ദൈവം തന്ന സ്വത്തു വയറ്റിൽ വളരാൻ തുടങ്ങിയപ്പോൾ ഞാനും ഏട്ടനും ഒരുപാട് സന്തോഷിച്ചു... അമ്മ ആകാൻ പോകുന്നതിന്റെ സന്തോഷം ഇരട്ടി ആക്കുന്നത് ആയിരുന്നു സ്കാനിംഗ് റിപ്പോർട്ട് ഇരട്ടക്കുട്ടികൾ.പക്ഷെ ഒരാൾക്ക് കുറച്ചു വളർച്ചയുടെ കുറവുണ്ട്. സന്തോഷത്തിനു മങ്ങലേൽപ്പിക്കുന്ന ഡോക്ടറുടെ വാക്കുകൾ. പിന്നീടങ്ങോട് ഞാൻ അനങ്ങുന്നത് പോലും ഡോക്ടറുടെ നിർദ്ദേശപ്രകാരം ആയിരുന്നു.ജീവിതത്തിൽ ഒരുപാട് അർത്ഥങ്ങൾ ഉണ്ടായത് പോലെ.. ഏട്ടൻ ജോലിക്ക് പോകുന്നത് പോലും മനസ്സ് എന്റെ വീർത്തു തുടങ്ങുന്ന വയറിൽ വച്ചിട്ടാണ്. ചെക്കപ്പുകൾ പലതും കഴിഞ്ഞു എന്നിട്ടും കുഞ്ഞിന്റെ വളർച്ചയ്‌ക് മാറ്റമുണ്ട് പക്ഷേ വെയ്റ്റ് കുറവാണ് ... ഒടുവിൽ ഡോക്ടർ ഒരു നിർദേശം വച്ചു. വളർച്ചയുള്ള കുഞ്ഞിനെ നിർത്തി മറ്റെയാളെ എടുത്ത് കളയാമെന്നു. നെഞ്ചിടിപ്പോടെയാണ് ഞാനാ വാക്കുകൾ കേട്ടത്.ഞാൻ സമ്മതിച്ചില്ല ഇത്ര നാളും എന്റെ ഉദരത്തിൽ എനിക്കൊപ്പം ചലിക്കുന്ന എന്റെ കുഞ്ഞിനെ എത്ര കുറവുണ്ടെലും എനിക്ക് വേണമെന്ന് ഞാൻ പറഞ്ഞു. ഏട്ടനും മറുത്തൊരഭിപ്രായം ഇല്ലായിരുന്നു. പിന്നെ വീട്ടിലുള്ളവരുടെ കണ്ണുകൾ എല്ലാം എന്റൊപ്പം നടക്കാൻ തുടങ്ങി.റസ്റ്റ് അനിവാര്യമായിരുന്നു. 6 മാസം കഴിഞ്ഞു പോയി, രാത്രി എപ്പോഴോ എനിക്ക് നടുവിന് ഒരു വേദന പോലെ തോന്നി, അത് കാര്യമാക്കാതെ ഞാൻ കിടന്നു. പറ്റുന്നില്ല വേദന ശക്തി പ്രാപിക്കാൻ തുടങ്ങി. എല്ലാവരും പേടിയോടെ എന്നെ നോക്കാൻ തുടങ്ങി. "പ്രസവസമയം ആയിട്ടില്ല എന്നാലും ഇതെന്താ, നമ്മുക്ക് ഇവളെ ഹോസ്പിറ്റലിൽ കൊണ്ട് പോകാം "അമ്മ പറഞ്ഞു. പിന്നെ എല്ലാം പെട്ടെന്ന് ആയിരുന്നു. വണ്ടിയിൽ വച്ചു തന്നേ എനിക്ക് എന്തോ സംഭവിക്കാൻ പോകുന്ന പോലെ തോന്നി.. അടുത്ത ഹോസ്പിടൽ കണ്ടപ്പോൾ ഏട്ടൻ വണ്ടി നിർത്തി. എനിക്ക് നടക്കാൻ പോലും പറ്റുന്നില്ലായിരുന്നു. കണ്ണു തുറക്കാൻ കഴിയുന്നുമില്ല. ഏട്ടൻ എന്നെ കോരിയെടുക്കുന്നത് ഞാൻ അറിഞ്ഞു. പ്രശസ്തമായ ഒരു ഹോസ്പിറ്റൽ അവിടെ രാത്രിയിൽ ഗൈനക്കോളജിസ്റ് ഇല്ല, റിസ്ക് ഉള്ളത് കൊണ്ട് വേറെ എവിടേലും കൊണ്ടുപോകാൻ പറയുന്നതും അവ്യെക്തമായി ഞാൻ കേട്ടു.ഏട്ടനും അമ്മയും കരയുകയായിരുന്നു. പെട്ടന്ന് തന്നെ എന്നെ കാറിനുള്ളിൽ കിടത്തി. പായുകയായിരുന്നു ഏട്ടന്റെ മനസ്സും കാറും അത് ആ അവസ്ഥയിലും എനിക്ക് മനസിലായി. പക്ഷെ എന്റെ വേദനയ്‌ക്കൊടുവിൽ ഞാൻ തിരിച്ചറിഞ്ഞു എന്റെ കുഞ്ഞു എന്നിൽ നിന്ന് വേർപെട്ടു വന്നോണ്ടിരിക്കുന്നുവെന്ന്. ഹോസ്പിറ്റലിൽ എത്തിയതൊന്നും പിന്നീട് ഞാൻ അറിഞ്ഞില്ല. എല്ലാം നഷ്ടപെട്ടു എന്ന് ലബർറൂമിൽ വച്ചു തന്നെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു ഹൃദയം നുറുങ്ങുന്ന വേദനയോടെ. പിന്നീട് ഞാൻ അറിഞ്ഞു ഒരു കുഞ്ഞു ഹോസ്പിറ്റലിൽ എത്തും മുൻപ് പുറത്ത് വന്നതുകൊണ്ട് രക്ഷിക്കാൻ കഴിഞ്ഞില്ല. ഒരാള് NICU വിൽ ഉണ്ട് ദൈവത്തോട് പ്രാർത്ഥിക്കുക. മരിക്കാൻ പോകുന്നവന് കച്ചി തുരുമ്പ് കിട്ടും പോലെയാണ് തോന്നിയത്. "പെൺകുട്ടികൾ ആയിരുന്നു" കേട്ടപ്പോൾ സങ്കടത്തിനു അതിരില്ലായിരുന്നു. ഏട്ടന്റെ അവസ്ഥയും പറയണ്ടല്ലോ. കുഞ്ഞു കിടക്കുന്ന റൂമിന്റെ മുന്നിൽ എല്ലാം നഷ്ടപെട്ടവരെപോലെ ഞങ്ങളിരുന്നു.കാണാൻ അകത്തു കേറിയപ്പോൾ ഒരു അമ്മയ്ക്കും കണ്ടുനിൽക്കാൻ പറ്റില്ല ആ കാഴ്ച. എത്ര കുഞ്ഞുങ്ങളാ ജീവിതത്തിലേക്ക് കടക്കുവാൻ വേണ്ടി അവിടെ.. എനിക്ക് അത് പറയാൻ വാക്കുകളുമില്ല. കണ്ണുനീർ വന്നു മൂടുന്നതിനിടയിൽ ഞാൻ എന്റെ മോളെ ഒരു നോക്ക് കണ്ടു, എന്റെ പൊന്നുമോളെ. ദൈവത്തോട് അവളെ തിരിച്ചു തരണമെന്ന് മാനമുരുകി പ്രാറ്ത്ഥിച്ചു. എന്റെ സങ്കടങ്ങൾക് വിരാമം ഇട്ട് 60 ദിവസങ്ങൾക്കു ശേഷം അവൾ ഞങ്ങളുടെ ജീവിതത്തിലേക്ക് ഒരു പൂമ്പാറ്റയെ പോലെ വന്നു. ദൈവം തിരിച്ചു തന്നു ഞങ്ങടെ പൊന്നുമോളെ. അവളുടെ ചിരിക്കിടയിലും നഷ്ടപെട്ട എന്റെ പൊന്നിനെ ഞാൻ എന്നും ഓർക്കുന്നു.........
അശ്വതിഅനീഷ്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക