"ചേട്ടാ നല്ല ബ്രാൻഡുകളുടെ കൂട്ടത്തിൽ ഫുൾസ്ലീവ് ഉള്ള ഒരു ഷർട്ട് വേണം"
"എത്രയാ സൈസ്"
"XLഎടുത്തോളൂ"
"എടീ മാജീ ആദ്യത്തെ ശമ്പളത്തിൽ നിന്നു തന്നെ നിൻറെ സ്വപ്നം പൂവണിയാൻ പോവുകയാണ് അല്ലെടീ"
"ഉം"
" ഇതിപ്പോ നീ ഉദ്ദേശിച്ച പോലെ വസ്ത്രങ്ങൾ എടുക്കാൻ നിന്റെ പകുതി ശമ്പളം കൊണ്ടും തികയും എന്ന് തോന്നുന്നില്ലല്ലോ"
"ആനീ ശമ്പളം മുഴുവനായും തീർന്നാലും കുഴപ്പമില്ലടീ, ഉപ്പച്ചിക്ക് വാങ്ങുന്നത് ബ്രാൻഡഡ് ഷർട്ട് തന്നെ വേണം അത് എൻറെ ഒരു വാശിയാണ്, നിനക്കറിയാമല്ലോ ആനി എൻറെ വീട്ടിൽ പുതിയ വസ്ത്രങ്ങൾ എടുത്തിട്ട് 6 വർഷം കഴിഞ്ഞു"
അത് പറഞ്ഞപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു.
" എനിക്കറിയാമെടീ എന്താ നിൻറെ കണ്ണു നിറഞ്ഞല്ലോ"
" ഒന്നുമില്ല പഴയതൊക്കെ പെട്ടെന്ന് ഓർമ്മ വന്നു"
// ഓർമ്മകൾ എട്ടു വർഷം പിറകോട്ട് പാഞ്ഞു. അന്ന് ഉപ്പയോടൊപ്പം ഞാനും ഉമ്മയും അനിയനും കൂടി എളാപ്പന്റെ മകളുടെ കല്യാണത്തിന് ഡ്രസ്സുകൾ എടുക്കാൻ പോയതായിരുന്നു.
കടയിൽ എത്തിയപ്പോൾ തന്നെ എനിക്കു വേണ്ട ചുരിദാറുകൾ അതിൻറെ ബ്രാൻഡ് നെയിമും വിലയുമൊക്കെ ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
അന്നത്തെ പ്രായത്തിൽ വില കുറഞ്ഞത് ഇഷ്ടപ്പെട്ടെങ്കിൽ പോലും എടുക്കാൻ എൻറെ മനസ്സ് അനുവദിക്കുമായിരുന്നില്ല. ഇഷ്ടമുള്ളത് എടുക്കാൻ ഉപ്പ എപ്പോഴും പറയും പക്ഷേ ഉമ്മച്ചി എൻറെ എല്ലാ കളികളുമൊന്നും വകവെച്ചു തരാറില്ല. ഇത്തവണ ഞാനെടുത്ത ചുരിദാറിന് 3000 രൂപക്ക് മുകളിൽ വില ആണെന്ന് പറഞ്ഞു
ഉമ്മ
അത് മുടക്കാൻ ശ്രമിച്ചു എന്നാൽ 'അവൾക്ക് ഇഷ്ടമുള്ളത് എടുക്കട്ടെ' എന്ന ഉപ്പച്ചിയുടെ സ്നേഹത്തിനു മുമ്പിൽ ഞാൻ രക്ഷപ്പെട്ടു.ഉമ്മ
ാക്ക് ഡ്രസ്സുകൾ ഒന്നും വേണ്ട എന്ന് പറഞ്ഞെങ്കിലും ഉപ്പയുടെ നിർബന്ധത്തിനു വഴങ്ങി ഉമ്മയും ഒരു പർദ്ദയും ഷാളും എല്ലാം എടുത്തു. അനിയൻ ഫായിസിന് ജീൻസും ടീഷർട്ടും എടുത്തപ്പോൾ അതിൻറെ വില കണ്ടപ്പോൾ എനിക്ക് അവനോട് അല്പം കുശുമ്പ് തോന്നി. ഉപ്പ അങ്ങനെയാണ് ഞങ്ങൾക്കുള്ള എല്ലാ വസ്ത്രങ്ങളും മുന്തിയ തരത്തിലുള്ളതേ എടുക്കൂ അതാവുമ്പോൾ കുറേക്കാലം ഉപയോഗിക്കാമെന്നാണ് ഉപ്പയുടെ പക്ഷം.
പിന്നെ ഉപ്പ കടയിലെ ചേട്ടനോട് പറയുന്നത് കേട്ടു "ആറു വയസ്സുള്ള ഒരു പെൺകുട്ടിക്കുള്ള വസ്ത്രം കൂടി വേണം" അത് ആർക്കാണ് എന്ന് ഞാനും ഉമ്മയും ഉപ്പയുടെ മുഖത്തേക്ക് നോക്കിയപ്പോൾ "അത് പ്രദീപിന്റെ മോൾക്ക് ആണെന്ന്" ഉപ്പ മറുപടി പറഞ്ഞു.
ഉപ്പയുടെ സുഹൃത്തായിരുന്ന പ്രദീപ് പെട്ടെന്ന് മരണപ്പെട്ടു ആറുവയസ്സുള്ള ഒരു മോളുണ്ട് ഞങ്ങളുടെ വീടിന് അടുത്താണ് അവരുടെ താമസം.
വസ്ത്രങ്ങൾ എല്ലാം എടുത്തു ബില്ല് അടിച്ചു കഴിഞ്ഞപ്പോൾ ഉപ്പ ഞങ്ങളെ അടുത്തുള്ള ഫാൻസി യിലേക്ക് പറഞ്ഞയച്ചു.
ഫാൻസി യിൽ കയറി അവിടെനിന്നും ഗ്ലാസിന് പുറത്തുള്ള ഉപ്പയെ നോക്കുമ്പോൾ ഉപ്പയുടെ അടുത്തേക്ക് ഉപ്പയുടെ സുഹൃത്ത് വേലായുധൻ ചേട്ടൻ വരുന്നത് കണ്ടു.
ഉപ്പയുടെ ഉറ്റ സുഹൃത്താണ് രണ്ടുപേരും ഒരുമിച്ചാണ് പലപ്പോഴും ജോലിക്ക് പോകാറുള്ളത് വേലായുധൻ ചേട്ടൻറെ കയ്യിൽ നിന്നും ഉപ്പ എന്തോ വാങ്ങുന്നതും തുണി കടയിലേക്ക് കയറി പോകുന്നതും കണ്ടു അല്പം കഴിഞ്ഞു പുറത്തു വന്നു രണ്ടുപേരും കൂടി കുറച്ചു മാറി നിന്ന് എന്തോ സംസാരിക്കുന്നുണ്ട്
ഉപ്പയുടെ പോക്കറ്റിൽ കയ്യിട്ടു ചേട്ടൻ സിഗരറ്റ് പാക്കറ്റ് എടുക്കുന്നതും അതിൽനിന്ന് രണ്ടുപേരും ഓരോന്ന് എടുത്തു ഒരേ തീപ്പെട്ടിക്കൊള്ളി യിൽ നിന്ന് രണ്ടുപേരും അത് കത്തിക്കുന്നതും ഞാൻ നോക്കി നിന്നു. ഉപ്പ ഇങ്ങോട്ടു വരട്ടെ ശരിക്കൊന്നു പറയണമെന്ന് ഞാൻ മനസ്സിൽ വിചാരിച്ചു.
ഞാനും ഉമ്മയും കൂടി അല്പസ്വല്പം സാധനങ്ങളൊക്കെ എടുത്തു കൊണ്ടിരിക്കുമ്പോൾ ഉപ്പ കയറിവന്നു
"ഉപ്പാ നിങ്ങളോട് പുകവലിക്കരുതെന്ന് ഞാൻ പറഞ്ഞിട്ടില്ലേ"
"ഛേ..മിണ്ടാതിരിക്ക് അസത്തേ" എന്നു പറഞ്ഞു ഉമ്മച്ചി എൻറെ ചെവിയിൽ പിടിച്ചു നുള്ളി
" ആ" എന്ന് പറഞ്ഞു ഞാൻ ഉമ്മച്ചിയുടെ കൈതട്ടി മാറ്റി ഉപ്പ ചിരിച്ചുകൊണ്ട് വന്നു എന്റെ തോളിലൂടെ കൈയിട്ടു "സോറി സാർ ഇനി മുതൽ ശ്രദ്ധിക്കാം" എന്ന് പറഞ്ഞു ഞാൻ ഉപ്പയുടെ മുഖത്തേക്ക് നോക്കി കൊഞ്ഞനം കുത്തി.
ഫാൻസിയിലെ പർച്ചേസ് കഴിഞ്ഞപ്പോൾ കടക്കാരൻ ഉപ്പയോട് പരിഭവം പറഞ്ഞു "ഇപ്പോൾ കാണാനേ ഇല്ലല്ലോ ഇക്കാ വേറെ കടയിൽ നിന്ന് ആണോ ഇപ്പോൾ സാധനങ്ങൾ വാങ്ങാറ്"
"ഏയ് അതൊന്നുമല്ല ഇപ്പോൾ കുറച്ചായി ഇവർ ഫാൻസിയിൽ കയറിയിട്ട് പിന്നെ ഇതിനൊക്കെ കൊല്ലുന്ന വിലയല്ലേ"
എന്ന് പറഞ്ഞു രണ്ടുപേരും ചിരിച്ചു.
ഉപ്പ അങ്ങനെയാണ് എല്ലാവരും ആയിട്ടും പരിചയമാണ് അവിടെ നിന്നിറങ്ങി പോന്നപ്പോൾ ഫായിസിന് ഒന്നും വാങ്ങിയില്ല എന്ന് പറഞ്ഞു കരഞ്ഞു അവനൊരു ഫുട്ബോൾ ഒപ്പ വാങ്ങിക്കൊടുത്തു.
അവിടെ നിന്നും നേരെ റസ്റ്റോറൻറ് ലേക്ക് പോയി പോകുന്ന വഴിയിൽ
ഉമ്മ
ചോദിക്കുന്നത് കേട്ടു" വേലായുധന്റെ കയ്യിൽ നിന്ന് ഇന്ന് എത്രയാ വാങ്ങിയത്"
"അഞ്ച്"
"ഞാൻ പറഞ്ഞതല്ലേ ഇപ്പൊ ഇതൊന്നും വേണ്ടാന്ന് രണ്ടുമാസം കഴിഞ്ഞാൽ പെരുന്നാൾ അല്ലേ വസ്ത്രങ്ങളൊക്കെ അപ്പൊ എടുത്താൽ പോരെ"
"അതൊന്നും സാരമില്ല അടുത്ത ആഴ്ച യിലും പണി ഉണ്ടാവും വേലായുധന്റെ പണം അപ്പോൾ കൊടുക്കാം"
ഉപ്പാക്ക് മരംമുറി ആണ് പണി കഴിഞ്ഞ രണ്ടാഴ്ച മലയിൽ മരംമുറി നടന്നതുകൊണ്ട് ഉപ്പാക്ക് പണിയുണ്ടായിരുന്നു അതുകൊണ്ടാണ് കല്യാണത്തിന് വേണ്ടി പുതിയ ഡ്രസ്സ് എടുക്കാൻ പോന്നത് റസ്റ്റോറൻറ്ൽ എത്തി ഓരോരുത്തർക്കും വേണ്ട സാധനങ്ങൾ ഞങ്ങൾ ഓർഡർ ചെയ്തു എനിക്ക് ഞാൻ ചിക്കൻബർഗർ ആണ് പറഞ്ഞത് കൂട്ടത്തിൽ ഒരു ചിക്കു ഷെയ്ക്കും
ഭക്ഷണങ്ങളൊക്കെ വന്നു എല്ലാവരും കൂടി കഴിച്ചു രണ്ട് ഷവർമ ഉപ്പ പാർസൽ വാങ്ങി അത് പ്രദീപ് ചേട്ടൻറെ വീട്ടിൽ കൊടുക്കാം എന്ന് പറഞ്ഞു
പിന്നീട് ഓട്ടോ വിളിച്ച് വീട്ടിലേക്ക് പോകുന്ന വഴിയിൽ ടൗണിൽ ചന്ത നടക്കുന്ന സ്ഥലത്ത് വണ്ടി നിർത്തി ഉപ്പ അല്പം പച്ചക്കറി വാങ്ങാൻ ചന്തയിലേക്ക് പോയി ഞങ്ങൾ വണ്ടിയിൽ തന്നെ ഇരുന്നു
ചന്തയിൽ പോകുന്ന ആളുകളെയും അവിടുത്തെ തിരക്കും ഒക്കെ നോക്കി നിൽക്കുമ്പോൾ ഞങ്ങളുടെ തൊട്ടടുത്തായി റോഡ് സൈഡിൽ തന്നെ പ്ലാസ്റ്റിക് വിരിച്ച് അതിൽ നിറയെ ഷർട്ടുകൾ കൂട്ടിയിട്ടിരിക്കുന്നു ഏതെടുത്താലും 100 രൂപയാണ് കണ്ടാൽ നാട്ടിലെ ബംഗാളി പണിക്കാർ ഇടുന്നത് പോലെയുണ്ട്
ഉപ്പ വന്ന് പച്ചക്കറി ഞങ്ങളുടെ കയ്യിൽ തന്നു ഓട്ടോകാരന്റെ ചാർജും കൊടുത്തു 40 രൂപ ചാർജ് എടുത്ത് പത്തു രൂപ ബാക്കി കൊടുത്തപ്പോൾ അത് അയാളോട് എടുക്കാൻ പറഞ്ഞു ഞങ്ങളെ പറഞ്ഞയച്ചു. ഓട്ടോ മുന്നോട്ടുപോകുമ്പോൾ ഞാൻ ഉപ്പയെ തന്നെ നോക്കി ഇരിക്കുകയായിരുന്നു
100 രൂപ ഷർട്ടുകളുടെ കൂട്ടത്തിൽ നിന്ന് മെറൂൺ കളർ ഉള്ള ഒരു കള്ളി ഷർട്ട് ഉപ്പ എടുത്തു നോക്കുന്നത് കണ്ടു ഉപ്പാക്ക് എന്തിനാണാവോ അത്..
പിറ്റേന്ന് കല്യാണത്തിന് പോകാൻ ഉള്ള ഉദ്ദേശത്തോടുകൂടി ഞാൻ എഴുന്നേറ്റു വന്നപ്പോൾ
ഉമ്മ
അടുക്കളയിൽ തിരക്കിലാണ് "ഉപ്പ എവിടെ"
"പണിക്ക് പോയി"
"ഇന്ന് കല്യാണത്തിന് പോണ്ടേ"
" നമ്മളോട് ഒരു വണ്ടി വിളിച്ചു പോവാൻ പറഞ്ഞു 11 മണി വരെ പണി ഉണ്ടാകും അതുകഴിഞ്ഞ് ഉപ്പ പെട്ടെന്ന് തന്നെ കല്യാണ വീട്ടിലേക്ക് എത്താം എന്നു പറഞ്ഞു നീ പോയി മുറ്റമൊക്കെ ഒന്ന് അടിക്ക്"
"ആ എനിക്ക് വയ്യ ഒരു ദിവസം അടിച്ചില്ലെങ്കിലും കുഴപ്പമില്ല"
"പിന്നേ പറയുന്നത് കേട്ടാൽ തോന്നും എന്നും നീയാണ് അടിക്കാറ് എന്ന് പറഞ്ഞത് കേൾക്കെടീ"
" ഡിയർ മദർ എന്നോട് ആജ്ഞാപിക്കാൻ നിൽക്കേണ്ട കൂടുതൽ കളിച്ചാൽ ഞാൻ ബാലാവകാശകമ്മീഷൻൽ പരാതിപ്പെടും ബാക്കിയുള്ള കാലം സൽമത്തിന് ഗോതമ്പുണ്ട കഴിക്കാം"
" എന്ത് പറഞ്ഞാലും തർക്കുത്തരം പറയുന്നോ"
എന്നും പറഞ്ഞു
ഉമ്മ
കയ്യിൽ ഉണ്ടായിരുന്ന സ്പൂൺ എടുത്തു എന്നെ എറിഞ്ഞു ഞാൻ ക്രിക്കറ്റ് കളിക്കാർ ചെയ്യുന്നതുപോലെ അത് പിടിച്ചു തിരിച്ചെറിയുന്നത് പോലെ ഭാവിച്ചു.
ഉമ്മ
ഒരു വടിയും എടുത്തു എൻറെ പിറകെ വരുമ്പോഴേക്കും ഞാനവിടെ നിന്നും ഓടി. ഒന്നും ചെയ്യാനില്ലാതെ ഡൈനിംഗ് ഹാളിലേക്ക് നടക്കുന്നതിനിടയിൽ എൻറെ കണ്ണ് ഉപ്പയുടെ റൂമിലുള്ള ഒരു ചെറിയ പൊതിയിൽ ഉടക്കി ഇന്നലെ രാത്രി ഞങ്ങൾക്ക് കൊണ്ടുവന്ന എന്തെങ്കിലും സാധനം ആയിരിക്കും എന്ന് കരുതി ഞാൻ അത് തുറന്നു. അതിനുള്ളിൽ ഇന്നലെ കണ്ട ആ മെറൂൺ കളർ കള്ളി ഷർട്ട് ആയിരുന്നു എനിക്ക് എൻറെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല 100 രൂപയ്ക്ക് കിട്ടുന്ന നിലവാരം കുറഞ്ഞ ഈ ഷർട്ട് ആണോ ഉപ്പ ഇടുന്നത്.
കുറച്ചുകഴിഞ്ഞ് ഉമ്മയുടെ ദേഷ്യമൊക്കെ മാറി ഞാൻ അമ്മയോട് കാര്യം ചോദിച്ചു
"നീ ഉപ്പയുടെ ബാക്കി ഷർട്ടുകൾ ഒക്കെ ഒന്ന് പോയി കാണ് ഇങ്ങനെ വിലക്കുറവിൽ കിട്ടുന്നതൊക്കെ തന്നെയാണ് നിന്റെ ഉപ്പ ഉപയോഗിക്കാറുള്ളത് . പിന്നെ ഉപ്പ തന്നെ സ്വയം അലക്കി തേച്ച് ഉപയോഗിക്കുന്നതുകൊണ്ട് എല്ലാത്തിനും എപ്പോഴും ഒരു പുതുമ തോന്നും എന്ന് മാത്രം"
ഞാൻ ഉപ്പയുടെ മുറി ആകെ ഒന്ന് കണ്ണോടിച്ചു ശരിയാണ് പല ഷർട്ടും ബട്ടൻസ് പോയിട്ട് വേറെ കളർ ഉള്ള ബട്ടൻസ് വെച്ചു തുന്നിയിരിക്കുന്നു ചില ഷർട്ടുകൾ ചെറിയ ഭാഗങ്ങൾ കീറിയ സ്ഥലത്ത് തുന്നി പിടിപ്പിച്ചിരിക്കുന്നു എങ്കിലും എല്ലാം വളരെ വൃത്തിയിൽ ഇസ്തിരിയിട്ട് ഹങ്ങറിൽ തൂക്കിയിരിക്കുന്നു.
എൻറെ പ്രിയപ്പെട്ട ഉപ്പ കൂലിപ്പണി എടുത്തു ഞങ്ങൾക്ക് മൂന്നു പേർക്കും വേണ്ടതെല്ലാം വാങ്ങിത്തന്നു സ്വയം ജീവിക്കാൻ മറക്കുകയാണ് എന്ന് ഓർത്തപ്പോൾ എൻറെ കണ്ണുകൾ അറിയാതെ നിറഞ്ഞു .
ഇന്ന് വൈകുന്നേരം ഉപ്പയെ കാണുമ്പോൾ ഉപ്പയെ കെട്ടിപ്പിടിച്ച് ഒരു
ഉമ്മ
കൊടുക്കണം പറഞ്ഞതും ചെയ്തതും എല്ലാം പൊറുത്ത് തരണമെന്ന് ഉപ്പയുടെ കൈപിടിച്ച് പറയണം. പിന്നീട് നടന്ന സംഭവവികാസങ്ങൾ ഒക്കെ തിരശ്ശീലയിൽ എന്നപോലെ കൺമുന്നിലൂടെ കടന്നു പോയി
കല്യാണ വീട്ടിൽ നിന്ന് ഉച്ചതിരിഞ്ഞ് ഞങ്ങൾ പോരുന്നത് വരെ ഉപ്പ വന്നില്ല ഉപ്പയുടെ മൊബൈലിലേക്ക് വിളിച്ചിട്ട് കിട്ടിയതുമില്ല വൈകുന്നേരം വീട്ടിലെത്തി കുറച്ചു കഴിഞ്ഞപ്പോൾ ഉമ്മയുടെ മൊബൈലിലേക്ക് ഉപ്പയുടെ സുഹൃത്തിൻറെ ഭാര്യ വിളിച്ചിട്ടാണ് വിവരം പറഞ്ഞത് പണി സ്ഥലത്ത് വെച്ച് ഉപ്പാക്ക് എന്തോ ചെറിയ മുറിവ് പറ്റി എന്നും ആശുപത്രിയിലാണ് എന്നും.
അതിനു ശേഷം ഞാൻ ഉപ്പയെ കാണുന്നത് രണ്ടുദിവസം കഴിഞ്ഞ് മെഡിക്കൽ കോളേജിൽ വെച്ചാണ്
ചെറിയ മുറിവ് എന്ന് പറഞ്ഞത് ഉപ്പ ഉപയോഗിക്കുന്ന മെഷീൻ വാൾ ഉപ്പയുടെ മുട്ടിനു മുകളിൽ ആഴത്തിൽ തട്ടിയത് ആയിരുന്നു അവിടെയുള്ള ഇറച്ചിയും മസിലും എല്ലാം പൊളിഞ്ഞു ഉപ്പയുടെ എല്ലിനു പോലും പരിക്ക് പറ്റിയിരുന്നു. മനോധൈര്യം കൈവിടാതെ ആ മരത്തിനുമുകളിൽ എൻറെ ഉപ്പ ഇരുന്നത് ഒന്നരമണിക്കൂർ ആയിരുന്നത്രെ ഇതിനിടയിൽ ബോധം നഷ്ടപ്പെട്ടു താഴേക്ക് ചാടാതിരിക്കാൻ സ്വന്തം ശരീരം ഒരു കമ്പിൽ കയറ് കൊണ്ട് ഉപ്പ കെട്ടിയിരുന്നു ഫയർഫോഴ്സ് വന്നു സാഹസികമായി ഉപ്പയെ താഴെയിറക്കി നേരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു അപ്പോഴേക്കും മരത്തിനു താഴെ ഉപ്പയുടെ കാലിൽ നിന്നും ഒലിച്ചിറങ്ങിയ രക്തം തളംകെട്ടി നിന്നിരുന്നുത്രേ
ആശുപത്രിയിൽ വെച്ച് ഉപ്പയെ കണ്ടപ്പോൾ ഞാൻ അറിയാതെ വാവിട്ടുകരഞ്ഞു ഉപ്പയുടെ കാലിനു പുറത്തുകൂടി കമ്പികൾ ഇട്ടിരിക്കുന്നു അവിടേക്ക് നോക്കാൻ പോലും പറ്റുന്നില്ല കാലിന് ഉള്ളിലും ഉണ്ട് കമ്പികൾ മണിക്കൂറുകൾ നീളുന്ന ഓപ്പറേഷൻ കഴിഞ്ഞു വാർഡിലേക്ക് മാറ്റിയിട്ട് അല്പം സമയമേ ആയിട്ടുള്ളൂ
അവിടെനിന്നും കഴിഞ്ഞുപോയ ആറു വർഷങ്ങൾ എൻറെ വീട്ടിൽ ആരും പുതുവസ്ത്രം എടുത്തിട്ടില്ല സത്യം പറഞ്ഞാൽ മനസ്സറിഞ്ഞു ചിരിച്ചിട്ടില്ല അന്നുമുതൽ എന്തോ ഒരു നിർവികാരത എൻറെ മുഖത്ത് തളം കെട്ടിയിരുന്നു ഒരുപാട് ചിന്തിച്ചതിനുശേഷം ഞാൻ ആ ഇടയ്ക്ക് ഒരു തീരുമാനത്തിലെത്തി നന്നായിട്ട് പഠിക്കണം പഠിച്ച് ഒരു ജോലി കരസ്ഥമാക്കണം ഉപ്പയെയും ഉമ്മയെയും നോക്കണം അനിയനെ പഠിപ്പിക്കണം ഉപ്പാക്ക് അധ്വാനിക്കാൻ കഴിയാത്ത കുറവ് എനിക്ക് നികത്തണം.
ഉപ്പയുടെ ജോലിക്കു പോകൽ നിന്നതോടെ വീട്ടിലെ വരുമാനവും നിലച്ചു. ഉപ്പയുടെ സുഹൃത്തുക്കൾ ഒരുപാട് സഹായിച്ചു വീണ്ടും ചില ഓപ്പറേഷനും മറ്റു ടെസ്റ്റുകളും ഒക്കെ കഴിഞ്ഞു രണ്ട് മാസത്തിനു ശേഷം ഉപ്പയെ വീട്ടിൽ കൊണ്ടുവന്നു അതിൻറെ ഏഴാമത്തെ നാൾ തന്നെ ഞങ്ങളുടെ വീടിനു മുമ്പിൽ ഒരു ചെറിയ ഓല ഷെഡ് കെട്ടി അതിൽ ചില കച്ചവടം ഒക്കെ ഉപ്പ തുടങ്ങി. തോറ്റുകൊടുക്കാൻ മനസ്സില്ലെന്ന് ഉപ്പയുടെ മുഖത്തെ ഭാവം എപ്പോഴും പറയുന്നുണ്ടായിരുന്നു ആദ്യം കച്ചവടം ചെയ്തത് കപ്പയും നേന്ത്രപ്പഴവും ഒക്കെയായിരുന്നു വരുന്നവർ തന്നെ സാധനം എടുത്തു പണം ഉപ്പയെ ഏൽപ്പിക്കുകയായിരുന്നു പതിവ് ഇരുന്ന സ്ഥലത്തുനിന്ന് സ്വയം എഴുന്നേൽക്കാനോ നടക്കാനോ കഴിയാത്ത ഉപ്പയെ രാവിലെ ഷെഡ്ഡിൽ കൊണ്ടുചെന്നാക്കി യാൽ വൈകുന്നേരമേ അവിടെ നിന്ന് പോരൂ.
പല ആളുകളും വന്നു ആവശ്യമില്ലെങ്കിൽ പോലും ഉപ്പയുടെ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങും. ചികിത്സയും എൻറെ പഠിപ്പും വീട്ടുസാധനങ്ങളും എല്ലാം ഉപ്പയെ കൊണ്ട് തികച്ചാൽ തികയാത്ത അത്ര ഭാരമുണ്ടായിരുന്നു എങ്കിലും ഒരാളോട് പോലും ഉപ്പ സഹായിക്കാൻ അഭ്യർത്ഥിച്ചിട്ടില്ല വേണ്ടത് വേണ്ടനേരത്ത് പടച്ചവൻ തരുമെന്ന് ഉപ്പ എപ്പോഴും പറയും.
പിറ്റേ വർഷം പത്താംക്ലാസിൽ സ്കൂളിലെ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ രണ്ടാമത്തെ ആൾ ഞാൻ ആണെന്നറിഞ്ഞപ്പോൾ അധ്യാപകർക്കും പരിചയക്കാർ ക്കും ഒക്കെ അത്ഭുതമായിരുന്നു അവിടെ നിന്നും പ്ലസ്ടുവും നല്ല മാർക്കോടെ പാസ്സായി പി എസ് സി യിൽ ജോലിക്ക് രജിസ്ട്രേഷൻ ചെയ്തു പിന്നീട് തൊഴിൽ മേഖലയിൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾ എൻറെ വിദ്യാഭ്യാസത്തിനുള്ള ചെലവ് അയൽപക്കത്തെ കുട്ടികൾക്ക് വീട്ടിൽ വച്ച് ട്യൂഷൻ എടുത്തു ഞാൻ കണ്ടെത്തിയിരുന്നു.
ഉപ്പയുടെ കച്ചവടം നോമ്പുകാലത്ത് പഴവർഗങ്ങളും പലതുമായി മാറിക്കൊണ്ടിരുന്നു. കൂട്ടത്തിൽ ചികിത്സയും മുന്നോട്ടുപോയി കൊണ്ടിരുന്നു. ഉപ്പ രണ്ട് കൈയും എവിടെയെങ്കിലും പിടിച്ച് സ്വയം നടക്കാൻ തുടങ്ങിയപ്പോൾ എനിക്ക് പ്രതീക്ഷകൾ ഏറി.
എന്റെ പ്രായക്കാരിൽ ചിലരെയൊക്കെ കല്യാണം കഴിച്ചു പോയപ്പോൾ ഉപ്പ എന്നോട് എൻറെ കല്യാണത്തെക്കുറിച്ച് സംസാരിച്ചു
"എനിക്കൊരു ജോലി വേണം ഉപ്പാ എന്നിട്ട് എനിക്ക് ഉപ്പാനെയും
ഉമ്മ
ാനെയും നോക്കണം അനിയനെ പഠിപ്പിക്കണം നമ്മുടെ വീട്ടിൽ പഴയപോലെ സന്തോഷം വരണം കല്യാണത്തെക്കുറിച്ച് അത് കഴിഞ്ഞിട്ടു ചിന്തിക്കാം. എന്ത് ജോലി ആയാലും , സർക്കാർ സർവീസിലോ അല്ലാതെയോ, ശമ്പളം കുറഞ്ഞതോ കൂടിയതോ, നമ്മുടെ നാട്ടിലോ പുറത്തോ ഏതാണെങ്കിലും ആദ്യം കിട്ടുന്ന ജോലി ഞാൻ തിരഞ്ഞെടുക്കും ഉപ്പ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം" അന്ന് ഞാൻ ഉപ്പയുടെ മടിയിൽ കിടന്ന് കുറെ കരഞ്ഞു...
(പോസ്റ്റ് നീളം കൂടിയത് കൊണ്ട് ബാക്കി അടുത്ത പോസ്റ്റിൽ)
അബ്ദുൽ നാസർ മുഹമ്മദ്.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക