ഡ്രാക്കുളകോട്ടയ്ക്കു മുകളിലും താഴ്വാരങ്ങളിലും മഞ്ഞിന്റെ കട്ടിയേറിയ ആവരണം തുളച്ച് സൂര്യരശ്മികള്
പ്രഭാതസവാരി നടത്തുന്നു.
കരോളിൻ തിടുക്കപ്പെട്ടു നടന്നു.
കോട്ടയുടെ ഭീമൻ ഗേയ്റ്റ്നുള്ളിലായി
ഘടിപ്പിച്ച വിക്കറ്റ് ഗേയ്റ്റ് തള്ളിത്തുറന്ന് അവൾ അകത്തേയ്ക്ക് പ്രവേശിച്ചു.
ദൂരെ തലയുയർത്തി പിടിച്ചുകൊണ്ടു നിൽക്കുന്ന ഭീമാകാരം പൂണ്ട കോട്ടയിലേയ്ക്കുള്ള
നീണ്ട വഴിത്താര നിറയെ സൈപ്രസ് മരങ്ങളുടെ ഇലകൾ കൊഴിഞ്ഞു കിടന്നു.
കോട്ടയുടെ പിന്നാമ്പുറത്ത് ചായ്പ്പിൽ ചെന്ന്
ചൂലെടുത്ത് കരോളിൻ മുറ്റമടിച്ചുവാരാൻ തുടങ്ങി.
എന്തോരം ഇലകളാണ് നാശം "
അവൾ പിറുപിറുത്തു .
ശരത് കാലമാണ്, ഇലകൾക്ക് പുറമെ കൊതുമ്പും കോഞ്ഞാട്ടയും മടലും എല്ലാം വീണു കിടപ്പുണ്ട്.
ഗൗണിന്റെ തുമ്പ് എളിയിൽ എടുത്തുകുത്തി
കരോളിൻ , തിടുക്കത്തിൽ മുറ്റമടി തുടർന്നു.
ശനിയാഴ്ച ദിവസങ്ങളിൽ അവൾക്ക് പിടിപ്പത് പണികളാണ്.
വെള്ളിയാഴ്ചകളിലാണ്
പ്രഭുവും സുഹൃത്തുകളും ചേർന്നുള്ള നിശാപാർട്ടികൾ അരങ്ങേറുന്നത്.
പിറ്റേന്ന് പാത്രം കഴുകലും മേശവിരി തിരുമ്പലുമൊക്കെയായി വൈകുവോളം
പണിപൂരം തന്നെ.
തൂവെള്ള മേശവിരികളും മറ്റുമെല്ലാം തക്കാളി സോസും ബീറ്റ്റൂട്ട് ചമ്മന്തിയും പുരണ്ടതു പോലെ വൃത്തിക്കെട്ടിട്ടുണ്ടാവും.
പ്രഭുക്കൻമാരാണത്രെ ..!
ഭക്ഷണം കഴിക്കുന്നതിൽ
അധ:കൃതരാണെന്നു മാത്രം.
ശനിയാഴ്ചകളിലെ ഈ തിരുമ്പു ഒന്നു കൊണ്ടു മാത്രം നട്ടെല്ലിലെ L3 യും L4 തമ്മിൽ വല്ലാതെ അകന്നുപോയി.
വിരികളിലെ കറയിൽ അൽപ്പം ഇരുമ്പൻപുളിയിട്ടു ഉരച്ചുവച്ചാലേ
അവ എളുപ്പം മായുകയുള്ളൂ.
കരോളിൻ കുതിരലായത്തിന്റെ
വടക്കെപ്പുറത്തുള്ള ഇരുമ്പൻപുളിയുടെ
അടുത്തേയ്ക്ക് നടന്നു.
ലായത്തിനരികിൽ കൂട്ടിയിട്ട കച്ചിവലിച്ചിട്ട്
അതിൽ തലചായ്ച്ച് വായും പൊളിച്ച് കിടന്നുറങ്ങുന്നുണ്ട് കുതിരവണ്ടിക്കാരൻ
അന്റോണിയോ .
തടിച്ചു കുറുതായ ശരീര പ്രകൃതിയുള്ള അവന്റെ പിൻകഴുത്തിലെ അടുത്തടുത്ത രണ്ടു ചോര പാടുകളിൽ ഈച്ചകൾ പൊതിയുന്നുണ്ട്.
കുതിരകളും മയക്കത്തിൽ തന്നെ.
ഇന്നലെ രാത്രി പിടിപ്പതു പണിയുണ്ടായിരുന്നിരിക്കണം.
അവൻ ബോധം കെട്ടുറങ്ങുകയാണ്.
അന്റോണിയോയെ ഉണർത്താതെ
ഇരുമ്പൻപുളിയും പറിച്ച് കരോളിൻ തിരിച്ചു നടന്നു.
പൊടുന്നനെ വായുവിലൂടെ കറങ്ങി തിരിഞ്ഞ് . ' റൊമാനിയൻ എക്സ്പ്രസ്സ് '
മുന്നിൽ വന്നുവീണു.
പത്രക്കാരൻ പയ്യൻ അലക്സാന്ദ്രു . മണിയടിച്ചു സൈക്കിളുമായി താഴേയ്ക്കു കുതിച്ചു.
" സ്വർണ്ണ വില വീണ്ടും കൂടി
പാചകവാതകം, പെട്രോൾ, ഡീസൽ വിലയിൽ വീണ്ടും ഗണ്യമായ വർദ്ധനവ്.!
കരോളിൻ നിന്ന നിലയിൽ എളിയിൽ കൈകുത്തി ഒരു ദീർഘനിശ്വാസം പുറത്തേയ്ക്കു വിട്ടു.
ഒട്ടും തൃപ്തി വരാതെ
സൗജന്യമായി കുറെയധികം വായു അകത്താട്ടു വലിച്ചു കയറ്റി. പതിവിലും ശക്തിയിൽ മനോഹരമായി എണ്ണം പറഞ്ഞൊരു ദീർഘനിശ്വാസവും കൂടി
പുറത്തുവിട്ടു. കൊള്ളാം.!
തൃപ്തിയോടെ അതിന്
അകമ്പടിയായി
ഉച്ചത്തിൽ ഒരു ഏമ്പക്കവും വിട്ടു.
അതു കേട്ട് , പൂത്ത കാപ്പിച്ചെടികൾക്കിടയിൽ മറയ്ക്കിരുന്ന ജോനാതൻ എഴുതി പകുതിയായ ഡയറിയുമായി ഒരു വക പുഴുങ്ങിയ ചിരിയുമായി എണീറ്റു നിന്നു .
ശുചിമുറിയിലെ വെള്ളത്തിന് ചുവപ്പു കളറും. വല്ലാത്ത ദുർഗന്ധവുമാണെന്നു പറഞ്ഞാണ് അവനീ പണി ഒപ്പിക്കുന്നത്.
ഇങ്ങിനെ പോയാൽ ഡയറി എഴുതി തീരും മുൻപേ കാപ്പിത്തോട്ടം പുഷ്ട്ടിപ്പെടും.
" ഞാൻ കാപ്പിയനത്തി മേശപ്പുറത്തു വച്ചേയ്ക്കാം എളുപ്പം വന്നേക്കണം "
കരോളിൻ ആരോടെന്നില്ലാതെ പറഞ്ഞു.
പോകും വഴിയെ വഴിയിൽ കിടന്ന ഉണക്ക ആപ്രിക്കോട്ടു കായയെടുത്ത് ഒരു കടി കടിച്ചു.
" അയ്യോ !!.
കേടുവന്ന അണപ്പല്ലു മുട്ടൻ പണി കൊടുത്തതാണ് .
റൂട്ട് കനാൽ ചെയ്യുവാൻ അഞ്ഞൂറു യൂറോയുമായി വരാൻ പറഞ്ഞു തന്നെ ഒഴിവാക്കിയതാണ്
ദന്തിസ്റ്റ് ഗബ്രിയേൽ .
ഡ്രാക്കുള പ്രഭുവാണേ പറഞ്ഞുറപ്പിച്ച ശമ്പളത്തിൽ നിന്നും ഒരു അണ സെന്റ് കൂട്ടിത്തരില്ല.
എല്ലാ മാസവും ഒന്നാം തിയ്യതി കൃത്യമായി നൂറു യൂറോ മുപ്പത് സെന്റ് ഒരു കവറിലിട്ട് പേരെഴുതി ഊണുമേശയുടെ പുറത്ത് വച്ചിട്ടുണ്ടാവും. അക്കാര്യത്തിൽ മാന്യനാണ്.
നേരിൽ ഇത് വരെ കാണാനൊത്തിട്ടില്ല
അതുകൊണ്ട് ഇച്ചിരെ ശമ്പളം കൂട്ടിത്തരണമെന്ന് പറയാനൊത്തതുമില്ല.
പ്രഭുവിന്റെ കൊട്ടാരം " വീട്ടുപണി " തലമുറകളായി കരോളിന്റെ വീട്ടുകാർക്ക് മാത്രം അവകാശപ്പെട്ടതാണ്.
ഇതിനു മുൻപ് ഗ്രാനിയായിരുന്നു ഇവിടുത്തെ
അടിച്ചു തളിക്കാരി, " ജാനറ്റ് .
കരോളിന് ജാനിഗ്രാനിയെ വളരെയധികം ഇഷ്ട്ടമാണ്.
കരോളിനെ പ്രസവിച്ച രാവിൽ രക്തം വാർന്നു കരോളിന്റെ മമ്മി മരിച്ചു പോയി.
പിന്നെ എടുത്തതും നിലത്തുവച്ചതും ,പേനരിക്കാതെയു ഉറുമ്പരിക്കാതെയും വളർത്തിയതുമെല്ലാം ഗ്രാനിയായ
ജാനറ്റാണ്.
ഗ്രാനിജാനി അനീമിയ രോഗം ബാധിച്ചു കിടപ്പിലാണ് ഇപ്പോൾ .
ഒരിക്കൽ ഗ്രാനി കരോളിനെ അടുത്തു വിളിച്ച് തലയിൽ തലോടിക്കൊണ്ടു പറഞ്ഞു.
അടുത്ത കൊട്ടാരത്തിലെ വീട്ടുപണി
നമ്മുടെ ബ്രെഡ്ഡാണ് അത് നീ ഇല്ലാതാക്കരുത്
സൂക്ഷിച്ചും കണ്ടും നിന്നാ മതി .
നീ അവിടെ പോണം,
നമുക്ക് ജീവിക്കണ്ടേ മോളേ !.
നിന്റെ അമ്മയ്ക്ക് പറ്റിയത് നിനക്കൊരിക്കലും പറ്റില്ല.
അവൻ കന്യകമാരെ മാത്രമേ ഉപദ്രവിക്കുകയുള്ളൂ.
ഗ്രാനി കഴുത്തിലെ മുറിപ്പാടിൽ നിന്നും ഊർന്നു വന്ന രക്ത തുള്ളികൾ തുടച്ചു കൊണ്ടു പിറുപിറുത്തു .
" ബ്ലഡി ഡ്രാക്കുള..നായിന്റെ മോൻ..!
ആ സമയം കരോളിൻ ഓർക്കുകയായിരുന്നു
താനും പടിഞ്ഞാറെ വീട്ടിലെ ഫെഡറിക്കുമായുള്ള രഹസ്യ സമാഗമങ്ങളൊക്കെ കിടപ്പിലായ ഗ്രാനി
എങ്ങിനെ മനസ്സിലാക്കുന്നോ എന്തോ .
കിടപ്പിലാവും മുൻപ് ഒരു വർണ്ണപ്പട്ടം തന്നെയായിരുന്നു എന്റെ ഗ്രാനി .
ഇപ്പോൾ മരണപ്പായയിലാണ് .
ഈ മാസം എങ്ങിനെയെങ്കിലും ഒരു കിടക്ക
വാങ്ങി കൊടുക്കണം മരിക്കുമ്പോൾ മരണക്കിടക്കയിൽ കിടന്നു തന്നെയായിക്കോട്ടെ !
കരോളിൻ ഓർമ്മകളിൽ നിന്നും തിരിച്ച് വർത്തമാന കാലത്തിലേയ്ക്ക്
ഊർന്നിറങ്ങി വന്നു.
ഇത്തവണ മഞ്ഞുകാലത്തിനു മുൻപേ വീട്ടിലെ കേടുവന്ന ഹീറ്ററുകളെല്ലാം മാറ്റിയേ
മതിയാവൂ. കഴിഞ്ഞ തവണ തന്നെ എങ്ങിനെയോ പിടിച്ചു നിന്നതാണ്.
ഇത്തവണ കൊടിയ ശൈത്യമായിരിക്കുമെന്ന് മുന്നറിയിപ്പുണ്ട്.
റൊമേനിയ ഡിസ്ട്രിക്ക്റ്റ് കോർപറേറ്റീവ് ബാങ്കിൽ, അവൾ
ഒരു ലോണിനപേക്ഷിച്ചിരുന്നു.
ഇന്ന് വൈകീട്ട് ബാങ്കുവരെ ചെല്ലാൻ സെക്രട്ടറി ചൊല്ലി വിട്ടിരിക്കുന്നു.
പണികളെല്ലാം തിടുക്കപ്പെട്ടു തീർത്ത ശേഷം
കരോളിൻ കോട്ടയുടെ ഗേയ്റ്റു തുറന്ന് പുറത്തിറങ്ങി.
സൂര്യൻ കാർപാത്യൻ മലമടക്കുകളിൽ പതിയെ ശരറാന്തലിൻ തിരി താഴ്ത്തി തുടങ്ങി.
എങ്ങു നിന്നോ ഓടി വന്നൊരു ശീതകാറ്റ്
കരോളിനെ പൊതിഞ്ഞു
അണിഞ്ഞിരുന്ന ജാക്കറ്റിന്റെ ഹുഡ് എടുത്ത് തലവഴി മൂടി ഇരുകൈകളും പോക്കറ്റിൽ തിരുകി അവൾ താഴ്വാരം ലക്ഷ്യമാക്കി തിടുക്കപ്പെട്ടു നടന്നു.
03- 03 - 2021
(ജോളി ചക്രമാക്കിൽ )
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക