നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഈയം


 അറുപതു വർഷം പിന്നിലേക്ക്.

ഉച്ചക്ക് ഊണ് കഴിഞ്ഞു ഞാനും ചേട്ടനും മുറ്റത്തു കളിക്കുമ്പോൾ ദൂരെനിന്ന്
ആവർത്തിച്ചു കേട്ട ശബ്ദം.
ഈയം പൂശാനുണ്ടോ..... ഈയംപൂശാനുണ്ടോ
ശബ്ദം അടുത്തടുത്ത് വന്നു.
നീണ്ടു മെലിഞ്ഞ കറുത്ത ഒരു മനുഷ്യൻ
മുഷിഞ്ഞ മുണ്ടും തലേകെട്ടും. ഉരുക്കുപോലുള്ള ശരീരം.
തലയിൽ ചെറിയ ഒരു മരപ്പെട്ടി.അതിന് മുകളിൽ ഒരു ചാക്ക്കെട്ട്.
പുറകിൽ നിഴൽ പോലെ ഒരു ചെറിയ ചെക്കൻ
പടിക്കൽ നിന്ന് പല തവണ ഉച്ചത്തിൽ വിളിച്ചു
ഈയം പൂശാനുണ്ടോ.... ഈയം പൂശാനുണ്ടോ

ഇത് കേട്ടിട്ട് ഞങ്ങളുടെ അപ്പുപ്പൻ വാതിൽ തുറന്നു വരാന്തയിലേക്ക് വന്നു.അപ്പുപ്പൻ വെയ്റ്റ് ഇട്ടു നിന്നു.കുറച്ചു തവണ വിളിച്ചു കഴിഞ്ഞപ്പോൾ അപ്പുപ്പൻ കൈ കൊണ്ട് വരാനായി ആംഗ്യം കാണിച്ചു.
പറയാതെ തന്നെ പെട്ടിയും ചക്കുകെട്ടും മുറ്റത്തെ അരമതിലിന് ചേർത്ത് ഇറക്കിവച്ചു.
അയാൾ അപ്പൂപ്പന്റെ മുമ്പിലേക്ക് ചെന്ന് തലേക്കെട്ട് അഴിച്ചു ഭവ്യതയോടെ നിന്നു.
ചെറുക്കൻ ചാകുകെട്ട് അഴിച്ചു ചില സാമഗ്രികൾ മുറ്റത്തു നിരത്തി.
കുറച്ചു പാത്രങ്ങളുണ്ട് പൂശാനും അടക്കാനും. വെളുത്തീയം ആണെങ്കിൽ ചെയ്താൽമതി അപ്പുപ്പൻ പറഞ്ഞു.
അയാളൊന്ന് ചിരിച്ചു. കാണട്ടെ തമ്പ്രാനെ.
അപ്പുപ്പൻ അകത്തുനിന്ന് നാലഞ്ച് ചെമ്പുപാത്രങ്ങളും കുറച്ച് പിച്ചള ചരുവങ്ങളും കൊണ്ടുവന്നു വച്ചു.
അയാൾ പാത്രങ്ങൾ ഓരോന്നായി എടുത്തു തിരിച്ചും മറിച്ചും നോക്കി. രണ്ടെണ്ണം ഓട്ടയാണ് അത് തറക്കണം. അപ്പുപ്പൻ തലയാട്ടി
എന്ത് തരണം? അയാൾ അത് കേൾക്കാത്ത മട്ടിൽ പെട്ടിയിലുള്ള സാമഗ്രികൾ നിരത്തിതുടങ്ങി. ഗദ പോലെ ഒരു മരകഷ്ണം
ഒരു മരത്തിന്റെ കൊട്ടുവടി.
മുഴുവൻ ചളുക്കാണ് തമ്പ്രാനെ. ചളുക്ക് നീർത്തണം. അപ്പുപ്പൻ മൂളി. താൻ കാശ് പറ. എന്നിട്ട് തൊടങ്ങിയാ മതി.
അയാൾ കുറച്ച് ആലോചിച്ചിട്ട് പറഞ്ഞു. ഏഴു രൂപ തന്നം തമ്പ്രാനെ.
അഞ്ചു രൂപ തരും. ചെയ്യാൻ പറ്റോ അപ്പുപ്പൻ ചോദിച്ചു.
ആറ് ആക്ക് തമ്പ്രാനെ കൊറേ പണി ഉണ്ട്.
അപ്പുപ്പൻ സമ്മതിച്ചമട്ടിൽ മൂളി.പണി മോശമായാൽ കാശ് കൊറയും. അപ്പുപ്പൻ ഓർമിപ്പിച്ചു.
ഞങ്ങൾ അക്ഷമരായി. ഈയം പൂശുന്നത് കാണണം. പെട്ടീല് എന്തൊക്കെ ആണെന്ന് കാണണം. ചെക്കന് എന്താ പണികൾ എന്ന് അറിയണം.
അയാൾ മാവിന്റെ ചുവട്ടിൽ ഒരു കുഴി എടുത്തു ഗദ അതിൽ കുത്തനെ ഉറപ്പിച്ചു.
പാത്രം ഓരോന്നായി ഗദയിൽ കമഴ്ത്തി കൊട്ടുവടി കൊണ്ടടിച് ചളുക്ക് തീർത്തു.
താളമില്ലാത്ത ശബ്ദം. ഞാനും ചേട്ടനും പതുക്കെ അതിനടുത്തെത്തി. കൊച്ചുങ്ങൾ മാറി നിന്നാമതി. ഞങ്ങളെനോക്കി അയാൾ പറഞ്ഞു.
ചളുക്ക് തീർത്തു പാത്രങ്ങൾ നിരയായി വച്ചു.
പെട്ടി തുറന്നു. പലതരം ആയുധങ്ങൾ.
ചെക്കൻ പെട്ടന്ന് വീടിനു പുറകിലേക്ക് പോയി
പുറകെ ഞങ്ങളും.
തമ്പ്രാട്ടീ കൊറച്ചു വിറക് തരാമോ, അവൻ അമ്മയോട് ചോദിച്ചു. അമ്മ വിറകുപുര കാണിച്ചുകൊടുത്തു. ഒരു കുട്ട വിറകും കുറെ ചിരട്ടയും പെറുക്കിഎടുത്തു തലയിൽ വച്ചു മുൻവശതേക്ക് പോയി. ഞങ്ങളും.ഇവൻ ഒരു മിടുക്കാനാണെന്ന് ഞങ്ങൾക്ക് തോന്നി.
അവന്റെ കൂടെ ഞങ്ങളും അടുപ്പിനടു ത്തെത്തി. കൊച്ചുങ്ങൾ മാറി നിന്നാല്മതി. അയാൾ ഓർമിപ്പിച്ചു.
അയാൾ ഒന്ന് മുറുക്കി. മുറ്റത്തു മൂലയിൽ ഒരടുപ്പുകൂട്ടി.
ഒരു സഞ്ചി പോലെ ഒന്ന് അതിനടുത്പിടിപ്പിച്ചു. അത് ഞെക്കുമ്പോൾ അടുപ്പിലേക്ക് കാറ്റ് അടിക്കുന്നു. അയാൾ പറയാതെ തന്നെ ചെക്കൻ വിറകെല്ലാം അടുപ്പിൽ അടുക്കി.
അയാൾ അടുപ്പിൽ തീ പിടിപ്പിച്ചു
ചെക്കൻ വീണ്ടും വീടിനു പുറകിലേക്ക് ഓടി.
അവന് നടപ്പില്ല. ഓട്ടം തന്നെ.

തമ്പ്രാട്ടീ കുടിക്കാൻ വെള്ളം വേണം.കുറച്ച് പഴംതുണി വേണം. അമ്മയോട് പറഞ്ഞു.
അമ്മ അവനോട് പതുക്കെ ചോദിച്ചു. എനിക്ക് കറിവെക്കാൻ മാങ്ങ പറിച്ചു തരാമോ?
ഒന്ന് വേണോ രണ്ടുവേണോ അവന്റെ ചോദ്യം. രണ്ടെണ്ണം ആയിക്കോട്ടെ അമ്മ പറഞ്ഞു. വലിയ മാവിൽ ഇവൻ കേറുന്നത് കാണാൻ ഞങ്ങൾക്ക് ധൃതി ആയി.
ഇതിനിടക്ക് ഞങ്ങൾ അവനോട് പലതും ചോദിച്ചു. എത്രയിലാ പഠിക്കുന്നെ, ഏതു സ്കൂളിൽ, അനിയനും ചേട്ടനും ഉണ്ടോ?
നാലിലാ പടിക്കുന്നെ ഒരനിയനുണ്ട്. അവൻ പറഞ്ഞു.
ഇവനെ ഒന്ന് മയക്കി എടുത്തിട്ട് വേണം ഞങ്ങൾക്ക് അടുത്തുനിന്ന് പണികൾ കാണാൻ
അമ്മ ഒരു വലിയ ഓട്ടു മോന്തയിൽ വെള്ളം കൊണ്ടുവന്നു. മാങ്ങ കിട്ടുവോ അമ്മ ചോദിച്ചു. അവൻ തപ്പി ഒരു കല്ലെട്ത്തു. ഒരുകണ്ണടച് കാക്ക നോക്കുന്നപോലെ മാവിലേക്ക് നോക്കി ഉന്നം പിടിച്ചു ഒറ്റ ഏറ്. ഒരു കുല മാങ്ങ താഴെ.
അമ്മ മൂക്കത്തു വിരൽ വച്ചുപോയി.ഇതൊക്കെ നിസ്സാരമെന്ന മട്ടിൽ
അവനൊന്നു പതുക്കെ ചിരിച്ചു.
അകത്തുനിന്ന് സംഘടിപിച്ച രണ്ടുണ്ണിയപ്പം
അവനു കൊടുത്തു. ഒന്നവൻ തിന്നു. ഒന്ന് പോക്കറ്റിലിട്ടു. അനിയനാ അവൻ പറഞ്ഞു.
ഞങ്ങളെ പണികൾ കാണിച്ചു തരണം. ചേട്ടൻ അവനോട് പറഞ്ഞു.
അച്ഛൻ അടുപ്പിക്കൂല. നിങ്ങളെന്റെ പിറകെ നിന്നാ മതി. അവനൊരു ഉപദേശം തന്നു.
ചക്രം ഊരിയ ഒരു കളിപ്പാട്ടം അവനെ കാണിച്ചു. പിന്നെ നോക്കാംപണി കഴിയട്ടെ.
രാമൂ....... മുറ്റത്തൂന്ന് അയാൾ നീട്ടി വിളിച്ചു.
മൊന്തയിലെ വെള്ളവും പഴംതുണിയും എടുത്തു പക്ഷി പറക്കുന്നപോലെ അവൻ മുറ്റത്തേക് ഓടി.
അയാൾ പാത്രങ്ങളുടെ ഉള്ള് ഉരച്ചു മിനുക്കുന്നു. അപ്പുപ്പൻ ഇറയത്തിരുന്ന് ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ട്. അയാൾ പറമ്പിന്റെ അറ്റത്തേക് മാറവുനോക്കി പോയി. ഈ തക്കത്തിന് ഒരു പാത്രംകൂടി അപ്പുപ്പൻ കൊണ്ടുവന്നു വച്ചു.
അയാൾ തിരിച്ചുവന്നു പാത്രങ്ങൾ അടുപ്പിനടുത് വച്ചു.
തീ ആളി കത്തിച്ചു പാത്രം ചൂടാക്കി. ഒരുലോഹകഷ്ണം പാത്രത്തിൽ ഇട്ടു.
അത് ഈയകട്ടയാണെന്ന് അവൻ പതുക്കെ പറഞ്ഞു.
ഉരുകി തിളച്ച ഈയം അയാൾ പഴംതുണികൊണ്ട് പാത്രത്തിൽ ഉരച്ചു പിടിപ്പിച്ചു. പാത്രത്തിന്റ ഉള്ള് വെള്ളി പോലെ തിളങ്ങി. ഇത് ചെയ്യുമ്പോൾ പാത്രത്തിൽ മുട്ടി അയാളുടെ കൈ പൊള്ളുന്നുണ്ടായിരുന്നു.
രണ്ടുമൂന്നു പാത്രങ്ങൾ കഴിഞ്ഞപ്പോൾ അപ്പുപ്പൻവന്ന് പരിശോധിച്ച് പുരാളാതത ഭാഗങ്ങൾ കാണിച്ചുകൊടുത്തു. അതെല്ലാം വീണ്ടും ചൂടാക്കി ഈയം പിടിപ്പിച്ചു.
ഇത്തിരി കടുംകാപ്പി കിട്ടുവോ? അയാൾ അപ്പൂപ്പനോട് ചോദിച്ചു. ഇല്ലാടോ. ഇന്ന് പണിക്കാരി വന്നിട്ടില്ല അപ്പുപ്പൻ പറഞ്ഞു.
എല്ലാം കഴിഞ്ഞപ്പോൾ. അപ്പുപ്പൻ ഓരോന്നായി എടുത്തു നോക്കി ബോധ്യപ്പെട്ടു.
ഇതിനിടക്ക് രാമു വീണ്ടും പിന്നാമ്പുറത് വന്നു. വണ്ടീടെ ചക്രം ഉറപ്പിച്ചു തന്നു. എനിക്ക് സിലോണീന്ന് വന്ന അമ്മാവൻ തന്ന ഒരു പെൻസിൽ ഞാൻ അവന് സ്വകാര്യമായി കൊടുത്തു. അവന് സന്തോഷമായി.
അമ്മ അവനൊരു മിട്ടായി കൊടുത്തു. അതും അവൻ പോക്കറ്റിലിട്ടു. അനിയന് കൊടുക്കാനാണ്. അവന് നടക്കാൻ പറ്റില്ലത്രേ.
രാമു വീണ്ടും മുറ്റത്തേകോടി.
ആയുധങ്ങളെല്ലാം പെട്ടിയിൽ എടുതുവച്ചു
തട്ടുമുട്ടു സാധനങ്ങളെല്ലാം ചാക്കിൽ പെറുക്കിയിട്ടു.
സമയം സന്ധ്യ മയങ്ങി തുടങ്ങി.
അപ്പുപ്പൻ പലതവണ എണ്ണി ആറ് ഒറ്റ രൂപ തുട്ടുകൾ അയാൾക് കൊടുത്തു. കുനിഞ്ഞുനിന്ന് കൈ നീട്ടി അതുവാങ്ങി കണ്ണിൽ വച്ചു പതുക്കെ മടിയിൽ വച്ചു.

പെട്ടി തലയിൽവയ്ക്കുമ്പോൾ ചോദിച്ചു. തമ്പ്രാനെ ഒരു തേങ്ങ തരുവോ?
ഇല്ലാടോ ഇത്തവണ തേങ്ങാവീഴ്ച കുറവാ.
എനിക്കത് ഇഷ്ടപ്പെട്ടില്ല. ഒരു തേങ്ങ കൊടുത്താലെന്താ. അവർ പോകാനിറങ്ങി. അപ്പുപ്പൻ തിരിച്ചുവിളിച്ചു.മുറ്റത്തെ ചാരം വാരികളഞ്ഞിട്ട് പോയാമതി.
രാമു അതെല്ലാം വാരി പറമ്പിലിട്ടു. അവന്റെ മേലെല്ലാം കരിപിടിച്ചിരുന്നു. എനിക്ക് സങ്കടം തോന്നി.
അപ്പുപ്പൻ എന്തു ദുഷ്ടനാ ഞാൻ ചേട്ടനോട് പതുക്കെ പറഞ്ഞു. ചേട്ടനും ശെരിയാണെന്ന മട്ടിൽ മൂളി.
ഞാൻ ചേട്ടനോട് ഒരു സ്വകാര്യം പറഞ്ഞു
അയാളാ വെള്ളംകൊടുത്ത ഓട്ടുമൊന്ത ചാക്കിലിട്ടുന്നത് ഞാൻ കണ്ടു. ഞാനുംകണ്ടു ചേട്ടൻ. കണക്കായിപ്പോയി ഞാൻപതുക്കെ പറഞ്ഞു.
അപ്പൂപ്പന്റ മൊന്ത ചാക്കിക്കേറി പോയതോർത്ത്‌ ഞങ്ങൾ ചിരിച്ചു.

Written by 

Prabhakaran Nair

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot