Slider

ലൈറ്റര്‍

0


ഇന്നും പോള്‍സാര്‍ പത്തുമണിക്കാണ്‌ വന്നത്. എച്ച്. ആര്‍. മാനേജരാണ്. സൌമ്യന്‍; സ്മാര്‍ട്ട്‌, വെല്‍ഡ്രസ്സ്‌ഡ്. ജോലിയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഇല്ലാത്ത സ്വഭാവം. കണിശ്ശക്കാരന്‍. 2003-മുതല്‍ എനിക്കു പരിചയമുണ്ട്. ഒത്തിരിക്കാലം കൂടെ ജോലിചെയ്തിട്ടുമുണ്ട്. ഞാന്‍ അക്കൌണ്ട്സില്‍ ആണെന്നുമാത്രം. ഒരിടവേളയ്ക്കുശേഷം രണ്ടുവര്‍ഷമായി ഇപ്പോള്‍ ഒരുമിച്ചാണ്. എന്തും പറയാം. എല്ലാത്തിന്നും ഒപ്പംകൂടുന്ന സ്വഭാവവുമാണ്. പക്ഷേ, അതു കുവൈറ്റിലെ പൊടിക്കാറ്റുപോലേയാണ്.  എപ്പോള്‍ മാറുമെന്നു പറയാനാവില്ല; അത്രതന്നെ.  

പതിവുപോലേചെന്ന് ഒന്നു വിഷ്ചെയ്യാമെന്നുകരുതി എഴുന്നേറ്റപ്പോളാണ് “ദെന്‍ വേര്‍ ഈസ്‌ ദ മെയില്‍?” ശബ്ദം ഉയര്‍ന്നുകേട്ടത്‌. ഫോണിലൂടെയാണ്. അതു കേട്ടപ്പോള്‍ ആ വിഷിംഗ് വേണ്ടെന്നുവച്ചു. എന്തോ പന്തികേടുണ്ട്! അപ്പോളേക്കും അരാമെക്സ്‌ ഡെലിവറിയുമായെത്തി. അരാമെക്സിനെ കാണുന്നതേ ചതുര്‍ത്ഥിയാണ്. 

“ഗുഡ് മോര്‍ണിംഗ് സര്‍”
“നമസ്കാരം”
“എന്തൊക്കെ?”
“നത്തിംഗ്.” 

കാബിനില്‍നിന്നു ഡെലിവറിക്കാരന്‍ ജീവനുംകൊണ്ടു പുറത്തേക്ക്. എന്നെ നോക്കി, ഇന്നെന്തുപറ്റി എന്നാംഗ്യം; അറിയില്ലെന്ന് തിരിയേ ഞാനും. ഇതിന്നിടയില്‍, ഓഫീസ്ഗേള്‍ സ്റ്റേഷനറി വാങ്ങാനുണ്ടെന്നു ചെന്നുപറഞ്ഞു. “അയാം ബിസ്സി”യില്‍ അതും തീര്‍ന്നു. അപ്പോള്‍ ഇന്നെല്ലാം തരികിടതോം!

ഉച്ചയായി. അച്ചായൻ (ഞാന്‍ അങ്ങനെയാണ് വിളിക്കുന്നത്‌) സാധാരണ കഴിക്കാറില്ല. ഞങ്ങള്‍ മറ്റു സ്റ്റാഫ് ഡ്രൈവറെവിട്ട് ഊണ് വാങ്ങിച്ചിരുന്നു. എന്തായാലും രണ്ടുംകല്പിച്ച് ചോദിച്ചു:  
“അച്ചായാ” എന്നു വാമൊഴിയും ബാക്കി ആംഗ്യവും. 
“താങ്ക് യൂ.”
അതും തീര്‍ന്നു. 
സമയം അഞ്ച് ആവാന്‍ അഞ്ചു മിനിറ്റ്. 
കാബിനില്‍നിന്നിറങ്ങി, ഡ്രൈവറോട് പോകാം എന്നു പറഞ്ഞു. 
“എന്താ ഗിരീഷേ, ഇന്ന് സ്റ്റൈലിലാണല്ലോ?”
ഞാന്‍ ഒന്നു ചിരിച്ചു.
“ഇന്ന് എന്തുപറ്റി അച്ചായാ?”
ലിഫ്റ്റിറങ്ങിനടന്ന്, കാറിലേക്കു കയറുമ്പോള്‍ ചോദിച്ചു.
“ലൈറ്റര്‍ കത്തിയില്ല. രാവിലെ ബാത്ത്റൂമില്‍ പോയപ്പോ. കോപ്പ്.” 

 എന്റെ ചിന്തയില്‍ കാക്കകൾ ചുമ്മാ തലങ്ങും വിലങ്ങും മലര്‍ന്നുപറന്നു. അച്ചായന്‍ സിഗരറ്റ് വലിക്കാറില്ലല്ലോ!

-----------------------------------------

ബാബുപോള്‍ തുരുത്തി 

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo