരുന്നു. കാരണം ആദ്യമായി
തന്റെ മകൻ തന്നെ കൊണ്ട് പുറത്തു പോകുന്നത്. അവളുടെ കണ്ണുകൾ
സന്തോഷം കൊണ്ട് നിറഞ്ഞു.
ഫ്ളൈറ്റിൽ കയറിയപ്പോൾ അവൾ
പേടിച്ചു. പക്ഷെ മണി അമ്മയെ
ചേർത്തു പിടിച്ചു കൊണ്ട് അഭിമാനത്തോടെ അകത്തേക്കു കയറിയപ്പോൾ അവളുടെ പേടിയൊക്കെ
പമ്പകടന്നു. അവളുടെ മുഖത്ത് ഒരു
പുഞ്ചിരിയും. തന്റെ മകനോട് അഭിമാനവും തോന്നി. പക്ഷെ ഇതു കാണാൻ മോന്റെ അച്ഛൻ ഇല്ലെന്ന ദു:ഖം മാത്രം ബാക്കിയായി.
എല്ലാ സന്തോഷത്തിനിടയിലും ഒരു ദു:ഖം കാണുമല്ലോ. അത് സ്വാഭാവികം.
*************
(ശുഭം)
ശ്രീകല മോഹൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo