നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒരു വീട്ടമ്മയുടെ ഡയറിക്കുറിപ്പ്


"വിവാഹം കഴിഞ്ഞ് കുറേ നാൾ ആയല്ലോ....വിശേഷം ഒന്നുമില്ലേ....."അല്ലെങ്കിൽ "ഇത്രേം പഠിച്ചിട്ട് ഇത് വരെ ജോലിക്ക് കേറിയില്ലേ..."ഇത്തരത്തിലുള്ള ചോദ്യങ്ങൾ പേടിച്ച് മാളത്തിൽ ഒതുങ്ങി കഴിഞ്ഞിരുന്ന എനിക്ക് പെട്ടെന്ന് ഒരു ദിവസം ഒരു ഭൂതോദയം ഉണ്ടായി.......

"അമ്മയായൽ മാത്രമാണോ ഒരുവളുടെ സ്ത്രീത്വം പൂർണ്ണ മാകുന്നത്?"കുടുംബ ജീവിതം തന്നെ ഉപേക്ഷിച്ച് സേവനത്തിനായി,സന്യാസത്തിനായി ഇറങ്ങിയ എത്രയോ മഹിളാ മണികളെ പൂവിട്ട് പൂജിക്കുന്ന സഹൃദയർ എന്തുകൊണ്ട് കല്യാണം കഴിഞ്ഞ് ഏതാനും മാസങ്ങൾക്കുള്ളിൽ ഒരുവൾ ഗർഭിണി ആയില്ലെങ്കിൽ അവളിൽ ഒരു കുഴപ്പം കണ്ടുപിടിക്കുന്നു???

4 വർഷത്തെ ബിരുദ പഠനം,ഇടവേള ഇല്ലാതെ തന്നെ പ്രവേശന പരീക്ഷ പാസായി 2 വർഷത്തെ ബിരുദാനന്തര ബിരുദവും.....6 വർഷം കൊണ്ട് തിയറി ഉം പ്രാക്ടിക്കലും ഉൾപടെ പഠിച്ചു പാസയത് 80 ഓളം വിഷയങ്ങൾ......കഷ്ടപ്പെട്ട് ഉറക്കമാഴിഞ്ഞ് ഫസ്റ്റ് ക്ലാസ്സ് വാങ്ങി പാസായ സർട്ടിഫിക്കറ്റുകൾ ഒരു ജോലി കിട്ടിയില്ല എന്നതിൻ്റെ അടിസ്ഥാനത്തിൽ വെറും കടലാസു കഷ്ണങ്ങൾ ആയി മാത്രം പരിഗണിക്കപ്പെടേണ്ടവ ആണോ??

പത്താം ക്ലാസ്സ് തോറ്റ ഞാനും എം. ടെക്ക് ജയിച്ച നീയും ചെയ്യുന്നത് വീട്ട്ജോലി തന്നെ അല്ലേ എന്ന് പുച്ഛം പറഞ്ഞ അ വ്യക്തി ആണ് വേദനിക്കുന്ന ഒരു ഇൻജക്ഷൻ നൽകി ആണെങ്കിലും എൻ്റെ ചിന്താ മണ്ഡലത്തെ ദീപ്തം ആക്കിയത്.

ഉയർന്ന വിദ്യാഭ്യാസ യോഗ്യത ഒരിക്കലും പൊങ്ങച്ചം പറച്ചിലിനോ അഹങ്കരിക്കാനുള്ള അലങ്കാര വസ്തു ആയിട്ടോ ഞാൻ ഉപയോഗിച്ചിട്ടില്ല.....ദൈവാനുഗ്രഹത്താൽ മേൽപറഞ്ഞ യോഗ്യത എനിക്ക് ശമ്പളം നേടി തരാത്തതിനാൽ പലരുടെയും പുച്ഛത്തിന് പാത്രീഭവിച്ചിട്ടേ ഉള്ളൂ!!!!!

പഠിക്കുന്നത് ,അറിവ് നേടുന്നത് ഇവ ഒന്നും നിസ്സാരമായ കാര്യങ്ങൾ അല്ല. ദൗർഭാഗ്യകരമെന്ന് പറയട്ടെ, ചിലർക്ക് പഠിച്ചത് പ്രയയോജനപെടുത്താൻ ഒരു കർമ്മമണ്ഡലം ലഭിച്ചുവെന്ന് വരില്ല.അതിനർത്ഥം അവർ മോശക്കാർ ആണ് എന്നല്ല.

ഇങ്ങനെ ന്യായീകരിച്ച് കുറച്ചു പേരുടെ വായ അടപ്പിക്കാൻ പറ്റും.പക്ഷേ അടി കൊണ്ട പാമ്പിനെ പോലെ എൻ്റെ മനസാക്ഷി ഇടയ്ക്കിടക്ക് ഫണമുയർത്തി വിഷം നിറച്ച ചോദ്യം തുപ്പും" വിദ്യാഭ്യാസം കൊണ്ട് നീ എന്ത് നേടി??"

ഞാൻ വായിച്ച അക്ഷരങ്ങൾക്ക് എൻ്റെ അച്ഛൻ്റെ വിയർപ്പിൻ്റെ മണം ആയിരുന്നു.അച്ഛന് ഒരു തുരുമ്പിച്ച hercules സൈക്കിൾ ഉണ്ടായിരുന്നു.അതിൻ്റെ മുന്നിൽ എനിക്ക് ഇരിക്കാൻ ഒരു പുത്തൻ സീറ്റും.ജോലി കഴിഞ്ഞ് എന്നെ മുൻ സീറ്റിൽ ഇരുത്തി സൈക്കിൾ ആഞ്ഞ് ചവിട്ടി ഫസ്റ്റ് ബെൽ അടിക്കുന്നതിന് മുൻപ് എന്നെ ക്ലാസ്സിൽ എത്തിക്കുമ്പോഴേക്കും അച്ഛൻ വിയർത്തു കുളിച്ചിട്ടുണ്ടാകും.സ്കൂളിൽ മണി അടിച്ചു കഴിഞ്ഞാലും ഓവാങ് ഒവാങ് എന്ന് അതിൻ്റെ മുഴക്കം കാതിൽ നിൽകുന്ന പോലെ അച്ഛൻ്റെ നെഞ്ചിൻ്റെ പട പട എന്നുള്ള തുടിപ്പ് കുറേ നേരത്തേക്ക് എനിക്ക് കേൾക്കാമായിരുന്നു.

അച്ഛൻ്റെയും അമ്മയുടെയും മാറ്റി വയ്ക്കപ്പെട്ട പല സന്തോഷങ്ങളും എൻ്റെ പുസ്തകങ്ങളും,യൂണിഫോമും ബാഗും ഒക്കെ ആയി മാറി.അവരുടെ അദ്ധ്വാനത്തിൻ്റെയും ത്യാഗത്തിൻ്റെയും ആകെ തുകയയിരുന്നു എനിക്ക് കിട്ടിയ സർട്ടിഫിക്കറ്റു കൾ.അതിനാൽ അവയെ മൂല്യമില്ലത്തവ ആയി മുദ്ര കുത്താൻ ആർക്കും അവകാശമില്ല.

ശമ്പളം കിട്ടുന്ന ജോലി ഉണ്ടെങ്കിലേ വിദ്യാഭ്യാസത്തിന് വില ഉള്ളൂ എന്ന ധാരണ എല്ലാവരും ഒന്ന് തിരുത്തിയാൽ നന്നായിരുന്നു.Estimation and costing പഠിച്ച ഒരു എഞ്ചിനീറിംഗ് വിദ്യാർത്ഥിനിക്ക് തീർച്ചയായും വീട്ടിലെ ബജറ്റ് നെ ബാലൻസ്ഡ്ഡ് ആക്കാൻ ശ്രമിച്ചു നോക്കാവുന്നതാണ്.തന്നെയുമല്ല,Infertility ട്രീറ്റ്മെന്റ് എന്നതിൻ്റെ പേരിൽ മാസം പതിനയ്യയിരം രൂപ ഒരാളുടെ ആകെ ഉള്ള ശമ്പളത്തിൽ നിന്ന് കിഴിയന്നതിൻ്റെ മ്ളാനത വീട്ടിൽ തളം കെട്ടി നിൽക്കുന്നും ഉണ്ട്.

കാര്യത്തിൽ മന്ത്രിയും കർമ്മത്തിൽ ദാസി യും രൂപത്തിൽ ലക്ഷ്മിയും ഭാര്യ എന്ന് മമ്മൂട്ടി സുഹാസിനിയെ നോക്കി പാടുമ്പോൾ പാവം എൻ്റെ ഭർത്താവ് ഞാൻ പേരിൽ മാത്രം 'ലക്ഷ്മി' ആയി പോയത് ഓർത്ത് ദീർഘമായി ഒന്ന് നിശ്വസികും.

രാവിലെ എഴുന്നേറ്റ് മുറ്റമടിച്ച്,വെള്ളം കുടഞ്ഞ് കോലം ഇടുന്ന പതിവുണ്ട്.സാധാരണ ഒരു നക്ഷത്രം ഒക്കെ ആണ് വരക്കാറുള്ളത്.ഇനി മുതൽ ഒരു വ്യത്യസ്തത ആവാം.......എൻജിനീയറിങ് ഗ്രാഫിക്സ് -ൽ പഠിച്ച കുറേ അടിപൊളി ഫീഗറുകൾ ഓർമ വന്നു.ചാണകം മെഴുകിയ മുറ്റം ഡ്രോയിംഗ് ഷീറ്റ് ആയി കരുതി, Y ആകൃതിയിൽ ഒടിഞ്ഞു വീണ ചുള്ളികമ്പിനെ കോമ്പസ് ആക്കി,ഈർക്കിൽ പെൻസിൽ ആക്കി ഒരു പിടി അങ്ങ് പിടിച്ചു.വരകൾക്ക് മേലേ വർണ്ണപ്പൊടി കൂടി വിതറി.സംഭവം കലക്കി.....

കാപ്പി ഇടാൻ ഗ്യാസിൻ്റെ റഗുലേറ്റർ ഓണാക്കിയപ്പോൾ ആണ് ഒരു കാര്യം ഓർമ്മ വന്നത്......ഗ്യാസ് ഒരു നോൺ renewable റിസോഴ്സ് ആണല്ലോ.....അതുകൊണ്ട് പാല് മാത്രം അടുപ്പത്ത് വെച്ച് കാച്ചി.ചോറ് വെക്കാൻ മുറ്റത്തൊരു അടുപ്പ് കൂട്ടി.വെറുതെ പറമ്പിൽ ഉണങ്ങി വീഴുന്ന തെങ്ങിൻ മടലും,ഓലയും ,ചിരട്ടയും ഒക്കെ വെച്ച് തീ കൂട്ടി.

വൈകി ഉണരുന്ന ബാക്കി ഉള്ളവർക്ക് കാപ്പി കൊടുക്കാൻ വീണ്ടും ഊർജ്ജം നഷ്ടപ്പെടുത്താൻ ഞാനില്ല.അതിനല്ലേ thermodynamics!!heat molecules exchange ചെയ്ത് cold body ആയ പാൽപാത്രം ചൂടായി തന്നെ ഇരിക്കാൻ hot ബോഡി ആയ അടുപ്പിന് അടുത്ത് തന്നെ വച്ചു.

പ്രഷർ കുക്കറിൽ ജലം തിലക്കുന്നത് 120ഡിഗ്രീ സെൽഷ്യസ് -ൽ ആയത് കൊണ്ട് സാമ്പാർ പരിപ്പ് അതിൽ വച്ചു.സമയ ലാഭം+ ഊർജ്ജ ലാഭം. ഒരുപാട് വേവിച്ചാൽ പച്ചക്കറികളിലെ ജീവകം നഷ്ടപ്പെടുമെന്ന് കരുതി അത് പ്രത്യേകം മാറ്റി വേവിച്ചു.

ചൂട് ഇഡ്ഡലിയും സാമ്പാറും കഴിക്കുമ്പോൾ ഉച്ചയ്ക്ക് ഇതുപോലെ ചൂട് ചോറ് കഴിക്കാൻ പറ്റാത്തതിൻ്റെ ആവലാതി പങ്കുവെച്ച ഭർത്താവിനെ എങ്ങനെ സമാധാനിപ്പിക്കാൻ ശ്രമിക്കും എന്ന് ആലോചിച്ചപ്പോൾ ഇളം വെയിലേറ്റു നിൽകുന്ന ഞങ്ങളുടെ സുസൂക്കി acess നെ കണ്ടത്......യുറേക്ക.....യുറേക്ക.....ചോറ്റുപാത്രം കൊണ്ട് ഓടുന്ന എന്നെ നോക്കി അന്ധാളിച്ചു നിൽകുന്ന ഭർത്താവിന് കര്യങ്ങളുടെ സ്ഥിതി ഗതി വ്യക്തമാക്കി കൊടുത്തു ......"അണ്ണാ ...വണ്ടിയുടെ സീറ്റിന് അടിയിൽ പാത്രം വച്ചിട്ടുണ്ട്....അത് ചോറുണ്ണാൻ പോകും വരെ അവിടെ ഇരുന്നോട്ടെ.ഉച്ചയ്ക്ക് വണ്ടിയിൽ വെയിലടികുമ്പോ സ്റ്റീൽ പാത്രവും പൊള്ളും.അതിനാൽ ചോറും കറികളും ചൂട് ആയി തന്നെ ഇരുന്നോളും. " പുള്ളിക്കാരന് അത്ര വിശ്വാസം ഒന്നും വന്നില്ലെങ്കിലും അവസരോചിതമായി പ്രവർത്തിക്കുന്ന എൻ്റെ ബുദ്ധിയിൽ ഞാൻ അഭിമാനം പൂണ്ടു.

തലമുടി ചീകി, പുള്ളിക്കാരൻ കുട്ടികൂറ പൗഡർ ഇടുമ്പോഴേക്കും ഷർട്ട് ഇസ്തിരി ഇട്ടു. 3-4 kg വരുന്ന മെതയ്ക്കടിയിൽ നിന്നും ഇന്നലെ രാത്രിയെ മടക്കി set ആക്കി വെച്ച പാൻ്റ്‌സ് എടുത്തോണ്ട് വന്നപ്പോഴേക്കും കുതിരവട്ടം ആണോ ഊളൻപറ ആണോ അടുത്ത് എന്ന് ഗൂഗിൾ മാപ്പിൽ നോക്കിയ എൻ്റെ പോന്നു അണ്ണാ........"യൂണിറ്റ് area യിൽ ഇങ്ങനെ ഫോഴ്സ് apply ചെയ്യുമ്പോ പ്രഷർ ഉണ്ടാകുന്നു .....പ്രഷർ ഉപയോഗിച്ചും ചെറുതായി തുണി ഇസ്തിരി ഇടാം....പിന്നെ ഇന്നലെ കൂടി മോഹൻ ലാൽ പറഞ്ഞതാ.....വൈദ്യുതി അമൂല്യമാണ് പാഴാക്കരുത് എന്ന് ..." ചെറു പുഞ്ചിരിയോടെ ഞാൻ നടന്നു നീങ്ങി.

പുള്ളിക്കാരൻ ഓഫീസിൽ പോയി കഴിഞ്ഞാണ് ബാക്കി ജോലികൾ എല്ലാം ചെയ്യുക.ചോറ് വാർത്തപോൾ ഉള്ള കഞ്ഞിവെള്ളം പശുവിന് കൊടുക്കാൻ മാറ്റി വച്ചു.പതിവായി വരുന്ന കാക്കയ്‌കും,പ്രാവിനും ചോറ് കൊടുത്തു.രണ്ടു പേർക്കും രണ്ടയിട്ട് പകുത്തു കൊടുത്താലും തല്ല് കൂടിയേ തിന്നൂ.....വെജിറ്റേറിയൻ ശാപാട് ഇഷ്ടമല്ലാത്തത് കൊണ്ട് ഒരു ഗതിയും പരഗതിയും ഇല്ലാതെ വന്നാൽ മാത്രം ഒരു പൂച്ചയും പട്ടിയും കൂടെ ഭക്ഷണം തേടി വരും.

വിറകടുപ്പിലെ ചാരം വെച്ച് പത്രങ്ങൾ ഒന്ന് അമർത്തി തേച്ചു. സൂര്യ പ്രകാശത്തിൽ പാത്രങ്ങൾ തങ്ങളുടെ ഒരു വശത്ത് പരസ്യത്തിൽ കാണുന്ന നക്ഷത്രങ്ങൾ തെളിയിച്ചു എൻ്റെ മനസ്സിന് ആഹ്ലാദം ഏകി. കേടായ വാഷിംഗ് മെഷീനോട് അവസരോചിതമായ പണിമുടക്ക് എനിക്ക് ഉണ്ടാക്കി തന്ന ലാഭത്തെ ഓർത്ത് കോടാനുകോടി നന്ദി പറഞ്ഞു.2-3 മണിക്കൂർ എടുത്ത് മുക്കിയും മൂളിയും പണി എടുക്കുന്ന ഈ മഹാൻ അര ടാങ്ക് വെള്ളം കൂടി കാലിയാക്കും എന്നത് ശ്ലാഘനീയമാണ്.

വെറും 5 ബക്കറ്റ് വെള്ളത്തിൽ എവറെസ്റ്റ് നെ അനുസ്മരിപ്പിക്കും വിധം കുന്ന് കൂടിയ തുണിക്കൂമ്പാരങ്ങൾ എല്ലാം ഞാൻ അലക്കി തീർത്തു."ആയ നയ ഉജാല" പാട്ട് പാടി തുണികൾക്ക് വെണ്മ ഏകി.വൈദ്യുതി ലാഭം,ജലലാഭം കൂടാതെ എക്സർസൈസ് എന്ന എക്സ്ട്രാ benifit കൂടി കിട്ടി ബോധിച്ചു.

സോപ്പ് പത അധികം ഇല്ലാത്ത അവസാന ബക്കറ്റ് വെള്ളം കൊണ്ട് കറിവേപ്പ്,പപ്പായ, വഴുതന ഒക്കെ നനച്ചു.ബിരുദാനന്തര ബിരുദ സമയത്തെ അവസാന വർഷ പ്രോജക്ട് അവതരിപ്പിക്കുമ്പോൾ എല്ലാവരും കയ്യടിച്ചു പാസാക്കിയ എൻ്റെ പ്രസ്താവന ഞാൻ സാദരം സ്മരിച്ചു.

ഒരു പ്രത്യേക ആവശ്യത്തിന് ഉപകാരപെടില്ല എന്ന് കരുതി ഒരു വസ്തുവും waste അല്ല.ഒരു ഫാക്ടറിയിലെ ഒരു പ്രോസസ്സിൽ ഉണ്ടാകുന്ന waste നെ അതേ ഫാക്ടറി ലെ മറ്റൊരു പ്രോസസ്സിന് rawmaterial ആക്കി മാറ്റുക.തന്മൂലം rawmaterial ലാഭം,അഡീഷണൽ ആയി പ്രോഡക്ടും കിട്ടും.അങ്ങനെ സോഡിയം തായോ സൾഫേറ്റ് -ൽ നിന്നും കോസ്ററിക്കും,സൾഫറും ഉണ്ടാകാൻ വഴി ഉണ്ടാക്കിയ ഞാനുണ്ട് ഇപ്പോൾ തുണി അലക്കിയ വെള്ളമൊഴിച്ച് വഴുതനങ്ങയും പപ്പായയും പിടിക്കുന്നത് കാണാൻ കണ്ണും നട്ട് കാത്തിരിക്കുന്നു!!!

ഒരു തുണി എടുക്കുമ്പോൾ അലമാരയിൽ നിന്ന് ഒമ്പത് തുണി താഴെ ഇടുകയും,ഇരിക്കുന്ന ഇടത്തു തന്നെ ഗുളിക കവറുകളും പേപ്പറുകളും ഇടുന്ന കുടുംബാംഗങ്ങൾ ഉള്ളത് കൊണ്ട് കുഞ്ഞുങ്ങൾ ഇല്ലെങ്കിലും പൂരം കഴിഞ്ഞ പറന്മ്പ് പോലെ തന്നെ ആണ് വീട്.ഭരണി പാട്ടും മേളതിന് കൊഴുപ്പേകാൻ ഇടയ്ക്കിടെ പറന്നു കറങ്ങി ജില്ലം പടപടാ ശബ്ദത്തിൽ വീഴുന്ന സ്റ്റീൽ പാത്രങ്ങളും ഇടയ്ക്കിടെ ഉണ്ടാകും.....പോരെ..??

തീഞ്ഞ് തീരാറായ പുൽചൂൽ കണ്ടപ്പോൾ ചങ്ങമ്പുഴ കവിത ആണ് ഓർത്ത് പോയത്......." ചെലിൽ നീ ഏകിയ ചെമ്പനീർ പൂവിൻ്റെ ലോല ദളങ്ങൾ അടർന്നു പോയി....ഉണ്ടതിൻ വാടിയ ഞെട്ടിൽ ഒരു 5-6 കണ്ടകം മാത്രം ഇതെന്തു ചെയ്യാം??"......."ഇത്ര വേഗം മെളിയുന്നോ അത്രേം വേഗം ആകും ഗർഭ ധരണം.....ഈ പൊണ്ണ തടിയും വച്ചിരുന്നാൽ ഒന്നും നടക്കില്ല" എരി തീയിൽ എണ്ണ കൊരി ചൊരിയുന്ന ഡോക്ടറെ ഓർത്തപ്പോ ..... ചൂലിനെ നോക്കി വീണ്ടും ചങ്ങംപുഴയുടെ കവിത ചൊല്ലി....." എന്നാലും ഞാൻ വലിച്ച് എരി യില്ലിത് നിൻ അനുരഗോപഹരമല്ലെ..... ഇത്ര വടുക്കൾ ഇയറ്റിയിതെൻ ജീവ രക്തം മുഴുവൻ ഒഴുക്കിയാലും"

അടിച്ചു വാരി ചവിട്ടി കുടയുമ്പോൾ ഞാൻ ഓർത്തു for every action there is an equal and opposite reaction.... ഐസക്ക് ന്യൂട്ടൺ ചേട്ടാ.....Third law of motion ഇങ്ങനെ ഒരു അവസരത്തിൽ സ്മരികേണ്ടി വരുമെന്ന് സ്വപ്നത്തില് പോലും നിരീച്ചതല്ല.....

നിലം തുടച്ചപോൾ Surface tension കാരണം ഉരുണ്ടിരു ന്ന വാട്ടർ molecule കളെ evaporate ചെയ്യുക എന്ന ലക്ഷ്യത്തോടെ ഫാൻ ഇട്ടു.wind evaporation നടക്കാൻ സഹായിക്കുന്ന ഒരു ഘടകം ആണല്ലോ,അങ്ങനെ കാറ്റും കൊണ്ട് ഈ മാസം വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റ് എഴുതി.

Supplyco മാർക്കറ്റ് ഉൾ സബ്സിഡി കിട്ടുന്ന സാധനങ്ങൾ,റേഷൻ കടയിലെ അരി,കൊറോണ കാലത്തെ ആശ്വാസമായി വരുന്ന കിറ്റ് ഇത് ഓകെ ആദ്യം വാങ്ങും.പിന്നെ ഇതിൽ ഉൾപെട്ടിടില്ലത്ത ആവശ്യ സാധനങ്ങൾ കു വേറെ ലിസ്റ്റ് എഴുതും.കഴിഞ്ഞ മാസത്തെ സൂക്ഷിച്ചു വെച്ച ബിൽ താരതമ്യം ചെയ്ത് പൈസ കണക്കാക്കി പോകും.അധികം പൈസ കയ്യിൽ അനാവശ്യ സാധനങ്ങൾ വാങ്ങുന്നത് ഒഴിവാകാൻ ആണിത്.

സാധനങ്ങൾ കൈ ചുമട് ആയിയാണ് കൊണ്ട് വരാറ്." അസിസ്റ്റൻ്റ് മാനേജർ ടെ ഭര്യേടെ പിശുക്ക് കണ്ടോ.....30 രൂപ auto കാശ് ഇല്ല പോലും" എന്ന് പറയന്നവർ മറ്റൊരു അവസരത്തിൽ " ഒരടി നടക്കില്ല ഈ പെണ്ണുമ്പിള്ള.....വെറുതെ ഇരുന്നു തിന്നു കൊഴുക്കുവല്ലേ"എന്ന് പറയും എന്നത് തർക്കമില്ലാത്ത വസ്തുത ആയതുകൊണ്ട് ലാഭിച്ച ഓട്ടോ കാശ് ഞാൻ എനിക്ക് എന്നെങ്കിലും പിറക്കാൻ പോകുന്ന കുഞ്ഞിന് ഉടുപ്പും തൊപ്പിയും വാങ്ങാൻ കുടുക്കയിൽ ഇട്ടു വെക്കും.

100 രൂപ വിലയുള്ള പച്ചകറി കിറ്റ് ഒരു ആഴ്ച ക് തികയും.അതിൽ പകുതി മുറിച്ച മത്തങ്ങ,ചേന,വെള്ളരിക്ക,പടവലങ്ങ,ഇലവൻ എന്നിവ കൂടാതെ 2-3 ബീറ്റ് റൂട്ട്,പയർ,ക്യാബേജ് ,വെണ്ടക്ക, വഴക്ക കൂടി കാണും. അവിയൽ, കൂട്ടുകറി,ബീറ്റ്‌റൂട്ട് തോരൻ,ക്യാബേജ് തോരൻ,പയർ തോരൻ,വേണ്ടക്ക മെഴുക് പുരട്ടി,വഴക്ക മെഴുക്ക് പുരട്ടി എന്നിവ ചീഞ്ഞു പോകാൻ സാധ്യത ഉള്ള പച്ചക്കറിയുടെ അടിസ്ഥാനത്തിൽ ഓരോ ദിവസത്തേക്ക് ക്രമീകരിക്കും.

പച്ചക്കറി തികയാതെ വന്നാൽ ചെറു പയർ,വൻപയർ എന്നിവ ഉപയോഗിക്കും .പോഷകാഹാരം വിട്ടുവീ്ച്ചകളില്ലാതെ തന്നെ എല്ലാവർക്കും നൽകും.വൈകുന്നേരങ്ങളിൽ ചപ്പാത്തി,ഇടിയപ്പം പോലെ പലഹരങ്ങൾക്കയി കിഴങ്ങും,സവാളയും വേറെ വാങ്ങും. ചില ദിവസങ്ങളിൽ ചീരയും, തഴുതാമയും,മുരിങ്ങ ഇലയും ഓകെ മൂന്നാമത് ഒരു കറി ആയി വെക്കും.

പറമ്പിലെ വാഴ ഒന്ന് കുലച്ചു കിട്ടിയാൽ ഉത്സവമായി....വാഴ പിണ്ടി തോരൻ,കൂമ്പ് തോരൻ,വാഴക്ക മെഴുക്കുപുരട്ടി, ഇലയപ്പം,പിടിച്ചുകെട്ടി അങ്ങനെ പോകുന്നു നിര......അവധി കാലത്ത് ചക്കയും മാങ്ങയും ഉണ്ടാകും.പുളിശ്ശേരി,പച്ചടി, ഉപ്പിലിട്ടത്,ചക്ക പുഴുക്ക്,ചക്ക വരട്ടിയത്.....അങ്ങനെ വിഷമില്ലാത്ത ഫലങ്ങൾ കൊണ്ട് നാടൻ ഊണ്.

എണ്ണ പലഹാരങ്ങൾ ഒഴിവാക്കി കൊണ്ടിരിക്കുക ആണെങ്കിലും കൊതി തോന്നിയാൽ വടയോ,ബാജ്ജിയോ ഒക്കെ വീട്ടിൽ ഉണ്ടാക്കും.

പാചകം ചെയ്യാൻ ഒരു മടിയും ഇല്ല.പക്ഷേ വാചകം അടിക്കുമ്പോൾ ,ഇവൾ ഉണ്ടാക്കുന്നത് എന്തിന് കൊള്ളാം എന്ന് മറ്റുള്ളവരുടെ മുന്നില് കുറ്റപ്പെടുത്തുന്നത് ഒരു അലങ്കാരമായി കരുതുന്നത് എനിക്ക് സങ്കടം ആണ്.സർവോപരി വീട്ടമ്മമാർ മനുഷ്യർ അല്ലേ.....ചെറിയ അംഗീകാരങ്ങൾ കൊതിക്കുന്ന മനസ്സ് അവർകും ഇല്ലെ??

ജോലി കഴിഞ്ഞ് വരുമ്പോൾ അന്നത്തെ ദിവസം ഓഫീസിൽ നടന്ന സംഭവ വികാസങ്ങളും,ജോലി ഭാരവും,മേൽ അധികാരികളുടെ കരുണ ഇല്ലായ്മയും,സഹപ്രവർത്തകരുടെ തൊഴുത്തിൽ കുത്തും എല്ലാം പറഞ്ഞു തീർത്ത ആശ്വാസത്തിൽ ഉറങ്ങി പോകുന്ന ഭർത്താവിനെ സഹതാപത്തോടെ പുതപ്പിച്ചിട്ട് റോസായ്ക് 2 മോട്ട് വന്നതും,ജോലിക്ക് ആപ്ലിക്കേഷൻ അയച്ചതും പാല് വാങ്ങിയതിൻ്റെ ബാക്കി 5 രൂപയ്ക്ക് ഒരു ഡയറി മിൽക്ക് വാങ്ങി തിന്നതും തുടങ്ങിയ എൻ്റെ കൊച്ചു കൊച്ചു വിശേഷങ്ങൾ കെട്ടി പൂട്ടി വച്ചു അടുത്ത ദിവസത്തെ അലാറം set ചെയ്ത് കിടക്കും.

കണ്ണടച്ചു കിടന്നാൽ ഉടനെ ഉറങ്ങി പോകാറുള്ള എനിക്ക് ഇപ്പൊ ക്ഷീണം ഉണ്ടെങ്കിലും ഉറക്കം വരാറില്ല."നിനക്കൊരു ജോലീം കിട്ടണം,ഒരു കുഞ്ഞും വേണം.അത് ഒന്ന് കണ്ടാൽ മതി " എന്നൊക്കെ പ്രിയപെട്ട വർ പറയുമ്പോൾ എല്ലാം ശരി ആകുമെന്ന് അവരെ ആശ്വസിപ്പിക്കുന്നത് എൻ്റെ നൊമ്പരം ഉള്ളിൽ ഒളിപ്പിച്ചു വച്ചുകൊണ്ട് ആണ്.

അമ്പലത്തിലെ പശു കുട്ടികൾക്ക് കഞ്ഞി വെള്ളം കൊടുക്കുമ്പോൾ അവരെൻ്റെ കയ്യിൽ നക്കും.പുല്ലു പറിച്ചു കൊടുത്താൽ എനിക്ക് ആദ്യം എന്ന മട്ടിൽ മത്സരിച്ചു തല നീട്ടും.ഒരു ദിവസം ചോറ് വെക്കാൻ മറന്നാൽ കാക്കയും പ്രാവും എന്നെ ശബ്ദമുണ്ടാക്കി വിളിക്കും.കടയിൽ പോകുമ്പോൾ കൂടെ വാലാട്ടി കൊണ്ട് പട്ടികുട്ടി വരാറുണ്ട്......ഇവരുടെ ഒപ്പമുള്ളപ്പോൾ, കളങ്കമില്ലാത്ത ഈ സ്നേഹം അനുഭവിക്കുമ്പോൾ എനിക്ക് തോന്നുന്നത് എന്തോ അതൊക്കെ ആവില്ലേ കുഞ്ഞുങ്ങളെ പെറ്റു വളർത്തുന്ന അമ്മമാർക്കും തോന്നുക??ഇനി ഹോർമോണിൻ്റെ ഉൽപാദനത്തിന് ചിന്തകളിൽ വലിയ വ്യത്യാസം വരുത്താൻ കഴിയുമോ എന്നും അറിയില്ല. അമ്മയാകണമെങ്കിൽ ഗർഭം ചുമക്കണം എന്നുണ്ടോ?മനസ്സിൽ പുകയുന്ന ആശയങ്ങളെ അക്ഷരങ്ങളായി കടലാസിൽ പകർത്തും വരെ ഞാൻ അനുഭവിക്കുന്നത് പേറ്റു നോവ് തന്നെ അല്ലേ.....അമ്മയാകാൻ സഹജീവികളെ സ്വന്തം എന്ന് കരുതി സ്നേഹിക്കാൻ ഒരു മനസുണ്ടായാൽ പോരെ? നിന്നിലും എന്നിലും നിറയുന്നത് ഒരേ ചൈതന്യം ആണെന്ന തിരിച്ചറിവ് പോരേ??

സിദ്ധാന്തങ്ങൾ കാണാപാഠം പഠിച്ച് ഉത്തരക്കടലാസുകൾ നിറയ്കുന്നതനോ നിങ്ങൾ ഉദ്ദേശിക്കുന്ന വിദ്യാഭ്യാസം?അതോ മുന്തിയ വൻകിട കമ്പനികളുടെ കസേരകൾ വാഗ്ദാനം ചെയ്യുന്ന ഇടനില സ്ഥാപനമോ?ഒരു ജോലി നേടി എടുക്കാൻ കുറച്ചു കാലതാമസം നേരിട്ടാൽ നമ്മൾ നേടിയ വിദ്യാഭ്യാസം മികച്ചത് അല്ലെന്നോ നമ്മൾ കഴിവ് ഇല്ലത്തവർ ആണെന്നോ കരുതേണ്ട ആവശ്യമില്ല.ഒരു പൂ ചെടിയിൽ ഏതാനും മാസങ്ങൾക്കുള്ളിൽ പുഷ്പങ്ങൾ ഉണ്ടാകും.പക്ഷെ ഒരു വൃക്ഷത്തൈ മരം ആകാൻ അനേകം വർഷങ്ങൾ വേണ്ടി വരും. പുഷ്പിക്കുന്ന കാലം കഴിഞ്ഞ് ഒരു കാറ്റ് അടിച്ചാൽ പോലും അത് വീണു പോകും.എന്നാൽ മരമോ.....എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ദീർഘ കാലം ജീവിക്കും. പെട്ടെന്ന് ഒരു ചെടിയായി പൂത്തുലഞ്ഞു മരിക്കുന്നതിനേകാൽ ഭേദം കുറച്ചു പതുകെ ആണെങ്കിലും മരമായി അനേക കാലം ജീവികുന്നതല്ലെ??.ഒരു മരത്തെ പോലെ ശക്തരായി നിങ്ങൾ വളരാൻ ഉതകുന്ന വെള്ളവും വളവും ആണ് നിങ്ങളുടെ വിദ്യാഭ്യാസം. അത് പ്രതിസന്ധികളിൽ വാടിയാലും ഉണങ്ങി വീഴാതെ നിങ്ങളെ ജീവിതത്തെ അഭിമുഖീകരിക്കാൻ പ്രാപ്തരാക്കുന്നു .

ഉന്നത വിദ്യാഭ്യാസത്തിന് അനുയോജ്യമായ ഒരു ജോലി തരപെട്ടില്ല എന്നതിൽ ഖേദിച്ചു കാലം കഴിക്കുന്നതിനേക്കാൾ എത്രയോ ഭേദമാണ് ഉന്നത വിദ്യാഭ്യാസ യോഗ്യതയുടെ നിലവാരം ഇപ്പൊൾ ചെയ്യുന്ന ചെറിയ ജോലിയിലും കൊണ്ട് വരാൻ ശ്രമിക്കുന്നത്.

ചെയ്യുന്ന ജോലികൾ എന്തായിരുന്നാലും അത് ആത്മാർഥതയോടെ ചെയ്യുക.അതിൽ നിന്ന് ആത്മസംതൃപ്തി നേടുക.അതാണ് പ്രധാനം.മരം വെട്ടുകാരൻ്റെ ജോലി ചെയ്യില്ല എന്ന് വാശി പിടിച്ചു പട്ടിണി കിടന്നു ചത്തിരുനെങ്കിൽ എബ്രഹാം ലിങ്കൺ എന്ന മനുഷ്യനെ നാം കാണുമായിരുന്നോ?പത്രം വിറ്റ് സ്കൂളിൽ പോകാൻ പൈസ ഉണ്ടാക്കി ഇല്ലായിരുന്നെങ്കിൽ കലാം എന്ന അതുല്യ പ്രതിഭയെ നമ്മൾ അറിയുമാ യിരുന്നോ??
വീട്ടുജോലിക്ക് ഇടയിൽ നമ്മുടെ സ്വപ്നത്തെ കൈവിടാതെ കൊണ്ട് നടന്നാൽ ഒരു കാലത്ത് നമ്മളും ഉയർന്ന പദവികൾ അലങ്കരിക്കില്ലെന്ന് ആരു കണ്ടൂ!!!

അനന്തമായ സാധ്യതകൾ കൊട്ടിയടച്ചു സന്തുഷ്ടം ആയ കുടുംബ ജീവിതത്തിനായ് കൂട്ടിൽ ചിറകു ഒതുക്കി വച്ചിരിക്കുന്നവരെ കുത്തി നോവിച്ചു രസിക്കുന്നതിന് പകരം കഴിയുമെങ്കിൽ അവർക്ക് ഒരു ആകാശം നൽകൂ......അവരും ഉയരങ്ങൾ കാണട്ടെ.......

By Lakshmi Venkideswaran

1 comment:

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot