നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സൂര്യ. (അനുഭവം ).


ഞാനൊരിക്കൽ ആന്ധ്രയിൽ നിന്നും ബസ്സിൽ കേരളത്തിലേക്ക് വരുകയായിരുന്നു.
വരണ്ട കാറ്റടിക്കുന്ന കാലാവസ്ഥയായിരുന്നു അന്ന്. അനന്തപൂർ നിന്നും ബാംഗ്ലൂരിലേക്ക് നല്ല എസി വോൾവോ ബസ്സുകൾ ഉണ്ടെങ്കിലും ഞാൻ തിരഞ്ഞെടുത്തത് ലോക്കൽ ബസ്സ് ആയിരുന്നു.
ആന്ധ്രയിലെ പാടങ്ങൾക്ക് നടുവിലൂടെ പുറത്തെ കാഴ്ചകളും കണ്ട് നല്ല കാറ്റുമേറ്റ് യാത്ര ചെയ്യാം എന്നതല്ല അതിന്റെ കാരണം.ബസ്സ് കൂലിയിനത്തിൽ മിച്ചം പിടിക്കാവുന്ന പണം തന്നെ ആയിരുന്നു എന്റെ ലക്ഷ്യം.
ഉച്ചക്ക് ഊണ് കഴിക്കാതെ പത്തു രൂപയുടെ ബിസ്കറ്റും റൂമിൽ നിന്നും കൊണ്ട് വരുന്ന വെള്ളവും കുടിച്ചു ജീവിക്കുന്ന കാലമാണ്.
ഉച്ചയൂണിന്റെ സമയമായപ്പോൾ ബസ്സ് ഒരു ചെറിയ ഹോട്ടലിന്റെ മുൻപിൽ നിർത്തി. ഹോട്ടൽ എന്ന് പറഞ്ഞു കൂടാ. കെട്ടിയുണ്ടാക്കിയ ഒരു ഷെഡിൽ കുറെ ബെഞ്ചും ഡെസ്ക്കുകളും. പുറത്ത് കൈ കഴുകാൻ നീല ഡ്രമ്മും രണ്ട് മൂന്ന് കയ്യ് പൊട്ടിയ പാട്ടകളും.
ആകെയുള്ള ആഡംഭരം എന്തെന്നാൽ പുറത്ത് കെട്ടിയുണ്ടാക്കിയ രണ്ട് കക്കൂസുകളാണ്. മുകളിൽ പ്ലാസ്റ്റിക് ഷീറ്റ് കെട്ടിയ കക്കൂസുകളുടെ തേക്കാത്ത ചുമരുകളിൽ ഏതോ തെലുങ്ക് സിനിമയുടെ കീറിയ പോസ്റ്ററുകൾ കാണാം.
ഹോട്ടലിന്റെ പിന്നാമ്പുറത്തെ പാത്രം കഴുകുന്നിടത്ത് കുറെ പട്ടികളും പന്നികളും ചുമരിനോട് ചേർന്നു വിശ്രമിക്കുന്നുണ്ട്. കയറില്ലാത്ത രണ്ട് മൂന്ന് പശുക്കൾ ഹോട്ടലിന്റെ മുൻപിൽ കൈ കഴുകുന്ന ഭാഗത്തോട് ചേർന്നു യാത്രക്കാർ വലിച്ചെറിയുന്ന പഴത്തൊലികൾക്കായി അക്ഷമയോടെ കാത്തിരിക്കുന്നുണ്ട്.
ഹോട്ടലിനോട് ചേർന്നു ചെറിയൊരു പാൻ കടയുണ്ട്. ബീഡിയും സിഗരറ്റും പിന്നെ ഒരു പ്രത്യേക തരം പാനീയവും അവിടെ കിട്ടും. അവിടെ പൊടിയിൽ കുളിച്ചു കുറെ ബിസ്കറ്റ് പാക്കുകളും പാൻ പരാഗുകളും വെള്ള കുപ്പികളും പിന്നെ കുറെ എന്തൊക്കെയോ തീറ്റ സാധനങ്ങളും അലക്ഷ്യമായി കിടക്കുന്നുണ്ട്. വലിച്ചു കെട്ടിയ കയറിൽ കുറെ ലേസ് പാക്കറ്റുകളും പ്രദേശികമായി ഉണ്ടാക്കുന്ന എന്തൊക്കെയോ പാക്കറ്റ് പൊരികളും ഉണ്ട്. അതിൽ ഇരിക്കുന്നത് പാൻ പരാഗ് ചവച്ചു ഇടക്കിടെ പുറത്തേക്ക് വന്നു നീട്ടി തുപ്പുന്ന ഒരു വൃദ്ധയാണ്.
ബസ്സിൽ നിന്നും ഏകദേശം എല്ലാവരും ഇറങ്ങിയിട്ടുണ്ട്. നല്ല ചൂടാണെങ്കിലും ഞാൻ വെറുതെ ഒന്ന് കറങ്ങി തിരിച്ചു ബസ്സിലേക്ക് കയറി. കയ്യിലുള്ള ബിസ്കറ്റ് പാക്കറ്റ് പൊളിച്ചു കഴിക്കാൻ തുടങ്ങുമ്പോഴാണ് തൊട്ട് പിറകിലുള്ള സീറ്റിൽ നിന്നും ഒരു അനക്കം കേട്ട് ഞാൻ തിരിഞ്ഞു നോക്കിയത്.
പതിനാറു പതിനേഴു വയസ്സ് തോന്നിക്കുന്ന ഒരു ചെക്കനായിരുന്നു അത്‌. എണ്ണയിടാതെ ചെമ്പിച്ച മുടികളും വരണ്ടുണങ്ങിയ തൊലിയുമുള്ള എള്ളിന്റെ നിറമുള്ള ഒരു ചെക്കൻ.
അവൻ എന്റെ മുഖത്തു നോക്കി നിഷ്കളങ്കമായി പുഞ്ചിരിച്ചു. വെറുതെ ഞാൻ ബിസ്കറ്റ് അവന്റെ നേരെ നീട്ടി. അവൻ ബിസ്കറ്റ് മൂന്നാലെണ്ണം എടുത്തു കഴിച്ചു പിന്നെയും എന്നെ നോക്കി പുഞ്ചിരിച്ചു.
ഞാൻ ഒരെണ്ണം എടുക്കുമ്പോഴേക്കും അവൻ നാലെണ്ണം എടുക്കും. നിമിഷങ്ങൾക്കുള്ളിൽ പത്തു രൂപയുടെ ടൈഗർ ബിസ്കറ്റ് കാലിയായി.
വെള്ളം കുടിച്ചിട്ടും വയറിൽ പിന്നെയും വിശപ്പ് മാത്രം ബാക്കിയായി. ഇനി ബാംഗ്ലൂർ ചെന്നാലേ വല്ലതും കഴിക്കാൻ കിട്ടൂ. അവിടെ ആണേൽ മുടിഞ്ഞ റേറ്റുമാവും.
പിന്നെ ഒന്നും ആലോചിച്ചില്ല. വണ്ടി വിട്ട് പോവും മുൻപേ ഹോട്ടലിൽ കയറി വല്ലതും കഴിക്കാം എന്ന് കരുതി ഞാൻ എണീറ്റു.
വെറുതെ ഊണ് വേണോ എന്ന് ചോദിച്ചതും അവൻ കൂടെ പോന്നു. പച്ചരി ചോറും പരിപ്പിട്ട ചീരക്കറിയും ആർത്തിയോടെ കഴിക്കുമ്പോൾ എന്റെ തൊട്ടരികെ ഇരുന്നു അതിലേറെ ആവേശത്തോടെ അവനും കഴിച്ചു.
ഊണ് കഴിഞ്ഞു സന്തോഷത്തോടെ അവൻ എന്നെ നോക്കി ഏമ്പക്കം വിട്ടു. പൈസയും കൊടുത്തു ഒരു കുപ്പി വെള്ളം വാങ്ങാം എന്നും കരുതി ഞാൻ പാൻ കടയിൽ കേറിയപ്പോൾ അവൻ തൂക്കിയിട്ട ലേസിന്റെ ഭംഗി ആസ്വദിക്കുകയായിരുന്നു.
ഏതായാലും ഇത്രയുമായി. ഇനി എന്ത് എന്നും ആലോചിച്ചു ഒരു ലേസ് ഞാൻ അവനു വാങ്ങി കൊടുത്തു. അവൻ അത്‌ കഴിക്കാതെ അതിന്റെ ഭംഗി ആസ്വദിച്ചു ഒടുവിൽ പാന്റിന്റെ പോക്കറ്റിലേക്ക് തിരുകി.
ഞാൻ അവനോട് അത്‌ കഴിക്കാൻ എത്ര പറഞ്ഞിട്ടും അവനത് കഴിച്ചില്ല. അവനു അമ്മയും പെങ്ങളുമുണ്ടെന്നും അവർക്കാണ് അതെന്നുമാണ് അവൻ എന്നോട് പറഞ്ഞത്.
അവന്റെ അച്ഛൻ മരിച്ച് പോയതാണ്. അമ്മയും അവനു താഴെ ഒരു സഹോദരിയുമുണ്ട്. അമ്മ പാടത്തു കൂലിപ്പണിക്ക് പോയാണ് കുടുംബം പോറ്റുന്നത്. വല്ലപ്പോഴുമേ അവർക്ക് ജോലി ഉണ്ടാവൂ. ആ കുറഞ്ഞ വരുമാനം കൊണ്ട് ജീവിക്കാൻ തന്നെ അവർ കഷ്ട്ടപ്പെടുകയാണ്.
പഠിത്തം നിർത്തി അമ്മയെ സഹായിക്കാൻ കടപ്പ കല്ലിന്റെ കോരിയിൽ പണിക്കു പോയതാണ് അവൻ. രണ്ടാഴ്ച പണിയെടുത്തിട്ടും ശമ്പളമൊന്നും കിട്ടാത്തത് കൊണ്ട് എങ്ങനെയോ ബസ്സ് കൂലിയും ഒപ്പിച്ചു വീട്ടിലേക്ക് പോവുകയാണവൻ.
ഓർത്തപ്പോൾ സങ്കടം തോന്നി. ഇങ്ങനെയും കുറെ മനുഷ്യർ ജീവിക്കുന്നതാണ് നമ്മുടെ ചുറ്റിനും. എന്നിട്ട് നാം അവരെ ഒന്നും ശ്രദ്ധിക്കാറ് പോലുമില്ല.
ആദ്യമായി ജോലിക്ക് പോയ ഏട്ടനെ കാത്തിരിക്കുന്ന ഒരു കുഞ്ഞ് പെൺകുട്ടിയുടെ രൂപം ഞാൻ വെറുതെ ഒന്നാലോചിച്ചു നോക്കി. അവൾ എന്തെല്ലാം പ്രതീക്ഷിക്കുന്നുണ്ടാവണം.
ഒരു കുഞ്ഞ് മിട്ടായിയിലോ ബലൂണിലോ ഒരു പീപ്പിയിലോ അവൾ ഒരു പക്ഷെ ഈ ലോകം വെട്ടി പിടിച്ച സന്തോഷം നേടിയേക്കാം.
ഒന്നും കിട്ടിയില്ലെങ്കിൽ പോലും ഏട്ടന്റെ സാമീപ്യം അവളെ സന്തോഷത്തിന്റെ കൊടുമുടിയിൽ എത്തിച്ചേക്കാം.
പക്ഷെ ആ സന്തോഷം അൽപനേരം മാത്രമേ ഉണ്ടാവൂ. ആ സന്തോഷത്തിന്റെ നേരത്തും കൊച്ചു കുട്ടികൾ ആഗ്രഹിക്കുക അവർക്ക് കിട്ടുന്ന മിട്ടായികളും സമ്മാനങ്ങളും തന്നെയാണ്. അതിനി അൻപത് പൈസയുടെ മിട്ടായി ആണെങ്കിൽ പോലും.
ഞാൻ ആ പാൻ കടയിൽ ചെന്നു കുറെ മിട്ടായികളും രണ്ടു രൂപയുടെയും അഞ്ചു രൂപയുടെയും സ്വീറ്റ്സ് പാക്കറ്റുകളും വാങ്ങി ഒരു കവറിലാക്കി അവനു കൊടുത്തപ്പോ അവന്റെ സന്തോഷം കാണേണ്ടത് തന്നെയായിരുന്നു.
ബസ്സിൽ വെച്ചു അവൻ തെലുങ്കിൽ കലപില സംസാരിച്ചു കൊണ്ടിരുന്നു. കൂടുതൽ ഒന്നും മനസ്സിലായില്ലെങ്കിലും എല്ലാം അവന്റെ അമ്മയെയും അനിയത്തിയെയും കുറിച്ചായിരുന്നു എന്നെനിക്ക് മനസ്സിലായി.
രണ്ട് മണിക്കൂറോളം കഴിഞ്ഞപ്പോ അവനു ഇറങ്ങേണ്ട സ്ഥലമെത്തി. കൊയ്ത്തു കഴിഞ്ഞ കമ്പം മല പോലെ അങ്ങിങ്ങു നീല ടാർപ്പോളിനുകളിൽ കൂട്ടിയിട്ട ഒരു ഗ്രാമം ആയിരുന്നു അത്‌.
ബസ്സിറങ്ങി അവൻ പുഞ്ചിരിച്ചു കൊണ്ട് എന്നെ നോക്കി കൈ വീശി. അപ്പോഴാണ് അവന്റെ പേര് മാത്രം ചോദിച്ചില്ലല്ലോ എന്ന് ഞാൻ ഓർത്തത്.
'മീ പേര് ഏമീ'?.
ഓടി തുടങ്ങിയ ബസ്സിൽ നിന്നും തല പുറത്തേക്കിട്ട് ഞാൻ അവനോട് ചോദിച്ചു.
അവൻ എന്തോ പറയുന്നത് ഞാൻ കേട്ടു. പക്ഷെ കാറ്റിന്റെ ഒച്ചയിൽ അതെന്താണെന്നു എനിക്ക് മനസ്സിലായില്ല. അപ്പോഴേക്കും ബസ്സ് കുറച്ചു കൂടെ മുൻപോട്ട് എത്തിയിരുന്നു.
പിറകിൽ അവൻ ബസ്സ് നോക്കി നിൽക്കുന്നത് നിറഞ്ഞു വരുന്ന കണ്ണുകളിലൂടെ അവ്യക്തമായി ഞാൻ കണ്ടു.
അവന്റെ പേര് സൂര്യ എന്നായിരിക്കും എന്ന് ഞാൻ വെറുതെ കരുതി.
അല്ലെങ്കിലും ഒരൊറ്റ പുഞ്ചിരി കൊണ്ട് ഈ ലോകം മുഴുവൻ പ്രകാശം പരത്താൻ സൂര്യനല്ലാതെ മറ്റാർക്കാണ് കഴിയുക?.
(വായനക്ക് നന്ദി ).
സ്നേഹത്തോടെ
ഹക്കീം മൊറയൂർ.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot