ജനൽക്കമ്പിയിൽ പിടിച്ച് തെക്കെപ്പുറത്തെ കനലെരിയുന്ന ചിതയിലേക്ക് നോക്കി കണ്ണീരൊഴുക്കുന്ന മകനെ സാവിത്രി മുറുകെ പുണർന്നു.
ഇന്നലെ രാത്രി താനും മക്കളും ഒരു പോള കണ്ണടച്ചിട്ടില്ല.
ഏതോ ജനശൂന്യമായ തുരുത്തിൽ തങ്ങൾ ഒറ്റപ്പെട്ട് പോയത് പോലെ...
താങ്ങും തണലുമാകുമെന്ന് കരുതിയവർ ഒറ്റ ദിവസം കൊണ്ട് അന്യരെപ്പോലെ പെരുമാറിയപ്പോൾ താങ്ങാനായില്ല.
കൂടപ്പിറപ്പുകൾക്ക് ഇങ്ങിനെയൊക്കെ ആകാൻ കഴിയുമോ ?
സ്വന്തം കൂടപ്പിറപ്പിന്റെ ചിത എരിഞ്ഞു് തീരും മുൻപെ അയാളുടെ ഭാര്യയെയും മക്കളെയും വീട്ടിൽ നിന്ന് ഇറക്കിവിടാൻ ഒരമ്മയുടെ വയറ്റിൽ പിറന്ന സഹോദരിക്ക് എങ്ങിനെ മനസ്സ് വരുന്നു.?
അവളുടെ ഓർമകൾ പതിനെട്ട് വർഷം പിന്നിലേക്ക് പറന്നു.
മൊബൈലും നെറ്റുമൊക്കെ സാർവത്രികമാകാത്ത കാലം.
കൂട്ടുകാരി മഞ്ജുവിനൊപ്പം കോളേജിൽ നിന്ന് വരുമ്പോൾ ഗ്രാമത്തിലെ ഒരു കാസറ്റ് സിഡി ഷോപ്പിൽ പതിവായി കയറുമായിരുന്നു.
പഠിക്കാൻ താൽപര്യമില്ലാതിരുന്ന അവൾക്ക് എന്നും ഓരോ സിനിമ കാണണം.
ഒരു മുപ്പത്തഞ്ച് വയസ്സ് തോന്നിക്കുന്ന സി ഡി കടയുടെ ഓണർ പ്രദീപ് തന്നെ ശ്രദ്ധിക്കുന്നതായി തോന്നിയിരുന്നു.
ഒരു ദിവസം മഞ്ജു പറഞ്ഞപ്പോഴാണ് അയാളുടെ ഉള്ളിലിരിപ്പ് അറിഞ്ഞത്.
അകാലത്തിൽ അച്ചൻ മരിച്ച പ്രദീപ് വിദ്യാഭ്യാസം നിർത്തി അമ്മയെയും പെങ്ങളെയും സംരക്ഷിക്കാൻ കാസറ്റ് ഷോപ്പ് തുടങ്ങുകയായിരുന്നു.
ബാങ്കിൽ ജോലി ചെയ്തിരുന്ന അച്ഛന്റെ ജോലി പിന്നീട് സഹോദരിക്ക് ലഭിച്ചു.
കുടുംബ ബാധ്യതകളും സഹോദരിയുടെ വിവാഹവും ഒക്കെ കഴിഞ്ഞപ്പോഴേക്ക് പ്രദീപിന് വിവാഹപ്രായം കഴിഞ്ഞിരുന്നു.
താൻ ഒരു പ്രാരാബ്ദക്കാരിയാണെന്ന് മനസ്സിലാക്കിയ അയാൾ കൂട്ടുകാരിയോട് വിവാഹാഭ്യർത്ഥന നടത്തുകയായിരുന്നു.
മഞ്ജു തന്നെയാണ് അമ്മയോട് ഇക്കാര്യം അവതരിപ്പിച്ചതും.
മകൾ വിവാഹപ്രായമായി വരുന്തോറും ആധി പിടിച്ചിരുന്ന അച്ഛനുമമ്മക്കും ഈ ആലോചന വലിയൊരു ആശ്വാസമായിരുന്നു.
തുടർന്ന് തന്നെ പഠിപ്പിക്കാനും വകയില്ലാത്തതിനാൽ അന്ന് തനിക്കും മറ്റൊരു ചോയ്സ് ഇല്ലായിരുന്നു.
അങ്ങിനെ പെട്ടെന്ന് വിവാഹം നടന്നു.
വലിയ ബുദ്ധിമുട്ടുകളില്ലാതെ ജീവിതം മുന്നോട്ട് പോയി. രണ്ട് മക്കളുമായി.
ടെക്നോനോളജിയുടെ വളർച്ചക്കൊപ്പം നീങ്ങാൻ കഴിയാതിരുന്ന പ്രദീപിന്റെ കാസറ്റ് കട അടച്ച് പൂട്ടി.
അതോടൊപ്പം പാരമ്പര്യമായി കിട്ടിയ ഷുഗറും മറ്റ് രോഗങ്ങളും മൂലം പ്രദീപ് കിടപ്പിലായി..
അത് വരെ തിരിഞ്ഞു് നോക്കാതിരുന്ന സഹോദരി സ്നേഹം നടിച്ച് വന്ന് അമ്മയെ കൂട്ടി ക്കൊണ്ട് പോയി.
ഭർത്താവിനും ഭാര്യക്കും ബാങ്ക് ജോലി ആയതിനാലും സാമ്പത്തിക ഭദ്രതയുള്ള കുടുംബമായതിനാലും മകൾ അമ്മയെ സംരക്ഷിക്കുമെന്ന് തങ്ങൾ ന്യായമായും പ്രതീക്ഷിച്ചു.
മക്കളുടെ പഠിപ്പും ചേട്ടന്റെ ചികിത്സയും ഒക്കെയായി കടുത്ത സാമ്പത്തിക പ്രയാസമനുഭവിച്ചപ്പോൾ ചേട്ടൻ പറഞ്ഞത് കൊണ്ടാണ് താൻ നാത്തൂനെ കാണാൻ പോയത്. അമ്മയെ കാണുകയുമാകാം.
വീട് പൂട്ടി ക്കിടക്കുകയായിരുന്നു.
കുറെ സമയം കാത്ത് നിന്നതിന് ശേഷമാണ് നാത്തൂനും ഭർത്താവും വന്നത്. തന്നെ കണ്ടപാടെ രണ്ട് പേരുടെയും മുഖം കറുത്തു. വന്ന ആവശ്യം പറയാൻ ധൈര്യമുണ്ടായില്ല. അമ്മയെ കാണാൻ വന്നതാണെന്ന് പറഞ്ഞു.
"ഞങ്ങൾ ജോലിക്ക് പോകുമ്പോൾ ഇവിടെ അമ്മ ഒറ്റക്കാകുന്നതിനാൽ അമ്മയെ ഒരു വൃദ്ധസദനത്തിലാക്കി. മാസം കുറെ പൈസ വേണം. അമ്മക്കും അതാണ് സന്തോഷം".
കേട്ടപ്പോൾ വളരെ വേദന തോന്നി.
എവിടെയാണ് ? ഞാൻ പോയി കണ്ടോളാം. താൻ പറഞ്ഞു.
"അതിന്റെ ആവശ്യമില്ല. അവർ സന്ദർശകരെ അനുവദിക്കില്ല.
ഞങ്ങൾ ഒരു ദിവസം അമ്മയെയും കൂട്ടി ചേട്ടനെ കാണാൻ വരാം".
നിരാശയോടെ തിരിച്ച് പോന്നു.
പ്രദീപ് കാത്തിരിക്കുകയായിരുന്നു. തന്റെ അടക്കിവെച്ച സങ്കടം അണപൊട്ടി ഒഴുകി. ചേട്ടനോട് സാവകാശം കാര്യങ്ങൾ പറഞ്ഞു. എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ആ മുഖം ദേഷ്യം കൊണ്ടു് ചുവന്നു.
അയാൾ പതിയെ പറഞ്ഞു. അപ്പോൾ അമ്മയെ കൂട്ടിക്കൊണ്ടുപോയതിന് പിന്നിൽ എന്തോ ദുരുദ്ദേശമുണ്ടു്.
അത് കേട്ടപ്പോൾ അവളുടെ നെഞ്ചിലും ഒരു കൊള്ളിയാൻ മിന്നി. തങ്ങൾ താമസിക്കുന്ന വീടും പുരയിടവും അമ്മയുടെ പേരിലാണ്.
പെട്ടെന്ന് മനസ്സ് തിരുത്തി. ഏയ്, ഒരു സഹോദരി സ്വന്തം കൂടപ്പിറപ്പിനോട് അങ്ങിനെ ഒന്നും ചെയ്യില്ല.
കുറച്ച് നാൾ കഴിഞ്ഞു. ലോകമൊട്ടുക്കും കോവിഡ് എന്ന മഹാമാരി താണ്ഡവമാടി. ഒരു ദിവസം പതിവില്ലാതെ നാത്തൂന്റെ ഫോൺ . സങ്കടങ്ങളും പരിഭവങ്ങളും കാണിക്കാതെ സ്നേഹത്തോടെ താൻ ചോദിച്ചു. എന്താ ചേച്ചീ വിശേഷങ്ങൾ ? അമ്മ സുഖമായിരിക്കുന്നോ ?
അത് പറയാനാണ് വിളിച്ചത് . അമ്മ ഇന്നലെ മരിച്ചു. വൃദ്ധ സദനത്തിൽ. കോവിഡ് ആണെന്നാണ് പറഞ്ഞത്.
തന്റെ കയ്യിൽ നിന്ന് ഫോൺ താഴെ വീണു.
അന്ന് പ്രദീപേട്ടൻ കുറെ കരഞ്ഞു. എന്റമ്മ, ഞങ്ങളെ എത്ര സ്നേഹിച്ചതാ. കൊന്നുകളഞ്ഞല്ലൊ ദുഷ്ടത്തി.
താൻ അടുത്തിരുന്ന് സമാധാനിപ്പിച്ചു.
അന്ന് വീണ്ടും പ്രദീപ് പഴയ സംശയം ഉന്നയിച്ചു.
അവൾ അമ്മയെ കൊണ്ട് പോയി ഒപ്പിടുവിച്ച് ഈ കിടപ്പാടവും സ്വന്തമാക്കിക്കാണുമോ ?
താൻ അദ്ദേഹത്തിന്റെ തലമുടികളിൽ തഴുകി പറഞ്ഞു. ചേട്ടൻ ആവശ്യമില്ലാത്തതൊന്നും ചിന്തിക്കല്ലെ.
ഒരു സഹോദരിയും അങ്ങിനെ ഒന്നും ചെയ്യില്ല.
വീണ്ടും അദ്ദേഹം പറഞ്ഞ് കൊണ്ടിരുന്നു. അച്ഛന്റെ സമ്പാദ്യം മുഴുവൻ അച്ഛൻ അവൾക്ക് വേണ്ടി ചിലവഴിച്ചു. ബാക്കിയുള്ളത് അവളുടെ വിവാഹത്തിനും.
എനിക്കെന്തെങ്കിലും സംഭവിച്ചാൽ നിങ്ങൾ അനാഥരാകും. അവൾ അങ്ങിനെ ഒരു ചതി ചെയ്തിട്ടു ണ്ടെങ്കിൽ അവൾ നിങ്ങളെ ഇവിടെ നിന്ന് ഇറക്കിവിടും.
ആ സംശയമാണ് ഇന്നലെ ചേട്ടന്റെ മരണത്തോടെ സ്ഥിരീകരിച്ചത്.
അതെ, ഒരാഴ്ചയാണ് തങ്ങൾക്ക് സമയം അനുവദിച്ചിട്ടുള്ളത്.
ബന്ധുക്കളൊക്കെ പോയതിന് ശേഷം തന്റെയടുക്കൽ വന്ന് പരുഷമായി തന്നെ അവൾ പറഞ്ഞു.
"ഈ വീട് അമ്മ എനിക്ക് എഴുതി തന്നു. നിങ്ങൾ ഒരാഴ്ചക്കുള്ളിൽ ഇവിടെ നിന്ന് താമസം മാറണം".
തനിക്കു ബോധം വരുമ്പോൾ മക്കൾ രണ്ടും പേരും അടുത്തിരുന്ന് കരയുകയായിരുന്നു.
ബഷീർ വാണിയക്കാട്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക