പുത്തൻ മരുമകൾക്ക് വീട്ടുപണികളൊന്നും തന്നെ ചെയ്യാനറിയില്ല എന്നത് എന്റെ അമ്മായിഅമ്മയുടെ ഒരു വലിയ വിഷമം ആയിരുന്നു. പെണ്ണുങ്ങൾ എന്നാൽ വീട്ടുപണികൾ ചെയ്യാനായി സൃഷ്ടിക്കപ്പെട്ടവരാണെന്നും അത് അറിയാത്തവർ/ ചെയ്യാത്തവർ സ്ത്രീവർഗ്ഗത്തിന് തന്നെ അപമാനമെന്നും കക്ഷി കരുതിപ്പോന്നു.
എന്റെ ഭാഗ്യദോഷത്തിന് ചേട്ടന്റെ ഭാര്യയും നാത്തൂനുമൊക്കെ വീട്ടുപണികളിൽ പി എഛ് ഡി എടുത്തവർ ആയിരുന്നു. കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ അവർ കപ്പ, മീൻ , ചോറ് ,നാലഞ്ചുകൂട്ടം കറികൾ എന്നിവ ഉണ്ടാക്കിയ ശേഷം, ഒരു മടുപ്പുമില്ലാതെ അമ്മേ ഇനിയെന്താ ചെയ്യണ്ടേ എന്നു ചോദിച്ച് ചിരിച്ചു നിൽക്കും.
ഞാൻ പ്രൊഫെഷണലി എന്തൊക്കെയാണെങ്കിലും വീട്ടുപണികൾ അറിയില്ല എന്നത് വലിയൊരു കുറവായി കണക്കാക്കപ്പെട്ടു. പതിനഞ്ചാം വയസ്സു മുതൽ ഹോസ്റ്റലിൽ നിന്നതു കൊണ്ട് വിയർപ്പിന്റെ അസുഖം അൽപ്പം ഉണ്ടെന്നതും എന്റെ ആ കുറവിന് മാറ്റുകൂട്ടി.
ബന്ധുവീടുകളിൽ ചെല്ലുമ്പോൾ അവിടുത്തെ അമ്മച്ചിമാര് വക ' പെണ്ണിന് പണികളൊക്കെ അറിയാവോടീ മറിയാമ്മേ' എന്നൊരു ചോദ്യമുണ്ട്. അതുകേൾക്കുമ്പോൾ എനിക്ക് മേലാസകലം ചൊറിഞ്ഞു വരും. അമ്മായിഅമ്മ ഗിയർ ന്യൂട്രലിലേയ്ക്കിട്ട് 'ഓ' എന്നൊരു മൂളൽ മൂളും . അതിൽ അവർക്കു വേണ്ട എല്ലാ ഉത്തരങ്ങളും അടങ്ങിയിട്ടുണ്ടാകും.
വീട്ടുപണികളൊന്നും അറിയില്ലെങ്കിലും ഒരു സംഭവമാണ് എന്നു കാണിക്കാനായി പല ടെക്‌നിക്കുകളും ഞാൻ ശ്രമിച്ചു. ഇന്റീരിയർ ഡിസൈനിങ് മുതൽ പലതും പരീക്ഷിച്ചു. വീട്ടിലെ പുരപ്പുറം വരെ തൂത്തു. പക്ഷെ അമ്മായിഅമ്മയ്ക്ക് നോ അനക്കം.
എങ്കിൽപ്പിന്നെ സോപ്പിട്ടു കയ്യിലെടുക്കാം എന്നു കരുതി ആദ്യം സാരി വാങ്ങിക്കൊടുത്തു, പിന്നെ നൈറ്റി വാങ്ങിക്കൊടുത്തു , എന്തിന് കയ്യിൽക്കിടന്ന വള വരെ ഊരിക്കൊടുത്തു. പക്ഷെ ഞാനപ്പോഴും രണ്ടാംതരക്കാരി തന്നെ..
ഞാൻ ആകെ അസ്വസ്ഥയായി. അമ്മയെ ഇമ്പ്രെസ്സ് ചെയ്യിച്ചെ പറ്റൂ . അമ്മ ചേച്ചിയെക്കുറിച്ചു പറയുന്നത് പോലെ എന്നെക്കുറിച്ചും പറയണം. അത് കേട്ട് ഹൃദയം നിറയ്ക്കണം.
അങ്ങനെയിരിക്കെയാണ് ക്രിസ്മസ് ആഘോഷിക്കാൻ പള്ളിയിൽ രണ്ടു ജർമ്മൻകാർ വന്നത് . ഒരു സായിപ്പും മദാമ്മയും.
ക്രിസ്മസ് രാത്രിയിൽ പാതിരാകുർബ്ബാനയ്ക്ക് പോകുന്നവഴിയിൽ അവരതാ മാലാഖമാരെപ്പോലെ വഴിയിൽ നിൽക്കുന്നു . എന്റൊപ്പം അമ്മയുമുണ്ട് .
ഇതുതന്നെ അവസരം ...എന്റെ മനസ്സ് മന്ത്രിച്ചു.
ഞാൻ ഇടിച്ചു കേറി അവർക്കു കൈയൊക്കെ കൊടുത്ത് ഇംഗ്ലീഷിൽ അതുമിതുമൊക്കെ സംസാരിച്ചു. അമ്മ എന്റെ ആഷ്പുഷ് ഇംഗ്ലീഷ് കേട്ട് വണ്ടർ അടിക്കുമെന്നും മരുമകളെക്കുറിച്ച് അഭിമാനപുളകിതയാകുമെന്നും വീട്ടിൽ ചെന്ന് എന്നെ പുകഴ്ത്തിപ്പറയുമെന്നും സങ്കൽപ്പിച്ചു. അപ്പോഴതാ എന്റെ സ്വപ്നക്കൊട്ടാരം പൊളിച്ചുകൊണ്ട് അമ്മേടെ ബന്ധത്തിലുള്ള, മൊട്ടേന്നു വിരിയാത്ത രണ്ടു പിള്ളേര് വന്ന് അവരോടു സംസാരിക്കുന്നു. അതും ഇംഗ്ലീഷിലും ജർമ്മനിലും മാറിമാറി. അമ്മേടെ മുഖത്ത് അഭിമാന സൂര്യൻ. ഞാൻ പ്ലിങ്.
പള്ളിയിൽ ഞങ്ങൾ ഇരുന്നത് ഏറ്റവും പുറകിലായാണ്. അതിഥികളോടുള്ള ആദരസൂചകമായി അവർ പാടുന്ന ഒരു കരോൾഗാനം ഉണ്ടായിരിക്കുന്നതാണെന്ന് കുർബ്ബാനയ്ക്ക് മുൻപ് അച്ചൻ അനൗൺസ് ചെയ്തു.
സായിപ്പും മദാമ്മയും ഗായകസംഘത്തിന്റെ അകമ്പടിയോടെ നേർത്ത ശബ്ദത്തിൽ സൈലന്റ് നൈറ്റ് പാടിത്തുടങ്ങി. തേടിയവള്ളി കാലിൽ ചുറ്റിയ മാതിരി ഞാൻ സന്തോഷിച്ചു. അമ്മയെ എന്റെ പാട്ടുപാടാനുള്ള കഴിവ് , അതും ഇംഗ്ലീഷ് പാട്ട് , കേൾപ്പിച്ചിട്ടു തന്നെ കാര്യം. ഞാൻ തൊണ്ടയൊക്കെ ക്ലിയർ ചെയ്ത് അവരുടെ ഒപ്പം അത്യാവശ്യം ഉറക്കെ പാടിത്തുടങ്ങി.
എന്റെ സ്വരം കേട്ടിട്ടുള്ളവർ ആ പള്ളിയിലുണ്ടായിരുന്നവരുടെ അവസ്ഥ ഓർത്ത് ഇപ്പോൾ ഒന്നു ഞെട്ടും. പക്ഷെ സത്യമായിട്ടും എന്റെ സ്വരം അന്ന് ഇത്ര ഭീകരമായിരുന്നില്ല . കാലങ്ങളുടെ മരുന്നുപയോഗമാണ് സ്വരത്തെ ഇത്ര കർണ്ണകഠോരമാക്കിയത്.
എന്തായാലും ഞാൻ കണ്ണൊക്കെ അടച്ച് നല്ല ഹൈപിച്ചിൽ പാടിക്കൊണ്ടിരിക്കുകയാണ്. ഇംഗ്ലീഷ് പാട്ടായതു കൊണ്ട് മുൻപിൽ കുറച്ചു പിള്ളേരല്ലാതെ അധികമാരും പാടുന്നില്ല . അമ്മ എന്നെ ശ്രദ്ധിക്കുന്നുണ്ടാകുമെന്നും, മറ്റുള്ളവരുടെ മുൻപിൽ മരുമകളെക്കുറിച്ച് അഭിമാനിക്കുന്നുണ്ടാകുമെന്നും ഒക്കെ ഓർത്താണ് ഞാൻ പാടുന്നത്.
അപ്പോൾ അമ്മ എന്നെ ഒന്ന് തട്ടി. 'ആഹാ അഭിനന്ദനത്തിന്റെ തട്ട്' എന്റെ മനസ്സ് നിറഞ്ഞു. ഒരു പുഞ്ചിരിയോടെ കണ്ണ് തുറന്നു നോക്കിയപ്പോൾ എല്ലാവരും എന്നെ തിരിഞ്ഞു നോക്കുന്നു.
സായിപ്പും മദാമ്മയും ആ പാട്ടിന്റെ ആദ്യ സ്റ്റാൻസ പാടിയിട്ട് വേറെ പാട്ടു തുടങ്ങി. അമ്മയെ ഇമ്പ്രെസ്സ് ചെയ്യിച്ചുകൊണ്ടിരുന്ന ഞാൻ ഇതൊന്നും അറിയാതെ നല്ല ഹൈപിച്ചിൽ പാട്ടു തുടർന്നു.
അമ്മ മാത്രമല്ല, പള്ളിയിലുണ്ടായിരുന്ന മിക്കവരും ഇമ്പ്രെസ്സ് ആയെന്ന് അമ്മയുടെ മുഖത്ത് കറുത്ത അക്ഷരത്തിൽ എഴുതിവച്ചിട്ടുണ്ടായിരുന്നു. പാവം ഞാൻ. എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതുതന്നെ അവസ്ഥ.
ലിൻസി വർക്കി
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക