നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒരു വീട്


 "നിന്നോടൊരു കാര്യം പറയാനുണ്ട്.".. ക്ലാസ് വിട്ടു പോകുമ്പോൾ അൻവർ സെലീനയോട് പറഞ്ഞു..

അവൾ ചോദ്യഭാവത്തിൽ അവനെ നോക്കി..

"മൃദുല എന്താ ക്ലാസ്സിൽ വരാത്തെ.. രണ്ടു ദിവസമായല്ലോ.. "

അറിയില്ല...

നിനക്ക് ആരോടെങ്കിലും ചോദിച്ചൂടെ

"ഞാൻ ആരോട് ചോദിക്കാൻ... അവളുടെ വീടിന്റ അടുത്ത് നിന്നും ആരും വരുന്നില്ല.... നിനക്ക് പോയി അന്വേഷിച്ചൂടെ."... സെലീന പറഞ്ഞു

"അവളുടെ വീട് എവിടെയാണെന്ന് വ്യക്‌തമായി അറിയില്ല... കടവിൽ വഞ്ചിക്കാണ് അവൾ വരുന്നതും പോകുന്നതും.. ചിലപ്പോൾ തുരുത്തിലുള്ള കോളനിയിൽ ആയിരിക്കണം... നാളെ വെള്ളി ആഴ്ചയല്ലേ ഉച്ചക്ക് ഒരുപാട് സമയം കിട്ടും.... എന്തായാലും പോയി നോക്കാം..."

അൻവറും,സലീനയും,മൃദുലയും ഒരേ ക്ലാസ്സിലാണ് പഠിക്കുന്നത്... മൂവരും എപ്പോഴും ഒരുമിച്ചാണ് എല്ലാ കാര്യത്തിനും.

*******

കടത്തിറങ്ങി അൻവർ പതിയെ നടന്നു...ആരോടോ ചോദിക്കാ ...ചോദിച്ചാൽ തന്നെ ആളുകൾ തെറ്റിദ്ധരിക്കോ ..ഓരോന്ന് ആലോചിച്ചു നടക്കുന്നതിനിടയിലാണ് അവനത് കണ്ടത് ...പൈപ്പിൻ ചുവട്ടിൽ വെള്ളം പിടിക്കാൻ വന്ന മൃദുല അൻവറിനെയും കണ്ടിരുന്നു...അവൻ ചിരിച്ചുകൊണ്ട് അവളുടെ അടുത്തേക്ക് ചെന്നു...

"അമ്മക്ക് സുഖമില്ല...അതുകൊണ്ട് ക്ലാസിൽ വരാനൊന്നും പറ്റുകേല"...വീട്ടിലേക്ക് നടക്കുന്നതിനിടയിൽ അവൾ പറഞ്ഞു...

ഇടവഴിയിൽ കൂടി കുറച്ചു ഉള്ളിലേക്ക് ചെന്നു ഷീറ്റിട്ട കൂരയുടെ മുൻപിൽ മൃദൂല നിന്നു.

"വായോ ഇതാണ് എന്റെ വീട്..".

വീട് എന്നു പറയാൻ പറ്റാത്ത ..ഷീറ്റ് മാത്രം വിരിച്ച ആ കുഞ്ഞു കുടിലിലേക്ക് അൻവർ കയറി...
"അമ്മേ ഇതു എന്റെ കൂടെ പടിക്കണ കുട്ടിയാ.." അൻവറിനെ കാണിച്ചു മൃദുല അമ്മയോടായി പറഞ്ഞു..
കട്ടിലിൽ ചുരുണ്ടു കൂടി കിടന്ന ആ രൂപം അൻവറിനെ നോക്കി ചിരിച്ചു...

"ഞാൻ ചായ ഇടാം"...അതും പറഞ്ഞു അവൾ അടുക്കള എന്നു തോന്നിക്കുന്ന കുഞ്ഞു മുറിയിലേക്ക് പോയി..

"മോനിരിക്ക്.". ഒരു സ്റ്റൂൾ ചൂണ്ടി കാണിച്ചുകൊണ്ട് ആ സ്ത്രീ പറഞ്ഞു...

"ക്ലാസ്സിലെ കാര്യങ്ങൾ അവൾ എപ്പോഴും പറയും...മോനെ കുറിച്ചും പറയാറുണ്ട്...രണ്ടു ദിവസമായി അവൾ സ്കൂളിൽ പോണില്ല..ഞാൻ പറഞ്ഞതാ പൊയ്ക്കോളാൻ...പക്ഷെ അവൾ സമ്മതിക്കുന്നില്ല...ആകെ ഒരു ചെറിയ പനി മാത്രമുള്ളു...എന്നാലും അവൾക്ക് ഭയങ്കര വിഷമമാണ്...എന്നെ ഒറ്റക്കാക്കി പോകാൻ അവൾക്ക് പേടി...ഇപ്പോൾ എനിക്കും പേടി തോന്നുന്നു.. ഞാൻ ഇല്ലാതായാൽ എന്റെ മോൾക്ക് ആരാ...പേരിന് പോലും ഒരാളില്ല...അതു പറഞ്ഞു സ്ത്രീ പതിയെ കരഞ്ഞു."..

യാത്ര പറഞ്ഞു അൻവർ ഇറങ്ങുമ്പോൾ അവൾ പൈപ്പിൻ ചുവടു വരെ അവന്റെ കൂടെ വന്നു..

"ആദ്യമായിട്ടാ ഒരാൾ എന്റെ വീട്ടിൽ വരുന്നത്... ഞാൻ ആരോടും ഒന്നും പറയാറില്ല.".. അവൾ അങ്ങനെ പറയുമ്പോൾ അവളുടെ കണ്ണിൽ നനവുണ്ടായിരുന്നു ..

അന്നു രാത്രി മൃദുലയും അവളുടെ വീടുമായിരുന്നു അവന്റെ ചിന്തയിൽ ... വാപ്പ ഗൾഫിലായത് കൊണ്ടു ഇതുവരെ ബന്ധിമുട്ടുകൾ ഒന്നും അറിഞ്ഞിട്ടില്ല...ഭക്ഷണം ഉണ്ടാക്കിയിട്ടും കഴിക്കാത്തതിലുള്ള വിഷമമം മാത്രമാണ് വീട്ടുകാർക്കുള്ളത്....

പിറ്റേന്ന് ബെല്ലടിച്ച ശേഷം അൻവർ ഹെഡ്മാഷിന്റെ മുറിയിലേക്കാണ് പോയത്...മാഷിനോട് വിവരം പറഞ്ഞു..
കൂടെ പഠിക്കുന്ന കുട്ടിക്ക് ഒരു വീട് ....സ്കൂളും ,കുട്ടികളും രക്ഷിതാക്കളും മനസ്സ് വെച്ചാൽ നടക്കുന്ന ഒരു കാര്യം...പിന്നീട് കാര്യങ്ങളെല്ലാം വേഗത്തിൽ നടന്നു...

ഇന്ന് മൃദുല പുതിയ വീട്ടിൽ താമസം തുടങ്ങുകയാണ്...അദ്ധ്യാപകരും കുറച്ചു കുട്ടികളും രക്ഷിതാക്കളും വന്നിട്ടുണ്ട്...അവളുടെ സന്തോഷത്തിന് അതിരില്ലായിരുന്നു..

യാത്ര പറയാൻ നേരം മൃദൂല അവരുടെ അടുത്തേക്ക് വന്നു.

"നന്ദി പറയണം എന്നുണ്ട് പക്ഷെ" ..അവളൂടെ വാക്കുകൾ ഇടറി..

"നന്ദിയോ ..എന്തിന് ..നീ ഞങ്ങളുടെ കൂട്ടുകാരിയല്ലേ....ഇതു ഞങ്ങളുടെ കടമയാണ്"....അൻവർ ചിരിയോടെ നിന്നു...
കൂടെ സലീനയും...

റഹീം പുത്തൻചിറ ..

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot