
നാലോ അഞ്ചോ ഷർട്ടുകൾ വാങ്ങി അത്രയും തന്നെ വർഷങ്ങളൾ ആ ഷർട്ടുകൾ കൊണ്ടോടിക്കുന്ന ഭർത്താവിനെ, ഒരിക്കൽ ഇട്ട വസ്ത്രങ്ങൾ ആ നാട്ടിൽ പിന്നെ ഇടെരുതെന്ന വാശിയുള്ള ഭാര്യ , പഴഞ്ചൻ എന്നല്ലാതെ എന്തു വിളിക്കാൻ. എന്നാൽ ദേഹിയുടെ വസ്ത്രമാണ് ദേഹം എന്നും ഒക്കെ പറഞ്ഞ് സ്വയം തത്വചിന്തകനായി അഭിനയിച്ചു നടക്കുന്ന ഭർത്താവിന് ആ വിളി കേൾക്കുമ്പോൾ നാണമില്ലാത്തവന്റെ എങ്ങാണ്ട് ഒരു ആലല്ല പൂർണ വളർച്ച എത്തിയ ഒരു മുള്ളൻ കൈത തന്നെ കിളിച്ചാലും ഭൂഷണം എന്ന മാതിരി. എന്നാലും ഭാര്യ ഒരു തീരുമാനം എടുത്തു. എങ്ങനെയെങ്കിലും ഭർത്താവിനെ ഒന്ന് പരിഷ്കാരിയാക്കുക. മുടി ഒക്കെ ഏതാണ്ട് കഴുത്തിൽ പൂട ഇല്ലാത്ത കോഴിയുടെ മാതിരി വെട്ടിപ്പിച്ചു. കുറ്റം പറയരുതല്ലോ, ഒരു മിലിറ്ററി കട്ട്. നീണ്ട മീശയിൽ കൈവെക്കാൻ ഭർത്താവ് അനുവദിച്ചില്ല. സൈലന്റ് വാലിയിലെ സിംഹവാലൻ കുരങ്ങുകളെ രക്ഷിക്കാൻ പ്രകൃതി സ്നേഹികൾ നടത്തിയ എതിർപ്പുപോലെ അവൻ തന്റെ മുഖത്തെ വന നശീകരണത്തെ എതിർത്തു വിജയിച്ചു. ഭർത്താവിന്റെ വസ്ത്ര ധാരണത്തിൽ കാര്യമായ പരിവർത്തനം നടത്തുന്നതിന്റെ ആദ്യ പടിയായി ഷോപ്പിംഗ് മാളിൽ പോയി. അവിടെയുള്ള കുട്ടോൻസിന്റെ ഷോ റൂമിൽ കയറി. തനിക്ക് വള്ളിപുള്ളിയും , ചതുരങ്ങളും ഒന്നുമില്ലാത്ത ഇളം നിറമുള്ള ഉടുപ്പുകൾ മാത്രം മതിയെന്ന് വാശി പിടിച്ച ഭർത്താവിന് അങ്ങനെയുള്ള മൂന്നുടുപ്പുകളും അല്ലാതെയുള്ള ഒരു ഉടുപ്പും പിന്നെ രണ്ട് ജീൻസും വാങ്ങി. ജീൻസ് അവന് നന്നായി പിടിച്ചു. കഴുകാതെ എത്ര ദിവസവും ഇട്ടോണ്ട് നടക്കാം എന്നത് ബുദ്ധി ജീവികളുടെ ആദ്യ ലക്ഷണത്തിൽ പെടുമല്ലോ!!! പിന്നെ ആ നാലാമത്തെ ഒടുപ്പിനെ കുറിച്ച് പറഞ്ഞില്ലെങ്കിൽ ആ ഉടുപ്പും ഭാര്യയും പിണങ്ങിയാലോ? അത് ചുവപ്പുകലർന്ന ചാരനിറവും, തോളിൽ പോലീസുകാരുടെ ഷർട്ടിന്റെ തോളിലേമാതിരി നക്ഷത്രങ്ങൾ വല്ലതും കിട്ടിയാൽ വെക്കാനുള്ള ഒരു ഭാഗവും, നെഞ്ചിൽ പോക്കറ്റിന്റെ മുകളിൽ ഇടതു വശത്തായി വൃത്താകൃതിയിൽ ഉള്ള പ്രിന്റിങ് കണ്ടാൽ ഏതോ മന്ത്രി പങ്കെടുക്കുന്ന ചടങ്ങിൽ ഗമയിൽ ഒരു പണിയും ഇല്ലെങ്കിലും അങ്ങോട്ടും ഇങ്ങോട്ടും ഓടുന്ന സന്നദ്ധ സേവകരുടെ വട്ടത്തിലുള്ള തൂക്കിയിട്ടിരിക്കുന്ന ബാഡ്ജ് മാതിരി തോന്നും.
ഭർത്താവ് പഴയ ഷർട്ടുകൾളെ ജോലിയിൽനിന്ന് വിരമിപ്പിച്ചു കൊണ്ട് ഇളം നിറത്തിലുള്ള പുതിയ കുട്ടോൻസ് ഷർട്ടുകളെ നിയമിച്ചു. എന്നാലും ആ ഇളം ചുവപ്പുകലർന്ന ചാരനിരമുള്ള ആ നാലാമനെ തിരിഞ്ഞു പോലും നോക്കിയില്ല. അങ്ങനെയിരിക്കെ അയാൾക്കു അത്യാവശ്യമായി താമസിക്കുന്ന ഗ്വാളിയറിൽ നിന്ന് ഡൽഹി വരെ ഒരു അഭിമുഖത്തിനുവേണ്ടി പോകണം. വൈകിട്ടുള്ള ശതാബ്ദി എക്സ്പ്രസ്സ് ട്രെയിനിൽ എക്സിക്യൂട്ടീവ് ക്ലാസ്സിൽ ടിക്കറ്റ് ബുക്ക് ചെയ്തു. വെയ്റ്റിംഗ് ലിസ്റ്റിൽ മൂന്നാം നമ്പർ. എന്തായാലും ഉറപ്പാകും. പെട്ടി നിറക്കുക ഭാര്യയുടെ ജോലിയും അവകാശവും ആയതിനാൽ അവൾ അതുചെയ്തു. ഇളം നിറത്തിലുള്ള ഷർട്ടുകളും പാന്റ്സും പെട്ടിയിൽ വെച്ചു. ഇട്ടോണ്ട് പോകാനുള്ള ജീൻസും ആ നാലാമൻ ഷർട്ടും വെളിയിൽ വെച്ചു. മനസ്സില്ലാ മനസ്സോടെ അതണിഞ്ഞു. ഔദ്യോഗിക പരിപാടികൾക്ക് പോകുമ്പോൾ അണിയുന്ന സേഫ്റ്റി ഷൂസും അണിഞ്ഞു. സേഫ്റ്റി ഷൂസിന്റെ മുൻവശത്തുള്ള തുകലിൽ പൊതിഞ്ഞ ലോഹത്തിന്റെ കവചം കാരണം ഷൂസിന്റെ മുൻ ഭാഗം വീർത്തിരുന്നു. അതുകണ്ടാൽ ഗർഭവതിയായ ഒരു കറുത്ത മുയൽ തിരിഞ്ഞിരിക്കുകയാണെന്നു തോന്നുമായിരുന്നു.
ടിക്കറ്റ് പി എൻ ആർ ചെക്ക് ചെയ്തു. ചാർട്ട് തയ്യാറായി പക്ഷെ വെയ്റ്റിംഗ് ലിസ്റ്റ് ഒന്ന്. ടിക്കറ്റ് ക്യാൻസൽ ചെയ്യുകയല്ലാതെ വേറെ വഴി ഒന്നുമില്ല. വേറെ ഒരു വണ്ടിയിലും സീറ്റ് ഒഴിവില്ല. സാധാരണ ടിക്കറ്റ് എടുത്തു. ഏതെങ്കിലും വണ്ടിയിൽ ടിക്കറ്റ് പരിശോധിക്കുന്ന ആളെ കണ്ട് എ സി കംപാർട്മെന്റിലോയിലോ അല്ലെങ്കിൽ സ്ലീപ്പറിലോ സീറ്റ് തരമാക്കാം എന്ന് കരുതി. വരുന്ന വണ്ടിയുടെ ഒക്കെ പുറകെ കറുത്ത കോട്ടു ധാരികളെ തേടി ഓടിക്കൊണ്ടിരുന്നു. എല്ലാവരും കൈ മലർത്തി. ദീപാവലി അടുത്ത സമയം. എല്ലാ ട്രെയിനുകളും നിറഞ്ഞിരുന്നു. ഒരു വണ്ടിയിലും കാല് കുത്താൻ സ്ഥലമില്ല. ഇങ്ങനെ പോയാൽ കാര്യം കുഴപ്പമാകും. അഭിമുഖം രാവിലെ 10 മണിക്കാണ്. സമയം പൊയ്‌ക്കൊണ്ടിരുന്നു. ഏതാണ്ട് രാത്രി പതിനൊന്നു മണിക്ക് വന്ന ഒരു ട്രെയിനിൽ സ്ലീപ്പർ ക്ലാസ്സിൽ ഇടിച്ചും ഇരച്ചും കയറി . ആ ട്രെയിൻ റെയിൽവേ ലൈനിൽ ഉള്ള ഒട്ടുമിക്കവാറും ചെറുതും വലുതുമായ എല്ലാ സ്റ്റേഷനുകളിലും , മാത്രമല്ല സ്റ്റേഷൻ ഇല്ലാത്തിടത്തും നിർത്തും. എന്തു ചെയ്യാൻ? പോകുകയല്ലാതെ വേറെ വഴി ഇല്ല. കയറിയിടത്ത് ശുചി മുറിയുടെ അരികിലായി കൈയിലിരുന്ന പെട്ടി താഴെ വച്ച് അതിൻ മുകളിൽ ഇരിപ്പുറപ്പിച്ചു. ഏതെങ്കിലും റെയിൽവേ ഉദ്യോഗസ്ഥൻ വന്നാൽ ബാക്കി തുകയും പിഴയും കൊടുക്കാൻ തയ്യാറായി ഇരുന്നു. പൊലീസുകാർ വന്നാൽ അവർക്ക് കൈമടക്ക് കൊടുക്കേണ്ടി വരും. വടക്കേ ഇന്ത്യയിലെ പതിവനുസരിച്ച് ട്രെയിനിൽ ഡ്യൂട്ടി ഉള്ള പൊലീസുകാരും ,ഡ്യൂട്ടി ഇല്ലാതെ വല്ലയിടത്തും ട്രെയിനിൽ പോകാൻ വന്ന യൂണിഫോറം ഇട്ട പോലീസുകാരും യാത്രക്കാരുടെ പുറത്ത് കുതിര കയറി കൈമടക്കു വാങ്ങും. ദീപാവലി കാലത്ത് പിന്നെ പറയുകയും വേണ്ട. ഇത്തരം പോലീസുകാരും റെയിൽവേ ഉദ്യോഗസ്ഥന്മാരും തമ്മിൽ പൈസ പങ്കിടുന്ന കാര്യത്തിൽ ചില ചുറ്റിക്കളികളും ഉണ്ട്. ചിലപ്പോഴൊക്കെ കൊടുക്കുന്ന പൈസയുടെ അനുസരിച്ച് സീറ്റുപോലും ഇവർ തരപ്പെടുത്തി തരും. അങ്ങനെ ഇരിക്കുമ്പോൾ ഒരു പോലീസുകാരൻ കയറി. അദ്ദേഹം ചിരിച്ചുകൊണ്ട് എന്നെ സല്യൂട്ട് ചെയ്തു. അദ്ദേഹത്തെ മുൻപ് എവിടെ കണ്ടു എന്ന് ഓർമ്മയില്ല. അടുത്തായി അച്ഛനും അമ്മയും ഒരു കൈക്കുഞ്ഞുമുള്ള ഒരു ഫാമിലിയും, യൂണിഫോം ഇട്ടു നിൽക്കുന്ന ഒരു പട്ടാളക്കാരനും, പിന്നെ എന്റെ പോലെതന്നെ സാധാരണ ടിക്കറ്റ് മാത്രമുള്ള കുറെ യാത്രക്കാരും ആ ശുചിമുറിക്കരികെ.ഇതിനിടെ പോയ പോലീസുകാരൻ മറ്റു രണ്ടു പോലീസ് കാരുമായി വന്നു ടിക്കറ്റ് പരിശോധിച്ച് കൈമടക്കു വാങ്ങി. പോലീസുകാരൻ എന്റെ നേരെ നോക്കി ഭവ്യതയോടെ
" സാർ, ഇവരിൽ ആരെങ്കിലും അങ്ങയുടെ കൂടെ ഉള്ളവർ ആണോ?"
ഇതിനിടയിൽ അവിടെ ഇരുന്ന ഫാമിലിയുടെ തലവൻ എന്നെ ദയനീയമായി നോക്കി ആംഗ്യം കാട്ടി. അവർ എന്റെ ആൾക്കാർ ആണെന്ന് ഞാൻ പറഞ്ഞതും പൊലീസുകാർ അടുത്ത കംപാർട്മെന്റു ലക്ഷ്യമാക്കി പോയി. എന്നാലും ആ പൊലീസുകാർ എന്നെ എങ്ങനെ അറിയും എന്ന് മനസ്സിലായില്ല. അതുകഴിഞ്ഞ് ട്രയിനിലെ ടിക്കറ്റ് പരിശോധിക്കുന്ന ആൾ വന്നു. അദ്ദേഹവും എന്നോട് ചിരിച്ചു. അപ്പോൾ അടുത്തു നിന്ന പട്ടാളക്കാരൻ എന്നോടായി
" സാർ , ഞാനും അങ്ങയുടെ ഒപ്പമാണെന്നു പറയാമോ?"
അങ്ങനെ ആ ഫാമിലിയും , ആ പട്ടാളക്കാരനും എന്റെ കൂടെയാണെന്നു ഞാൻ പറഞ്ഞു. അതുകേട്ട ഉദ്യോഗസ്ഥൻ ചിരിച്ചുകൊണ്ട് അവരെ പരിശോധിക്കാതെ പോയി. അവർ എന്നോട് നന്ദി പറഞ്ഞു. എന്നാലും എന്താണ് സംഭവിക്കുന്നത് എന്ന് എനിക്ക് മനസ്സിലായില്ല. എന്നെ ഇത്രയും ആൾക്കാർ അറിയുമോ? അല്ലെങ്കിൽ സത്യ സായി ബാബയെ പോലെയോ , അല്ലെങ്കിൽ മാതാ അമൃതാനന്ദമയിയെ പോലെയോ ഉള്ള ഏതെങ്കിലും സിദ്ധി എനിക്ക് കിട്ടിയോ? അല്ലെങ്കിൽ സ്വപ്നം കാണുകയാണോ? ഇതിനിടയിൽ വേറെയും പൊലീസുകാർ വന്നു. എന്നെ സല്യൂട്ട് അടിച്ചു പോകുന്നു. അങ്ങനെ ട്രെയിൻ ന്യൂ ഡൽഹിയിൽ എത്തി. ഹോട്ടലിൽ മുറി എടുത്തു. എന്റെ പെട്ടിയും പിടിച്ചു അഞ്ചാം നിലയിലുള്ള മുറിയിലേക്ക് ലിഫ്റ്റിൽ പോകും വഴി ഹോട്ടലിലെ റൂം ബോയ് എന്നോടായി
" സാർ മിലിറ്ററി ഓഫീസർ ആണോ?"
അല്ല എന്നുപറഞ്ഞു മുറിയിൽ എത്തിയ ഞാൻ അടി മുതൽ മുടി വരെ കാണാവുന്ന കണ്ണാടിയിൽ നോക്കി. ബുദ്ധിജീവികൾ മുടിയും താടിയും വെട്ടാത്തതുപോലെ, തുണി ഇസ്തിരി ഇടാത്തതുപോലെ, മുടി ചീകാത്തതുപോലെ, പല്ല് എല്ലാ ദിവസവും തേക്കാത്തതുപോലെ, സാധാരണ നിലയിൽ കണ്ണാടിയിലും നോക്കാറില്ല. എന്നാലും ഒന്ന് നോക്കി. അതാ ആ കണ്ണാടിയിൽ ഒരു പട്ടാള ഓഫീസർ. കഴുത്തിൽ പൂടയില്ലാത്ത കോഴിയെ പോലെ മുടിയും വെട്ടി, പോക്കറ്റിനു മുകളിൽ നക്ഷത്രം പോലെ എന്തോ വെച്ച്, കാക്കി കുട്ടോൻസും അണിഞ്ഞ്, ഗർഭവതിയായ കറുത്ത മുയൽ തിരിഞ്ഞിരിക്കുന്ന മാതിരിയുള്ള ഷൂസും ഇട്ട്, വളമിട്ടു നീട്ടി വളർത്തിയ മീശയുമായി അതാ നിൽക്കുന്നു കണ്ണാടിയിൽ. ഒരു കുറവുമാത്രം. ഉയരം കുറവാണെന്ന കുറവ്. ഉള്ള സ്ഥലം പോകണ്ട എന്ന് വിചാരിച്ചു പെട്ടിയുടെ മുകളിൽ ഇരുന്നതിനാൽ ആ കുറവ് ആ പൊലീസുകാർക്കോ റെയിൽവേ ഉദ്യോഗസ്ഥനോ മനസ്സിലായില്ല. പോരാത്തതിന് അകമ്പടി സേവിച്ച് ഒരു പട്ടാളക്കാരനും.
................................ഷാജു.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക