നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സദാനന്ദൻ മാഷിന്റെ കുട


 " മോനെ അച്ഛൻ ....", അമ്മയുടെ ഫോണിലൂടെയുള്ള വാക്കുകൾ കേട്ടപ്പോൾ റിജുവിന് എന്തോ പന്തികേട് തോന്നി ....

"ന്താ മ്മെ . "
" മോനെ ....." പിന്നെ ഒരു തേങ്ങിക്കരച്ചിലായിരുന്നു ....
.................
സദാനന്ദൻ മാഷ് മരിച്ചു .... മലയാളവും കണക്കും പഠിപ്പിക്കുന്ന ആ ഗ്രാമത്തിലെ ഏവരുടെയും പ്രിയപ്പെട്ട മാഷ്.... മാഷിന്റെ വീട്ടിലേക്ക് വിവരമറിഞ്ഞ് നാട്ടുകാർ ഇരച്ചുകയറി
പതിവു പോലെ രാവിലത്തെ ചായ കുടി കഴിഞ്ഞ് പത്രം വായിച്ചു കൊണ്ടിരുന്നതാണ് ....എന്തൊ .. അസ്വസ്ഥത തോന്നി .... ഭാര്യയെ വിളിച്ചു .... ആ കയ്യിലേക്ക് കുഴഞ്ഞുവീണു ....
പിന്നെ .....സ്ക്കൂളിലെ സഹപ്രവർത്തകർ .... സുഹൃത്തുക്കൾ .... കുട്ടികൾ .... നിറഞ്ഞ വേദനയോടെ മാഷിന് വിട പറഞ്ഞപ്പോൾ ആ ഗ്രാമം മൊത്തം തേങ്ങി .....
എല്ലാവരും പിരിഞ്ഞു ... ആ വീട് ശാന്തമായി ..ആ വലിയ പഴയ വീടിന്റെ കോലായിൽ മകൻ റിജുവും ഭാര്യ രാജിയും മകൾ അപർണ്ണയും പറമ്പിൽ അച്ഛൻ വിശ്രമിക്കുന്ന സ്ഥലത്തേക്ക് നോക്കിയിരുന്നു ..... റിജു തല തിരിച്ച് ചുമരിലേക്ക് നോക്കി .... അച്ഛന്റെ വലിയ കുട തൂക്കിയിട്ടിരിക്കുന്നു .... അതിന്റെ പിടിയിൽ ഒരു ചെമ്പ് തകിടുകൊണ്ട് വളപോലെ
പിടിപ്പിച്ചിട്ടുണ്ട് ....അതാണ് ആ കുടയുടെ ഭംഗി ....
തനിക്ക് സ്പെഷ്യൽ ക്ലാസ് ഉള്ള ദിവസം അച്ഛന്റെ സ്പെഷ്യൽ പെർമിഷൻ മേടിച്ച് ആ കുട താൻ കോളേജിൽ കൊണ്ടുപോകുമായിരുന്നു .... റിജു ഓർത്തു ... കോളേജിലെ എല്ലാവർക്കും ആ കുട ഒരു കൗതുക വസ്തുവായിരുന്നു ....അതും ചൂടി തിരിച്ചു വരുമ്പോൾ ഒരു പ്രത്യേക ഗമയായിരുന്നു .... ഓരോന്ന് ഓർത്തു കൊണ്ടിരുന്നപ്പോൾ റിജുവിന്റെ കണ്ണുനനഞ്ഞു .....
അടുക്കളയിൽ നിന്ന് പണിയും കഴിഞ്ഞ് മുണ്ടിന്റെ കോന്തലയിൽ കൈ തുടച്ച് അമ്മ ദേവയാനി റിജുവിന്റെ അടുത്ത് വന്നിരുന്നു ... തന്റെ ഭർത്താവ് വിശ്രമിക്കുന്ന പറമ്പിന്റെ കോണിലേക്ക് നോക്കിയിരുന്നു ....
"എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ... അച്ഛനെയും അമ്മയെയും എന്റെ കൂടെ കുറെ കാലം താമസിപ്പിക്കുകയെന്ന് ... ഒന്നും നടന്നില്ല "
റിജു. വേദനയോടെ പറഞ്ഞു ....
"അമ്മയെങ്കിലും ഞങ്ങടെ കൂടെ വാ"
റിജുവിന്റെ ഭാര്യ രാജി അത് പറഞ്ഞ് അമ്മയുടെ കയ്യിൽ പിടിച്ചു ....
"മോളെ അച്ഛനുണ്ടായപ്പൊ പോകാൻ കഴിഞ്ഞില്ല .... അന്നെനിക്കാശയുണ്ടായിരുന്നു ... നിങ്ങടെ കൂടെയൊക്കെ താമസിക്കാൻ .... നിങ്ങക്കറിയാലൊ .... ഈ സ്ഥലം വിട്ട് അച്ഛന് എവിടെയും പോകാൻ ഇഷ്ടമല്ല ....ഇനിയിപ്പൊ അച്ചനില്ലാതെ ഞാനുമില്ല ... "
അമ്മ ഒന്നു നിർത്തി തുടർന്നു.
" അച്ഛൻ കാര്യമായിട്ട് വെള്ളവും ഭക്ഷണവും കൊടുത്ത് വളർത്തുന്നതാണ് ... ഈ പശുക്കളെയും പൂച്ചയെയും നായയെയും തത്തമ്മയെയും .....പിന്നെ ഈ ചെടികൾ .... കൃഷി .... ഈ വീട് ....പറമ്പ് ..... അടച്ചിട്ടാൽ എല്ലാം നശിക്കും .... അച്ഛന് സഹിക്കില്ല മക്കളെ അത് "
അമ്മ കണ്ണുതുടച്ചു കൊണ്ട് പറഞ്ഞു .... കുറച്ച് നേരം എല്ലാവരും മൗനം പൂണ്ടു ...
"അമ്മേ ഞാൻ മടങ്ങി പോകുമ്പൊ അച്ഛന്റെ ഈ കുട കൊണ്ടു പൊക്കോട്ടെ "
" അതിനെന്താ കൊണ്ടു പൊക്കൊ .... സൂക്ഷിക്കണം.... കളയരുത്.... എന്നെ കല്യാണം കഴിച്ച് കൊണ്ടു വരുമ്പോളെ ഈ കുട അച്ഛന്റെ കയ്യിലുണ്ട് "
....................................
ദുബായ് മലയാളം ആർട്ട്സ് ലവേഴ്സ് അസോസിയേഷൻ അന്ന് ഒരു വൻ സ്വീകരണമൊരുക്കി .... തിരഞ്ഞെടുത്ത ഒരു സദസ്സിന്റെ മുന്നിൽ ദുബായിലെ ഇന്ത്യൻ സ്ക്കൂൾ അദ്ധ്യാപകനായ ശ്രീധറിന് കേരള സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ചതിന്റെ ആഘോഷമായിരുന്നു അത്.-- ശ്രീധർ എഴുതിയ " സദാനന്ദൻ മാഷിന്റെ കുട" എന്ന പുസ്തകമാണ് അവാർഡിനർഹമായത് ..... സാഹിത്യം ഇഷ്ടപെടുന്നവർക്കായി ചടങ്ങിന് ഓൺ ലൈൻ സംവിധാനം ഒരുക്കിയതിനാൽ ശ്രീധറിന്റെ വാക്കുകൾക്കായി ലോകത്തിന്റെ പല മൂലകളിലും ജനങ്ങൾ ആകാംക്ഷയോടെ കാത്തിരുന്നു
പ്രസംഗിക്കാനായി ശ്രീധർ എഴുന്നേറ്റപ്പോൾ തന്നെ സദസ്സ് കരഘോഷം മുഴക്കി
" നമസ്ക്കാരം ... അമേരിക്കൻ എഴുത്തുകാരൻ ജോസഫ് ഹെല്ലറിന്റെ ഒരു വാചകമുണ്ട് .... ഒരു പുസ്തകം ഉത്തമ കലാസൃഷ്ടിയാകുന്നത് അത് എഴുതുമ്പോഴൊ വായിക്കുമ്പോഴോ അല്ല ...മറിച്ച് അത് മനസ്സിൽ തട്ടി ആസ്വദിക്കപെടുമ്പോഴാണ് .... സദാനന്ദൻ മാഷിന്റെ കുട നിങ്ങൾ ആസ്വദിച്ചു എന്നുള്ളതാണ് എനിക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരം .... അതിന് മുൻപിൽ ഞാൻ ആദ്യമായി എന്റെ നന്ദി നിറഞ്ഞ നമസ്ക്കാരം രേഖപെടുത്തട്ടെ ... " സദസ്സ് വീണ്ടും കയ്യടിച്ചു
" ഒരു കഥ എഴുതാൻ എനിക്ക് ഇത് വരെ ബുദ്ധിമുട്ട് തോന്നിയിട്ടില്ല ... കാരണം അവിടെ ഞാനും എന്റെ ഇഷ്ടങ്ങളും മാത്രമെയുള്ളു... എന്റെ ഇഷ്ടങ്ങളെ തൃപ്തിപെടുത്താൻ എനിക്ക് നിമിഷങ്ങൾ മതി ....അപ്പൊൾ എന്റെ എഴുത്ത് എനിക്ക് വളരെ ശ്രേഷ്ടമായി തോന്നും.... എന്നാൽ എപ്പോഴെല്ലാം നിങ്ങൾ വായനക്കാരുടെ ഇഷ്ടങ്ങൾ, അനിഷ്ടങ്ങൾ ,നിങ്ങളുടെ ചിന്തകൾ, എന്നെ കീഴ്പെടുത്തുന്നുവൊ അപ്പോഴെല്ലാം ഞാനും എന്നിലെ എഴുത്തുകാരനും തമ്മിൽ ഒരു യുദ്ധഭൂമിയിലേക്ക് പ്രവേശിക്കയാണ് ... അവിടെ ഹതാശയനാകാതെ പിടിച്ചു നിൽക്കലാണ് എന്റെ ലക്ഷ്യം ....അതിൽ വിജയിക്കുമ്പോൾ ഞാൻ നിങ്ങളിൽ ഒരുവനാകുന്നു .... നമ്മൾ ഒരുമിച്ച് വായിക്കുന്നു ..സദാനന്ദൻ
മാഷിന്റെ കുട നമുക്ക് പ്രിയപെട്ടതാകുന്നു ....."
ശ്രീധറിന്റെ വാക്കുകൾ കേട്ട സദസ്സ് നിർത്താതെ കയ്യടിച്ചു കൊണ്ടിരുന്നു ....
കുറച്ചു നേരത്തെ നിശബ്ദതക്ക് ശേഷം ശ്രീധർ തുടർന്നു
" സുഹൃത്തുക്കളെ ഇന്ന് എന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു സംഭവം നടന്നു ... നിങ്ങളുമായി എനിക്കത് പങ്ക് വെക്കണം .....:
സദസ്സ് വീർപ്പടക്കി കാത്തിരുന്നു ...ശ്രീധറിന്റെ വാക്കുകൾക്കായി ...
"സദാനന്ദൻ മാഷിന്റെ കുട എന്ന എന്റെ കഥയിലെ പോലെ ഞാൻ എന്നും നന്ദിയോടെ ഓർക്കുന്ന ഒരു കുടയുണ്ട് .... അച്ഛനില്ലാതെ അമ്മയില്ലാതെ ജീവിക്കുന്ന കാലം. ചോർന്നൊലിക്കുന്ന കൂരയെക്കാൾ നല്ലത് പുറത്തെ മഴ കൊണ്ട് സ്ക്കൂളിൽ പോകുന്നതാണ് നല്ലതെന്ന് ചിന്തിച്ചിരുന്ന ഒരു ബാല്യം ... അന്ന് മഴതുള്ളികൾ എന്റെ മേൽ ഏൽക്കാതെ എന്നെ സംരക്ഷിച്ചു കൊണ്ട് സ്ക്കൂളിൽ എത്തിച്ചിരുന്നു ഒരു കുട....
എനിക്ക് അക്ഷരങ്ങളും ധനവും തന്ന് എന്നെ ഇന്നത്തെ ഞാനാക്കിയ എന്നെ സംരക്ഷിച്ച എന്റെ പ്രിയപ്പെട്ട അദ്ധ്യാപകന്റെ കുട.... ഉടുക്കാൻ തുണിയില്ലാതെ പുറത്തിറങ്ങാൻ മടിച്ചിരിക്കുമ്പോൾ സ്വന്തം മകന്റെ കുപ്പായവും ട്രൗസറും എനിക്കായി കൊണ്ടു തന്ന് എന്റെ നാണം മറച്ച ഒരു മാഷിന്റെ
കുടയുടെ കഥ ... പിടിയിൽ ചെമ്പ് തകിട് വളപോലെ പിടിപ്പിച്ച മനോഹരമായ ഒരു കുട... ഇന്ന് ഇന്ന് ആ കുട എന്റെ കയ്യിലെത്തി ....എന്റെ പ്രിയപ്പെട്ട മാഷിന്റെ കുട.... എന്റെ സ്ക്കൂളിലെ വിദ്യാർത്ഥിനിയായ മാഷുടെ കൊച്ചുമോളാണ് ആ കുട ഇന്നെനിക്ക് തന്നത് .... ഇതാണ് എന്റെ ആ പ്രിയപ്പെട്ട കുട... "
ശ്രീധർ ആ കുട സദസ്സിനായി കാണിച്ചു കൊടുത്തു .... ഒരു സിനിമയുടെ ക്ലൈമാക്സ് കാണുന്ന പോലെ സദസ്സ് നിശബ്ദമായി അത് കണ്ടു കൊണ്ടിരുന്നു ....
പിന്നീട് നീണ്ട കരഘോഷമായിരുന്നു ....
" എന്റെ എന്റെ ജീവനാണ് ഈ കുട" .... ശ്രീധറിന്റെ തൊണ്ടയിടറി ....
.......................
അന്നു രാത്രി പതിവ് പോലെ റിജു അമ്മയെ വിളിച്ചു
"അമ്മ കണ്ടില്ലെ ഇന്ന് ശ്രീധറിന് നൽകിയ സ്വീകരണം "
" ഊം കണ്ടു ....ഞാൻ ഓൺലൈനിൽ എല്ലാം കണ്ടു ..... സന്തോഷായി അവൻ വലിയ എഴുത്തുകാരനായി പോയി അല്ലെ ...... "
" അത് പിന്നെ ആവാതിരിക്കുമൊ അമ്മെ .... സ ദാനന്ദൻ മാഷിന്റെ ചോരയല്ലെ അവനും ... "
അമ്മ ഒന്നു മൂളി
ചോത്തി പെണ്ണായ ദേവുവിനെ കെട്ടിയാൽ രണ്ടിനെം കൊന്ന് ചേറിൽ താഴ്ത്തുമെന്ന വല്യമ്മാന്റെ ഉഗ്രശാസനക്ക് മുന്നിൽ മനസ്സില്ലാമനസ്സോടെ തന്റെ കഴുത്തിൽ താലി കെട്ടിയ മാഷ് .... ആദ്യ രാത്രി തന്നെ തന്റെ കൈകൾ കൂട്ടി പിടിച്ച് പൊട്ടിക്കരഞ്ഞു കൊണ്ട് എല്ലാം തുറന്നു പറഞ്ഞ സദാനന്ദൻ മാഷ്.... അന്ന് ദേവു ആറ് മാസം ഗർഭിണിയായിരുന്നു .... പിന്നീട് മാഷിന് ധൈര്യം നൽകി കൂടെ നിന്ന് അവൾക്ക് വേണ്ട എല്ലാ സംരക്ഷണവും നൽകി... ദേവു മരിച്ചപ്പോൾ റിജുവിനെ പോലെ തന്നെ ശ്രീധറിനെയും സ്വന്തം മകനെ പോലെ സ്നേഹിച്ചു .....
"അമ്മെ ....."
റിജുവിന്റെ ശബ്ദം ദേവയാനിയമ്മയെ ചിന്തയിൽ നിന്നുണർത്തി .....
"അമ്മ എന്താ ആലോചിക്കണെ പഴയ കാര്യങ്ങളാണൊ "
"ഊം "
"അമ്മെ ആ കുട ഞാനവന് കൊടുത്തുട്ടാ ...."
"നന്നായി മോനെ .... അത് എന്ത് കൊണ്ടും അവന്റെ കൈകളിലാണ് എത്തിച്ചേരേണ്ടത് ... അച്ഛന് സന്തോഷമായിക്കാണും .....അവൻ അത് വച്ച് ഇനിയും ഒരു പാട് കഥകളെഴുതും .... അത് ... അതവന് ഒരു പാട് അനുഭവങ്ങൾ നൽകിയതാണ് " "
" മോനെ അമ്മയൊന്ന് ചോദിക്കട്ടെ "
" ചോദിക്കമ്മെ "
" നിനക്ക് എല്ലാം അറിയാം എന്ന സത്യം നീ ശ്രീധറിനോട് പറഞ്ഞൊ "
" ഇല്ലമ്മെ ഞാനൊന്നും പറഞ്ഞിട്ടില്ല "
" വേണ്ട പറയണ്ട ... ചില ബന്ധങ്ങൾ അറിയാതിരിക്കുന്നതാണ് ഭംഗി മോനെ .... ഈ അമ്മക്ക് ഓർക്കാൻ ഒരു പാട് നല്ല ഓർമ്മകളുണ്ട് .... അച്ഛനില്ലാത്ത ഈ സമയത്ത് അമ്മക്ക് കൂട്ടിന് ഈ ഓർമ്മകളെയുള്ളു... അച്ഛന്റെ ആ പ്രിയപ്പെട്ട കുട അമ്മക്ക് തന്ന ഒരു പാട് ഓർമ്മകൾ .... അത് അമ്മയോടു കൂടി എരിഞ്ഞു തീരട്ടെ ... "
അമ്മയുടെ വാക്കുകൾ കേട്ട റിജുവിന്റെ കണ്ണുകൾ നനഞ്ഞു ... ഫോൺ താഴെ വച്ചു
"സന്തോഷായില്ലെ മാഷെ .... മാഷിന്റെ കുട പ്രിയപ്പെട്ട മോന്റെ കയ്യിൽ തന്നെ എത്തി ചേർന്നുട്ടാ .... അവൻ ലോകമറിയുന്ന എഴുത്തുകാരനാകും ... സംശയമുണ്ടൊ മാഷിന് .... കൂട്ടിന് മാഷിന്റെ കുടയില്ലെ ... പിന്നെന്തിനാ സംശയം ....."
പറമ്പിന്റെ ഒരു മൂലയിൽ വിശ്രമിക്കുന്ന സദാനന്ദൻ മാഷിനെ ജനൽ ക്കമ്പികളിലുടെ നോക്കിക്കൊണ്ട് ദേവയാനിയമ്മ പതിയെ മന്ത്രിച്ചു ......
(അവസാനിച്ചു )
Written by Suresh menon

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot