പരത്തുന്തോറും ഉരുട്ടേണ്ടിവരികയും എന്നിട്ട് വീണ്ടും പരത്തേണ്ടിവരികയും ചെയ്യുന്ന ഒരു പ്രതിഭാസമാണെന്ന് മനസിലാക്കിയ കാലഘട്ടം.
സ്ഥലം ഞങ്ങൾ രണ്ടു മൂന്നു ചങ്ങാതിമാർ വാടകക്ക് എടുത്ത ഒരു കൊച്ചുവീട്'.
മൂന്നുപേരിൽ ഈയുള്ളവൻ വയസിൽ സീനിയറായതിനാൽ (അപ്പൂപ്പൻ അമ്മാവനെന്നൊക്കെ ഞാനറിയാതെ എൻ്റെ സഹവീടൻമാർ എന്നെ വിളിക്കാറുണ്ടെന്ന് FBI യും RAW യുമൊക്കെ രഹസ്യറിപ്പോർട്ടു തന്നിട്ടുണ്ട്) എന്നോട് "അതു ചെയ്യ് ഇതു ചെയ്യ് " എന്നൊന്നും പറയാറില്ല.
പാചകമൊഴികെയുള്ള എല്ലാറ്റിലും ഞാൻ കൈവച്ചു. വീടു വൃത്തിയാക്കൽ, കളസങ്ങളും ചട്ടകളും കൈലിയുമൊക്കെ അലക്കൽ, കായ്കറി വാങ്ങൽ, പാത്രം കഴുകൽ എന്നീ അത്ഭുത വിദ്യകൾ തകർത്തു.
രാവിലെ എട്ടരയോടു കൂടി മൂവർക്കും ജോലിക്കു കേറണം. ഏതാണ്ട് അര മണിക്കൂർ ബസ് യാത്ര നടത്തിയിട്ടാണ് ജോലിസ്ഥലത്തെത്തുക.
"പഞ്ച പാണ്ഡവന്മാർ തട്ടിൽ കാലു പോലെ മൂന്നെ"ന്ന ഇരട്ടപ്പേർ ഞങ്ങൾക്ക് ഒന്നിച്ചുണ്ട് അവിടെ.
(ആദ്യമായിട്ടാകണം മൂന്നുപേർക്ക് ഒന്നിച്ച് ഒരൊറ്റ വട്ടപ്പേര് കിട്ടുന്നത്).
വൈകിട്ട് ഏഴരയോടുകൂടി കൂടണയുന്നു
ജോലികളും അത്താഴവും കഴിഞ്ഞ് പത്തരയോടെ നിദ്ര പൂകുന്നു.
ഇങ്ങനെ കഴിഞ്ഞു പോകവേ കൂട്ടത്തിലൊരാൾ അവധിയിൽ നാട്ടിലേക്ക്.
അവനാണ് ഞങ്ങടെ പാചകിസ്റ്റ് അഥവാ കുക്ക് ( വട്ടപ്പേര് അടുക്കളാൻ).
"നീ പോയാ കുഴയുമല്ലോടേയ് " ഞാൻ ഉവാച
"ശരിയാ" കറിക്കരിഞ്ഞു മാത്രം അടുക്കള ശീലമുള്ള രണ്ടാമൻ എന്നെ സപ്പോർട്ട് ചെയ്തു.
"ചേട്ടാ ഞാൻ ദോശയും ചപ്പാത്തിയും ഉണ്ടാക്കാൻ പഠിപ്പിച്ചുതരാം. വലിയ പാടൊന്നുമില്ലെന്നേ. ദേ ഇങ്ങനെ ഇങ്ങനെയൊക്കെ അങ്ങുചെയ്താമതി"
പോകുന്നതിനു തലേ ദിവസം രാത്രി അവൻ്റെ കണക്കായി ട്രെയിനിംഗ്.
ഹൊ ഇത്രേയുള്ളായിരുന്നോ.....ഞാൻ ഹാപ്പിയായി.
നീ വേണേൽ ഒരു മാസത്തേക്ക് ലീവെടുത്തു പോക്കോ......
ഞാൻ മനസ്സിൽ പറഞ്ഞു.
അവൻ തന്നെ ചപ്പാത്തി മാവു കുഴച്ച് റെഡിയാക്കി ഫ്രിഡ്ജിൽ കയറ്റിവച്ചു.
അവന് പിറ്റേന്നു രാവിലെ ആറു മണിക്കു സ്ഥലം വിടണം. മൂന്നുനാലു മണിക്കൂർ തീവണ്ടിയാത്രയുണ്ട് അവൻ്റെ വീട്ടിലേക്ക്.
കുഴച്ചമാവ് രാവിലെ ചപ്പാത്തിയാക്കി convert ചെയ്യാമെന്നു കരുതി അത്താഴം പുറത്തുനിന്നാക്കി (എനിക്ക് മുന്നൂറുരൂപയും പോയിക്കിട്ടി)
പോട്ടെ പോ ...... ഗുരുദക്ഷിണയാണെന്നു സമാധാനിച്ചു.
ഒന്നുമില്ലേലും ഞാൻ ഒരു കുക്കാകാൻ പോവുകയല്ലേ....
രാവിലെ പ്രഭാതകൃത്യങ്ങളൊക്കെ മുറപോലെ കഴിഞ്ഞ് ഏഴു മണിക്ക് ഞാൻ ചപ്പാത്തിയുണ്ടാക്കാൻ കയറി. കുഴച്ച മാവെടുത്തു പരത്താൻ പാകത്തിൽ ഉരുട്ടി മാവു പൊടിയിൽ തിരിച്ചും മറിച്ചുമിട്ട് പരത്തൽ പ്രക്രിയ തുടങ്ങി.
ചപ്പാത്തിപ്പലകമേൽ ഉരുട്ടിയ മാവെടുത്തുവച്ച് പരത്തൻ അഥവാ റോളർ കൊണ്ട് പണിയാരംഭിച്ചു.
ഒന്നു പരത്തി റോളർ എടുക്കുമ്പോൾ പരന്ന മാവ് റോളറിൻ്റെ കൂടെപ്പോരും. ഒട്ടിയ മാവ് ഇളക്കിയെടുത്ത് ഒന്നൂടെ ഉരുട്ടി വീണ്ടും പരത്തി.....കഥ പഴയതുതന്നെ.
പത്തുമിനിറ്റോളം ഈ പരത്തൽ തുടർന്നു.
ഈ സമയം ഇതര സഹവീടൻ തലേന്നു തന്നെ മറ്റേ ചങ്ങാതി പറഞ്ഞിട്ട് മുറിച്ചു തയ്യാറാക്കിവച്ചിരുന്ന ഉരുളക്കിഴങ്ങും സവാളയുമൊക്കെ അടുപ്പിൽ കയറ്റിക്കഴിഞ്ഞിരുന്നു.
"ചേട്ടോ കറി ഇപ്പൊ റഡിയാകും...ഞാൻ കുളിച്ചേച്ചു വരാം"
അവൻ അടുക്കളയിൽ നിന്ന് അനൗൺസ്മെൻറ് തന്നു.
പത്തുമിനിറ്റു കഴിഞ്ഞ് കുളിയും കഴിഞ്ഞ് അവൻ എത്തിയിട്ടും ഒരു ചപ്പാത്തിപോലും പരത്തിയിട്ടില്ലെന്ന ദുഃഖസത്യം ഞാൻ (അവനും) മനസിലാക്കി.
സമയം ഏഴര കഴിഞ്ഞു. പ്രാതലും കഴിഞ്ഞ് എട്ടിനു മുമ്പെറങ്ങില്ലേൽ എട്ടിൻ്റെ പണിയാകും.
എൻ്റെ സാഹസങ്ങൾ കണ്ടു നിന്നപ്പോൾ ചപ്പാത്തി തിന്നാൻ കിട്ടില്ല എന്നവനു മനസിലായി.
അവൻ പോയി വേഷംമാറി വന്നിട്ടു പറഞ്ഞു
"ചേട്ടാ ഡ്രസ്മാറീട്ടു വാ. തൽക്കാലം ഞാൻ കറി കൈയിൽ കൊണ്ടു വരാം. കുറച്ചു നേരത്തെ ഇറങ്ങിയാ പോകുന്നവഴി ദോശയോ പൊറോട്ടയോ പാഴ്സൽ വാങ്ങിച്ച് ഈ കറികൂട്ടി കഴിക്കാം"
ചപ്പാത്തി പരത്തി ക്ഷീണിച്ചിരുന്ന ഞാൻ അതുകേൾക്കാനിരുന്നവനെപ്പോലെ
പെട്ടെന്ന് വേഷം മാറി വീടുംപൂട്ടി ഇറങ്ങി.
ജോലിസ്ഥലത്തിരുന്ന് ഞങ്ങൾ ആഹാരം കഴിക്കുന്നതുകണ്ട് സഹപ്രവർത്തകർ അതിശയം കൂറി. സഹവീടൻ വള്ളിപുള്ളി വിടാതെ എൻ്റെ ചപ്പാത്തിയുണ്ടാക്കൽ പ്രക്രിയയുടെ കഥ എല്ലാരേയും പറഞ്ഞു കേൾപ്പിച്ചു.
"പരത്തും തോറും ഉരുളുകയും ഉരുളും തോറും പരത്തുകയും ചെയ്യുന്ന ഒരു പ്രതിഭാസമാണ് ചപ്പാത്തി"
അവൻ പറഞ്ഞുനിർത്തി.
ഇത്രയും ഭംഗിയായി അവന് സംസാരിക്കാനറിയാമെന്ന് മനസിലാക്കിയ ഞാൻ പതുക്കെ സ്ഥലം കാലിയാക്കി.
By: SreeKumar
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക