Slider

പ്രേമം

 


"ഒന്നര വയസ്സുള്ള കുഞ്ഞിനെ കടൽഭിത്തിയിൽ അടിച്ചു കൊന്ന അമ്മ..!! ആർക്കു വേണ്ടി, കാമുകനൊപ്പം ജീവിക്കാൻ വേണ്ടി.!!..എന്റെ അഭിപ്രായത്തിൽ ഈ ലോകത്തിൽ വച്ചേറ്റവും മനോഹരവും ,ഭീകരവുമായ വികാരം പ്രണയമാണ്...സാഹചര്യങ്ങൾ അതിനെ മാറ്റി മറിച്ചു കൊണ്ടിരിക്കും..."

ജൂണിനെ നോക്കി ഹെൻട്രി സിഗരറ്റ് പുകച്ചു കൊണ്ടേയിരുന്നു. എന്തോ ജൂണിന്റെ മനസ്സിൽ കിടന്നു നീറുന്നുണ്ട്,
അതിലേയ്ക്കെത്താനാണീ മുഖവുരകളെല്ലാം...
"ജൂ.. നിനക്കെന്തെങ്കിലും എന്നോട് പറയാനുണ്ടെങ്കിൽ നേരിട്ട് അതിലേയ്ക്ക് വാ, ഇത്തരം റഫറൻസുകളുടെ ജാമ്യമില്ലാതെ തുറന്ന് പറയ്...what is your problem..?
ജൂൺ ബിയർ ബോട്ടിൽ കാലിയാക്കി ഹെൻട്രിയെ നോക്കി ചിരിച്ചു കൊണ്ട് അവന്റെ മടിയിലേയ്ക്ക് ചാഞ്ഞു. അവനെ നോക്കി ഏതാനും നിമിഷം കിടന്നു.
" ഹെന്നീ...പ്രേമം തെറ്റാണോ?"
ജൂൺ ഹെൻട്രിയുടെ ചുണ്ടിൽ നിന്നും സിഗരറ്റെടുത്ത് പുകയെടുത്തു.
"പ്രേമം തെറ്റല്ല, തെറ്റും ശരിയുമില്ലാത്ത പ്രേമവുമില്ല...."
" മ്....തെറ്റും,ശരിയുമില്ലാത്ത പ്രേമം പ്രേമല്ല,...പ്രേമത്തിന്റെ ചുഴിയിൽ പെടുമ്പോൾ ചില തെറ്റുകൾ പോലും ശരികളായി തോന്നും, നല്ല സമ്പത്തും,ശരീരം കൊണ്ടും മനസ്സ് കൊണ്ടും തീ പോലെ സ്നേഹിക്കുന്നൊരു ഭർത്താവും, പൊന്നോമനകളായ കുരുന്നുകളുമുണ്ടായിട്ടും ചിലർ മറ്റൊരാളിൽ വീണു പോകും, സ്വയം മറന്ന് കൂടെയിറങ്ങി പോകും... ദശരഥം സിനിമയിലെ ക്ലൈമാക്സിൽ കുഞ്ഞിനും ഭർത്താവിനുമിടയിൽ പെട്ടു പോകുന്ന ആനിയെ പോലെ ചിലർ പെട്ടു പോകും.
ആനിക്ക് പക്ഷേ കുഞ്ഞിനെയും ഭർത്താവിനെയും സ്വന്തമാക്കാൻ പറ്റുന്നുണ്ട്.
അവിടെ നൊമ്പരത്തിന്റെ പടുകുഴിയിൽ തിരിച്ചറിവുകളോടെ വീണു പോകുന്നത് രാജീവ് മേനോനാണ്...!!"
ജൂൺ പറഞ്ഞ വാക്കുകളാൽ ഹെൻട്രി ചുറ്റി വരിയപ്പെട്ടു.തന്നെ ശ്വാസം മുട്ടിച്ച് ഇല്ലാതാക്കാൻ പോകുന്ന എന്തോ ഒന്ന് കാതിലേയ്ക്ക് ഇരച്ചു കയറാനൊരുങ്ങുന്നതായി ഹെൻട്രിക്ക് തോന്നി.മനോഹരമായതെന്തോ വീണടയും മുൻപുള്ള വീർപ്പുമുട്ടലുകളിലാണിപ്പോൾ താനെന്ന് ഹെൻട്രിക്ക് തീർച്ചപ്പെടുത്തി.
"ഹെന്നീ....എനിക്ക് പോണം...എനിക്കിത് പറ്റുന്നില്ല, ...അവന്റെ മടിയിൽ തല ചായ്ച്ച് കിടക്കാനാണ് ഞാനിപ്പോൾ കൊതിക്കുന്നത്, പക്ഷേ നിന്നെ ഉപേക്ഷിക്കാനും വയ്യ.. എന്താണിങ്ങനെ...എന്തിനാണ് ഞാനിങ്ങനെ... ഒന്നും...ഒന്നും എനിക്കറിയില്ല ഹെന്നീ...എനിക്കിങ്ങനെ നീറാൻ വയ്യ..."
ഹെൻട്രി ജൂണിന്റെ മുടിയിൽ തലോടിക്കൊണ്ടിരുന്നു. ഇനിയൊരിക്കൽ ഇതുപൊരു തലോടലിന് എന്റെ വിരലുകൾക്ക് ഭാഗ്യമുണ്ടാകില്ല. ഞാനെങ്ങെനെയാണ് ഈ സിറ്റുവേഷനെ ഹാൻഡിൽ ചെയ്യേണ്ടത്. ദേഷ്യപ്പെട്ട് ഒച്ച വച്ചാലോ, മുടിക്ക് കുത്തിപ്പിടിച്ച് കരണത്തടിച്ചാലോ..ഇല്ല....അതൊന്നും ഹെൻട്രിക്ക് ചെയ്യാനാകില്ല. കാരണം ഹെൻട്രി ജൂണിന്റെയാണ്, പക്ഷേ ജൂണിന്ന് മറ്റാരുടേതോ ആയിത്തീർന്നിരിക്കുന്നു.
"ആരാണ്.??.പേര്...??"
ജൂണിനെ നോക്കി ചിരിച്ചു കൊണ്ട് ഹെൻട്രി ചോദിച്ചു. മരണ വീട്ടിൽ കുറുമ്പുകാട്ടി നമ്മളെ നോക്കി ചിരിക്കുന്ന കുഞ്ഞിന് നേരെ തൊടുക്കുന്ന വിടർന്നിട്ടും വിടരാതെയുള്ള ഹെൻട്രിയുടെ ചിരി ജൂണിനെ പൊള്ളിയടർത്തി. ഇടയ്ക്കൊക്കെ ഓരോ മനുഷ്യരും മരണവീടുകളാണ്. അടക്കിപ്പിടിച്ച തേങ്ങലുകൾ, കൂട്ട നില വിളികൾ, സാമ്പ്രാണി പോലെ നീറി നീറി...
"ഒറ്റയ്ക്കാണവൻ, കോളേജിൽ രണ്ടു വർഷം നമ്മൾ ഒരുമിച്ചുണ്ടായിരുന്നു. തമ്മിൽ പ്രണയമുണ്ടെന്ന് എന്റെയും അവന്റെയും കണ്ണുകൾക്ക് മാത്രമേ അറിയാമായിരുന്നുള്ളൂ...ഡാരൻ...ഡാരി...
ഒരു മാസം മുൻപാണ് ഡാരിയെ വർഷങ്ങൾക്ക്‌ ശേഷം ഞാൻ വീണ്ടും കാണുന്നത്.തമ്മിൽ കണ്ടപ്പോൾ ആദ്യമവൻ പറഞ്ഞത് ...'കാലമെനിക്കിനി കുറച്ചേയുള്ളൂ, അത് വരെ എന്റെ കൂടെ വന്ന് നിൽക്കാമോ' എന്നാണ്.! അവനാരുമില്ല ഹെന്നീ...
വർഷങ്ങൾക്ക് ശേഷം മുന്നിൽ വന്നവൻ കാമുകിയെ നോക്കി പ്രപ്പോസ് ചെയ്തത് ഹൃദയത്തിൽ വരഞ്ഞു കൊണ്ടാണ്..."
ജൂൺ ചിരിയെ വേദനയിൽ പൊതിഞ്ഞു.ഹെൻട്രി സെറ്റിയിലേയ്ക്ക് ചാരി കണ്ണടച്ചു. ഇരുവരും കുറെ നേരം ഒന്നും മിണ്ടിയില്ല. ഇത്രയധികം ഇരുണ്ട മൗനം നിറച്ച നിമിഷങ്ങൾ അവർക്കിടയിൽ ഇതിനു മുൻപുണ്ടായിട്ടേയില്ലായിരുന്നു.
" ഞാനെതിർക്കില്ല, പിണങ്ങില്ല, ജൂണിന്റെ തീരുമാനം എന്തു തന്നെയായാലും എന്നെ മാറ്റി നിർത്തി ചിന്തിച്ചോളൂ...എനിക്ക് നിന്നെ മനസ്സിലാകും, നീ എനിക്ക് മുന്നിൽ സ്നേഹം അഭിനയിച്ച് വീർപ്പുമുട്ടുന്നത് കാണാൻ ഞാനും ആഗ്രഹിക്കുന്നില്ല.."
***
പായ്ക്ക് ചെയ്ത പെട്ടിക്ക് മുകളിൽ ജൂൺ ഇരുന്നു. ചെയ്യുന്നത് തെറ്റോ ശരിയോ എന്ന പിടി വലി മനസ്സിൽ മുറുകിക്കൊണ്ടേയിരുന്നു. പെട്ടിയെടുക്കാൻ ഹെൻട്രി മുറിയിലേയ്ക്ക് വന്നതും ജൂൺ കണ്ണ് തുടച്ച് എഴുന്നേറ്റു.
" കൊണ്ടാക്കുന്നതിൽ എനിക്കൊരു വിഷമവുമില്ല ജൂ.., ടാക്സി ഞാൻ
ക്യാൻസൽ ചെയ്യട്ടേ?.."
ജൂൺ ഹെൻട്രിയെ രൂക്ഷമായ് നോക്കി. "നോ....ഞാനത് ആഗ്രഹിക്കുന്നില്ല,ഭർത്താവിനോട് പിണങ്ങിയിറങ്ങിയ മകളെ അച്ഛൻ തിരികെ കൊണ്ടാക്കുന്നതൊന്നുമല്ലല്ലോ...വേണ്ട.
ഞാനീ ചെയ്യുന്നത് ...ഹെന്നീ നീ മാത്രമേ അംഗീകരിക്കൂ. കുറ്റം പറയുന്നവർ എന്നെ മാത്രം കുറ്റം പറയട്ടെ, ഹെന്നി അതിന്റെ പങ്കു പറ്റണ്ട.."
ഗേറ്റിനു മുന്നിൽ ടാക്സി കാത്തു നിൽക്കുമ്പോൾ എത്രയും വേഗം ടാക്സി വരാൻ ജൂൺ പ്രാർത്ഥിച്ചു. ഹെൻട്രി തിരിച്ചും. ഒരു നഷ്ട്ടമെന്നെ പുണരാനിനി നിമിഷങ്ങൾ മാത്രം.
"ഡാരൻ..ഇനി എത്ര കാലമുണ്ടാകും എന്നെനിക്കറിയില്ല, ഒരു വർഷം..രണ്ട് വർഷം...ഇനി അതിൽ കൂടുതലായാലും,എപ്പോഴായാലും താൻ ഒറ്റപ്പെട്ടു പോകുന്ന കാലത്ത് ഇങ്ങോട്ടുള്ള വഴി മാത്രമേ ഓർക്കാവൂ.. നീയൊരമ്മയായാൽ കൂടി ആ കുഞ്ഞെന്നെ പപ്പാന്ന് വിളിക്കുന്നതിൽ എനിക്കൊട്ടും അഭിമാനക്കുറവുണ്ടാകില്ല..നിനക്കൊരു കുറ്റബോധവും വേണ്ട ജൂൺ... നീയിപ്പോൾ വേദനിക്കുന്നത് നിന്നിൽ നന്മയുള്ളത് കൊണ്ടാണ്..ആ വേദനയിൽ അഭിമാനിക്ക്.
...ജൂ... ഞാനിനി കാത്തിരിപ്പിന്റെ സുഖമറിയാൻ പോവുകയാണ്, എന്റെ ലൈഫിൽ ഇന്നേ വരെ പ്രിയപ്പെട്ട ഒന്നിനെയും ഞാൻ കാത്തിരുന്നിട്ടില്ല..."
ജൂൺ ഗേറ്റിൽ തലമുട്ടിച്ചു. ഡാരനെ വീണ്ടും കണ്ടു മുട്ടിയ നിമിഷത്തെ അവളൊരു നിമിഷം ശപിച്ചു പോയി.
"എനിക്കറിയില്ല ഹെന്നീ...
നിനക്കൊപ്പം കഴിയുമ്പോ ഞാൻ ഡാരിയെ ഓർത്ത് നീറും...അവിടെയെത്തുമ്പോ നീയെന്നെ കാത്തിരിക്കുന്നു വന്നത് എന്നെ എത്ര മാത്രം നീറ്റുമെന്നെനിക്കറിയില്ല....!
നീയൊരിക്കലും ഡാരിയെ ശപിക്കരുത്...
അവനറിയില്ല ഞാൻ ദ ഗ്രേറ്റ് ഹെൻട്രിയുടെ ഭാര്യയാണെന്ന്..... എനിക്ക് പറയാൻ തോന്നിയില്ല,...ഞാൻ ഒന്നേ ചിന്തിച്ചുള്ളൂ...
ഇനിയുള്ള കാലം അവനൊറ്റയ്ക്കാകരുത്,
ഞാനാദ്യമായ് ഇഷ്ട്ടപ്പെട്ട പുരുഷൻ മരിക്കുമ്പോ അവന്റെ ഹൃദയത്തിൽ ഞാനുണ്ടാകണമെന്ന്...എന്നോട് തർക്കിക്കാനും ,കുറ്റപ്പെടുത്താനും ഹെന്നിക്ക് നൂറ് കാരണങ്ങളുണ്ടായിട്ടും ഒരു വാക്ക് കൊണ്ട് പോലും എന്നെ വേദനിപ്പിക്കാതിരിക്കുന്നതാണ് എന്റെ ഇപ്പോഴത്തെ വേദന...."
ഹെൻട്രി ഒന്നും മിണ്ടിയില്ല, ടാക്സി വന്നു നിന്നതും അവർ ചിന്തയിൽ നിന്നുണർന്നു.ഡിക്കിയിൽ ബാഗും പെട്ടികളും എടുത്ത് വച്ച് ഹെൻട്രി ഡോർ തുറന്നതും ജൂൺ ഹെൻട്രിയെ ഹഗ്ഗ് ചെയ്തു. ഹെൻട്രിയോർത്തു ഇനിയിങ്ങനൊന്നുണ്ടാകില്ലല്ലോ.....!!
അവൻ അവൾ നെഞ്ചിലേയ്ക്കമർത്തി,നെഞ്ച് തുളഞ്ഞ്‌ അവളൾ അകത്തേയ്ക്ക് കയറിപ്പോയിരുന്നെങ്കിൽ എത്ര നന്നായേനെ...!!
ടാക്സി അകന്നു പോകാൻ തുടങ്ങുമ്പോൾ ഹെൻട്രി ചിന്തിച്ചു.ആയുസ്സിന്റെ കാര്യത്തിൽ ആർക്കാണ് തീർപ്പ് പറയാനാവുക.ഡാരന് ഡോക്ടർമാർ എഴുതിയ ആയുസ്സിന് മുൻപേ ഞാൻ പോകില്ലെന്നാര് കണ്ടു. ഹൊ...അങ്ങനൊന്നുണ്ടായാൽ ജൂ.. എന്താകും നിന്റെ അവസ്ഥ....എന്റെ ആയുസ്സിനായ്, നീ തകർന്നു പോകാതിരിക്കാൻ ഞാൻ കൂടുതലായി പ്രാർത്ഥിക്കേണ്ടിയിരിക്കുന്നു.
...പാവം... നൊന്തുരുകാനേ അവൾക്കിനി കഴിയൂ,ഡാരന് മുന്നിൽ അവൾ അഭിനയിക്കും,അവനെ സന്തോഷിപ്പിക്കുന്നതൊക്കെ ചെയ്യും...
അവൾ പറഞ്ഞതാണ് ശരി ഡാരി മരിക്കട്ടെ, മധുരിച്ച് മരിക്കട്ടെ...ജൂണിനുള്ളിൽ ഹെൻട്രിയെന്ന നെരിപ്പോടെരിയുന്നത് അവനറിയാതിരിക്കട്ടെ..!
മമ്മ പലപ്പോഴും പറയാറുണ്ട്, നിനക്കെന്റെ മനസ്സാ ഹെന്നീന്ന്.....,അതെനിക്കിന്ന് പൂർണ്ണമായും മനസ്സിലാക്കാൻ പറ്റുന്നുണ്ട്,
ഉള്ളു പൊള്ളുമ്പോഴും ചിരി വാരിച്ചൂടിയെല്ലാ വേദനയും ഒളിപ്പിക്കുന്ന മനസ്സ്.!!!!

Written by Syam Varkkala
both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo