Slider

ബാർട്ടർ

0


 എങ്കിലും മച്ചൂനേ... ആ കൊച്ചിൻ്റെ പതക്കേടു വരുത്തിയല്ലോ...! ഇങ്ങനെ തല്ലിയാൽ അതിൻ്റെ ചൊക്കൊണങ്ങിപ്പോകും.. അവൻ കുഞ്ഞല്ലേ...!!"

... അമ്മൂമ്മ വളരെ സങ്കടത്തോടെയാണ് പറഞ്ഞത് ....!
" ... അല്ല ജാനൂ..... ക്ഷമയ്ക്കുമില്ലെ ഒരതിര് ... "
. .... ശ്രീധരൻ മച്ചൂൻ കൊച്ചുമോനെ അന്ന് പൊതിരെത്തല്ലി. മുൻപ്, ഇതുവരെ ഈർക്കിലിക്കരടെടുത്ത് ഓങ്ങിയിട്ടില്ല...
... അമ്മൂമ്മയുടെ മുറച്ചെറുക്കനായ ശ്രീധരൻ വലിയ കാരണവർ ഞങ്ങളുടെയും മച്ചുനാണ്. അമ്മൂമ്മയുടെ സ്നേഹമസൃണമായ ആ വിളി ഞങ്ങളുടെ മനസ്സിലും പതിഞ്ഞു പോയി. ഞങ്ങളും അതേറ്റെടുത്തു. ഇളമുറക്കാരുടെ 'അമ്മാവാ' വിളിയേക്കാൾ ശ്രീധരൻ മാമ്മന് പഥ്യം 'മച്ചൂൻ' വിളിയോടാണ്.
മച്ചൂനത്തിയെ കാണാനും സംസാരിക്കാനും ആഴ്ചയിലൊരിക്കലെങ്കിലും മച്ചൂൻ വീട്ടിൽ വരും... മച്ചൂനത്തിയ്ക്ക് സ്നേഹസമ്മാനമായി കുറച്ച് അരിഞ്ഞു കൂട്ടിയ പുകയിലയും കയ്യിൽ കരുതിയിരിക്കും...
അമ്മൂമ്മയുടെ വെറ്റിലച്ചെല്ലത്തിൻ്റെ പ്രധാന ഉപഭോക്താവ് മച്ചൂനാണ്... പലപ്പോഴും മുറുക്കാനുളള അടയ്ക്ക വീട്ടിൽ നിന്നാണ് കൊണ്ടു പോകാറ്... മച്ചൂനത്തിയുടെസ്നേഹവായ്യ് അടയ്ക്കായുടെ രൂപത്തിലും കൈമാറുന്നു ... അത്രേയുള്ളു...!
... മച്ചൂൻ്റെ മകൾ സുമംഗല ചിറ്റ കുറേക്കാലമായി കുടുംബത്തു തന്നെയുണ്ട്.. അവിടെ അമ്മായിയമ്മപ്പോരാണത്രേ.... രഘു ചിറ്റപ്പൻ പണ്ട് വല്ലപ്പോഴുമൊക്കെ വരാറുണ്ടായിരുന്നു. ഒരിക്കൽ ചിറ്റയെ കൂട്ടിക്കൊണ്ടു പോകാൻ വന്ന ചിറ്റപ്പനോട് മച്ചൂൻ ഏതാണ്ടൊക്കെ പറഞ്ഞുവത്രെ...! അതോടെ ചിറ്റപ്പൻ്റെ വരവും നിന്നു. ചിറ്റയുടെ പോക്കും.!
.... സുമംഗല ചിറ്റയുടെ ചേച്ചി സുധാമണി ചിറ്റയുടെ മകൻ അനിക്കുട്ടൻ...
ഞങ്ങൾ സമപ്രായക്കാർ...
അനിക്കുട്ടൻ്റെ പ്രൈമറി സ്കൂൾ പഠനം അമ്മവീട്ടിൽ നിന്നായിരുന്നു. കുസൃതിയിലും കുറുമ്പിലും ഞങ്ങൾ സയാമീസ് ...
.... അനിക്കുട്ടന് പഠനത്തേക്കാൾ പ്രിയം കല്ലുവട്ടു കളിയോടായിരുന്നു... ട്രൗസറിൻ്റെ പോക്കറ്റുകളിൽ കല്ലുവട്ടുകൾ അവൻ്റെ സന്തത സഹചാരികൾ ആയിരുന്നു ...
വട്ടുകളുടെ ഗ്ലൈസിങ് മായുമ്പോഴേയ്ക്കും അവ മാറ്റി പുതിയവ ട്രൗസർ കീശയിൽ നിറയ്ക്കാൻ അവൻ സദാ ശ്രദ്ധാലുവായിരുന്നു....
.... കളിക്കിടയിൽ ഒരു രസത്തിനായി മിക്ക ദിവസവും അനിക്കുട്ടൻ്റെ വകയായി നാരങ്ങാ മിഠായി വിതരണമുണ്ടാകാറുണ്ട് ... അവൻ 'അദ്ധ്വാനി' യായിരുന്നു. ഇടവേളകളിൽ മധുരം വിളമ്പുന്നതിനായി സ്വന്തമായി പണം കണ്ടെത്താനുള്ള വിദ്യയും അവനറിയാം... വീട്ടിൽ നിന്നു വരുമ്പോൾ ചിലപ്പോൾ മുട്ടയോ, പറങ്കിയണ്ടിയോ കൊണ്ടുവന്ന് ഔസേപ്പച്ചായൻ്റെ കടയിൽ കൊടുത്ത് കല്ലുവട്ടും മുട്ടായിയും വാങ്ങുന്നത് അവനൊരു ഹോബിയാണ്...
... ക്രിസ്തുമസ് അവധി കഴിഞ്ഞ് പള്ളിക്കൂടം തുറന്നു ...
അവൻ ഉത്സാഹിയായിരുന്നു ... പരീക്ഷഫലത്തേപ്പറ്റി യാതൊരു ഉത്കണ്ഠയുമില്ലാതെ സ്കൂളിലെത്തി. പത്തു ദിവസത്തേ കാത്തിരുപ്പിനു ശേഷം വട്ടു കളിക്കാമല്ലോ എന്ന ചിന്തയോടെ... !
മണി പതിനൊന്നരയായി.... രണ്ടാം പീരിയഡ് കഴിഞ്ഞ് ഇൻറർവെൽ... വെളിയ്ക്കു വിടുന്നതെന്നാണ് ഞങ്ങൾ പറയുക. പതിനൊന്നേകാലിൻ്റെ ബോട്ടു പോകന്നത് ക്ലാസിലിരുന്നു തന്നെ കാണാം... അപ്പോഴെയ്ക്കും വെളിയ്ക്ക് വിടുന്നതിൻ്റെ ഉത്സാഹത്തിലാണ്.... അനിക്കുട്ടൻ വട്ടുകളിയ്ക്കുള്ള ചിട്ടവട്ടം തുടങ്ങി....
.... വെക്കേഷന് അമ്മ ട്രൗസർ അലക്കിയപ്പോൾ കീശയിലുണ്ടായിരുന്ന കല്ലുവട്ടുകൾ എടുത്തു മാറ്റിയില്ല... അവയിപ്പോഴും കീശയിൽ തന്നെയുണ്ട്... ഗ്ലൈസിങ് ഒക്കെ നഷ്ടപ്പെട്ട് ആകെ പരുപരുത്തിരിക്കുന്നു... കളിക്കാൻ ഒരു സുഖവും തോന്നുന്നില്ല. അനിക്കുട്ടന്, അവധി കഴിഞ്ഞു വന്ന ആദ്യ പ്രവൃത്തി ദിനം അത്ര സന്തോഷം നൽകുന്നതായിരുന്നില്ല ...
... നാളെയാവട്ടെ... പുതിയ കല്ലുവട്ടുകൾ വാങ്ങാം...!
അനിക്കുട്ടന് കല്ലുവട്ടുവാങ്ങണം... ധനാഗമ മാർഗ്ഗമൊന്നും ചിന്താസരണിയിൽ ഉയർന്നു വരുന്നില്ല ... മുട്ടക്കോഴി പൊരുന്നയായി...!
തൊടിയിലെ പറങ്കിച്ചുവടു വരെ ഒന്നു പോയി നോക്കി... രക്ഷയില്ല ... !
കവുങ്ങിൻ ചുവടും കൈവിട്ടു.... !:
ഇനിയെന്ത്...?
ജീവിതം തന്നെ നിരർത്ഥകമായ നിമിഷങ്ങൾ...!
വലിയച്ഛൻ്റെ വെറ്റിലച്ചെല്ലം മരുഭൂമിയിലെ നീരുറവ പോലെ ... ആകാശഗംഗ പോലെ... അമൃതധാര പോലെ... അനിക്കുട്ടനു മുൻപിൽ തുറക്കപ്പെട്ടു...
.... അങ്ങിനെ ഔസേപ്പച്ചായൻ്റ കടയിലേയ്ക്ക് അനികുട്ടൻ വക ഒരു പൊതി.... പകരം കല്ലുവട്ടും നാരങ്ങാ മുട്ടായിയും....
മച്ചൂനെങ്ങനെ സഹിക്കും...! മച്ചൂനത്തി സ്നേഹ സമ്മാനമായിത്തന്ന അടയ്ക്കയാണ് ആ കൊച്ചെന്തിരവൻ കൊണ്ടുപോയി വിറ്റത്...!
സനേഹത്തിൻ്റെ വിലയറിയാത്ത ഇളമുറക്കാരന്റെ ഈ ചെയ്തി മച്ചൂന് സഹിക്കാൻ കഴിയുന്നതിനും അപ്പുറത്തായിരുന്നു....!!
----
സന്തോഷ് ജി.- തകഴി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo