നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പോപ്പിൻസ്

 


ഒരു ദിവസം സ്‌കൂൾ വിട്ട് വീട്ടിൽ എത്തിയ എന്നെ കാത്തിരുന്നത് വളരെ പഴയ ഒരു ഫാമിലി ഫ്രണ്ട് ആയിരുന്നു...

വീട്ടിൽ ഒരു പ്രശ്നവും ഇല്ലാത്ത സമയത്ത് എന്തെങ്കിലും ഒരു എന്റർടെയിൻമെന്റ് വേണ്ടേ എന്ന മട്ടിൽ കുറെ ദിവസത്തേക്കുള്ള കുരിശും കൊണ്ട് വരാറുള്ള ഒരു കാർന്നോർ ആയിരുന്നു അത്.

ഹാളിലേക്ക് കടന്ന ഉടനെ, സാധാരണ അതിഥികൾ വന്നാൽ കൊടുക്കാറുള്ള മുറിയിൽ നിന്ന് ഒരു കൈലിമുണ്ടും ഉടുത്ത് ഷർട്ടിടാതെ തലയും തോർത്തിക്കൊണ്ട് പുറത്തിറങ്ങിയ ഈ ആജാനുബാഹുവിനെ കണ്ട് ഞാൻ നന്നായി ഞെട്ടി.

എന്നെ കണ്ടപ്പോൾ തോർത്തിക്കൊണ്ടിരുന്ന ടവൽ, ആര്യാസിൽ നെയ്‌റോസ്റ്റ് കൂർപ്പിച്ച് കൊണ്ടുത്തരും പോലെ താഴെയിട്ട്‌, ചങ്ങാതി എന്റെ രണ്ടു തോളുകളിലും പിടിച്ച് പൊക്കിയെടുത്ത് നേരെ മുന്നിൽ നിർത്തി.

പകച്ചു നിൽക്കുന്ന എന്റെ മുഖത്തേക്ക് നോക്കി ചെവിയെ വിഴുങ്ങും പോലെ ചിരിച്ചു കൊണ്ട് ആൾ പറഞ്ഞു...

"മോന് മണിയണ്ണനെ മനസ്സിലായില്ലേടാ. ഹോ നീയൊക്കെ എന്തോരം മൂത്രമൊഴിച്ചതാ എന്റെ മേത്തേക്കോടേ"

ബുർജ് ഖലീഫ, എടുത്ത് സൈഡിൽ പിടിച്ചിരിക്കുന്ന പോലെ തോന്നിയ കാരണം, പറ്റിയാൽ പേടിച്ച് ഇപ്പോഴും ഒഴിക്കാം എന്ന മട്ടിൽ നിൽക്കുന്ന എന്നെ പതിയെ താഴെ നിർത്തി പുള്ളി തുടർന്നു..

"മണിയണ്ണൻ വന്നിട്ട് കുറച്ച് നേരായി. മോൻ പോയി കുളിയൊക്കെ കഴിഞ്ഞ്‌ ചായയൊക്കെ കുടിച്ച്‌ മിടുക്കനായി വാ.. നമുക്ക് മിണ്ടീം പറഞ്ഞും ഇരിക്കാം"

ജീവനും കൊണ്ട് ഓടുന്നതിനിടെ ഞാൻ ഓർത്തു..

"വേറെ ആരെയും കിട്ടീലെ കാർന്നോർക്ക്?"

ആളെ നിഷ്കരുണം ഒഴിവാക്കി പുറകിലെ വാതിലിലൂടെ സ്കൂട്ടായി കൂട്ടുകാരുടെ കൂടെ കളിയും ബഹളവും ഒക്കെ കഴിഞ്ഞ്‌ ഇക്കാര്യമെല്ലാം മറന്ന് രാത്രി വീട്ടിൽ തിരിച്ചെത്തിയ ഞാൻ വളരെ രസകരമായ ഒരു കാഴ്ചയാണ് കണ്ടത്.

ആകെയുള്ള ടീവിയുടെ മുന്നിൽ ഒരു ഒറ്റ സീറ്റ്‌ സെറ്റി പിടിച്ചിട്ട്‌ മണിയണ്ണൻ ഇരിപ്പുണ്ട്. ടീവിയിൽ ഡിഡി രണ്ടിൽ പണ്ടെങ്ങോ നടന്ന ഒളിമ്പിക്സിന്റെ വീഡിയോകൾ ഓടുന്നുണ്ട്. ആൾ രസിച്ച് അത് കാണുകയാണ്. അമ്മയും പരിസരവാസികളായ കുറച്ച് പേരും അന്ന് അവസാനിക്കുന്ന ഏതോ പതിമൂന്ന് എപ്പിസോഡ് സീരിയൽ കാണാൻ സാധിക്കാതെ ഇദ്ദേഹം റിമോട്ട് താഴെ വെക്കുന്നതും നോക്കി ഇരിപ്പാണ്.

എന്നെ കണ്ടതും ഇയാൾ ടിവി ഓഫ് ചെയ്ത്‌ റിമോട്ട് സ്വന്തം പോക്കറ്റിൽ ഇട്ടു. പിന്നെ സെറ്റി തിരിച്ച് കാഴ്ചക്കാർക്ക് അഭിമുഖമാക്കി ഇട്ടു. എന്നെപ്പിടിച്ച് തൊട്ടു മുൻപിൽ തറയിൽ ഇരുത്തി. പിന്നെ എല്ലാവരോടുമായി പറഞ്ഞു.

"ഞാൻ മൂന്ന് കാര്യങ്ങളാണ് ചെയ്യാൻ പോകുന്നത്. ഒന്ന്. ഒരു സിനിമാപ്പാട്ട് പാടും. രണ്ട്. ഒരു ശാസ്ത്രീയ സംഗീതം പാടും. മൂന്ന്. ഞാൻ തന്നെ എഴുതിയ ഒരു കവിത പാടും. ഇതിൽ ആദ്യം ഏത് വേണം എന്നുള്ളത് നിങ്ങൾക്ക് തീരുമാനിക്കാം. "

ഒരു സ്യൂട്ട്കേസ് തുറന്ന് ഇത് മലപ്പുറം കത്തി, നാടൻ തോക്ക്, അമ്പും വില്ലും.. ഏതു കൊണ്ട് മരിക്കണം എന്ന് നിങ്ങൾക്ക് തീരുമാനിക്കാം എന്ന് പവനായി ദാസനോടും വിജയനോടും പറഞ്ഞ പോലത്തെ ഈ ഡയലോഗ് കേട്ട്, നിസ്സഹായരായ ഞങ്ങൾ ആരും തന്നെ മറുപടി പറഞ്ഞില്ല.

ആരും മറുപടി പറയുന്നില്ല എന്ന് കണ്ട പുള്ളി തന്നെ തീരുമാനിച്ചു. കവിതയാകാം.

കവിത പാടുന്നതിനു മുൻപായി ആൾ മുണ്ടിനടിയിലെ കളസത്തിന്റെ പോക്കറ്റിൽ നിന്നും എന്തോ പുറത്തെടുത്തു. ആകാംഷ അടക്കാനാവാതെ സൂക്ഷിച്ചു നോക്കിയ ഞങ്ങളെല്ലാവരെയും ആശ്ചര്യപ്പെടുത്തിക്കൊണ്ട് മണിയണ്ണൻ പോക്കറ്റിൽ നിന്നെടുത്ത അമൂല്യ സാധനം കാണിച്ചു. ഒരു കൂട് പോപ്പിൻസ്. പിന്നെ പതിയെ കവർ പൊളിച്ച് അതിൽ നിന്നും ഓറഞ്ച് നിറമുള്ള ഒരു മിട്ടായി എടുത്ത് വായിലിട്ടു.

ബാക്കിയുള്ളതിൽ നിന്ന് ഓരോന്നെങ്കിലും കിട്ടും എന്ന വിചാരത്തോടെ വായിൽ ഒരു കപ്പലോടിക്കാനുള്ള വെള്ളവുമായി ഇരിക്കുന്ന ഞങ്ങളെ പൊളിച്ച് കീറിക്കൊണ്ട് മണിയണ്ണൻ ബാക്കി മിട്ടായി ഭദ്രമായി പൊതിഞ്ഞ്‌ കളസപ്പോക്കറ്റിൽ തന്നെ ഇട്ടു. പിന്നെ ഡയറി മിൽക്ക് വായിലിട്ട് അതിൽ അലിഞ്ഞു പോകും പോലെ പോപ്പിൻസ് ഒന്നുരണ്ടു പ്രാവശ്യം നൊട്ടി നുണഞ്ഞു. ഒന്നുരണ്ടു പ്രാവശ്യം സെറ്റിയുടെ കൈയിൽ താളം പിടിച്ചു. പിന്നെ എല്ലാവരോടുമായി പറഞ്ഞു.

"ഞാൻ പാടുമ്പോൾ ആരും ശബ്ദിക്കുകയോ താളം പിടിക്കുകയോ ചെയ്യരുത്. പാട്ടിന്റെ കോൺസൻട്രേഷൻ പോകും!"

പിന്നെ വലത്തെ കൈ വായ്ക്കുള്ളിലേക്ക് കൊണ്ടുപോയി പകുതി അലിഞ്ഞ പോപ്പിൻസ് പുറത്തെടുത്ത്‌ ശ്രദ്ധയോടെ സെറ്റിയുടെ കൈയിൽ വെച്ചു, മുരടനക്കി സ്വന്തമായി എഴുതിയ ഒരു കവിത ചൊല്ലി.

ആപ്രതീക്ഷിതമായ ഈ കാഴ്ച കണ്ട് ഞെട്ടി കവിതയ്ക്കാണോ കാഴ്ചയ്ക്കാണോ ഞങ്ങൾ വാളു വെക്കേണ്ടത് എന്നറിയാതെ ഇരിക്കുന്ന ഞങ്ങളോട് മണിയണ്ണൻ പറഞ്ഞു.

"കവിത കഴിഞ്ഞു. ഇനി നിങ്ങൾക്ക് മിണ്ടിത്തുടങ്ങാം!"

പിന്നെ, പതിയെ സെറ്റിയുടെ കൈയിൽ നിന്നും ഉണങ്ങിയ പോപ്പിൻസ് വലതുകൈയുടെ തള്ളവിരലും ചൂണ്ടുവിരലും ചേർത്ത് ശ്രദ്ധയോടെ ഇളക്കിയെടുത്തു. എവിടന്നോ മധുരത്തിന്റെ മണം പിടിച്ചെത്തി, കൊതിയോടെ നക്കി, പോപ്പിൻസിൽ ഒട്ടിപ്പിടിച്ച ശേഷം അനങ്ങാൻ പറ്റാതെ നിൽക്കുന്ന ഒരു ഉറുമ്പിനെയും ചേർത്ത് ഞങ്ങൾ നോക്കി നിൽക്കെ, ഒരുതരം ആർത്തിയോടെ അത് പിന്നെയും വായിലേക്ക് കൊണ്ടുപോയി. എവിടെയാണോ നിർത്തിയത്, അവിടെ നിന്ന് തന്നെ വീണ്ടും നൊട്ടി നുണയാൻ ആരംഭിച്ചു.

ബ്ലേ.......

പണിക്കത്തി അഥവാ പണിക്കരുടെ കത്തി!

Written By Rajeev panicker

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot